Follow Us On

29

March

2024

Friday

കാരുണ്യവർഷംതീരും മുമ്പ്…

കാരുണ്യവർഷംതീരും മുമ്പ്…

”കാരുണ്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ അന്യരോട് കാരുണ്യം കാണിക്കണം” വിശുദ്ധ ജോൺ ക്രിസോതം. ”കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്ക് കരുണ ലഭിക്കു” മെന്ന് ഈശോ പറയുന്നു (മത്താ. 5:7). കാരുണ്യവർഷം പ്രമാണിച്ച് എറണാകുളം-അങ്കമാലി അതിരൂപത ഇറക്കിയ കാരുണ്യവർഷ പ്രാർത്ഥനയിൽ ഇപ്രകാരമൊരു പ്രാർത്ഥനയുണ്ട്: കാരുണ്യത്തിന്റെ ഒരു വാക്കോ നോട്ടമോ പുഞ്ചിരിയോ ഇല്ലാത്ത ഒരു ദിവസവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ കനിയണമേ. ഇത് യഥാർത്ഥത്തിൽ കാരുണ്യവർഷത്തിൽ മാത്രമല്ല കാരുണ്യവർഷത്തിനുശേഷവും തുടരേണ്ടകാര്യമാണ്. അങ്ങനെയെങ്കിൽ കാരുണ്യവർഷം അവസാനിക്കുന്നില്ല. കാരുണ്യവർഷം തുടരുകയാണ്.
ദൈവത്തിന്റെ ഏറ്റവും വലിയ കാരുണ്യമാണല്ലോ നാം ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമാകുന്ന ബലിയിൽ നിന്നുത്ഭവിക്കുന്ന കരുണ. ഈ കരുണ നാം അനുദിനം സ്വീകരിച്ചുകൊണ്ട് മുന്നേറുമ്പോൾ നമ്മിൽനിന്ന് നാം അറിയാതെതന്നെ കാരുണ്യം വർഷിച്ചുകൊണ്ടിരിക്കും (ഒഴുകിക്കൊണ്ടിരിക്കും). വിശുദ്ധരുടെയൊക്കെ ജീവിതത്തിൽ നമുക്കിത് കാണാൻ സാധിക്കും. അങ്ങനെയാകുമ്പോൾ വിശുദ്ധ കുർബാന ദൈവാലയത്തിൽ തുടങ്ങി ദൈവാലയത്തിൽ അവസാനിക്കുന്നില്ല. ദൈവാലയത്തിനു പുറത്തും ബലികൾ നടന്നുകൊണ്ടിരിക്കും. ദൈവവചനത്തിലൂടെതന്നെ നമുക്കത് മനസിലാക്കാൻ സാധിക്കും.
ദൈവാലയത്തിനു പുറത്തും നമ്മിൽ തുടരേണ്ട ചില ബലികളെക്കുറിച്ച് പ്രഭാഷകന്റെ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. നിയമം പാലിക്കുന്നത് നിരവധി ബലികൾ അർപ്പിക്കുന്നതിന് തുല്യമാണ്. കല്പനകൾ അനുസരിക്കുന്നത് സമാധാനബലിക്ക് തുല്യവും. കരുണയ്ക്ക് പകരം കരുണ കാണിക്കുന്നത് ധാന്യബലിക്ക് തുല്യമാണ് (പ്രഭാ. 35:1-3). അങ്ങനെയെങ്കിൽ കരുണ കാണിക്കുന്നതും നമ്മുടെ ബലിജീവിതത്തിന്റെ തുടർച്ചയായിട്ടുള്ള ബലിയാണ്. ഭിക്ഷ കൊടുക്കുന്നവൻ കൃതജ്ഞതാബലി അർപ്പിക്കുന്നു (പ്രഭാ. 35:4). ഇതെല്ലാം ദൈവാലയത്തിൽവച്ച് നാം അർപ്പിക്കുന്ന ബലിയുടെ തുടർച്ചയായ ബലിജീവിതത്തിലെ പ്രവൃത്തികളിൽ ചിലതാണ്. കാരുണ്യവർഷം പ്രമാണിച്ച് കരുണയുടെ വാതിലുള്ള ദൈവാലയങ്ങളിൽ കയറി പ്രാർത്ഥിക്കാൻ സാധിച്ചിട്ടുണ്ട്.
ഓരോ ദൈവാലയങ്ങളിലും നമ്മുടെ ജീവിതത്തിൽ കരുണ ലഭിക്കാനും കരുണ കൊടുക്കാനും ദണ്ഡവിമോചനം പ്രാപിക്കാനും വേണ്ടുന്ന നിർദേശങ്ങളുടെ നീണ്ട ലിസ്റ്റുകളും കണ്ടിട്ടുണ്ട്. ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവൃത്തികളെയും കുറിച്ചിരിക്കുന്നു. ഇതൊക്കെ വായിക്കുമ്പോൾ ഓർക്കാറുണ്ട്, ഇതൊക്കെ ചെറുപ്പത്തിൽ വേദോപദേശത്തിൽ പഠിച്ചിട്ടുള്ള കാര്യങ്ങളാണ്. എങ്കിലും കർത്താവേ, ഞാനിതെല്ലാം മറന്നുകൊണ്ടുള്ള ജീവിതമാണല്ലോ നയിച്ചുകൊണ്ടിരുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ ദൈവാലയത്തിനുള്ളിൽമാത്രം അനുഷ്ഠിച്ചുകൊണ്ടിരുന്ന ബലിജീവിതം. ഈ ബലിജീവിതം ദൈവാലയത്തിന് പുറത്ത് ഇറങ്ങി ജീവിക്കേണ്ടതാണെന്നാണ് കാരുണ്യവർഷം പ്രഖ്യാപിച്ചതിലൂടെ ഫ്രാൻസിസ് മാർപാപ്പയിലൂടെ ഈശോ നമുക്ക് നൽകുന്ന മുന്നറിയിപ്പുകൾ.
”നീതിയുടെ പൂർത്തീകരണമാണ് കാരുണ്യമെന്ന്” തോമസ് അക്വിനാസ് പഠിപ്പിക്കുന്നു. ”ദൈവത്തിന്റെ ഗുണങ്ങളെല്ലാം തുല്യമാണെങ്കിലും നീതിയെക്കാൾ ശോഭയോടെ കാരുണ്യം ശോഭിക്കുന്നു” (സെർവാന്തസ്). ”ചക്രവാളം ഭൂമിയെ വലയം ചെയ്യുന്നതുപോലെ കാരുണ്യം ശത്രുക്കളെയും മിത്രങ്ങളെയും ആശ്ലേഷിക്കുന്നു” (ഷില്ലർ). ”കർത്താവിന്റെ കാരുണ്യം ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്നുവെന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു.” ”ഒരാളെയെങ്കിലും ദിവസം തോറും കാരുണ്യം നൽകി സന്തോഷിപ്പിച്ച് ജീവിതം ധന്യമാക്കുക” (ചാൾസ് കിംഗ്‌സ്‌ലി). കാരുണ്യവർഷത്തിലൂടെ നമ്മുടെ ജീവിതം കരുണയുടെ ഒരരുവിയായി ഒഴുകട്ടെ. കാരുണ്യവർഷപ്രാർത്ഥനയിൽ സൂചിപ്പിക്കുന്നതുപോലെ കാരുണ്യത്തിന്റെ ഒരു വാക്കോ പുഞ്ചിരിയോ നോട്ടമോ പ്രവൃത്തിയോ ഇല്ലാത്ത ദിവസം നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ.
ലിസ്യുവിലെ വിശുദ്ധ തെരേസയുടെ വാക്കുകൾ നമുക്ക് നൽകുന്ന സന്ദേശവുമതാണ് ”പുഞ്ചിരിയോടെയുള്ള നോട്ടത്താലോ ദയാമസൃണമായ ഒരു വാക്കാലോ എപ്പോഴും ഏറ്റം നിസാരമായ നന്മ സ്‌നേഹത്തെപ്രതി ചെയ്യുക. അത്തരത്തിൽ എന്തെങ്കിലും ചെറിയ ത്യാഗങ്ങൾ ചെയ്യാൻ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്തരുത്.” അങ്ങനെയാകുമ്പോൾ കാരുണ്യവർഷം അവസാനിക്കുന്നില്ല, തുടരുന്നു.
തങ്കച്ചൻ തുണ്ടിയിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?