ടാൻസാനിയയുടെ ‘മാമ്മോദീസ’യ്ക്ക് 150 വയസ്; ആഘോഷനിറവിൽ വിശ്വാസീസമൂഹം

വിശ്വാസത്തിൽ കൂടുതൽ കരുത്താർജിക്കാൻ ടാൻസാനിയൻ സമൂഹം

0
222

ടാൻസാനിയ: സുവിശേഷവത്കരണത്തിന്റെ 150-ാം വാർഷികം ആഘോഷിച്ച് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ. കഴിഞ്ഞ ഞായറാഴ്ച ബാഗമോയോയിൽ നടന്ന ചടങ്ങിൽ ആയിരകണക്കിന് കത്തോലിക്കാ വിശ്വാസികളാണ് പങ്കെടുത്തത്. പാപ്പയുടെ ഔദ്യോഗിക പ്രതിനിധിയും നെയ്‌റോബി ആർച്ച്ബിഷപ്പുമായ കർദിനാൾ ജോൺ നജുവേയാണ് പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. ക്രൈസ്തവരെന്ന നിലയിൽ വിശ്വാസം സ്വജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ ഉത്തരവാദിത്വപ്പെട്ടവനാണ് ഓരോ ക്രൈസ്തവനുമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. രാജ്യത്ത് സമാധാനം നിലനിറുത്തണമെന്നും അദ്ദേഹം ടാൻസാനിയൻ സമൂഹത്തോട് പറഞ്ഞു. ടാൻസാനിയൻ പ്രസിഡന്റ് ജോൺ മാഗുഫുലി അടക്കമുള്ള രാഷ്ട്രീയസാമുഹ്യരംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

ബാഗമോയോയിലെ ഹോളി ഘോസ്റ്റ് മിഷ്ണറിമാർ നടത്തിയ പ്രവർത്തനങ്ങളാണ് ടാൻസാനിയൻ സുവിശേഷവത്കരണത്തിന് തുടക്കം കുറിച്ചതെന്ന് അരുഷയിലെ മുൻ ആർച്ച്ബിഷപ്പ് ജോസഫത്ത് ലൂയിസ് ലെബുലു വാർഷികാഘോഷവേളയിൽ പറഞ്ഞു. മിഷണറിമാരുടെ ഇടപെടലാണ് ബാഗമോയോയുടെ ഇന്നത്തെ ഉയർച്ചയ്ക്ക് കാരണം. അതുകൊണ്ടുതന്നെ സുവിശേഷവത്കരണത്തിന്റെ വിത്തുകൾ പാകിയ മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾ തുടരേണ്ടത് നമ്മുടെ കടമയാണ്. അതിൽ നാം എത്രമാത്രം വിജയിച്ചിരിക്കുന്നുവെന്ന് സ്വയം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ വിശ്വാസം കൂടുതൽ ദൃഡപ്പെടാനാവശ്യമായ വൈദികരുടെ പ്രവർത്തനങ്ങളാണ് ടാൻസാനിയൻ സഭയിൽ തുടർന്ന് ഉണ്ടാവേണ്ടത്. അതിനാലാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കാൻ ഈ സ്ഥലം തിരഞ്ഞെടുത്തത്. അടിമത്വത്തിൽനിന്ന് രക്ഷയിലേക്ക് എന്ന ആശയത്തോടെ വിശ്വാസത്തിന്റെ പ്രതീകമായ വിശുദ്ധ കുരിശ് 1868ൽ ബാഗമോയോയിൽ സ്ഥാപിച്ച കാര്യവും ആർച്ച്ബിഷപ്പ് ലെബുലോ ആഘോഷവേളയിൽ സ്മരിച്ചു.