ഭ്രൂണഹത്യ അവസാനിപ്പിക്കാൻ മുൻകൈ എടുക്കും: ഇറ്റാലിയൻ കുടുംബമന്ത്രി

0
181

റോം: ഭ്രൂണഹത്യ അവസാനിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് ഇറ്റലിയുടെ ഫാമിലി ആൻഡ് ഡിസേബിലിറ്റീസ് വകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റ ലോറെൻസോ ഫോണ്ടാന.

“സ്ത്രീകൾ കൊല്ലപ്പെടുന്നതിന്റെ പ്രധാനകാരണം ഭ്രൂണഹത്യയാണ്. വിദേശനയത്തിന്റെ ഭാഗമായി ലോകമെങ്ങുമുള്ള ക്രൈസ്തവന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി താൻ പ്രവർത്തിക്കും. കുടുംബങ്ങൾക്കുള്ള സഹായത്തിനും ജനനനിരക്ക് കൂട്ടാനുമാണ് താൻ മുൻഗണനകൊടുക്കുന്നത്”; അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ ജനനനിരക്ക് വർദ്ധിപ്പിക്കുക എന്നത് തന്റെ പ്രധാനലക്ഷ്യമാണെന്ന് സത്യപ്രതിജ്ഞക്ക് ശേഷം നടന്ന അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. ഉറച്ച കത്തോലിക്കാവിശ്വാസിയും പ്രോലൈഫ് വക്താവുമായ ലോറെൻസോ ദയാവധത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ്.

മുൻപ് അപൂർവ്വ രോഗം ബാധിച്ച ലിവർപൂളിലെ ആൽഫി ഇവാൻസിന്റെ ജീവൻരക്ഷാഉപകരണങ്ങൾ മാറ്റിയപ്പോൾ അത് യൂറോപ്പിന് ദു:ഖാചരണത്തിന്റെ ദിനമാണെന്ന് ഫോണ്ടാന പറഞ്ഞിരുന്നു. വിവാദങ്ങളുണ്ടായ പൊതുതെരഞ്ഞെടുപ്പിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് സർക്കാർ രൂപീകരിക്കപ്പെട്ടതെങ്കിലും ഫാമിലി മിനിസ്റ്ററായി ലോറെൻസോ ചുമതലയേറ്റെന്ന വാർത്ത പ്രോലൈഫ് പ്രവർത്തകരെ ആഹ്ലാദത്തിലാഴ്ത്തിയിരിക്കുകയാണ്. വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ് ഫോണ്ടാന.