ദൈവവിശ്വാസം നമ്മെ നയിക്കുന്ന മാർഗദീപം: യു.എസ് സുപ്രീം കോടതി ജസ്റ്റിസ്

0
130

വാഷിംഗ്ടൺ ഡിസി: ജീവിതത്തിലെ വിഷമസന്ധികളിലും പ്രതീക്ഷയില്ലാത്ത സമയങ്ങളിലും നമ്മെ  നയിക്കുന്ന മാർഗ്ഗദീപമാണ് ദൈവവിശ്വാസമെന്ന് അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് ക്ലാരൻസ് തോമസ്. വിർജീനിയയിലെ കാത്തലിക് ലിബറൽ ആർട്‌സ് വിദ്യാലയമായ ക്രിസ്റ്റൻഡം കത്തോലിക്ക കോളജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്റെ ജീവിതത്തിലെ കാൽ നൂറ്റാണ്ട് ദൈവാലത്തിൽ നിന്നകന്ന് ഞാൻ ചിലവഴിച്ചുവെങ്കിലും ഞായറാഴ്ചകളിലെ പള്ളിമണികളുടെ മുഴക്കമുള്ള ശബ്ദം എന്നിൽ നിന്നൊരിക്കലും അകന്നുപോയിട്ടില്ല. 1960 കളിലെയും 1970 കളിലെയും ദിനങ്ങളിൽ എന്തോ ഒന്ന് എന്നെ നിയന്ത്രിച്ചിരുന്നു. യഥാർത്ഥത്തിൽ അതെന്റെ കത്തോലിക്കാ മനസാക്ഷിയായിരുന്നു. ഇത് തീർച്ചയായും ഒരു കത്തോലിക്കാ കോളജാണ്. ഞാനും ഒരു കത്തോലിക്കനാണ്. വിശ്വാസത്തിനെതിരെ ഞാനെന്റെ ഹൃദയം തിരിച്ചിട്ടും അതിനുനേരെ പുറംതിരിഞ്ഞു നിന്നിട്ടും അതെന്നെ നയിച്ചു. നിങ്ങൾ അനുവദിക്കുന്ന പക്ഷം വിശ്വാസം ഇതു തന്നെ നിങ്ങളുടെ ജീവിതത്തിലും ചെയ്യും”; ക്ലാരൻസ് തോമസ് പറഞ്ഞു.

“ദൈവസൃഷ്ടി എന്ന നിലയിൽ നിങ്ങളുടെ ലക്ഷ്യവും ദൈവകൽപ്പനയും നിങ്ങൾ വിസ്മരിക്കരുത്. ദൈവദൃഷ്ടിയിൽ എന്താണോ അതാണ് നിങ്ങൾ. നിങ്ങളുടെ ജീവിതത്തിലുടനീളം ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കുകയും നയിക്കുകയും ചെയ്യട്ടെ”; ക്ലാരൻസ് വിദ്യാർത്ഥികളോട് പറഞ്ഞു.