ക്രൈസ്തവജനസംഖ്യയിൽ ആഫ്രിക്ക ഒന്നാമത്, ഏഷ്യ നാലാമത്

0
595

വാഷിംഗ്ടൺ ഡിസി: മതപീഢനങ്ങൾ രൂക്ഷമാകുമ്പോഴും ഏറ്റവും കൂടുതൽ ക്രൈസ്തവർ ആഫ്രിക്കയിലാണെന്ന് സർവ്വേഫലം. ഗോർഡൻ – കോൺവെൽ തിയോളജിക്കൽ സെമിനാരിയിലെ ‘സെന്റർ ഫോർ സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റി’ നടത്തിയ സർവ്വേയിലാണ് അറുനൂറ്റിമുപ്പത്തൊന്ന് ദശലക്ഷം ക്രൈസ്തവർ ആഫ്രിക്കയിലുണ്ടെന്ന് വ്യക്തമായത്. മുൻപ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലായിരുന്നു ഏറ്റവുമധികം ക്രൈസ്തവജനസംഖ്യ. ആഫ്രിക്കൻ ഭൂഖണ്ഢത്തിൽ സാംബിയയിലാണ് ഏറ്റവുമധികം ക്രൈസ്തവരുള്ളത്. തൊണ്ണൂറ്റിയാറ് ശതമാനം ക്രൈസ്തവർ സാംബിയയിലുണ്ടെന്ന് സർവ്വേയിൽ വ്യക്തമായി.

തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം വിശ്വാസികൾ റിപ്പബ്ലിക് ഓഫ് സെയ്ച്ചല്ലിലുണ്ടെന്നും സർവ്വേഫലം പറയുന്നു. റുവാണ്ടയാണ് മൂന്നാം സ്ഥാനത്ത്. അതേസമയം ലാറ്റിൻ അമേരിക്ക അറുനൂറ്റൊന്ന് ദശലക്ഷം ക്രിസ്ത്യാനികളുമായി ആഫ്രിക്കയ്ക്കു തൊട്ടുപിന്നിലുണ്ട്. ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റിരണ്ട് ശതമാനവും ക്രൈസ്തവരാണെന്നന്നതാണ് ലാറ്റിൻ അമേരിക്കയുടെ മറ്റൊരു പ്രത്യേകത. നിലവിൽ യൂറോപ്പിൽ അഞ്ഞൂറ്റി എഴുപത്തിയൊന്ന് ദശലക്ഷം ക്രൈസ്തവരാണുള്ളത്. 2018 ലെ കണക്കുകൾ പ്രകാരം ക്രൈസ്തവജനസംഖ്യയിൽ മൂന്നാം സ്ഥാനത്താണ് യൂറോപ്പ്. യൂറോപ്പിലെ എഴുപത്തിയേഴ് ശതമാനവും ക്രൈസ്തവരാണ്.

ക്രൈസ്തവ ജനസംഖ്യയിൽ ഏഷ്യ നാലാം സ്ഥാനത്താണ്. മുന്നൂറ്റി എൺപത്തിയെട്ട് ദശലക്ഷം ക്രൈസ്തവരാണ് ഏഷ്യയിലുള്ളത്. ആകെ ജനസംഖ്യയുടെ ഒൻപത് ശതമാനം മാത്രമാണിത്. നോർത്ത് അമേരിക്കയിൽ നിലവിൽ എഴുപത്തിയാറ് ശതമാനം ക്രൈസ്തവരാണുള്ളത്. ക്രൈസ്തവജനസംഖ്യയിൽ അഞ്ചാം സ്ഥാനമുള്ള നോർത്ത് അമേരിക്കയിൽ ഇരുനൂറ്റി എഴുപത്തിയേഴ് ദശലക്ഷം ക്രൈസ്തവർ മാത്രമാണുള്ളത്. ഓഷ്യാനിയയിൽ ഇരുപത്തൊൻപത് ദശലക്ഷമാണ് ക്രൈസ്തവജസംഖ്യ. ഓഷ്യാനിയയിലെ എഴുപത്തൊൻപത് ശതമാനവും ക്രൈസ്തവരാണ്. വേൾഡ് ക്രിസ്ത്യൻ ഡാറ്റബേസ് അനുസരിച്ച് ആകെ ക്രൈസ്തവ ജനസംഖ്യയുടെ നാൽപത്തൊൻപത് ശതമാനം വിശ്വാസികളും കത്തോലിക്കരാണ്. ഇരുപത്തിരണ്ട് ശതമാനം പ്രൊട്ടസ്റ്റന്റും സ്വതന്ത്രർ പതിനേഴ് ശതമാനവും ഓർത്തഡോക്‌സ് പന്ത്രണ്ട് ശതമാനവുമാണ്. ലോകവ്യാപകമായി 2.3 ബില്യണാണ് ക്രൈസ്തവ ജനസംഖ്യ.

അതേസമയം, 2010നും 2016നും ഇടയിൽ ബിഷപ്പുമാരുടെ എണ്ണത്തിൽ 4.88%ത്തിന്റെ വർധനവുണ്ടായതായി ‘പൊന്തിഫിക്കൽ ഇയർബുക്ക് 2018’ നൊപ്പം പ്രസിദ്ധീകരിച്ച ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ 2016’ ചൂണ്ടിക്കാട്ടുന്നു.2010ൽ 5,104 ആയിരുന്നെങ്കിൽ 2016ൽ അത് 5,353 ആയി ഇതേ കാലഘട്ടത്തിൽ വൈദികരുടെ എണ്ണം 0.7% വർധിച്ചു. 412,236ൽനിന്ന് 414.969ലേക്ക്. സ്ഥിര ഡീക്കന്മാരാണ് ഏറ്റവുമധികം വേഗത്തിൽ വർധിക്കുന്ന മറ്റൊരു ശുശ്രൂഷാവിഭാഗം. 2010ൽ 39,564 ഡീക്കന്മാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 46,312 ഡീക്കന്മാർ ദൈവരാജ്യത്തിനായിവേല ചെയ്യുന്നുണ്ട്. അന്ന്വാരിയത്തിൽ പറയുന്നു.