Follow Us On

23

November

2020

Monday

മാറുന്ന ഭക്ഷണ സംസ്‌കാരം

മാറുന്ന ഭക്ഷണ സംസ്‌കാരം

ആവി പറക്കുന്ന പൊടിയരിക്കഞ്ഞിയും കടുമാങ്ങാ അച്ചാറും ചുട്ട പപ്പടവും നല്ല തേങ്ങാച്ചമന്തിയുമായി കൊച്ചുമക്കൾ തന്നെ വന്നു വിളിക്കുന്നതും നോക്കി ഇരിക്കുകയായിരുന്നു ആ അമ്മ. അപ്പോഴതാ വാതിൽ തുറന്നു വേലക്കാരി വരുന്നു. കൈയിലുള്ള പാത്രത്തിൽ കണ്ടു പരിചയമില്ലാത്ത എന്തോ സാധനം. അമ്മ അതൊന്നു മണത്തു നോക്കിയതിനുശേഷം തിരികെ വച്ചു. ആ ഗന്ധം അമ്മയ്‌ക്കൊട്ടുമിഷ്ടപ്പെട്ടില്ല എന്ന് മുഖം കണ്ടാലറിയാം. അപ്പോൾ വേലക്കാരിയുടെ സ്വരം ‘ഇത് നൂഡിൽസാ, എത്ര എളുപ്പമാണെന്നോ ഇതുണ്ടാക്കാൻ. വെറും അഞ്ചു മിനിറ്റു മാത്രം മതി.’ ടൗണിൽ ഉദ്യോഗസ്ഥരായ മക്കളുടെയടുത്ത് താമസത്തിന് എത്തിയ ഒരമ്മയുടെ അനുഭവമാണിത്. ഏതായാലും രണ്ടുമാസം മക്കളുടെ കൂടെ ചെലവഴിക്കുവാൻ ഒരുങ്ങിവന്ന അമ്മ രണ്ടുദിവസം കഴിഞ്ഞപ്പോൾത്തന്നെ തന്റെ കുഗ്രാമത്തിലേക്കു മടങ്ങിപ്പോയി.
**** **** **** **** ****
കേരളീയർക്ക് പ്രിയങ്കരമായിരുന്ന പൊടിയരിക്കഞ്ഞിയും കടുമാങ്ങയും പപ്പടവും ഇഡ്ഡലിയും ദോശയും ചമ്മന്തിയും അപ്പവും കപ്പയും മീൻ കറിയും അവിയലും സാമ്പാറും സംഭാരവും എന്നുവേണ്ട കേരള തനിമയാർന്ന പരമ്പരാഗത വിഭവങ്ങളൊക്കെ മറഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. പകരം ബിരിയാണി, ഫ്രൈഡ് റൈസ്, ചില്ലിചിക്കൻ, ജിഞ്ചർ ചിക്കൻ തുടങ്ങിയ നിരവധി വിഭവങ്ങൾ കേരളത്തിലെ കുഗ്രാമത്തിൽ വരെ സുലഭമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തലമുറ പകലുമുഴുവൻ പറമ്പിലും പാടത്തും ചുട്ടുപൊള്ളുന്ന വെയിലത്തുനിന്ന് അധ്വാനിച്ചതിനുശേഷം വന്ന് ഒരു പാത്രം സംഭാരം കുടിച്ച് ദാഹം മാറ്റിയിരുന്നു. എന്നാൽ ഇന്ന് സംഭാരത്തിനും സർബ്ബത്തിനും പകരം ചുവപ്പും മഞ്ഞയും നിറം കലർത്തിയ വെള്ളം കുടിച്ചാലേ ദാഹം മാറൂ എന്ന സ്ഥിതി ആയിട്ടുണ്ട്.
നമ്മുടെ ഉപഭോഗസംസ്‌കാരം മാറി വന്നപ്പോൾ, ഭക്ഷണക്രമത്തിലും രുചിയിലും തന്നെ വളരെയേറെ മാറ്റങ്ങൾ സംഭവിച്ചു. വൈദേശിക വിഭവങ്ങൾ ഉണ്ടാക്കുവാനറിയാത്തവർക്ക് അടുക്കളപ്പണിപോലും കിട്ടാത്ത അവസ്ഥയാണ് ഇന്നുള്ളത്. വിദേശീയർ സംസ്‌കാരമുൾക്കൊണ്ട് നമ്മുടെ ഭക്ഷണരീതിയോട് ആഭിമുഖ്യം കാണിക്കുമ്പോഴും നാം വിദേശീയരെയും അവർ അപകടകരമെന്ന് മനസിലാക്കി തിരസ്‌ക്കരിച്ച വിഭവങ്ങളെയും അനുകരിക്കുവാൻ ശ്രമിക്കുന്നു. കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾ തട്ടുകടകളിൽ നിന്നു പോലും അപ്പവും മീൻകറിയും പുട്ടും പഴവും ചോദിച്ചു വാങ്ങുമ്പോൾ, മലയാളികളാകട്ടെ റസ്റ്റോറന്റുകളിൽ പോയി ചൈനീസ് വിഭവങ്ങളും സൂപ്പും തന്തൂരിയുമൊക്കെ വാങ്ങി വയറു വീർപ്പിച്ചു കീശ കാലിയാക്കുന്നു. വിദേശ രാജ്യങ്ങളിൽ ‘കേരള വിഭവം’ ഉണ്ടാക്കി വിൽക്കുന്ന ഹോട്ടലുകൾ വർദ്ധിക്കുന്നു. അവിടുത്തെ ഉപഭോക്താക്കൾ മലയാളികളേക്കാൾ വിദേശീയരാണ്. കേരളവിഭവത്തിന്റെ സ്വാദറിഞ്ഞ അവർ മലയാളക്കരയിൽ എത്തുമ്പോൾ നാം വിദേശവിഭവങ്ങൾക്കായി ഹോട്ടലുകൾ കയറിയിറങ്ങുന്നു. ഇടയ്‌ക്കൊക്കെ കുടുംബവുമൊത്ത് റസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചില്ലെങ്കിൽ അതു തന്റെ ‘സ്റ്റാറ്റസിനെ’ ബാധിക്കുന്ന കാര്യമല്ലേ? പലപ്പോഴും എന്താണ് കഴിച്ചത് എന്നോ, അതിന്റെ ഗുണമെന്താണെന്നോ അറിയാതെയാണ് ഈ പരാക്രമങ്ങൾ. മെനുനോക്കി ‘അത്, ഇത്’ എന്നു പറയേണ്ടി വരുന്ന അവസ്ഥയാണ് പലർക്കുമുള്ളത്. മറ്റുള്ളവരുടെ മുമ്പിൽ തന്റെ കൃത്രിമ വ്യക്തിത്വം ഉയർത്തണം. അത്രതന്നെ. സ്വന്തം നിലത്തിൽ കൃഷി ചെയ്ത നല്ല കുത്തരി വീട്ടിൽ വച്ചുകൊണ്ടായിരിക്കും ഈ കഷ്ടപ്പാടുകൾ സഹിക്കുന്നത്. വിദേശീയരും മറ്റു സസ്യാഹാരത്തിലേക്ക് തിരിച്ചു വരുമ്പോൾ വെജിറ്റേറിയനായിരുന്ന കേരളീയർ പോലും നോൺ വെജിറ്റേറിയൻ അന്വേഷിച്ചുപോകുന്നു!
മാറിവന്ന ഈ ഭക്ഷണരീതി കൊച്ചുകുട്ടികളെ വല്ലാതെ സ്വാധീനിച്ചു കഴിഞ്ഞു. ”എന്റെ കൊച്ചിന് നൂഡിൽസു മാത്രം മതി”യെ ന്നു പറയുന്ന അമ്മയുടെ ധാരണ ഞങ്ങൾ ഒരു പടികൂടി ഉയർ ന്നു എന്നാണ്. ചോറും ചപ്പാത്തിയും സ്‌കൂളിൽ കൊണ്ടുപോകുവാൻ കുട്ടികൾക്ക് നാണക്കേടാണ്. അവർക്ക് സാൻഡ്‌വിച്ച് തന്നെ വേണം. ഇല്ലെങ്കിൽ തന്റെ സ്റ്റാറ്റസിന് കുറച്ചിലാണ്.
ദിവസേനയെന്നോണം വിപണിയിലെത്തിക്കൊണ്ടിരിക്കുന്ന പുതിയ വിഭവങ്ങൾ ആസ്വദിച്ചറിയുവാൻ ഈ തലമുറയ്ക്കുള്ള ആഗ്രഹവും ഭക്ഷണരീതി മാറിവരുവാൻ കാരണമാക്കിയിട്ടുണ്ട്. പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിഭവങ്ങളെ ഒഴിവാക്കി പാശ്ചാത്യ വിഭവങ്ങളും ചൈനീസ് വിഭവങ്ങളുമൊക്കെ പരീക്ഷിച്ചു നോക്കുവാൻ യുവതലമുറ തയ്യാറാകുന്നു. കാമ്പസുകളിൽ നിന്ന് യുവതീയുവാക്കൾ കൂട്ടമായി വന്ന് റസ്റ്റോറന്റുകളിൽ മണിക്കൂറുകൾ ചിലവഴിക്കുന്നു.
ഭാര്യയും ഭർത്താവും ഉദ്യോഗസ്ഥരായതും ഭക്ഷണക്രമം മാറുവാനിടയാക്കിയ ഒരു കാരണമാണ്. തിരക്കേറിയ ജീവിതയാത്രയിൽ ഭക്ഷണം പലപ്പോഴും ഹോട്ടലിൽ നിന്നും കഴിക്കേണ്ടിവരുന്നു. ഉദ്യോഗം കഴിഞ്ഞ് വന്നു വീണ്ടും അടുക്കളയിൽ പണിയുവാൻ പല സ്ത്രീകളും മെനക്കെടാറില്ല. അരകല്ലും ആട്ടുകല്ലുമൊക്കെ കാഴ്ചവസ്തുക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. അരി ഇടിച്ച് പൊടിച്ച് വറുത്ത് പുട്ടുണ്ടാക്കുവാനും അരിയും ഉഴുന്നും ആട്ടുകല്ലിൽ ആട്ടി ദോശയും ഇഡ്‌ലിയും ഉണ്ടാക്കുവാനും ഉദ്യോഗസ്ഥയായ അമ്മയ്‌ക്കെവിടെ സമയം.? ആ അമ്മമാരെ രക്ഷിക്കുന്നതിന് വളരെയേറെ വ്യവസായികൾ മുമ്പോട്ടുവന്നിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളും വൻകിട വ്യവസായങ്ങളും കൂണുപോലെ മുളച്ചു പൊന്തുന്നു. ധാന്യപ്പൊടികൾ, കറിപൗഡറുകൾ, അച്ചാറുപൊടികൾ എന്നുവേണ്ട എന്തിനും ഏതിനും തരാതരം പൊടികൾ വിപണിയിൽ സുലഭം. ഇഡ്‌ലി, ദോശ, അപ്പം, പുട്ട്, ചപ്പാത്തി ഇങ്ങനെ ഏതു പലഹാരത്തിനും അതിന്റേതായ പൊടികൾ, കറികൾക്കാകട്ടെ കഷണങ്ങൾ നുറുക്കിയതിലേക്ക് പായ്ക്കറ്റ് പൊട്ടിച്ച് വിതറിയാൽ മാത്രം മതി. സാമ്പാർ, രസം, പച്ചക്കറി, ഇറച്ചി, മുട്ട, മത്സ്യം ഏതിനും യോജിച്ചവിധം കറിപൗഡറുകൾ ലഭ്യം. വീട്ടമ്മമാർ ഷോപ്പിംഗ് ബാഗുമായി ഇറങ്ങിയാൽ പാചകകുറിപ്പു സഹിതമുള്ള പായ്ക്കറ്റുകൾ, ഏതു മോഡൽ വേണമെങ്കിലും ഒരേ കടയിൽനിന്നുതന്നെ കിട്ടും. അങ്ങനെ ആട്ടുകല്ലിൽ അരച്ചുണ്ടാക്കിയ ദോശയും ഇഡ്‌ലിയുമൊക്കെ മുത്തശ്ശിക്കഥകളായി മാറുന്നു. ഉപ്പു മുതൽ കർപ്പൂരം വരെ പായ്ക്കറ്റുകളായി ലഭിക്കുകയാണെങ്കിൽ അത്രയും ഇഷ്ടമാണ്. ഉപയോഗിച്ചില്ലെങ്കിലും മിക്‌സിയും ഗ്രൈൻഡറും ഫ്രിഡ്ജുമെല്ലാം മോഡൽ മാറുന്നതനുസരിച്ച് മാറ്റുവാൻ ഫാഷൻ സ്‌നേഹികൾ മറക്കാറില്ല. നമ്മുടെ അമ്മമാർ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ ദോശയുടെയും സാമ്പാറിന്റെയും അച്ചാറിന്റെയും സ്വാദിനെക്കുറിച്ച് നാം പുകഴ്ത്തിപ്പറയാറില്ലേ? ഈ അപൂർവരുചികൾ ഇവിടെ അപ്രസക്തങ്ങളാകുകയാണ്. ഒരേ പൊടികൊണ്ട് ആര്, എവിടെ, എപ്പോൾ ഉണ്ടാക്കിയാലും അതിന്റെ രുചിക്ക് വ്യത്യാസമുണ്ടാകുന്നില്ലല്ലോ? ഭക്ഷണരീതിയിലെന്നപോലെ പാചകത്തിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.
വിദേശങ്ങളിലെ ക്ലബ് സംസ്‌കാരം നമ്മുടെ നഗരങ്ങളെയും ബാധിച്ചു കഴിഞ്ഞു. ക്ലബ് മെമ്പർഷിപ്പ് സോഷ്യൽ സ്റ്റാറ്റസിന് ഒരനിവാര്യഘടകമായി മാറിയിരിക്കുന്നു. ആഴ്ചയിൽ എല്ലാ ദിവസവും ക്ലബ് സന്ദർശിക്കുന്നവർ ഇടയ്‌ക്കൊക്കെ ഭാര്യയെയും മക്കളെയും ക്ലബിൽ കൊണ്ടുപോകാൻ മറക്കാറില്ല. കൊച്ചുകുട്ടികൾ സോഷ്യൽ ഡ്രിംഗിംഗ് ക്ലബിൽ വച്ച് കണ്ടു പഠിക്കുന്നു. മദ്യപിക്കുന്നത് കുഴപ്പമല്ല എന്ന ധാരണ ഇതുമൂലം കുട്ടികളിൽ വേരൂന്നുന്നു. ഭക്ഷണശീലത്തിലുള്ള വ്യതിയാനങ്ങളും കുഞ്ഞുങ്ങൾ ക്ലാസിൽ നിന്നും പഠിക്കുന്നു. കുട്ടികൾ അവരുടെ ഗ്രൂപ്പുകളിൽ ചെല്ലുമ്പോൾ കണ്ടു പഠിച്ച പാഠങ്ങൾ പലതും പ്രായോഗികമാക്കുക സ്വഭാവികം.
റസ്റ്റോറന്റുകളിലെ വിഭവങ്ങൾ വീട്ടിൽ പരീക്ഷിച്ചു നോക്കുവാൻ പലരും പ്രവണത കാണിക്കുന്നു. വിശേഷാവസരങ്ങളിലും അതിഥിസൽക്കാരത്തിനും ചോറും കറികളുമാണ് എന്ന് പറയുവാൻ എന്തൊരു നാണക്കേടാണ്? ഫ്രൈഡ് റൈസും ചില്ലിചിക്കനും തന്നെ അതിഥികൾക്ക് വിളമ്പിയേ പറ്റൂ. അല്ലെങ്കിൽ അവർ തങ്ങളെപ്പറ്റി എന്തു കരുതും? അതിഥി സൽക്കാരത്തിൽ മുൻപന്തിയിലാണ് കേരളത്തിലെ അമ്മമാർ. കഴിഞ്ഞ കാലങ്ങളിൽ അവർ സ്വന്തമായുണ്ടാക്കുന്ന ചോറും കറികളും കഴിച്ച് അതിഥികൾ ആ കൈപ്പുണ്യം പുകഴ്ത്തി നിറഞ്ഞ വയറും സന്തുഷ്ടമായ മനസുമായി തിരിച്ചുപോയിരുന്നു. ആ അവസ്ഥയൊക്കെ ഇന്നു മാറി. ഇപ്പോൾ അതിഥികൾ എത്തിയാൽ ഗൃഹനാഥൻ ഉടനെ ബാഗുമായി ഇറങ്ങുന്നു. റെഡിമെയ്ഡ് ഭക്ഷണവുമായി തിരിച്ചെത്തുന്നു. ആതിഥേയരോ അവർക്കായി ഉണ്ടാക്കിയ ഭക്ഷണം ഉണ്ടെങ്കിൽപ്പോലും അതെടുക്കാതെ ആതിഥ്യമര്യാദ കാണിക്കുവാനായി ഈ റെഡിമെയ്ഡ് ഭക്ഷണം അതിഥിയോടൊത്തു സന്തോഷത്തോടെ കഴിക്കും. അതുമല്ലെങ്കിൽ എല്ലാവരും ഒരുമിച്ച് റസ്റ്റോറന്റിലേക്ക് ഒരു യാത്ര. അങ്ങനെ അവിയലും സാമ്പാറുമൊക്കെ ഉപയോഗിച്ചുള്ള സദ്യയും ഓർമകളിൽ മാത്രമായി മാറുന്നു.
കേരളീയരുടെ ഭക്ഷണരീതി മാറ്റിമറിക്കുന്നതിൽ ദൃശ്യശ്രാവ്യ മാധ്യമങ്ങൾ നല്ല പങ്കുവഹിച്ചിട്ടുണ്ട്. ഭക്ഷണത്തിന് കേരളത്തിലുള്ള വ്യവസായ സാധ്യതകൾ കണ്ടറിഞ്ഞ് ആരംഭിച്ച ഫുഡ് ഇൻഡസ്ട്രീസ്, അവരുടെ ഉത്പന്നങ്ങൾ പ്രചരിപ്പിക്കുവാൻ മാധ്യമങ്ങളെ ഉപയോഗിക്കുന്നു. റേഡിയോയിലും ദിനപത്രങ്ങളിലും ടി.വിയിലും എത്രമാത്രം പരസ്യങ്ങളാണ് നാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. നഴ്‌സറിയിൽ പോകുന്ന കുട്ടിക്ക് പോലും ടി.വിയിൽ കണ്ട ന്യൂഡിൽസും ടൊമാറ്റോ സോസും തന്നെ വേണം. ടി.വിയിൽ കണ്ട കുട്ടിയെപ്പോലെ താനും വളരണമെങ്കിൽ ന്യൂഡിൽസു തന്നെ കഴിക്കണമെന്ന് കുട്ടി ധരിക്കുന്നു. മനംമയക്കുന്ന പരസ്യങ്ങൾ അത്രകണ്ട് കുഞ്ഞുങ്ങളെ സ്വാധീനിക്കുന്നു. നമ്മുടെ ഭക്ഷണത്തിന് അത്യന്താപേക്ഷിതമായ കറിയുപ്പും മാധ്യമങ്ങളിൽ സ്ഥാനം നേടിക്കഴിഞ്ഞു. ‘ഉപ്പുമുതൽ കർപ്പൂരം വരെ’ എന്ന പ്രയോഗത്തിൽ ഉപ്പ് വില കുറഞ്ഞതാണ് എന്ന ഒരു ധ്വനിയുണ്ട്. എന്നാൽ ചില കുത്തക കമ്പനികളുടെ ശ്രമഫലമായി അയഡീകരിച്ച ഉപ്പു മാത്രം ഉപയോഗിക്കണം അല്ലെങ്കിൽ ഗോയിറ്റർ വരും എന്ന ഒരു ധാരണ ജനങ്ങളിൽ എത്തിയിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളിലൂടെ തൊണ്ടമുഴയുടെ പേടിപ്പെടുത്തുന്ന ദൃശ്യത്തോടെയും ശാസ്ത്രീയ ഉപദേശത്തിലൂടെയും അയഡീകരിച്ച ഉപ്പ് ഉപയോഗിക്കേണ്ട ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നു. ഉപഭോഗ സംസ്‌കാരത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കേരളജനതയെ ആകർഷിക്കുവാനും അതുവഴി വൻനേട്ടം കൊയ്യുവാനും സാധിക്കുമെന്ന് കുത്തക കമ്പനികൾക്ക് ബോധ്യമുണ്ട്.
കാട്ടുകനികളും പച്ചിലകളും പച്ചമരുന്നും ഉപയോഗിച്ച് ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരുന്ന ആദിവാസികളിൽപ്പോലും സായിപ്പിന്റെ സംസ്‌കാരം നിലവിൽവന്നു. ഭക്ഷണത്തിലും അതു പ്രകടമാണ്. വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസികൾ ‘സാക്ഷരരായപ്പോൾ’ ബോധവൽക്കരിക്കപ്പെട്ടപ്പോൾ അവരും റേഡിയോയും ടി.വിയും കേൾക്കുവാനും കാണുവാനും തുടങ്ങി. ഉത്തമജീവിതത്തിന്, സന്തോഷത്തിന് ടി.വിയിൽ കണ്ട ഭക്ഷണം കഴിക്കണം എന്ന ധാരണ അവരിലും ഉരുത്തിരിഞ്ഞു. ആയുസ് കുറയ്ക്കാനേ ഇത് ഉതകൂ എന്ന് പാവങ്ങൾ അറിയുന്നില്ല. ത്വരിതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭക്ഷണരീതി ആരോഗ്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. നമ്മുടെ പാരമ്പര്യ ഭക്ഷണം പോഷണങ്ങളുടെ കലവറയാണ്. കേരളവിഭവം അപരിഷ്‌കൃതവും ഫാസ്റ്റുഫുഡ് പരിഷ്‌കൃതവുമാണെന്ന മിഥ്യാധാരണ മാറ്റി പോഷകങ്ങളടങ്ങിയ പാരമ്പര്യഭക്ഷണങ്ങളിലേക്ക് നമുക്ക് മടങ്ങിവരാം. അതുവഴി ആരോഗ്യവും ആയുസും കൂട്ടുവാൻ നമുക്ക് ശ്രമിക്കാം.
എൽസി സാബു

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?