Follow Us On

29

March

2024

Friday

അദ്ധ്വാനം പൂവണിയിക്കുന്ന അമ്മ

അദ്ധ്വാനം പൂവണിയിക്കുന്ന അമ്മ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 22
ബ്രസിലിന്റെ രാജ്ഞിയും സംരക്ഷകയുമാണ് നോബാസെനോറ അപ്പറേസിഡാ. ‘നോബാസെനോറ അപ്പറേസിഡ’ എന്നാൽ ‘ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ട അമലോത്ഭവ’ എന്നർത്ഥം.
1717-ൽ അസുമാറിലെ പ്രഭുവിനുവേണ്ടി കാത്തിരിക്കുകയായിരുന്നു സാവോപോളോയിലെ ഗ്രാമം. ഗ്വാരന്തിൻ ഗ്വേറ്റ സാവോ പോളോയിലെ ഗവർണറായിരുന്നു അദ്ദേഹം.
അന്ന് മാംസവർജ്ജന ദിനമായിരുന്നു. അതുകൊണ്ട് ആതിഥേയർക്കു വിരുന്നൊരുക്കുവാൻ മത്സ്യം കൂടിയേ തീരുമായിരുന്നുള്ളൂ. പറവോവ നദിയിൽ മീൻപിടുത്തക്കാരായിരുന്നു ഡൊമിനിങ്കോസ് ഗാർസിയാസ്, ജൊവാവോ അൽവെസ്, ഫെലിപ്പേ റ്റമോസ് എന്നിവർ. ഗവർണറുടെ ആതിഥേയർ ഇവരെ സമീപിച്ച് എങ്ങനെയും കുറേ മീൻ പിടിച്ചുതരണമെന്ന് നിർബന്ധിച്ചു.
ഏറെ അദ്ധ്വാനിച്ചിട്ടും ഒറ്റ മീൻപോലും അവർക്കു ലഭിച്ചില്ല. അവർ ആകെ നിരാശരായി. എങ്കിലും വല വീശിക്കൊണ്ടിരുന്നു. പെട്ടെന്ന് ജോവോ ആൻവസിന്റെ വലയിൽ അസാധാരണമായ എന്തോ ഒന്നു കുടുങ്ങി. അവരുടെ ഭാഷയിൽ ‘ഒബാറോ’ എന്നു വിളിക്കുന്ന, കറുത്ത ഒരു മണ്ണുകൊണ്ട് ഉണ്ടാക്കിയ ഒരു പ്രതിമയുടെ ഉടൽഭാഗമായിരുന്നു അത്. അതിനു തല ഉണ്ടായിരുന്നില്ല. അവർ അത്ഭുതപ്പെട്ടു. പ്രതിമയുടെ ഭാഗം ഭദ്രമായി സൂക്ഷിച്ചുകൊണ്ട് വീണ്ടും വല വീശി. ഇക്കുറി അവർക്ക് വീണ്ടും ഒരത്ഭുതവസ്തു ലഭിച്ചു.
സൂക്ഷിച്ചുനോക്കിയപ്പോൾ അത് പ്രതിമയുടെ ശിരോഭാഗമായിരുന്നു. രണ്ടു ഭാഗവും ചേർത്തുവച്ചപ്പോൾ അത് അമലോത്ഭവ മാതാവിന്റെ മനോഹരമായ ഒരു പ്രതിമയായി.
അവരതിനെ ”നോബാസെനോറ കൊൻ ജിസാവോ അപ്പാരെസിഡ” എന്നു വിളിച്ചു. അതായത് ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ട അമലോത്ഭവയായ നാഥ. ഉത്സാഹഭരിതരായ അവർ വീണ്ടും വല വീശി. ഇക്കുറി അവർക്കു ധാരാളം മീൻ കിട്ടി. വല കീറിപ്പോകുമെന്നു ഭയന്നുപോയത്ര മത്സ്യം.
ലൂക്കാ സുവിശേഷം അഞ്ചാം അധ്യായത്തിൽ യേശുനാഥന്റെ നിർദ്ദേശാനുസരണം വല മാറ്റി വീശിയ പത്രോസിന്റെ അനുഭവമായിരുന്നു അവർക്ക്. അവരുടെ വള്ളം മുങ്ങിപ്പോകുന്നത്ര മീൻ. അവർ ദിവ്യനാഥയുടെ മാധ്യസ്ഥശക്തി ശരിക്കും മനസ്സിലാക്കുകയായിരുന്നു. അമ്മയാണ് അവർക്ക് ഇത്രയും മീൻ നൽകിയതെന്ന് അവർ വിശ്വസിച്ചു.
പ്രതിമയുമായി അവർ ഗ്രാമത്തിലെത്തി. അവിടെ വന്ന് അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചവർക്കെല്ലാം ധാരാളം അനുഭവങ്ങളായി. അടയാളങ്ങൾ കിട്ടി. അത്ഭുതങ്ങളുടെ കഥകൾ നാടുമുഴുവൻ പ്രചരിച്ചു. തീർത്ഥാടക പ്രവാഹമായി. ഇസബെല്ലാ രാജകുമാരി അമ്മയുടെ വലിയ ഭക്തയായി. രാജ്യത്ത് അടിമക്കച്ചവടം നിർത്തലാക്കുവാൻ രാജകുമാരി നിശ്ചയിച്ചു.
അമ്മയുടെ സ്‌നേഹവും ശക്തിയും അനുഭവിച്ച ഇസബെല്ലാ രാജകുമാരി അമ്മയ്ക്ക് ഒരു സ്വർണ്ണക്കിരീടം സമർപ്പിച്ചു. 24 വലിയ രത്‌നങ്ങളും 16 ചെറിയ രത്‌നങ്ങളും ചേർന്നതായിരുന്നു കിരീടം. പത്താം പീയൂസ് പാപ്പാ, പോൾ ആറാമൻ പാപ്പാ, ജോൺ പോൾ രണ്ടാമൻ പാപ്പാ എന്നിവർ ഈ പ്രതിമയെ ബഹുമാനിച്ചവരാണ്.
”അദ്ധ്വാനം നിഷ്ഫലമായെന്ന തിരിച്ചറിവിൽ നിരാശരായി കഴിഞ്ഞ മക്കളുടെ ജീവിതത്തിലേക്ക് അത്ഭുതകരമായ ഫലങ്ങളുമായി കടന്നുവന്ന പരിശുദ്ധ അമ്മേ, ഞങ്ങളുടെ അദ്ധ്വാനങ്ങൾ ഫലമണിയുവാൻ അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഞങ്ങളുടെ അദ്ധ്വാനങ്ങൾ ഫലമണിയുവാൻ യേശുനാഥന്റെ പക്കൽ ശക്തമായ മാധ്യസ്ഥയാകണമേ. ആമ്മേൻ.”
ടി. ദേവപ്രസാദ്


നാളെ: ബർണാർദീത്തയെ കാണാൻ വന്ന ലൂർദ്ദ് മാതാവ്
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?