ഹാലോവീൻ ഡേ പൈശാചികാഘോഷം; സാത്താൻ സേവ നമുക്കുവേണ്ട

അറിഞ്ഞോ അറിയാതെയോ നടത്തുന്ന സാത്താൻ ആരാധനതന്നെയാണ് ഹാലോവീൻ ദിനാഘോഷം. ഈ പൈശാചിക ആഘോഷത്തിന്റെ ആരംഭം, അത് സൃഷ്ടിക്കുന്ന അപകടങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു ലേഖകൻ.

22345
വിവിധ പേരുകളിൽ ഒട്ടേറെ ദിനങ്ങൾ ആചരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന പാശാച്ത്യജനതയ്ക്ക് ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ സെക്കുലർ ആഘോഷമാണ് ‘ഹാലോവീൻ ദിനം.’ പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രകടനം നടത്തിയും മത്തങ്ങകൊണ്ട് ഭീകര രൂപങ്ങളുണ്ടാക്കി വീടുകൾ ‘അലങ്കരി’ച്ചും ആഘോഷിക്കുന്ന ‘ഹാലോവീൻ ദിന’ത്തിന് ആഴ്ചകൾക്കുമുമ്പേ ഹാലോവീനുമായി ബന്ധപ്പെട്ട വിൽപ്പനവസ്തുക്കൾക്കൊണ്ട് കമ്പോളങ്ങൾ നിറഞ്ഞുകവിയും.
ഇത്തവണയും കാര്യങ്ങൾ വ്യത്യസ്ഥമല്ല. ബില്യൺ കണക്കിന് തുകയാണ് ഇത്തവണയും ഇതിനായി വിനിയോഗിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.  കാൻഡികൾക്കുമാത്രമായി രണ്ടു ബില്യണിലധികം പൗൺെങ്കിലും ചെലവഴിക്കുമെന്നാണ് കരുതപ്പെടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കോസ്റ്റ്യൂമുകളുകൾക്കു പുറമെ  വളർത്തുമൃഗങ്ങളുടെ കോസ്റ്റ്യൂമുകൾക്കുമായി വൻതുക ചെവവഴിക്കപ്പെടും. ജനത എത്രപ്രാധാന്യത്തോടെയാണ് ‘ഹാലോവീൻ’ ദിനാഘോഷത്തെ കാണുന്നുവെന്ന് ഇതിൽനിന്ന് വ്യക്തം. നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെപ്പോലും പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിയിച്ചും മറ്റും  ഈ ഭീകരാഘോഷം ആചരിക്കുന്നവരിൽ പലരും ഹാലോവീന്റെ പിന്നിലുള്ള ഐതിഹ്യത്തെക്കുറിച്ചും പിന്നാമ്പുറകഥകളെക്കുറിച്ചും അജ്ഞരാണെന്നതാണ് വാസ്തവം. മറ്റുള്ളവർ ചെയ്യുന്നതിനെ അന്ധമായി അനുകരിക്കുന്നതിനപ്പുറം ഇതിന്റെ ഗുണദേഷങ്ങൾ വിലയിരുത്തുന്നവർ നന്നേ ചുരുക്കമാണ്.
‘ഹാലോവീൻ ഡേ’ ജനിക്കുന്നു
ക്രിസ്തുവിനുമുമ്പ് യൂറോപ്പിൽ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തിൽനിന്നാണ് ഈ ആഘോഷം ആരംഭിച്ചതെങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓൾ സെയിന്റ്‌സ് ഡേ) തലേദിവസം എന്നുള്ള ‘ആൾ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കിൽനിന്നാണ് ഹാലോവീൻ എന്ന പേര് ഉണ്ടാകുന്നത്.
ക്രിസ്തുവിശ്വാസത്തെപ്രതി പീഡനമേൽക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധരുടെ ഓർമദിനങ്ങൾ ആചരിക്കുന്ന പാരമ്പര്യം ആദ്യനൂറ്റിൽത്തന്നെ സഭയിൽ ഉണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഗ്രിഗറി മൂന്നാമൻ പാപ്പ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സകല വിശുദ്ധർക്കുംവേണ്ടി സമർപ്പിച്ചതോടെ നവംബർ ഒന്ന് സകലവിശുദ്ധരുടേയും തിരുനാളായി ആചരിച്ചുതുടങ്ങി. എ.ഡി. 844ൽ ഗ്രിഗരി നാലാമൻ പാപ്പയുടെ കാലംമുതൽ സാർവത്രിക സഭ മുഴുവനിലേക്കും ഈ ആഘോഷം വ്യാപിച്ചു.
സകലവിശുദ്ധരുടെയും തിരുനാളിന് തലേദിവസം ഒരു ദുരാചാരത്തിന്റെ ആഘോഷമായിത്തീർന്നതിന്റെ പശ്ചാത്തലം രസാവഹമാണ്. ക്രിസ്തുവിന് വർഷങ്ങൾക്കുമുമ്പ് ഇംഗ്ലണ്ട് സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ സെർട്ടിക്ക് ജനതയുടെ പുതുവത്സര ആഘോഷ അവസരമായിരുന്നു ഇത്. ‘ട്രൂയിസ്’ എന്നറിയപ്പെടുന്ന പ്രാചീന പുരോഹിതവർഗമാണ് ഈ വിജാതീയ ജനതയെ നിയന്ത്രിച്ചിരുന്നത്.
പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാൻ മരണത്തിന്റെ ദേവനായ ‘സാഹയിൻ’ അനുവദിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. പാപത്തിൽ മരിച്ചവരുടെ മോചനത്തിനുവേണ്ടി മൃഗബലിയും നരബലിയും  അർപ്പിച്ചിരുന്ന അവർ, പിശാചുക്കൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുകയും ചെയ്തിരുന്നു.
പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങൾ ധരിച്ചാൽ തങ്ങളെ ഉപദ്രവിക്കാതെ അവർ കടന്നുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുൻപുള്ള രാത്രിയിൽ ജനങ്ങളെല്ലാം ഇത്തരം വേഷങ്ങൾ ധരിച്ചിരുന്നത്. റോമാക്കാർ സെർട്ടിക് പ്രദേശങ്ങൾ കീഴടക്കിയപ്പോൾ രക്തരൂക്ഷിതമായ പല ആചാരങ്ങളും അവർ നിരോധിച്ചു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനംചെയ്ത സെർട്ടിക് ജനത തങ്ങളുടെ പഴയ ആചാരങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചതാണ് ഈ ആചാരത്തിന് കാരണമായത്. സകല വിശുദ്ധരുടേയും തിരുനാളിന് തലേദിവസമാണ് ഈ ആഘോഷങ്ങൾക്കായി അവർ തിരഞ്ഞെടുത്തത്.
അയർലൻഡിലൂടെ അമേരിക്കയിലേക്കും
കഴിഞ്ഞ നൂറ്റാണ്ടിൽ ഐറിഷ് ജനത വ്യാപകമായി അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ ഈ ഹാലോവീൻ ആഘോഷങ്ങളും വേഷങ്ങളും ‘ജാക്കിന്റെ റാന്ത’ലും ‘ട്രിക്ക് ആൻഡ് ട്രീറ്റു’മൊക്കെ. അമേരിക്കയിൽ പുനർ അവതരിപ്പിക്കപ്പെട്ടു. ജാക്കിന്റെ റാന്തലുകൾ തൂക്കിയിടുന്നതും ഉരുളക്കിഴങ്ങുകൊണ്ട് (അമേരിക്കയിൽ മത്തൻ) ഭീകരരൂപങ്ങൾ ഉണ്ടാക്കി ജനലുകൾക്കും കതകുകൾക്കും മുന്നിൽ തൂക്കിയിടുന്നതും പഴയൊരു ഐറിഷ് ഐത്യഹിത്യത്തിന്റെ ബാക്കിപത്രമാണ്.
ജാക്ക് എന്ന പിശുക്കനായ മനുഷ്യൻ പിശാചിനെ പറ്റിക്കുകയും പിശാചുമായുണ്ടാക്കിയ കരാർ പ്രകാരം, മരണശേഷം നരകത്തിലേക്ക് പോകാതെ ഒരു തീക്കനലിന്റെ ജ്വാലയുമായി ഭൂമിയിൽ ചുറ്റി സഞ്ചരിക്കാൻ അയാൾക്ക് അനുവാദം ലഭിക്കുകയും ചെയ്തുവത്രേ. ഈ ജാക്ക് വന്ന് ശല്യം ചെയ്യാതിരിക്കാനാണത്രേ വീടുകൾക്കുമുന്നിൽ ഇത്തരം ഭീകരരൂപങ്ങൾ വച്ച് അലങ്കരിക്കുന്നത്. കമ്പോളത്തിൽ ഈ ആഘോഷത്തിന്റെ വാണിജ്യ സാധ്യതകൾ മനസ്സിലാക്കിയ വ്യാപാരസമൂഹം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഹാലോവീൻ ആഘോഷത്തിന് പ്രചാരം നൽകി. അതോടെയാണ് ഹാലോവീന്റെ പേരിലുള്ള ആഘോഷങ്ങൾ കൊഴുത്തത്.
നിർഭാഗ്യവശാൽ ഹാലോവീനുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുന്നതും അവരെ പങ്കാളികളാക്കുന്നതും ഭീകരരൂപങ്ങളും സാത്താൻവേഷങ്ങളും അസ്ഥികൂടങ്ങളും അപസർപ്പക കഥകളിലെ കഥാപാത്രങ്ങളുടെ ഛായകളും രക്തരക്ഷസുകളും രാക്ഷസ ഭാവങ്ങളുമൊക്കെയാണ്. ഇത്തരം വേഷങ്ങളും ഉൽപ്പന്നങ്ങളും വിറ്റഴിച്ച് ലാഭംകൊയ്യാനുള്ള കച്ചവടതന്ത്രത്തിന്റെ ഭാഗമായി ഈ ആഘോഷങ്ങൾക്ക് പ്രചാരം നൽകാൻ കമ്പോളസംസ്‌ക്കാരം ശ്രമിക്കുമ്പോൾ പലരും അറിയാതെ പോകുന്ന മറ്റൊരു വശം കൂടി ഇതിനുണ്ട്.
സാത്താൻസേവ തിരിച്ചറിയണം
സത്യദൈവത്തെ നിഷേധിച്ചുകൊണ്ട് സാത്താനെ പരസ്യമായി ആരാധിക്കുന്ന വലിയൊരു ജനവിഭാഗം ലോകത്തെല്ലായിടത്തുമുണ്ട്.  ഒരു സംഘടിത മതത്തിന്റെ രൂപഭാവങ്ങളോടെ ആചാരങ്ങളും ആരാധനകളും നടത്തുന്ന സാത്താൻ സഭാവിഭാഗങ്ങളുടെ ഏറ്റവും വലിയൊരു ആഘോഷദിനമാണ് ഹാലോവീൻ. കുറെനാൾ മുമ്പുവരെ രഹസ്യമായി പ്രവർത്തിച്ചിരുന്ന സാത്താൻസഭയും അതുപോലെയുള്ള ‘ഒക്കൾട്ട്’ പ്രസ്ഥാനങ്ങളും ഇപ്പോൾ പരസ്യമായിത്തന്നെ പലയിടങ്ങളിലും സജീവമാണ്.
ബ്ലാക്ക് മാസുകളും നഗ്‌നപൂജകളും ലൈംഗികവൈകൃതങ്ങളുമെല്ലാം അവരുടെ ആരാധനയുടെ ഭാഗമാണിന്ന്. ഇതെന്നുമറിയാതെ വെറും ആഘോഷത്തിനുവേണ്ടി ഭീകര വേഷങ്ങൾ ധരിച്ചാടുന്നവരും അതിലൂടെ സാത്താന്റെ മഹത്വമാണ് പരോക്ഷമായി പ്രഘോഷിക്കുന്നത്. സ്‌കൂളുകളിൽ ഒന്നിച്ചു പഠിക്കുന്ന മറ്റ് കുട്ടികൾ ചെയ്യുന്നതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ നമ്മുടെ കുഞ്ഞുങ്ങളെയും അനുവദിക്കണമെന്നുണ്ടോ; ആഘോഷത്തിന്റെ പേരിൽ സാത്താനെ പ്രസാദിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണമോ?
ഈ ദുരാചാരത്തിന്റെ പശ്ചാത്തലവും യാഥാർത്ഥ്യങ്ങളും നമ്മുടെ കുഞ്ഞുങ്ങൾക്ക് വിശദീകരിച്ചുകൊടുത്താൽ അവരെ ഇതിൽനിന്നും പിന്തിരിപ്പിക്കാനാകും. മാത്രമല്ല, കത്തോലിക്കാസഭയുടെ മഹത്തായ പാരമ്പര്യമനുസരിച്ച് സകലവിശുദ്ധരുടെ തിരുനാൾ ആഘോഷിക്കാൻ അവരെ പ്രേരിപ്പിക്കാനും കഴിയും. ‘നിന്റെ ദൈവമായ കർത്താവ് തരുന്ന ദേശത്ത് നീ വരുമ്പോൾ ആ ദേശത്തെ ദുരാചാരങ്ങൾ നീ അനുകരിക്കരുത്,’ (നിയമാവർത്തനം 18:9).
വിശുദ്ധരാവട്ടെ നമ്മുടെ കുഞ്ഞുങ്ങൾ
ക്രിസ്തുവിനോടൊപ്പം ജീവിച്ച അപ്പസ്‌തോലന്മാർമുതൽ നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച വാഴ്ത്തപ്പെട്ട മദർതെരേസയും ജോൺ പോൾ രണ്ടാമനുംവരെയുള്ള ആയിരക്കണക്കിന് വിശുദ്ധന്മാരുടെ മഹത്തായ പുണ്യജീവിത പാരമ്പര്യംകൊണ്ട് സമ്പന്നമാണ് കത്തോലിക്കാസഭ. നമ്മെപ്പോലെ സാധാരണ മനുഷ്യരായി ജീവിച്ച്, യേശുവിനെ ജീവിതമാതൃകയാക്കി യേശുവിന്റെ സ്‌നേഹവും വിശുദ്ധിയും ജീവിതത്തിൽ പകർത്തിയ ഇവരുടെ മാതൃക നമുക്കും പുതുതലമുറയ്ക്കും പ്രേരകശക്തിയായിത്തീരണം.
ഇഹലോകവാസം വെടിഞ്ഞിട്ട് നൂറുകണക്കിന് വർഷങ്ങൾ കഴിഞ്ഞെങ്കിലും നൂറിലധികം വിശുദ്ധന്മാരുടെ ഭൗതികശരീരങ്ങൾ ജീർണിക്കാത്ത അവസ്ഥയിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിനും മറ്റുശാസ്ത്രസങ്കേതങ്ങൾക്കും ഉത്തരം കണ്ടെത്താനാവാത്ത അത്ഭുതപ്രതിഭാസമാണിത്.
ഈ വിശുദ്ധന്മാരിൽ ഒരാളുടെയെങ്കിലും ജീവിതത്തെക്കുറിച്ച് അറിയാനോ അനുകരിക്കാനോ നമുക്ക് കഴിഞ്ഞാൽ, നമ്മുടെ കുഞ്ഞുങ്ങൾക്കു കഴിഞ്ഞാൽ ഈ അന്ധകാര ലോകത്തിന് വെളിച്ചമാകാൻ നമുക്ക് കഴിയും.
ഈ ‘ആൾ ഹോളോസ് ഈവ്’ൽ ദുരാത്മാക്കളുടെയും പിശാചുക്കളുടെയും വേഷങ്ങൾക്കുപകരം നമ്മുടെ മഹാന്മാരായ വിശുദ്ധന്മാരുടെ ജീവിതചിത്രങ്ങളും രൂപഭാവങ്ങളും നമ്മുടെ കുഞ്ഞുങ്ങളിലൂടെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി ഒരു മാതൃക കാട്ടാൻ നമുക്ക് ശ്രമിക്കാം. മലയാളി ക്രൈസ്തവ സമൂഹത്തിലെ കുഞ്ഞുങ്ങൾ വിശുദ്ധരുടെ വേഷങ്ങളണിഞ്ഞ് പരേഡുകൾ നടത്തിയത് ശ്രദ്ധേയമായിരുന്നു. ഈ വർഷം അത്തരം കൂടുതൽ സംരംഭങ്ങൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കാം; പ്രാർത്ഥിക്കാം.
ജെ. ജോസഫ്, വാഷിംഗ്ടൺ

NO COMMENTS