Follow Us On

28

March

2024

Thursday

റോമിലെ മരിയ മജോരെ അമ്മ

റോമിലെ മരിയ മജോരെ അമ്മ

കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മിലാൻ വിളംബരത്തോടെ റോമാ സാമ്രാജ്യത്തിൽ ക്രൈസ്തവസഭയുടെ പീഡനകാലം അവസാനിച്ചു. സഭയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാമെന്ന സാഹചര്യം വന്നു. ദേവാലയങ്ങൾ ഉയർന്നു തുടങ്ങി.
ഇക്കാലത്ത് റോമിൽ ജീവിച്ചിരുന്ന ധനികനായ ഒരു ക്രൈസ്തവനായിരുന്നു ജോൺ. ധാരാളം പണമുണ്ടായിരുന്നെങ്കിലും ജോണിനും ഭാര്യയ്ക്കും മക്കളുണ്ടായിരുന്നില്ല. സ്വത്ത് എങ്ങനെ ചെലവഴിക്കണമെന്ന് അവർ ആലോചിക്കുന്ന കാലം. ക്രിസ്തുവർഷം 354 ഓഗസ്റ്റ് നാലിന് ജോണിന് പരി.അമ്മ പ്രത്യക്ഷപ്പെട്ടു. റോമിലെ ഏഴുകുന്നുകളിൽ ഒന്നായ എസ്‌ക്കല്യൻ മലയിൽ ഒരു ദേവാലയം നിർമ്മിക്കണം. അതായിരുന്നു അമ്മയുടെ നിർദ്ദേശം. എസ്‌ക്കല്യൻ കുന്നിൽ എവിടെ ദേവാലയം നിർമ്മിക്കണമെന്ന് ജോണിനു സംശയമായി. അമ്മ അടയാളം നൽകി. മഞ്ഞുവീണ് കിടക്കുന്നിടത്താവണം ദേവാലയം. റോമിൽ കടുത്ത വേനൽക്കാലമാണ് ഓഗസ്റ്റ്. ഓഗസ്റ്റിൽ മഞ്ഞോ? ജോൺ അത്ഭുതപ്പെട്ടു. ഏതായാലും അമ്മയുടെ അടയാളം ലഭിക്കുമെന്ന് അയാൾ ഉറച്ചു വിശ്വസിച്ചു.
പരി.അമ്മ നൽകിയ സന്ദേശത്തെക്കുറിച്ച് ജോൺ ലിബേരിയൂസ് പാപ്പായെ അറിയിച്ചു. പാപ്പ നേരിട്ട് എസ്‌ക്കില്യൻ കുന്നിലേക്കു വരാൻ തയ്യാറായി. പാപ്പായും സംഘവും എസ്‌ക്കല്യൻ കുന്നിൽ എത്തുന്നത് ഏറ്റവും ചൂടുള്ള സമയത്തായിരുന്നു. എന്നിട്ടും കുന്നിന്റെ ഒരിടത്താകമാനം മഞ്ഞായിരുന്നു. മഞ്ഞ് വീണുകിടന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം അളക്കുവാൻ പാപ്പാ നിർദ്ദേശിച്ചു. അളവെടുത്തതോടെ മഞ്ഞ് അപ്രത്യക്ഷമായി.
പരി.അമ്മയുടെ നാമത്തിലുള്ള ദേവാലയനിർമ്മാണം ഉടൻ ആരംഭിക്കുവാൻ പാപ്പാ നിർദ്ദേശം നൽകി. എട്ടുവർഷംകൊണ്ട് ദേവാലയനിർമ്മാണം പൂർത്തിയായി. 360-ൽ ദേവാലയത്തിന്റെ കൂദാശ നടന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നാണ് ഇറ്റലിയിലെ മരിയ മജോരെ ദേവാലയം. വത്തിക്കാനിലെത്തുന്ന തീർത്ഥാടകർ നിർബന്ധമായും സന്ദർശിച്ചു പ്രാർത്ഥിക്കുന്ന ഒരു തീർത്ഥാടനകേന്ദ്രം.
ഇപ്പോഴത്തെ ദേവാലയം പതിനഞ്ചാം നൂറ്റാണ്ടിൽ സിക്സ്റ്റസ് മൂന്നാമൻ മാർപാപ്പ പണിയിച്ചതാണ്. റോമിലെ ഏറ്റവും ഉയരം കൂടിയ മണിമാളിക റൊമാനസ് ബൽ സ്‌ക്വയർ ഈ ദേവാലയത്തിലാണ്. 75 മീറ്ററാണ് ഉയരം. ഈശോയുടെയും മാതാവിന്റെയും ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഈ ബസലിക്കായുടെ ചുവരുകളിൽ വരച്ചുവച്ചിട്ടുണ്ട്. സിക്സ്റ്റസ് പാപ്പാ നിർമ്മിച്ച സിക്‌റ്റൈൻ ചാപ്പൽ, അഞ്ചാം പോൾ മാർപാപ്പ പണിയിച്ച പാവോളിന ചാപ്പൽ എന്നിവ ഈ ബസലിക്കയിലുണ്ട്.
മഹാജൂബിലിവർഷമായ 2000 മെയ് 23-ന് പരി.അമ്മ നിർദ്ദേശം നൽകി പണിയിച്ച ഈ ദേവാലയം സന്ദർശിച്ചു പ്രാർത്ഥിക്കുവാനും അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാനും എനിക്കു സാധിച്ചു. തീർത്ഥാടക പ്രവാഹംമൂലം റോമിലെ ദേവാലയങ്ങളിലൊന്നും പ്രാർത്ഥനാന്തരീക്ഷം ഇല്ലെന്ന അനുഭവമാണ് എനിക്കുണ്ടായത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ പോലും ഇതാണു സ്ഥിതി. അവിടെ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ച് നിത്യാരാധന നടക്കുന്ന ഒരു ചാപ്പലുണ്ട്. അവിടെ തീക്ഷ്ണമായി പ്രാർത്ഥിക്കുന്നവരെയും കണ്ടു. എങ്കിലും ഭൂരിഭാഗവും ചുവരുകളിലെ പെയിന്റിംഗുകളും അൾത്താരയുടെ പ്രൗഢിയും ഒക്കെക്കണ്ട് വിസ്മയിച്ചു നടക്കുന്നു.
എന്നാൽ മരിയ മജോരെ ബസലിക്കയിൽ അതായിരുന്നില്ല സ്ഥിതി. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഞങ്ങൾ ദേവാലയത്തിലെത്തിയത്. അപ്പോൾ അവിടെ രണ്ട് അൾത്താരകളിൽ ദിവ്യബലി നടക്കുന്നു. ധാരാളം വിശ്വാസികൾ ഭക്തിനിർഭരമായി ദിവ്യബലിയിൽ സംബന്ധിക്കുന്നു. ഞങ്ങളും ദിവ്യബലിയിൽ പങ്കെടുത്തു. ദിവ്യകാരുണ്യം സ്വീകരിക്കുവാനും ഭാഗ്യം ലഭിച്ചു. ആ ദേവാലയത്തിൽ പരി.അമ്മ ജോണിനു പ്രത്യക്ഷപ്പെട്ട വിധത്തിലുള്ള ഒരു ഛായാചിത്രമുണ്ട്. അതിനു മുമ്പിലാണ് തീർത്ഥാടകർ തീക്ഷ്ണതയോടെ അമ്മയോട് പ്രാർത്ഥിക്കുന്നത്. ”പരി.മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് പ്രാർത്ഥിക്കണമേ” എന്ന്.
ഞാൻ ആ ചിത്രത്തിലേക്ക് ഉറ്റുനോക്കി. കുറവിലങ്ങാട് പള്ളിയിലെ അതേ ചിത്രം. നാലാം നൂറ്റാണ്ടിലാണല്ലോ കുറവിലങ്ങാടും അമ്മ പ്രത്യക്ഷപ്പെട്ടതെന്ന് ഞാനോർത്തു. കുറവിലങ്ങാട് പ്രത്യക്ഷപ്പെട്ട അതേ അമ്മ തന്നെയാണ് മരിയ മജോരെയിലും പ്രത്യക്ഷപ്പെട്ടത്. ഇന്ത്യക്കാർ ‘കുറവിലങ്ങാട് മുത്തിയമ്മ’ എന്നു വിളിക്കുന്ന അമ്മയെ റോമാക്കാർ ‘മരിയ മജോരെ’ എന്നു വിളിക്കുന്നു.
മാതാവിന്റെ പ്രത്യക്ഷപ്പെടലുകളെക്കുറിച്ചു ധ്യാനിക്കുന്ന നമുക്കു ലഭിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ഉൾക്കാഴ്ചയാണിത്. ഓരോ നാട്ടിൽ അവരുടെ വേഷവിധാനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അമ്മ ഒരാളാണ്. നമുക്ക് ഈശോയെ തരാൻ ദൈവം തിരഞ്ഞെടുത്ത നസ്രസിലെ മറിയം. യേശുവിനെ ലോകത്തിനു നൽകുവാൻ ദൈവത്തിന് അവളെ വേണമായിരുന്നു. യേശുവിനെ ലോകത്തിനു നൽകാൻ യത്‌നിക്കുന്നവർക്കെല്ലാം കരുത്തുറ്റ സഹായിയാണ് പരി.അമ്മ.
കത്തീഡ്രലിൽനിന്നും ഇറങ്ങുമ്പോൾ ആനവാതിലിനു പുറത്ത് തീർത്ഥാടകർക്ക് ദേവാലയത്തെക്കുറിച്ചുള്ള വിവരണങ്ങളൊക്കെ സൗജന്യമായി നൽകുന്ന കൗണ്ടർ കണ്ടു. ഓടിച്ചെന്നപ്പോൾ കുറേ ലഘുലേഖകൾ. ഒപ്പം വി.ലൂക്കായുടെ സുവിശേഷത്തിന്റെ ഇംഗ്ലീഷ് കോപ്പിയും. മഹാജൂബിലി പ്രമാണിച്ച് മരിയ മജോരെ ദേവാലയത്തിലെത്തുന്നവർക്കെല്ലാം ഇടവകക്കാർ നൽകുന്ന സമ്മാനമാണിത്.
അമ്മ പറഞ്ഞുകൊടുത്ത കഥകളാണല്ലോ വി.ലൂക്കായുടെ സുവിശേഷത്തിന്റെ സവിശേഷത.
”പരി.അമ്മേ ദൈവമാതാവേ, സഭയെ പണിതുയർത്തുവാൻ പള്ളി പണിയുവാൻ അമ്മ ഞങ്ങളെയും ഉപകരണങ്ങളാക്കണമേ. പള്ളി രക്ഷയുടെ അടയാളമായും അത്ഭുതങ്ങളുടെ സ്ഥാനവുമാക്കണമേ. അങ്ങനെ ലോകം മുഴുവൻ യേശുവിനെ ഏകരക്ഷകനായി ഏറ്റുപറയുവാൻ ഇടയാക്കണമേ. യേശുവേ നന്ദി, മറിയമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.”
ടി. ദേവപ്രസാദ്


നാളെ: ഇറ്റലി, സ്‌പെയിൻ, മെക്‌സിേക്കോ അമ്മയെ കണ്ടവർ ധാരാളം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?