Follow Us On

18

April

2024

Thursday

വാൽസിംഗായിൽ തിരുക്കുടുംബം സ്ഥാപിച്ച അമ്മ

വാൽസിംഗായിൽ തിരുക്കുടുംബം സ്ഥാപിച്ച അമ്മ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 14
ഇംഗ്ലണ്ടിലെ എല്ലാ വിഭാഗം ക്രൈസ്തവരുടെയും തീർത്ഥാടനകേന്ദ്രമാണ് നോർഫോൽക് ഗ്രാമത്തിലുള്ള വാൽസിംഗാം. ഇംഗ്ലണ്ടിലെ നസ്രസ് എന്നാണ് ഈ തീർത്ഥാടനകേന്ദ്രം അറിയപ്പെടുന്നത്. 1061-ൽ പരിശുദ്ധ അമ്മ ഇവിടെ പ്രത്യക്ഷപ്പെട്ട് റിച്ചൽഡിസ് ഡെ ഫാവെറെച്ചസ് എന്ന ഭക്തസ്ത്രീയോട് നസ്രസിലെ തിരുക്കുടുംബത്തിന്റെ അതേ മാതൃകയിലുള്ള ഒരു ഭവനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.
പതിനഞ്ചാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ നാടോടിപ്പാട്ടിലൂടെയാണ് ഈ പ്രത്യക്ഷപ്പെടലിന്റെ കഥ തലമുറകൾക്കു കൈമാറിക്കിട്ടിയത്. മാനറിലെ പ്രഭ്വിയായിരുന്നു റിച്ചൽഡിസ് ഡെ ഫാവറച്ചസ്. ഭർത്താവ് മരിച്ച് ദുഃഖിതയായി കഴിഞ്ഞ അവൾ പരിശുദ്ധ അമ്മയുടെ സഹായം പ്രാർ ത്ഥിച്ചിരുന്നു. അമ്മയു ടെ ബഹുമാനാർത്ഥം എന്തെങ്കിലും ചെയ്യുവാൻ അവൾ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരിക്കവെയാണ് അമ്മ അവൾക്കു പ്രത്യക്ഷപ്പെട്ടത്.
മറിയവും ജോസഫും ചേർന്ന് ഉണ്ണിയീശോ യെ വളർത്തിയ ഭവനത്തിന്റെ മാതൃക ഉണ്ടാക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. മംഗലവാർത്തയുടെ സ്മരണ എന്നും ഉണർ ത്തുന്നതിനുവേണ്ടി കൂ ടിയാണ് ഈ ഭവനം പണിയണമെന്ന് അമ്മ നിർദ്ദേശിച്ചത്.
മാതാവുതന്നെയാ ണോ പ്രത്യക്ഷപ്പെട്ടതെന്ന് റിച്ചൽഡിസിനു സന്ദേഹം ഉണ്ടായിരുന്നു. അത് പരിഹരിക്കു വാൻ രണ്ടുവട്ടംകൂടി അമ്മ അവർക്കു പ്രത്യക്ഷപ്പെട്ടു. ”അസ്വസ്ഥതപ്പെടുന്നവരും എന്റെ സഹായം വേണമെന്ന് ആഗ്രഹിക്കുന്നവരും വാൽസിംഗായിലെ ഈ കൊച്ചുഭവനത്തിൽ വരട്ടെ. അവിടെ എന്നെ അന്വേഷിക്കുന്നവർക്കെല്ലാം ഞാൻ സഹായം നൽകും. വാൽസിംഗായിലെ ഈ കൊച്ചുഭവനം മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിലുള്ള എന്റെ അഗാധമായ സന്തോഷത്തിന്റെ അടയാളമായിരിക്കും. മുഖ്യദൂതനായ ഗബ്രിയേൽ ഞാൻ ദൈവപുത്രന്റെ അമ്മയാകുമെന്ന് പറഞ്ഞതിന്റെയും അതിനു എളിമയോടും ദൈവഹിതത്തിനുള്ള വിധേയത്വത്തോടും കൂടി ഞാൻ സമ്മതം നൽകിയതിന്റെയും അടയാളം”. പരിശുദ്ധ അമ്മ റിച്ചൽഡിസിനോട് പറഞ്ഞു.
നസ്രസിലെ ഭവനം കാണുവാൻ റിച്ചൽഡിസിനെ മൗതികമായി അമ്മകൊണ്ടുപോകുകയും ചെയ്തു. നസ്രസിലെ വീടിന്റെ അളവുകൾ അവൾക്കു കാണിച്ചുകൊടുത്തു. 23.5 അടി നീളവും 12.10 അടി വീതിയുമുള്ള ഒരു കൊച്ചു ഭവനമായിരുന്നു അത്.
റിച്ചൽഡിസ് തടിയിൽ ഒരു മാതൃക ഉണ്ടാക്കി. ഈ ഭവനനിർമ്മാണകാലത്ത് പലവിധത്തിൽ അവർക്കു സ്വർഗ്ഗീയ സഹായം ലഭിച്ചിരുന്നു. നിർമ്മാണം പൂർത്തിയായി പിറ്റേവർഷം മുതൽ വാൽസിംഗാം യൂറോപ്പിലെ ഒരു പ്രമുഖ തീർത്ഥാടനകേന്ദ്രമായി. തീർത്ഥാടകപ്രവാഹം വർദ്ധിച്ചതോടെ ഭവനത്തിനു ചുറ്റും ഒരു ദേവാലയം നിർമ്മിക്കപ്പെട്ടു. ഒരു മൈൽ അകലെയായി ഒരു കൊച്ചു ദേവാലയം ഉണ്ടാക്കി. സ്ലിപ്പർ ചാപ്പൽ എന്നാണ് ഇതിന്റെ പേര്. തീർത്ഥാടകർ തങ്ങളുടെ പാദരക്ഷകൾ ഇവിടെ അഴിച്ചുവച്ച ശേഷം കാൽനടയായാണ് വാൽസിംഗായിലേക്കു പോയിരുന്നത്.
ഭവനം നിർമ്മിക്കുന്ന കാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഡ്‌വേഡ് ദ് കൺഫസർ എന്ന രാജാവ്, ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയ്ക്കുള്ള സ്ത്രീധനമായി സമർപ്പിച്ചു. അഞ്ചു നൂറ്റാണ്ടുകാലം ഈ ഭവനം ഇംഗ്ലണ്ടിന്റെ തീർത്ഥാടന കേന്ദ്രമായിരുന്നു. ഹെൻട്രി രണ്ടാമൻ മുതൽ ഹെൻട്രി എട്ടാമൻ വരെയുള്ള എല്ലാ രാജാക്കന്മാരും ഇവിടെ തീർത്ഥാടകരായി എത്തി. നവീകരണ കാലത്ത് ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻട്രി എട്ടാമൻ ഈ തീർത്ഥാടന കേന്ദ്രവും സമീപത്തുള്ള എല്ലാ ദേവാലയങ്ങളും നശിപ്പിച്ചു. 1829-ൽ കത്തോലിക്കർക്ക് ഇംഗ്ലണ്ടിൽ ആരാധനാസ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ആദ്യം പുനഃസ്ഥാപിച്ച ദേവാലയങ്ങളിൽ ഒന്നാണ് വാൽസിംഗാം. സ്ലിപ്പർ ചാപ്പൽ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
1887-ൽ ഒരു പുതിയ ദേവാലയം നിർമ്മിക്കപ്പെട്ടു. പരിശുദ്ധ അമ്മ നൽകിയ അതെ അളവിലായിരുന്നു ഈ ദേവാലയം. 1931-ൽ ഫാ.ഹോവ്പാറ്റൻ, ഈ ദേവാലയത്തിനു ചുറ്റുമുള്ള സ്ഥലം വിലയ്ക്കു വാങ്ങി ഇംഗ്ലണ്ടിലെ നസ്രസിന്റെ പഴയ കാലപ്രൗഢി പുനഃസ്ഥാപിച്ചു. 1938-ലാണ് ഇന്നുള്ള ദൈവാലയം നിർമ്മിക്കപ്പെട്ടത്. 1934-ൽ സ്ലിപ്പർ ചാപ്പലും പുതുക്കി പണിതു.
ഇന്ന് ഇംഗ്ലണ്ടിലെ കത്തോലിക്കർ, ആംഗ്ലിക്കൻ സഭാംഗങ്ങൾ, പ്രൊട്ടസ്റ്റന്റ്കാരിലെ യാഥാസ്ഥിതികരും വാൽസിംഗായിനെ തങ്ങളുടെ തീർത്ഥാടനകേന്ദ്രമായി കരുതുന്നു. 1934-ൽ വാൽസിംഗായിലുണ്ടായിരുന്ന മെത്തഡിസ്റ്റ് ദേവാലയം റഷ്യൻ ഓർത്തഡോക്‌സ് സഭയുടേതായി കൂദാശ ചെയ്തു. എക്യുമെനിക്കൽ യത്‌നങ്ങളുടെ സജീവ അടയാളമാണ് ഈ ദേവാലയം. എല്ലാ ക്രൈസ്തവരും ഇവിടെ ഒന്നിച്ചു കൂടുന്നു. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട ഇതര കേന്ദ്രങ്ങളിലെന്നതുപോലെ ഇവിടെയും അത്ഭുത നീരുറവ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അതിലെ ജലം വഴി രോഗശാന്തികളും സമാന അടയാളങ്ങളും ലഭിക്കുകയും ചെയ്യുന്നുണ്ട്. ഉറവ പ്രത്യക്ഷപ്പെട്ടിടത്ത് ഒരു കിണർ കുഴിച്ചിട്ടുണ്ട്.
ഇന്ന് ലോകത്തെമ്പാടും ആചരിക്കുന്ന ത്രിസന്ധ്യാമണി അടിച്ചുതുടങ്ങിയത് ഇവിടെനിന്നുമാണ്. ഹെൻട്രി നാലാമൻ രാജാവാണ് ഇതിനു കാരണം. വാൽസിംഗായിൽ പ്രാർത്ഥന നടക്കുമ്പോൾ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മണി അടിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 1399-ൽ കാന്റർബറിയിലെ ആർച്ച്ബിഷപ് ലണ്ടനിലെ ആർച്ച്ബിഷപ്പിനു ഇങ്ങനെ എഴുതി: ‘നിത്യവചനം പരിശുദ്ധയും അമലോത്ഭവയുമായ കന്യകയിൽ നിന്നും ശരീരം സ്വീകരിക്കുവാൻ തീരുമാനിച്ചത് മനുഷ്യാവതാരത്തിന്റെ മഹാരഹസ്യത്തെക്കുറിച്ചുള്ള ധ്യാനം എല്ലാ ക്രൈസ്തവരെയും രക്ഷയുടെ തുടക്കമായ അവളെ വണങ്ങുന്നതിനും പ്രേരിപ്പിക്കുന്നു. എന്നാൽ ഇംഗ്ലീഷുകാരായ നാം വളരെ പ്രത്യേകവിധത്തിൽ അവളുടെ ശുശ്രൂഷകരാണ്. അവളുടെ സ്ത്രീധനവും അവകാശവുമാണ്. അതുകൊണ്ട് അവളെ സ്തുതിക്കുന്നതിലും അവളുടെ കീർത്തനങ്ങൾ പാടുന്നതിലും നാം കൂടുതൽ തൽപ്പരരാകേണ്ടതുണ്ട് (ഹിസ്റ്ററി ആന്റ് സ്പിരിച്വാലിറ്റി ഓഫ് വാൽസിംഗാം-എലിസബത്ത് റൂത്ത് ഒബാർഡ് -1955).
മംഗലവാർത്തയിൽ ദൈവഹിതത്തിനു സമ്പൂർണ്ണമായി സമർപ്പിച്ച പരിശുദ്ധ അമ്മേ, അമ്മയെപ്പോലെ ഞങ്ങളും ദൈവഹിതത്തിനു സമ്പൂർണ്ണമായി സമർപ്പിക്കുന്നതിനും ഞങ്ങളുടെ വിളിക്കനുസരിച്ച ജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
ടി. ദേവപ്രസാദ്‌
നാളെ:ജപമാലയുമായി വന്ന അമ്മ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?