ഇസ്രായേലിന്റെ സുരക്ഷിതത്വത്തിൽ യു.എസ് വിട്ടുവീഴ്ച്ച ചെയ്യില്ല: യു.എസ് വൈസ് പ്രസിഡന്റ്

0
121

വാഷിങ്ടൺ.ഡിസി: ഇസ്രായേലിന്റെ സുരക്ഷിതത്വത്തിന്റെയും ക്ഷേമത്തിന്റയും കാര്യത്തിൽ അമേരിക്ക വിട്ടുവീഴ്ച ചെയ്യില്ലെന്നും മൗലിക ഇസ്ലാമിക ഭീകരവാദത്തിന്റെ വിപത്തിനെതിരെ ഇസ്രായേലും യുണൈറ്റഡ് സ്റ്റേറ്റ്‌സും ദീർഘകാലം ഒരുമിച്ചുനിന്നിട്ടുണ്ടെന്നും യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. വാഷിങ്ടൺ ഡി.സിയിലെ ഇസ്രായേൽ എംബസിയിൽ ഇസ്രായേലിന്റെ എഴുപതാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അമേരിക്കയുടെ നാൽപ്പത്തിയഞ്ചാമത് പ്രസിഡന്റായ ഡൊണാൾഡ് ട്രംപിൽ നിന്നുള്ള ആശംസകളും അഭിനന്ദനങ്ങളും ഞാൻ നിങ്ങളെ അറിയിക്കുന്നു. ഒരു വർഷത്തിനുള്ളിൽ എഴുപത് വർഷം ഭരിച്ച ഏതൊരു പ്രസിഡന്റിനേക്കാളും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയ നേതാവാണ് അദ്ദേഹം. യഹൂദരാഷ്ട്രത്തിന്റെ ഏറ്റവും വലിയ സംരക്ഷകനാണ് അദ്ദേഹം. വെറും എഴുപത് വയസുമാത്രം പ്രായമുള്ള ആധുനിക രാഷ്ട്രമല്ല ഇസ്രായേൽ. മറിച്ച് എഴുപത് വർഷത്തെ കരുത്തുള്ള രാഷ്ട്രമാണ്. ലോകം ഇസ്രായേലിന്റെ കരുത്തിൽ വിസ്മയിക്കുന്നു. ഏഴുപതിറ്റാണ്ടിനുമുൻപ് ലോകത്തിൽ ആദ്യമായി ഇസ്രായേൽ രാഷ്ട്രത്തെ അംഗീകരിച്ചതിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക അഭിമാനിച്ചിരുന്നു”; അദ്ദേഹം പറഞ്ഞു.

“പ്രസിഡന്റ് ട്രംപ് ഇപ്പോൾ ഒരു ചരിത്രം രചിച്ചിരിക്കുകയാണ്. അതിനാൽ പ്രസിഡന്റിന്റെ നേതൃത്വത്തിന് താൻ നന്ദി പറയുന്നു. ഇസ്രായേലിന്റെ തലസ്ഥാനമായ ജറുസലേമിൽ അമേരിക്കൻ എംബസി ഔദ്യോഗികമായി തുറന്നിരിക്കുന്നു. അഞ്ചുമാസം മുൻപ് ഡിസംബർ ആറിന് നമ്മുടെ പ്രസിഡന്റ് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു. ലോകത്തോട് ഈ പ്രഖ്യാപനം നടത്തിയ ദിവസം എനിക്കദ്ദേഹത്തോടൊപ്പം നിൽക്കാനായത് ഭാഗ്യമായി ഞാൻ കരുതുന്നു. ഇന്ന് ആ അംഗീകാരം ശക്തമായ യാഥാർത്ഥ്യമായിരിക്കുന്നു. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുക വഴി സങ്കൽപ്പത്തിനുമേലുള്ള സത്യം യുണൈറ്റഡ് സ്റ്റേറ്റ്‌സ് തിരഞ്ഞെടുത്തിരിക്കുന്നു. സത്യം മാത്രമാണ് ദീർഘകാലം നീണ്ടുനിൽക്കുന്ന സമാധാനത്തിന്റെ യഥാർത്ഥ അടിസ്ഥാനം. സമാധാനത്തെപ്പറ്റിയാണ് ഞങ്ങളുടെ മഹത്തായ പ്രതീക്ഷകൾ”; അദ്ദേഹം വ്യക്തമാക്കി.

“കഴിയുന്ന എല്ലാവിധത്തിലും സമാധാന ഉടമ്പടിയെ പിന്തുണയ്ക്കാൻ അമേരിക്ക തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ജറുസലേം എന്ന നഗരത്തിന്റെ പേരിന്റെ അർത്ഥം സമാധാനമെന്നാണ്. ഞാനും എന്റെ കുടുംബവും ലോകമെങ്ങുള്ള മില്യൺ കണക്കിന് ജനങ്ങളും ജറുസലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുകയാണ്. മൗലിക ഇസ്ലാമിക ഭീകരത ഭൂമിയിൽ നിന്ന് തുടച്ചുമാറ്റാൻ തോളോട് തോൾ ചേർന്നുപ്രവർത്തിക്കുമെന്ന പ്രതിജ്ഞ ഇപ്പോൾ തങ്ങൾ പുതുക്കുന്നു”; അദ്ദേഹം പ്രഖ്യാപിച്ചു.

“ആണാവായുധം കരസ്ഥമാക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ഒരിക്കലും ഇറാനെ അനുവദിക്കില്ല. ഇത് ഇസ്രായേലിനോടും ലോകത്തോടുമുള്ള തങ്ങളുടെ ദൃഢമായ വാഗ്ദാനമാണ്. ഞങ്ങൾ ഇസ്രേയേലിനൊപ്പം നിലനിൽക്കുന്നു. കാരണം അവളുടെ വിഷയം ഞങ്ങളുടെ വിഷയമാണ്. അവളുടെ മൂല്യങ്ങൾ ഞങ്ങളുടെ മൂല്യങ്ങളാണ്. അവളുടെ പോരാട്ടങ്ങളും ഞങ്ങളുടേത് തന്നെ”; പെൻസ് തുടർന്നു.

“ഞങ്ങൾ ഇസ്രയേലിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. കാരണം തെറ്റിന് മുകളിലുള്ള ശരിയിലും തിന്മയ്ക്ക് മേലുള്ള നന്മയിലും ദുർഭരണത്തിന് മേലുള്ള സ്വാതന്ത്യത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. വിശ്വാസത്തിന്റെ ശക്തിയും പ്രത്യാശയുടെ വാഗ്ദാനവും തങ്ങൾ ദർശിക്കുന്നു. കരുത്തിൽ നിന്ന് കരുത്തിലേക്ക് ഇസ്രായേൽ കുതിച്ചുയരും. അവളുടെ ആദ്യ എഴുപത് വർഷങ്ങൾ വരാനിരിക്കുന്നതിന്റെ പ്രതിഫലനം മാത്രമാണ്. യുണൈറ്റ്ഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും ഇസ്രായേലും തങ്ങളുടെ മഹത്തായ ഭാവിയെ ഒരുമിച്ചാശ്ലേഷിക്കുക തന്നെ ചെയ്യും”; പെൻസ് വ്യക്തമാക്കി.