Follow Us On

29

March

2024

Friday

ഫേസ്ബുക്കിലൂടെ ദൈവാലയം നിർമ്മിക്കുന്ന ഗ്രിഗറി

ഫേസ്ബുക്കിലൂടെ ദൈവാലയം നിർമ്മിക്കുന്ന ഗ്രിഗറി

ആറുവർഷം മുമ്പാണ് സംഭവം.ജക്കാർത്തയിൽ നിന്ന് മോട്ടോർ ബൈക്കിൽ നോർത്ത് സുമാത്ര, സോർക്കാം വില്ലേജിലെ ദൈവാലയത്തിലേക്ക് പോവുകയായിരുന്നു ആൽബർട്ടസ് ഗ്രിഗറി എന്ന യുവാവ്. അവിടെ ഏതെങ്കിലും ദൈവാലയത്തിൽ കയറി പ്രാർത്ഥിക്കണമെന്ന ആഗ്രവും ആ യുവാവിനുണ്ടായിരുന്നു. എന്നാൽ അവിടെ കണ്ട പള്ളിയുടെ രൂപവും ഭാവവും അയാളെ വല്ലാതെ വിഷമിപ്പിച്ചു. കാരണം പള്ളിക്ക് മേൽക്കൂര ഉണ്ടായിരുന്നില്ല. പൊട്ടിപ്പൊളിഞ്ഞ തറ. വിള്ളലുള്ള ഭിത്തികൾ.. ദൈവത്തിന് ആരാധന അർപ്പിക്കേണ്ടത് ഈ സ്ഥലത്തോ..?
എല്ലാറ്റിന്റെയും സ്രഷ്ടാവും അധിപനുമായ ദൈവത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പള്ളിയെന്ന് ആ ചെറുപ്പക്കാരന് തോന്നി. ഭൗതികസാഹചര്യങ്ങൾ ഇങ്ങനെ ഒട്ടും മെച്ചപ്പെടാത്ത സ്ഥിതിയിലും ഇരുനൂറിലധികം കത്തോലിക്കർ തുടർച്ചയായി ആരാധനയിൽ പങ്കെടുക്കാനായി എത്തുന്നുണ്ടെന്ന അറിവ് ആ അവസ്ഥയിലും അവനെ സന്തോഷിപ്പിച്ചു. അങ്ങനെയെങ്കിൽ പള്ളിയിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചാൽ വിശ്വാസികളുടെ എണ്ണം വർദ്ധിക്കില്ലേ? അതിനെന്താണ് ഒരു മാർഗം? എങ്ങനെയാണീ കത്തോലിക്കരെ സഹായിക്കാൻ സാധിക്കുക?
വീട്ടിലേക്ക് പോകുന്ന വഴിക്കെല്ലാം ഗ്രിഗറി ആലോചിച്ചത് അതായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ അവന്റെ പ്രാർത്ഥനകളിൽ നിറഞ്ഞുനിന്നതും ഈ വിഷയം തന്നെ.
അവന്റെ പ്രാർത്ഥനകൾക്ക് ദൈവം മറ്റൊരുവിധത്തിലാണ് മറുപടി നല്കിയത്. ഏതാണ്ട് രണ്ടുമാസങ്ങൾക്ക് ശേഷം കത്തോലിക്കാപള്ളിയുടെ ഫേസ്ബുക്കിന്റെ അഡ്മിനിസ്‌ട്രേറ്റർ ആകാൻ അവന് അവസരം കിട്ടി. പുതിയൊരു വഴിയിലേക്ക് ചിന്തകൾ പാകപ്പെടാൻ ഇതവന് അവസരമൊരുക്കുകയായിരുന്നു. ദൈവം പ്രാർത്ഥനകൾക്ക് നല്കിയ ഉത്തരമായി ഈ സാധ്യതയെ കാണുവാൻ കഴിയത്തക്കവിധത്തിലുള്ള ജ്ഞാനം അവന് തീർച്ചയായുമുണ്ടായിരുന്നു.
2008 ൽ ആരംഭിച്ചതായിരുന്നു ഈ പള്ളിയുടെ ഫേസ്ബുക്ക് അക്കൗണ്ട്. അതിൽ മൂന്ന് ലക്ഷം പേർ അംഗങ്ങളുമായിരുന്നു. മെമ്പേഴ്‌സിനെ വിശ്വാസത്തിൽ വളർത്തുക എന്ന ലക്ഷ്യത്തിന് വേണ്ടി രണ്ട് വൈദികർ ഉൾപ്പടെ 12 പേർ ഈ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മാർഗ്ഗനിർദ്ദേശങ്ങൾ നല്കിയിരുന്നു.
പള്ളിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ധനസമാഹരണമാർഗമായി ഫേസ്ബുക്കിന്റെ ഒരു പേജ് മാറ്റിക്കൂടെ എന്ന നിർദ്ദേശം ഗ്രിഗറി മേല്പ്പറഞ്ഞവരുമായി പങ്കുവച്ചുവെങ്കിലും ഒരു തട്ടിപ്പായി അംഗങ്ങൾ ഇത് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ടെന്ന അഭിപ്രായമാണ് അവർ രേഖപ്പെടുത്തിയത്.
2011 ഫെബ്രുവരിയിൽ കർമ്മലീത്ത വൈദികനായ അന്തോണിയസ് മാനിക് പള്ളിക്ക് വേണ്ടിയുള്ള ധനസമാഹരണത്തിൽ സഹായിച്ചുകൂടെയെന്ന് ഗ്രിഗറിയോട് ചോദിച്ചത് മറ്റൊരു വഴിത്തിരിവായി.
സിധിക്കലാങിലെ, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പള്ളിയിൽ സേവനം ചെയ്യുകയായിരുന്നു ആ വൈദികൻ. അച്ചന്റെ അപേക്ഷ ഗ്രിഗറി ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഇന്തോനേഷ്യയിൽ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ പഠിക്കുകയായിരുന്നു ആ സമയം ഗ്രിഗറി.
ആ അപേക്ഷയോട് പ്രത്യുത്തരിച്ച്‌രണ്ടുമാസത്തിനുള്ളിൽ 270 മില്യൻ റൂപ്പിയാസ് (ഇന്തോനേഷ്യയുടെ ഔദ്യോഗിക കറൻസി) വായനക്കാർ സംഭാവന നല്കി. ”അതൊരു വിജയമായിരുന്നു..’ ഗ്രിഗറി ഓർമ്മിക്കുന്നു. ധനസമാഹരണത്തിനുള്ള മറ്റ് പ്രചരണങ്ങൾ നടക്കുന്നതിനിടയിൽ സംഭാവനകൾ നല്കിയവർ മറ്റൊരു പരാതി ഉന്നയിച്ചു, വാർത്തയുടെ സുതാര്യത കുറവ്.
ഇത് പരിഹരിക്കാൻ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറാണ് ഗ്രിഗറി നല്കിയത്. ലഭിച്ച എല്ലാ തുകയും പള്ളി പണിക്ക് ഗ്രിഗറി കൈമാറിക്കൊണ്ടിരുന്നു.. ആദ്യമാദ്യം വായനക്കാർ ഗ്രിഗറിയെ അത്ര വിശ്വസിച്ചിരുന്നില്ല. പക്ഷേ, പതുക്കെ പതുക്കെ അവിശ്വാസം മാഞ്ഞു.
”കത്തോലിക്കർക്ക് നല്ല പള്ളികൾ വേണം.. നല്ല പള്ളികളുണ്ടെങ്കിൽ അവർക്ക് നന്നായി പ്രാർത്ഥിക്കാൻ കഴിയും..” ഗ്രിഗറി പറയുന്നു. ഈസ്റ്റ് ന്യൂസാ ടെൻഗാറായിലെ ബെലു ജില്ലയിലെ സെന്റ് പീറ്റേഴ്‌സ് ചർച്ചിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഗ്രിഗറി വ്യാപൃതനായിരിക്കുന്നത്.
കർഷകരായ ഇടവകക്കാരെക്കൊണ്ട് പള്ളി പുനരുദ്ധരിക്കാൻ കഴിയില്ലെന്ന് ഫാ. ക്രിസ്റ്റോഫോറസ് ഒക്കി പറയുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ഗ്രിഗറിയുടെ ഇടപെടലിന്റെ മൂല്യം മനസിലാകുന്നത്.
ഫേസ്ബുക്കിലെ ഫണ്ട് ശേഖരണത്തിലൂടെ ഇതിനകം 21 ദൈവാലയങ്ങൾ പുതുക്കിപ്പണിയുകയോ നിർമ്മിക്കുകയോ ചെയ്യാൻ ഗ്രിഗറിയുടെ സേവനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ”നമ്മൾ കത്തോലിക്കരാണ്, ദരിദ്രരായാലും സമ്പന്നരായാലും ദൈവത്തിന്റെ കണ്ണുകളിൽ തുല്യരാണ്.” ഗ്രിഗറി പറയുന്നു. ദൈവം ഫേസ്ബുക്കിലൂടെയും പ്രവർത്തിക്കുമെന്നാണ് ഇത്തരം അടയാളങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?