Follow Us On

31

January

2023

Tuesday

കൂർത്തമുള്ളാണികൾ ചുറ്റിവരിഞ്ഞു ജീവിച്ചവൾ

കൂർത്തമുള്ളാണികൾ ചുറ്റിവരിഞ്ഞു ജീവിച്ചവൾ

ഞാൻ എല്ലായ്‌പ്പോഴും നിങ്ങളുടെ കൂടെയുണ്ടായിരിക്കും. ഞാനൊരിക്കലും നിങ്ങളെ അനാഥരായി വിടുകയില്ല.” മരണത്തിന്റെ വക്കോളമെത്തിയ നിമിഷങ്ങളിൽ വിശുദ്ധ ക്ലീലിയ ബാർബിയേറി സഹസന്യാസിനിമാർക്ക് നല്കിയ ഉറപ്പായിരുന്നു അത്. ദിവ്യപ്രചോദനത്താൽ പറഞ്ഞ ആ വാക്കുകൾ ദൈവഹിതം പോലെ സന്യാസിനിമാരെ വിശുദ്ധയുടെ മരണത്തിന് ശേഷം തേടിയെത്തിയത് ലോകത്ത് മറ്റൊരിടത്തും കേട്ടിട്ടില്ലാത്ത വിധത്തിലായിരുന്നു. മരണത്തിന് അപ്പുറത്തു നിന്ന് ദിവ്യനാദമായി ക്ലീലിയ അവരെ തേടിയെത്തി.
ഇറ്റലിയിലെ ബോൾഗ്നായിൽ 1847 ഫെബ്രുവരി 13 നാണ് ക്ലീലിയ ജനിച്ചത്. ഇരുപത്തിമൂന്ന് വയസ് മാത്രമേ അവൾക്ക് ഭൂമിയിൽ ആയുസുണ്ടായിരുന്നുള്ളൂ. കത്തോലിക്കാസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്യാസ സമൂഹസ്ഥാപക കൂടിയായിരുന്നു ക്ലീലിയ. സിസ്റ്റേഴ്‌സ് മിനിംസം ഓഫ് ഔർലേഡി ഓഫ് സോറോസ് എന്ന സന്യാസസമൂഹമാണ് അവൾ സ്ഥാപിച്ചത്.
ദരിദ്രകർഷകരായ മാതാപിതാക്കളായിരുന്നു ക്ലീലിയയുടേത്. കോളറാ ദുരിതത്തിൽപെട്ട് പിതാവ് മരണമടഞ്ഞപ്പോൾ ക്ലീലിയയ്ക്ക് എട്ടുവയസായിരുന്നു. ജീവിതദുരിതങ്ങളുടെ നടുക്കായലിൽ ആ കുടുംബം ദിക്കറിയാതെ അലയുമ്പോൾ ക്ലീലിയ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ദൈവത്തിൽ ആശ്രയിക്കുകയാണ് ചെയ്തത്. മൂന്ന് പെൺമക്കളും അമ്മയും അടങ്ങുന്ന ആ കുടുംബത്തെ നോക്കിനടത്താൻ ക്ലീലിയയുടെ അമ്മ പാടുപെട്ടു. എന്നാൽ അമ്മയെ സഹായിക്കാൻ സന്നദ്ധയായി നൂൽനൂല്പും മറ്റ് ജോലികളും ചെയ്ത് കുടുംബത്തെ കരയ്‌ക്കെത്തിക്കാൻ ക്ലീലിയ സന്നദ്ധയായി. ക്ലീലിയയുടെ ആത്മീയജീവിതം കരുപ്പിടിപ്പിക്കുന്നതിൽ പ്രത്യേക പങ്കു വഹിച്ചത് അമ്മയും ഇടവക വികാരിയുമായിരുന്നു. ദൈവത്തെക്കുറിച്ചും അവിടുത്തെ വഴികളെക്കുറിച്ചും കൂടുതലറിയുവാൻ ക്ലീലിയയെ സഹായിച്ചത് വേദപാഠപുസ്തകങ്ങളായിരുന്നു. അങ്ങനെ വേദപാഠ പുസ്തകം അവളുടെ പ്രിയപ്പെട്ട പുസ്തകമായി.
ക്ലീലിയായ്ക്ക് പതിനഞ്ച് വയസ് പ്രായമുള്ളപ്പോഴായിരുന്നു ഇടവകവികാരി ദ ക്രിസ്ത്യൻ ഡോക്ട്രീൻ വർക്കേഴ്‌സ് എന്ന പേരിൽ അധ്യാപകരുടേതായ സംഘം രൂപീകരിച്ചത്. പ്രായം കുറവായിരുന്നുവെങ്കിലും ക്ലീലിയ അതിൽ അംഗമായി. അവളുമായി വളരെ കുറഞ്ഞ പ്രായവ്യത്യാസം മാത്രമേ വിദ്യാർത്ഥികൾക്കുണ്ടായിരുന്നുള്ളൂ. കുട്ടികളുടെ മാതാപിതാക്കളും ആ ക്ലാസിൽ പങ്കെടുത്തിരുന്നു.
കാലം കടന്നുപോയി. ക്ലീലിയ യൗവനത്തിലേക്ക് പ്രവേശിച്ചു. അക്കാലത്ത് രണ്ട് വിവാഹാലോചനകൾ അവളെ തേടിയെത്തി. എന്നാൽ ദൈവഹിതം അതല്ല എന്ന് പ്രാർത്ഥനയിൽ വിവേചിച്ചറിഞ്ഞ അവൾ തന്നെ പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കാനുള്ള തീരുമാനം കൈവരിക്കുകയായിരുന്നു. തന്നെപ്പോലെ സ്വജീവിതം ദൈവത്തിന് സമർപ്പിക്കുവാനും തനിക്കൊപ്പം ഒരുമിച്ച് പ്രാർത്ഥിക്കുവാനും കഴിയുന്ന ഒരു സഹകാരിക്കുവേണ്ടിയുള്ള പ്രാർത്ഥനയിൽ ക്ലീലിയ മുഴുകി. ദൈവം ആ പ്രാർത്ഥനയ്ക്ക് ഉത്തരമായി അവളെക്കാൾ ആറുവയസിന് മൂത്ത തിയോഡോറ ബെരാൽഡിയെ ക്ലീലിയയ്ക്ക് തുണയായി നല്കി. ക്ലീലിയായുടെ തുടർന്നുള്ള ജീവിതത്തിൽ മുഴുവനും തിയോഡോറ പ്രത്യേക സുഹൃത്തായി നിലകൊണ്ടു.
പുണ്യത്തിലും ദൈവസ്‌നേഹത്തിലും വിശുദ്ധിയിലും പ്രാർത്ഥനയിലുമുള്ള ക്ലീലിയായുടെ ജീവിതമാതൃകകളിൽ ആകൃഷ്ടരായി അനേകം യുവതികൾ അവളെ അനുകരിക്കാനെത്തി. ഇക്കാലത്ത് ദാരിദ്ര്യം, വിധേയത്വം, ചാരിത്രശുദ്ധി തുടങ്ങിയ വ്രതങ്ങൾ ഇടവകവികാരിയായ ഫാ. ഗ്വിഡിയുടെ ആത്മീയനേതൃത്വത്തിലും ഉപദേശത്തിലും ക്ലീലിയ കൈക്കൊള്ളുകയും ചെയ്തിരുന്നു.
തന്റെ വഴി പിന്തുടർന്ന യുവതികളുമായി ചേർന്ന് കാരുണ്യപ്രവർത്തനങ്ങളിലും മറ്റ് പരോപകാരപ്രവൃത്തികളിലും ഇരുപതാം വയസു മുതൽ ക്ലിലിയ മുഴുകിതുടങ്ങി. ലെ ബ്രൂഡി പള്ളിക്ക് സമീപം ഒരു ചെറിയ വീട് ലഭിച്ചതോടെ മറ്റുപെൺകുട്ടികളുമൊത്ത് ഒരു സന്യാസജീവിതത്തിനും തുടക്കമായി. ക്രിസ്തീയ പ്രബോധനങ്ങൾ പഠിപ്പിക്കുക, രോഗികളെ ശുശ്രൂഷിക്കുക. ആവശ്യക്കാർ എന്താണോ ആഗ്രഹിക്കുന്നത് അത് അവർക്ക് സാധ്യമായ വിധത്തിൽ ചെയ്തുകൊടുക്കുക തുടങ്ങിയവയെല്ലാമാണ് ആ സഭാസമൂഹം ചെയ്തുകൊണ്ടിരുന്നത്. പതുക്കെ പതുക്കെ ആ സന്യാസസമൂഹം വളർന്നു പന്തലിച്ചു.
1867-ൽ ക്ലീലിയ ക്ഷയരോഗബാധിതയായി. പരിശോധനയ്ക്കിടയിലാണ് ആ വിവരം പുറത്തറിഞ്ഞത്. കടുത്ത തപശ്ചര്യകളുടെ ഭാഗമായി കൂർത്തുമൂർത്ത മുള്ളാണികളുടെ ചെയിൻ ശരീരത്തിൽ ചുറ്റിവരിഞ്ഞാണ് ക്ലീലിയ ജീവിച്ചിരുന്നത്! രോഗം മൂർച്ഛിച്ചതിനെതുടർന്ന് അന്ത്യശൂശ്രൂഷകൾ നല്കുന്നതിനായി വൈദികൻ എത്തി. വീട്ടുകാരും സഹസന്യാസിനിമാരും കട്ടിലിന് ചുറ്റും കൂടി. അവരോട് ക്ലീലിയ ശാന്തസ്വരത്തിൽ അറിയിച്ചു. ”എന്തിനാണ് നിങ്ങൾ കരയുന്നത്? ഭയപ്പെടരുത്. കർത്താവ് എന്നെ ഈ സമയം കൂട്ടിക്കൊണ്ടുപോവുകയില്ല. അവിടുന്ന് ഇപ്പോഴും എന്നിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു…” ആ വാക്കുകൾ സത്യമായി. അത്ഭുതകരമായി ക്ലീലിയ ജീവിതത്തിലേക്ക് തിരികെവന്നു. 1868 മെയ് ഒന്നിന് ആദ്യത്തെ സന്യാസഭവനം തുറന്നുപ്രവർത്തനം ആരംഭിച്ചു. ഭവനം ആരംഭിച്ചപ്പോൾ മുതൽ പലവിധത്തിലുള്ള പ്രശ്‌നങ്ങളും ക്ലീലിയ അഭിമുഖീകരിച്ചുതുടങ്ങി. അംഗങ്ങളുടെ വിശപ്പ് അടക്കാനുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്തുക എന്നതായിരുന്നു അതിലൊന്ന്. ഒരു ദിവസം ഭവനത്തിൽ ഭക്ഷണത്തിനുള്ള ഒരു മണി ധാന്യം പോലും ഉണ്ടായിരുന്നില്ല. ക്ലീലിയ വിശ്വാസത്തോടെ സഹസന്യാസിനിമാരുമായി ചേർന്ന് പ്രാർത്ഥന ആരംഭിച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ സന്ദർശകമണി മുഴങ്ങി. വാതിൽ തുറന്നു നോക്കുമ്പോൾ ആ ദിവസത്തേയ്ക്കുള്ള ഭക്ഷണവുമായി ഒരാൾ.
പവോലയിലെ വിശുദ്ധ ഫ്രാൻസീസിനോട് ക്ലീലിയ പ്രത്യേക മാധ്യസ്ഥം യാചിച്ചിരുന്നു. വിശുദ്ധന്റെ രൂപത്തിന് മുമ്പിൽ കത്തുന്ന വിളക്കിന്റെ എണ്ണ ഉപയോഗിച്ച് നിരവധി രോഗികളെ ക്ലീലിയ സുഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസം ആശ്രമത്തിന്റെ ജാലകവാതിൽക്കൽ പുറത്തേയ്ക്ക് നോക്കി ഇരിക്കുകയായിരുന്നു മദർ ക്ലീലിയ. പരന്നുകിടക്കുന്ന ഒരുപാടം നോക്കിക്കൊണ്ട് മദർ സന്യാസിനിമാരോട് പറഞ്ഞു.
”നോക്കൂ അവിടെ പള്ളിയോട് ചേർന്ന് ഒരു പാടം കണ്ടില്ലേ, അവിടെ പുതിയ ഭവനങ്ങൾ ഉയരും. ഞാൻ ഇവിടെ ദീർഘകാലം നിങ്ങളുടെ കൂടെയുണ്ടായിരിക്കുകയില്ല. നിങ്ങളുടെ അംഗസംഖ്യ വർദ്ധിക്കും. നിങ്ങൾ കർത്താവിന്റെ വയലേലകളിൽ ജോലി ചെയ്ത് ലോകമെങ്ങും പടരും…”
ക്ലീലിയ പ്രവചിച്ചതെല്ലാം പില്ക്കാലത്ത് സംഭവിച്ചു. എന്നാൽ അതൊന്നും ഭൂമിയിൽവച്ചു കാണുവാൻ അവസരം ഉണ്ടായിരുന്നില്ല എന്നുമാത്രം. 1870 ജൂലൈ 13 ന് ക്ഷയരോഗബാധിതയായി മരണമടയുമ്പോൾ ക്ലീലിയയ്ക്ക് ഇരുപത്തിമൂന്ന് വയസായിരുന്നു പ്രായം. ”ഭയപ്പെടരുത്. കാരണം ഞാൻ സ്വർഗ്ഗത്തിലേക്കാണ് പോകുന്നത്. എന്നാൽ ഞാൻ എക്കാലവും നിങ്ങളുടെ കൂടെയുണ്ടായിരിക്കും…” അതായിരുന്നു ക്ലീലിയായുടെ പ്രവചനവും വാഗ്ദാനവും.
ആ വാക്കുകളുടെ പൊരുൾ സിസ്റ്റേഴ്‌സിന് മനസ്സിലായത് ക്ലീലിയ മരണമടഞ്ഞ് കൃത്യം ഒന്നാം വർഷത്തിലാണ്. കന്യാസ്ത്രീകൾ ചാപ്പലിൽ പ്രാർത്ഥിച്ചിരിക്കുകയായിരുന്നു. ആ അനുഭവത്തെക്കുറിച്ച് അംഗീകൃതമായ രേഖയിൽ പറയുന്നത് ഇപ്രകാരമാണ്.
”…. പെട്ടെന്ന് ഉച്ചസ്ഥായിയിൽ ഒരു സ്വർഗീയനാദം മുഴങ്ങി. വാദ്യോപകരണങ്ങളും ശബ്ദിച്ചുതുടങ്ങി. അത് വലതുനിന്ന് ഇടതുവശത്തേയ്ക്ക് എന്ന രീതിയിലാണ് പരന്നത്. ചിലപ്പോൾ കന്യാസ്ത്രീമാരുടെ കാതുകളുടെ ഏറ്റവും അടുത്തായി അത് മുഴങ്ങി. അതെവിടെ നിന്നാണ് മുഴങ്ങിയത് എന്ന് ആർക്കും മനസിലായില്ല. എന്നാൽ ആ സംഗീതം മുഴങ്ങുമ്പോൾ ഹൃദയത്തിൽ അവാച്യമായ സന്തോഷാനുഭൂതി ഉണ്ടായി. വാക്കുകൾക്ക് വിവരിക്കാനാവാത്തവിധത്തിലുള്ള ആനന്ദം. അത് തീർച്ചയായും ലോകത്തിന്റെ സംഗീതമായിരുന്നില്ല, ലോകത്തിൽ നിന്നുളളതുമായിരുന്നില്ല. ഞങ്ങൾ ജീവിക്കുന്നത് സ്വർഗത്തിലാണെന്ന് തോന്നി. അതേറെ നിമിഷം നീണ്ടു നിന്നു. അത് സഹിക്കുവാൻ ഞങ്ങൾക്ക് ശക്തിയുണ്ടായിരുന്നില്ല. ഒടുവിൽ ഞങ്ങൾ പറഞ്ഞു, മതി കർത്താവേ മതി.. ഇത് ആവോളമായിരിക്കുന്നു”
പ്രാർത്ഥന അവസാനിപ്പിച്ച് ഉറങ്ങാൻ പോകുവാനല്ല കന്യാസ്ത്രീകൾക്ക് തോന്നിയത്, പ്രാർത്ഥന തുടരുവാനാണ്. സമീപത്തുള്ള ചാപ്പലിൽ ദിവ്യസക്രാരിക്ക് മുമ്പിൽ ഒരുമിച്ചുകൂടി അവർ പ്രാർത്ഥന തുടർന്നു. അപ്പോൾ അത്ഭുതം തുടരുകയായിരുന്നു. അവരുടെ പ്രാർത്ഥനയിലുടനീളം ആ ദിവ്യനാദം പിന്തുടർന്നു. അക്കൂട്ടത്തിൽ ക്ലീലിയയുടെ ശബ്ദവും അവർ തിരിച്ചറിഞ്ഞു.
ക്ലീലിയ മരിക്കുമ്പോൾ പ്രസ്തുത സന്യാസസഭയിൽ പത്തുപേർ മാത്രമായിരുന്നു അംഗങ്ങൾ. എന്നാൽ അംഗങ്ങളെ തേടിയെത്തിയ സ്ഥാപകയുടെ സ്വർഗീയ നാദം അനേകരെ ആ സഭയിലേക്ക് ആകർഷിക്കാൻ കാരണമായി. രണ്ടാം ലോകമഹായുദ്ധത്തെതുടർന്ന് സഭയിലെ അംഗങ്ങളുടെ എണ്ണം 236 ആയി. 1950 ൽ മുന്നൂറായി.
പിന്നീട് ഇറ്റലിയിൽ മാത്രമായി 35 മഠങ്ങൾ സ്ഥാപിക്കപ്പെട്ടു. കന്യാസ്ത്രീകൾ പ്രേഷിതദൗത്യവുമായി വിദേശങ്ങളിലേക്ക് പറന്നു. കേരളത്തിലും ടാൻസാനിയായിലും ഇന്ന് ഈ സമൂഹത്തിന് മഠങ്ങളുണ്ട്. സ്വാഹിലിയിലും മലയാളത്തിലും കന്യാസ്ത്രീമാർ പ്രാർത്ഥിക്കുമ്പോഴും പാടുമ്പോഴും അവരുടെ ഒപ്പം പ്രാർത്ഥനയിൽ ക്ലീലിയ ശബ്ദസാന്നിധ്യമായി ഇന്നും കൂടെയുണ്ടത്രെ.
മിസ്റ്ററീസ് മാർവൽസ് ആന്റ് മിറാക്കിൾസ് ഇൻ ദ ലൈവ്‌സ് ഓഫ് ദ സെയ്ന്റ്‌സ് എന്ന പുസ്തകത്തിൽ ഈ അത്ഭുതത്തെക്കുറിച്ച് സഭയുടെ മദർ സുപ്പീരിയർ അഭിപ്രായപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്.
” ഈ അതിശയകരമായ സമ്മാനം കാര്യങ്ങൾ കൂടുതൽ നന്നായി ചെയ്യാൻ ഞങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നു.. ജീവിതത്തിലുണ്ടാകുന്ന പരീക്ഷണങ്ങൾക്ക് മുമ്പിൽ ആശ്വാസമാകുന്നു.. സ്വർഗത്തെക്കുറിച്ചുള്ള അതിയായ ആഗ്രഹം ഇത് ഞങ്ങളുടെ ഉള്ളിൽ ജനിപ്പിക്കുന്നു…”
1968 ഒക്‌ടോബർ രണ്ടിന് പോൾ ആറാമൻ മാർപാപ്പ സിസ്റ്റർ ക്ലീലിയയെ വാഴ്ത്തപ്പെട്ടവളും 1988 ഏപ്രിൽ 9 ന് ജോൺ പോൾ രണ്ടാമൻ വിശുദ്ധയുമായി ഉയർത്തി.
വിനായക് നിർമ്മൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?