Follow Us On

28

March

2024

Thursday

വൈദികരും കുമ്പസാരവും

വൈദികരും കുമ്പസാരവും

കാണപ്പെടാത്ത ദൈവത്തിന്റെ കാണപ്പെടുന്ന പ്രതിനിധിയാണ് വൈദികൻ. പാപത്തിന്റെയും മറ്റ് ആന്തരികസംഘർഷങ്ങളുടെയും ഭാരവുമായി കുമ്പസാരത്തിനണയുന്ന മനുഷ്യൻ. കാണപ്പെടാത്ത ദൈവവും ആ ദൈവത്തിന്റെ പ്രതിനിധിയായി വൈദികനും, പാപബോധവും പശ്ചാത്താപവുമായി നിൽ ക്കുന്ന മനുഷ്യനും തമ്മിൽ കണ്ടുമുട്ടുന്ന വേദിയാണ് കുമ്പസാരക്കൂട്. കുറേയധികം മുന്നൊരുക്കവുമായിട്ടാണ് ഏതൊരാളും കുമ്പസാരിക്കുവാൻ കുമ്പസാരക്കൂട്ടിലെത്തുന്നത്. ശരിക്കു പറഞ്ഞാൽ, കുമ്പസാരം കേൾക്കുന്ന വൈദികനും കുറച്ച് മുന്നൊരുക്കം ആവശ്യമാണ്. പ്രാർത്ഥിച്ച് ഒരുങ്ങുക എന്നതാണാ മുന്നൊരുക്കം.
കുമ്പസാരത്തിന് വരുന്ന വ്യക്തിക്ക് പല ലക്ഷ്യങ്ങൾ മനസിൽ ഉണ്ട്. പാപങ്ങൾ ക്ഷമിക്കപ്പെടണം, പാപത്തിന്റെ കടങ്ങൾ ഇളച്ചുകിട്ടണം, പാപം മനസിൽ ഉണ്ടാക്കിയ മുറിവ് ഉണങ്ങണം, പാപങ്ങൾ ക്ഷമിക്കപ്പെട്ടവർക്ക് ലഭിക്കുന്ന സമാധാനം അനുഭവിക്കണം, പാപം ചെയ്യാതിരിക്കാനുള്ള ശക്തി കിട്ടണം. ഇങ്ങനെ പല ലക്ഷ്യങ്ങൾ. കുമ്പസാരിക്കുവാൻ വരുന്ന പലർക്കും ഈ അടിസ്ഥാനലക്ഷ്യങ്ങൾക്കു പുറമേ മറ്റ് ചില ലക്ഷ്യങ്ങൾ കൂടി ഉണ്ട്. ചില സങ്കടങ്ങൾ അഥവാ മനസിനെ അലട്ടുന്ന പ്രശ്‌നങ്ങൾ പറയണം, ചില കാര്യങ്ങളിൽ തീരുമാനമെടുക്കുവാൻ ഉപദേശം കിട്ടണം, ചില സംശയങ്ങൾക്ക് ഉത്തരം കിട്ടണം, ജീവിതത്തിന് ഉതകുന്ന ചില നല്ല ഉപദേശങ്ങൾ കിട്ടണം, ഇങ്ങനെ പലതും.
കുമ്പസാരം കേൾക്കുന്ന വൈദികന് ഒരു മുന്നൊരുക്കവും ഇല്ലെങ്കിലും കുമ്പസാരത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ (പാപമോചനം, പാപത്തിന്റെ കടങ്ങൾക്ക് ഇളവ്, പാപത്തിന്റെ മുറിവുകൾക്ക് സൗഖ്യം തുടങ്ങിയവ) വൈദികൻ പാപമോചനം നൽകുന്നതിലൂടെ കിട്ടുന്നു. എന്നാൽ, കുമ്പസാരിക്കുന്ന വ്യക്തിയുടെ മറ്റു ചില ലക്ഷ്യങ്ങൾ കൂടി സാധിക്കണമെങ്കിൽ കുമ്പസാരം കേൾക്കുന്ന വൈദികന്റെ, പ്രാർത്ഥിച്ച് ഒരുങ്ങുക എന്ന മുന്നൊരുക്കം ആവശ്യമായി വരാം. കുമ്പസാരം കേൾക്കുന്ന വൈദികൻ പരിശുദ്ധാരൂപിയുടെ നിയന്ത്രണത്തിൽ ആണെങ്കിലേ ശരിയായ ആലോചനയോ മറുപടിയോ സംശയനിവാരണമോ മാർഗനിർദ്ദേശമോ ഒക്കെ നൽകുവാൻ കഴിയുകയുള്ളൂ.
വൈദികന് മുന്നൊരുക്കം ഇല്ലെങ്കിലും കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ, കുമ്പസാരിക്കുന്ന വ്യക്തിക്ക് ആവശ്യമായവ പറഞ്ഞുകൊടുക്കുവാനുള്ള കൃപ, കുമ്പസാരം കേൾക്കുന്ന വൈദികന് ലഭിക്കാറുണ്ട് എന്ന് വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന് തോന്നിയിട്ടുണ്ട്. എന്നാൽ, പ്രാർത്ഥിച്ച് മുന്നൊരുക്കത്തോടുകൂടി കുമ്പസാരം കേട്ടപ്പോൾ, കുറേക്കൂടി ഫലപ്രദമായ, അനുഗ്രഹീതമായ, കൃപ നിറഞ്ഞ വിധത്തിൽ കുമ്പസാരിക്കുവാൻ വന്ന സഹോദരങ്ങളെ സഹായിക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്നതും അനുഭവം തന്നെയാണ്. കുമ്പസാരം കേൾക്കുന്ന ഏതു ദിവസം, ഏതു സമയത്താണ്, പ്രത്യേക മാർഗനിർദ്ദേശം ആവശ്യമുള്ള ഒരു വ്യക്തി കുമ്പസാരക്കൂട്ടിൽ എത്തുക എന്ന് പറയാൻ കഴിയില്ല. ഇതും അനുഭവമാണ്. അതിനാൽ, എപ്പോൾ കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോഴും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുവാനായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത് കുമ്പസാരം കേൾക്കുന്ന വൈദികർക്കും കുമ്പസാരിക്കുന്ന വിശ്വാസികൾക്കും ഉപകാരപ്രദമാണ്.
ലോകത്ത് എല്ലായിടങ്ങളിലുമുള്ള കുമ്പസാരവേദികളിൽവച്ച് ദൈവം ക്ഷമിച്ച പാപങ്ങളുടെ എണ്ണവും വലുപ്പവും കാഠിന്യവും എത്രയെന്ന് നമുക്ക് ഊഹിക്കാനാവുമോ? ദൈവം ഇളച്ചുതരുന്ന പാപത്തിന്റെ കടബാധ്യത എത്ര വലുത് എന്ന് എന്നെങ്കിലും ഊഹിച്ചിട്ടുണ്ടോ? ഊഹിച്ചാലും നമുക്കാർക്കും പിടികിട്ടുകയില്ല. കുമ്പസാരക്കൂടുകളിൽ വച്ച് ദൈവം സുഖപ്പെടുത്തുന്ന പാപത്തിന്റെ മുറിവുകളും എണ്ണമറ്റതല്ലേ?
ഒരുപക്ഷേ, ഏറ്റവും കൂടുതൽ ഭാരം തോന്നുന്ന ഒന്നാണ് തുടർച്ചയായി കുമ്പസാരം കേൾക്കുക, നല്ല ഉപദേശം നൽകുക, ചോദിക്കുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ശരിയായ ഉത്തരം പറയുക തുടങ്ങിയ കാര്യങ്ങൾ. എത്രയോ വൈദികർ, എത്രയോ വർഷങ്ങളായി ഈ കാര്യം നല്ല രീതിയിൽ ചെയ്യുന്നു. വലിയ സഹനശക്തിയും ക്ഷമയും സ്‌നേഹവും പ്രാർത്ഥനയുമെല്ലാം പ്രകടമാകുന്ന അവസരങ്ങൾ. കുമ്പസാരം ഒരു കൂദാശയാകയാൽ, അത് പരികർമ്മം ചെയ്യുവാൻ ദൈവം ശക്തി നൽകുന്നു.
മുറിവുണക്കേണ്ട കുമ്പസാരക്കൂട്ടിൽവച്ച്, മുറിവുകൾ ഉണക്കുന്നുമില്ല,പുതിയ മുറിവുകൾ ഉണ്ടാക്കുന്നുമുണ്ട് എന്ന അവസ്ഥ വല്ലപ്പോഴുമെങ്കിലും സംഭവിച്ചിട്ടുണ്ട് എന്നത് ഈ വൈദികവർഷത്തിൽ പ്രത്യേകമായും ഓർക്കുന്നത് നല്ലതാണ്. ചില വൈദികരെങ്കിലും ചിലപ്പോഴെങ്കിലും കുമ്പസാരിക്കുന്ന വ്യക്തിയോട് ദേഷ്യപ്പെടുകയും വഴക്കു പറയുകയും പരുക്കനായി ഉറക്കെ സംസാരിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ട്.
കുമ്പസാരിക്കുന്ന വ്യക്തിയുടെ പാപം മോചിക്കുക എന്നത് കുമ്പസാരം കേൾക്കുന്ന അച്ചന്റെ ഔദാര്യമല്ല എന്നത് ചിലപ്പോഴെങ്കിലും ചിലരെങ്കിലും മറന്നു പോയതിന്റെ തിക്തഫലങ്ങളുമായി ജീവിക്കുന്നവരെ കാണുകയും അവർ പറയുന്നത് കേൾക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. മറ്റു പല അച്ചന്മാരും ഇങ്ങനെയുള്ളവരെ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്.
ദൈവം തന്ന പാപമോചനാധികാരം ഉപയോഗിച്ച്, അനുതപിച്ച് പാപങ്ങൾ ഏറ്റുപറയുന്നവരുടെ പാപം മോചിച്ച്, മുറിവ് ഉണക്കി വിടുക എന്നതാണല്ലോ കുമ്പസാരം കേൾക്കുന്ന വൈദികന്റെ ഉത്തരവാദിത്വം. പക്ഷേ, ഇത് മറന്ന്, ഇത് എന്റെ അധികാരമാണ് എന്ന നിലപാടുകൾ ചില വൈദികരിലൂടെ ചിലപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ട്. കുമ്പസാരിക്കുവാൻ ചെല്ലുമ്പോൾ വഴക്ക് കേൾക്കുക, ദേഷ്യം ഏറ്റുവാങ്ങുക, അപമാനിക്കപ്പെടുക എന്നിങ്ങനെയുള്ള അനുഭവങ്ങൾക്ക് വിധേയമാകുന്ന വ്യക്തി എന്ത് മാനസികാവസ്ഥയോടുകൂടിയായിരിക്കും കുമ്പസാരക്കൂട്ടിൽനിന്നും എഴുന്നേറ്റുവരുക? അപമാനഭരം, സങ്കടം, നിരാശ, വലിയ ദേഷ്യം, പക, കുമ്പസാരിപ്പിച്ച വൈദികനോടും എല്ലാ വൈദികരോടും കുമ്പസാരത്തോടും സഭയോടുമുള്ള വെറുപ്പ്, ഇനി നിവൃത്തിയുണ്ടെങ്കിൽ കുമ്പസാരിക്കില്ല എന്ന നിശ്ചയം തുടങ്ങിയവതന്നെ.
അങ്ങനെ മുറിവേറ്റു തിരിച്ചുവന്ന പലരും പിന്നീട് അനേക വർഷങ്ങൾക്കുശേഷം ധ്യാനം കൂടുമ്പോഴും മറ്റുമാണ് പിന്നീട് കുമ്പസാരിക്കുന്നത്. മുറിവുണക്കേണ്ട വ്യക്തി മുറിവുണ്ടാക്കിയതിന്റെ ഫലം. മുറിവുണക്കേണ്ട സ്ഥലത്തുവച്ച് പുതിയ മുറിവ് ഉണ്ടാക്കിയതിന്റെ പ്രത്യാഘാതം. ഒരു കുമ്പസാരവേദിയിൽവച്ചും ഒരു വൈദികനിലൂടെയും ഇനി അങ്ങനെ സംഭവിക്കരുത്. കർത്താവിന്റെ എളിയ പ്രതിനിധികളായി, നശിപ്പിക്കണമെന്നും ശിക്ഷിക്കണമെന്നുമുള്ള ചിന്തയില്ലാതെ, രക്ഷിക്കുകയും സൗഖ്യപ്പെടുത്തുകയും വേണം എന്ന തീരുമാനത്തോടെയേ ഓരോ വൈദികനും കുമ്പസാരം കേൾക്കാവൂ.
അവിചാരിതമായി കുമ്പസാരക്കൂട്ടിൽവച്ച് മുറിവേറ്റവരുടെ വേദന മനസിലാക്കാം. എങ്കിലും അവർ അത് എന്നും മനസിൽ വച്ചുകൊണ്ട് ജീവിക്കരുത്. ആ മുറിവും വച്ച് ജീവിക്കുമ്പോൾ അവരുടെ മനസിൽ പകയും വെറുപ്പും വിദ്വേഷവുമെല്ലാം വർദ്ധിക്കും. അനുതപിച്ച് കുമ്പസാരിക്കാത്തതിനാൽ അവരിൽ പാപം പെരുകും. പാപം പെരുകുമ്പോൾ പാപത്തിന്റെ കടവും പെരുകും, പാപത്തിന്റെ മുറിവുകളും അതിന്റെ വേദനകളും പെരുകും. ആത്മാവിലും മനസിലും ശരീരത്തിലും നഷ്ടം അവർക്കുതന്നെയാണ്.
പാപമോചനവും പാപത്തിന്റെ മുറിവുകളിൽ നിന്ന് സൗഖ്യവും പാപത്തിന്റെ കടങ്ങൾക്ക് ഇളവും നിത്യരക്ഷയും അവർക്ക് ആവശ്യമല്ലേ? അതിനാൽ, ഈ വക കാര്യങ്ങളെ ഓർത്ത് അവരും ക്ഷമിക്കണം. മുറിവുണക്കാനും ശ്രമിക്കണം. നടത്തിയ എത്രയോ കുമ്പസാരങ്ങൾക്കിടയിൽ, മുറിവേറ്റ ഒന്നോ രണ്ടോ അനുഭവങ്ങളല്ലേ ഏറിയാൽ ഉണ്ടാകൂ? അതും ദൈവത്തിന് സമർപ്പിച്ച് സൗഖ്യം നേടണം. കുമ്പസാരക്കൂട്ടിലൂടെ ഉണ്ടായ മുറിവുകൾക്ക് കുമ്പസാരക്കൂട്ടിൽവച്ചുതന്നെ സൗഖ്യം ഉണ്ടാകട്ടെ.
ഫാ.ജോസഫ് വയലിൽ സി.എം.ഐ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?