ഗർഭഛിദ്രത്തിന് ‘ടൈറ്റിൽ x ഫാമിലി ഫണ്ട്’ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കും: യു.എസ് പ്രസിഡന്റ്

0
160

വാഷിങ്ടൺ ഡി.സി : അമേരിക്കയിൽ അമ്മമാരുടെ ഉദരം ഇനി കൊലക്കളമാകരുതെന്ന് യു.എസിന്റെ പ്രോലൈഫ് പ്രസിഡന്റിന് നിർബന്ധമുണ്ട്. അതിനാലാണ് ഭ്രൂണഹത്യയെ പിന്തുണക്കുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതുമായ പരിപാടികൾക്ക് “ടൈറ്റിൽ എക്സ് ഫാമിലി ഫണ്ട്’ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

കുടുംബാസൂത്രണം, കൂടാതെ ജനനനിരക്ക് കുറക്കുന്ന മറ്റ് ആരോഗ്യ സേവനങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായമനുവദിക്കുന്ന പദ്ധതിയാണ് ‘ടൈറ്റിൽ എക്‌സ്’. പബ്ലിക് ഹെൽത്ത് സർവ്വീസ് ആക്റ്റിന്റെ ഭാഗമായി 1970ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ ഭരണകാലത്താണ് ‘ടൈറ്റിൽ എക്‌സ്’ പ്രാബല്യത്തിൽ വന്നത്.

‘പ്ലാൻഡ് പാരന്റ്ഹുഡ്’ ഉൾപ്പെടയുള്ള അബോർഷൻ ക്ലിനിക്കുകൾക്കുള്ള ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാൻ ഈ മാനദണ്ഢത്തിനാകും. ഓഫീസ് ഓഫ് ദ മാനേജ്മെന്റ് ആൻഡ് ബഡ്ജറ്റിനൊപ്പം ഹ്യൂമൻ സർവ്വീസ് ഡിപ്പാർട്ട്മെന്റ് ‘ടൈറ്റിൽ എക്സ്’ പദ്ധതിക്ക് കീഴിൽ ഭ്രൂണഹത്യ കുടുംബാസൂത്രണ രീതിയായി പരിഗണിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ഉടൻ നിർദേശം തയ്യാറാക്കും.

‘ടൈറ്റിൽ എക്സ് ഫാമിലി പ്ലാനിങ്’ ഗ്രാന്റ് പ്രോഗാമിലൂടെ ലഭിക്കുന്ന തുക അബോർഷനായി ഉപയോഗിക്കുന്നത് നിലവിൽ ഫെഡറൽ ലോ തടയുന്നുണ്ട്. അതേസമയം പുതിയ പുതിയ നിർദേശം ഒരിക്കലും ടൈറ്റിൽ എക്സ് ഫണ്ടിംഗിന്റെ തുക കുറയ്ക്കില്ലെന്ന് അധികൃതർ പറയുന്നു. നിലവിൽ ഗർഭധാരണ പരിശോധന, വന്ധ്യതാ ചികിത്സ എന്നിവയടക്കമുള്ള കുടുംബാസൂത്രണ പരിപാടികൾക്കായി 260 മില്യൺ ഡോളറാണ് ടൈറ്റിൽ എക്സ് പ്രോഗ്രാമിലൂടെ ലഭ്യമാകുന്നത്.

കുടുംബാസൂത്രണത്തിന്റെ ഭാഗമായി ഭ്രൂണഹത്യനടത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിദേശ സർക്കാരിതര സംഘടനകൾക്ക് ഫെഡറൽ ഫണ്ട് അനുവദിക്കാതിരിക്കുന്ന മെക്‌സിക്കോ സിറ്റി പോളിസി ട്രംപ് കഴിഞ്ഞവർഷം പുസ്ഥാപിച്ചിരുന്നു. കൂടാതെ, ചൈനയിലെ നിർബന്ധിത ജനന നിയന്ത്രണത്തെ ഏജൻസി പിന്തുണയ്ക്കുന്നുവെന്ന കാരണത്താൽ യുണൈറ്റഡ് നാഷൻസ്‌സ് പോപ്പുലേഷൻ ഫണ്ടിന് തുകയനുവദിക്കുന്നതും ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു.