തൊണ്ണൂറ്റിനാലിൽ 570 മൈൽ കാൽനട തീർത്ഥാടനം; വിസ്മയമായി എമ്മ മൊറോസിനി

0
122

മെക്‌സിക്കോ സിറ്റി: തൊണ്ണൂറ്റിനാലാം വയസിൽ പ്രായത്തിന്റെ അഞ്ചിരട്ടിയിലേറെ മൈലുകൾക്കപ്പുറത്തേക്ക് കാൽനട തീർത്ഥാടനം നടത്തിയ അമ്മയ്ക്ക് അഭിനന്ദന പ്രവാഹം. എമ്മ മൊറോസിനി എന്ന അമ്മയാണ് നോർത്തേൺ മെക്‌സിക്കോയിലെ മോൺറ്റെറിയിൽ നിന്ന് മെക്‌സിക്കോ സിറ്റിയിലെ ഗാഢലൂപ്പെ മാതാവിന്റെ ബസലിക്കയിലേക്ക് കാൽനട തീർത്ഥാടനം നടത്തിയത്. സ്വന്തം നിയോഗങ്ങൾക്കായല്ല, കുടുംബങ്ങൾക്കും യുവജനങ്ങൾക്കും ലോകസമാധാനത്തിനായും പ്രാർത്ഥിക്കാനാണ് ഈ അമ്മ 570 മൈൽ പിന്നിട്ട് ഗാഢലൂപ്പമാതാവിന്റെ ബസലിക്കയിലെത്തിയത്.

ഈ മാസമാദ്യം തീർത്ഥാടനം പൂർത്തിയാക്കിയതോടെ അമ്മയ്ക്ക് ഒരു പേരും വീണു;’പിൽഗ്രിം ഗ്രാൻഡ് മദർ’. 25 വർഷത്തിലേറെയായി ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ദൈവാലയങ്ങളിലേക്ക് തീർത്ഥാടനം നടത്തുന്ന മൊറോസിനി ഇറ്റാലിയൻ സ്വദേശിയാണ്. മുൻപ് പോർട്ടുഗൽ, സ്‌പെയിൻ, പോളണ്ട്, ഇസ്രായേൽ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിലെ ദൈവാലയങ്ങളും ഇവർ സന്ദർശിച്ചിട്ടുണ്ട്.

2015 ൽ തന്റെ തൊണ്ണൂറ്റൊന്നാം വയസിൽ അർജന്റീനയിലേക്ക് നടത്തിയ കാൽനടയായുള്ള തീർത്ഥാടനത്തിടെ ലോകസമാധാനത്തിനായും യുവജനങ്ങൾക്കായും ഭിന്നിച്ചുനിൽക്കുന്ന എല്ലാ കുടുംബങ്ങൾക്കായും താൻ പ്രാർത്ഥിച്ചതായി അവർ വ്യക്തമാക്കിയിരുന്നു. നിരവധി തീർത്ഥാടകരാണ് ലേഡി ഓഫ് ഗാഢലൂപ്പയിലെത്തിയ മൊറോസിനെ അഭിനന്ദിക്കാനെത്തിയത്. ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മൊറോസിനി മുട്ടുകുത്തി നിലത്ത് ചുംബിക്കുകയും കുരിശുവരയ്ക്കുകയും കുറച്ചുനിമിഷങ്ങൾ നിശബ്ദമായി പ്രാർത്ഥിക്കുകയും ചെയ്തു.