Follow Us On

22

February

2024

Thursday

ഹൃദയം നുറുങ്ങിയ പ്രാർത്ഥനയിൽ ദൈവം ഹൃദയം നൽകി

ഹൃദയം നുറുങ്ങിയ പ്രാർത്ഥനയിൽ ദൈവം ഹൃദയം നൽകി

ഈ ക്രിസ്മസും എറണാകുളം വടുതല ചാന്ദിറോഡിലെ കണിയാപറമ്പിൽ കുടുംബത്തിലെ ഫ്രാൻസിസ് ലൂയിസ് ആഘോഷിക്കില്ല. മൂന്ന് പെൺകുട്ടികളുടെ പിതാവായ ഈ അമ്പത്തിമൂന്നുകാരൻ പറയുന്നു, ”ഈശോ എന്റെ ഹൃദയത്തിലുണ്ട്.”
ഹൃദയമാറ്റ ശസ്ത്രക്രിയ നന്നായി നടത്തിയ ആശുപത്രിയിലെ വിദഗ്ധ സംഘത്തിനും ആശുപത്രി അധികൃതർക്കും ഈ കത്തോലിക്ക വിശ്വാസിയുടെ ജീവിതം അതിശയകരമാണ്. ഇപ്പോഴും ഫ്രാൻസിസ് സാധാരണ ജീവിതം നയിക്കുന്നത് വൈദ്യശാസ്ത്രരംഗത്തെ പ്രമുഖർക്ക് അത്ഭുതമാണ്. ഉറച്ച ദൈവാശ്രയമുള്ള ഡോക്ടർമാരും ഫ്രാൻസിസിന്റെ പ്രതിസന്ധി അടുത്തറിഞ്ഞ വൈദികരും നഴ്‌സുമാരും മറ്റും പറയും ”വിശ്വാസം അതല്ലേ എല്ലാം.”
എറണാകുളം സെന്റ് മേരീസ് ബസലിക്ക റെക്ടർ റവ. ഡോ. ജോസ് പുതിയേടത്ത് ഇപ്രകാരമാണ് പറയുന്നത്: ”ഫ്രാൻസിസിന്റെ സൗഖ്യം ഈശോ ആഗ്രഹിച്ചതാണ്. ആ കുടുംബത്തിന്റെ പ്രാർത്ഥനയ്ക്ക്, അവരെ അടുത്തറിയാവുന്നവരുടെ പ്രാർത്ഥനയ്ക്ക് തമ്പുരാന്റെ സമ്മാനമാണ്.” ഫ്രാൻസിസിന്റെയും ലിസയുടെയും ഉറച്ച വിശ്വാസം മാതൃകാപരമാണ്. 2013-ൽ തന്റെ മൃതശരീരം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങൾവരെ നടത്തി. യൂണിറ്റംഗങ്ങൾ ആശുപത്രിയിൽനിന്നുള്ള ആംബുലൻസും കാത്തിരുന്നതിനെക്കുറിച്ച് ഫ്രാൻസിസ് പൊട്ടിച്ചിരിച്ചുകൊണ്ട് വിശദീകരിക്കുമ്പോൾ ഭാര്യ ലിസയും മക്കളായ ദിവ്യയും ദൃശ്യയും ഡിയയും കരയാതിരിക്കാൻ പണിപ്പെടുകയായിരുന്നു.
”കൊച്ചിയിലെ ഒരു പ്രധാന പൊതുമേഖലാ സ്ഥാപനത്തിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. അവിടെനിന്നും വി.ആർ.എസ് എടുത്ത് പിരിഞ്ഞു. 2000-ൽ അസുഖമായി ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം കുറവാണെന്നും അത് ആവശ്യമായതിന്റെ 15 ശതമാനത്തിൽ താഴെ മാത്രമാണെന്നും തിരിച്ചറിഞ്ഞു. ഹാർട്ട് പമ്പിംഗിന്റെ ശേഷി (ഇഎഫ്) കുറവായതിനാൽ വിദഗ്ധ ചികിത്സ നിർദേശിച്ചു. കേരളത്തിലെ പ്രമുഖ ആശുപത്രിയും പ്രമുഖ ഡോക്ടർമാരും ആയതിനാൽ വീട്ടുകാർക്ക് ഉൽക്കണ്ഠകൾ ഇല്ലാതെ കഴിഞ്ഞുപോന്നു. ശ്വാസംമുട്ടൽ, കാലിന് നീര്, മൂത്രം പോകാൻ വിഷമം, കിതയ്ക്കൽ, ഛർദ്ദി, ഭക്ഷണത്തോട് മടുപ്പ് ഇതെല്ലാം ഈ അസുഖത്തിന്റെ ലക്ഷണങ്ങളായിരുന്നു. എന്നെ വളരെ കാര്യക്ഷമമായി പരിചരിക്കുന്ന ഡോക്ടറുടെ സേവനം ഞങ്ങളുടെ കുടുംബത്തെ ആശങ്കയിൽനിന്ന് അകറ്റി. കൃത്യമായ മരുന്ന്, കർശനമായ നിയന്ത്രണങ്ങൾ. അങ്ങനെ 2013 വരെ ആ അവസ്ഥ തുടർന്നു.
2013 മെയ് 13-ന് രാവിലെ അസുഖം കൂടി ഡോക്ടറെ കാണുവാൻ പോയി. നല്ല ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഒരടിപോലും നടക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു. ഒരാഴ്ചത്തേക്ക് പൂർണമായ ബെഡ്‌റെസ്റ്റ് നിർദേശിച്ചു.അതോടൊപ്പം വ്യക്തമായ വിശദീകരണവും നൽകി. ഈ രോഗത്തിന് കൂടുതൽ ചികിത്സകളൊന്നും ചെയ്യാനില്ലെന്നും മരുന്നുകൾ 13 വർഷമായി കഴിക്കുന്നതുകൊണ്ട് ഇനി മറ്റു മരുന്നുകൾ ഫലിക്കാനിടയില്ലെന്നും ഡോക്ടർ വിശദീകരിച്ചു. ആകെയുള്ള ഒരേയൊരു പ്രതിവിധി ഹൃദയം മാറ്റിവയ്ക്കൽ മാത്രമേയുള്ളൂവെന്ന്. എല്ലാവരും ഭയപ്പെട്ടു. പ്ലസ്ടുവിൽ പഠിക്കുന്ന മൂത്തമകൾ. ഇളയ രണ്ട് പെൺകുട്ടികൾ. കുടുംബത്തിന്റെ വരുമാനം എന്റെ ജോലിമാത്രം. കേട്ടവരെല്ലാം വിഷമിച്ചു.
ആ സമയങ്ങളിൽ എനിക്ക് ശ്വാസംമുട്ടൽ കാരണം കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നില്ല. ശരീരത്തിൽ ജലാംശം കൂടുന്നതുകൊണ്ടും ഹൃദയത്തിന്റെ പമ്പിംഗ് കുറവായിരുന്നതുകൊണ്ടും യൂറിൻ ശരിക്ക് പോയിരുന്നില്ല. എങ്കിലും ഞങ്ങളെ കർത്താവ് കൈപിടിച്ച് നയിച്ചുകൊണ്ടിരുന്നു. ഞങ്ങൾ എല്ലാവരും പ്രാർത്ഥനയിൽ ശരണം പ്രാപിച്ചു. ആ ദിവസങ്ങളിൽ ശാലോം ടിവിയിലെ അടക്കമുള്ള പരിപാടികൾ കണ്ട് പ്രാർത്ഥിക്കുകയായിരുന്നു. മക്കളും മറ്റ് അടുത്ത ബന്ധുക്കളും നന്നായി പ്രാർത്ഥിക്കുന്നതുകണ്ട് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു.
ഈശോ തന്ന ഹൃദയവുമായി ജീവിക്കുന്ന ഭർത്താവിനെക്കുറിച്ച് പറയുവാൻ ലിസ തുടർന്നു. ”ജൂൺ 20-ന് അസ്വസ്ഥത കൂടുകയും ശ്വാസം വലിക്കാനും ഉറങ്ങാനും പറ്റാത്ത അവസ്ഥയിലുമായി. വിശുദ്ധ നാടുകളിൽ പോയിവന്ന അടുത്ത ബന്ധം തന്നിരുന്ന ലൂർദിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്ന വെള്ളം വിശ്വാസത്തോടെ കുടിക്കാൻ കൊടുത്തു.
മാതാവിന്റെ പ്രത്യേക സംരക്ഷണയിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഐ.സി.യുവിലും പിന്നീട് ചികിത്സിക്കുന്ന ഡോക്ടർ വന്നപ്പോൾ ഗൗരവാവസ്ഥ മനസിലാക്കിയപ്പോൾ സി.സി.യുവിലേക്കും മാറ്റി. ഈ അസുഖം ആയതിനാൽ പ്രധാന ഡോക്ടറെ ഏതു സമയവും വിളിക്കാൻ നിർദേശിച്ചിരുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ചയുടൻ അദ്ദേഹമാണ് സി.സി.യുവിലേക്ക് മാറ്റുവാനാണ് നിർദേശിച്ചത്.
രോഗം വളരെ കൂടുതലാകുകയും പൾസും പ്രഷറും താഴ്ന്നുപോവുകയും ചെയ്തു. ബ്ലഡിൽ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നു. ഫ്രാൻസിസ്‌ചേട്ടനെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് പിന്നീട് അറിഞ്ഞു. സി.സി.യുവിൽ കിടന്നപ്പോൾ അദ്ദേഹത്തിന് കാർഡിയാക്ക് അറസ്റ്റ് വന്നു. എങ്കിലും വെന്റിലേറ്ററിലേക്ക് ഘടിപ്പിക്കാൻ പറ്റിയത് അത്ഭുതമാണെന്ന് ഡോക്ടർമാർ പറഞ്ഞറിഞ്ഞു.
ഡോക്ടർമാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടതുപോലെ തോന്നി. അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചോളാൻ ഡോക്ടർമാർ വിഷമത്തോടെ പറഞ്ഞു. അടുത്ത ബന്ധുക്കളും ഓഫിസിൽനിന്ന് സഹപ്രവർത്തകരുമെല്ലാം ഓടിയെത്തി. ആശുപത്രിയിലെ വൈദികർ എത്തി രോഗീലേപനകൂദാശ നൽകി. പിതൃസഹോദര പുത്രൻ എറണാകുളം വൈദികനാണ്. അദ്ദേഹവും മറ്റ് നിരവധി വൈദികരും എത്തി പ്രാർത്ഥിച്ചു. യൂണിറ്റ് അംഗങ്ങൾ വിവരം അറിഞ്ഞപാടെ ദൈവലായത്തിലെത്തി പ്രാർത്ഥിക്കാൻ തുടങ്ങി.
യാക്കോബ് 5:15-ൽ പറയുന്നു ”വിശ്വാസത്തോടുകൂടിയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും.” ആ വചനം ഞാൻ ഓർത്തു. ഞങ്ങൾ കണ്ണീരോടെ പ്രാർത്ഥിച്ചു. സൗഖ്യമായാൽ ഈ വിവരം ലോകത്തിന് സാക്ഷ്യമാക്കി മാറ്റാമെന്ന് ഞാൻ നേർന്നു. നേർത്ത പ്രതീക്ഷപോലും നൽകാതെ മണിക്കൂറുകൾ പിന്നിട്ടു.
എട്ടുമണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഓർമ വീണ്ടെടുത്തു. ഇനി ഹൃദയംമാറ്റൽ ശസ്ത്രക്രിയ ഉടനെ നടത്തണമെന്ന് കാർഡിയോളജിസ്റ്റ് നിർദേശിച്ചു. കാർഡിയാക്ക് സർജൻ എത്തി എന്നോട് കാര്യങ്ങൾ വിശദീകരിച്ചു. ബി പോസിറ്റീവ് രക്തഗ്രൂപ്പുള്ള ഹൃദയം ലഭിക്കണം. അതിനുമുമ്പ് ശരീരം അത് സ്വീകരിക്കാൻതക്ക ആരോഗ്യവും ഉണ്ടാകണം. ഏകദേശം 25 ലക്ഷം രൂപയും കരുതണമെന്ന് ഓർമിപ്പിച്ചു.
സഹോദരങ്ങളും ബന്ധുക്കളും ഉടനെ തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലായി. ആശുപത്രിയിൽനിന്ന് ഹൃദയം ലഭിക്കാനായി രജിസ്റ്റർ ചെയ്തു. അപ്പോഴും ശരീരം ഓപ്പറേഷന് സജ്ജമായിരുന്നില്ല. ആശുപത്രി ചാപ്പലിൽ അനേകർ അപ്പോഴും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ‘ലോകരക്ഷിതാവായ ഈശോയെ’ എന്ന പ്രാർത്ഥന 33 തവണ ഞങ്ങൾ പരിസരം പോലും മറന്ന് പ്രാർത്ഥിച്ചു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ യോജിച്ച ഹൃദയം ലഭിച്ചതായി ഡോക്‌ടേഴ്‌സ് അറിയിച്ചു. എന്നാൽ തലേദിവസം മുതൽ പ്രാർത്ഥിക്കുമ്പോൾ എനിക്ക് ‘ഹൃദയം മാറ്റിവയ്‌ക്കേണ്ട’ എന്ന ബോധ്യമാണ് ലഭിച്ചത്. പ്രാർത്ഥിക്കാൻ പറഞ്ഞ പലരും ആ സന്ദേശം ആവർത്തിച്ചു. എനിക്ക് ചേർന്ന ഹൃദയം ലഭിച്ചുവെന്ന് പറഞ്ഞ ഡോക്ടറോടും വൈദികരോടുമെല്ലാം ഞാൻ ഈ വിവരം ആവർത്തിച്ചു പറഞ്ഞു.
എല്ലാം കൊണ്ടും അനുയോജ്യമായ ഹൃദയം ലഭിക്കുന്നത് അപൂർവമാണെന്നും എല്ലാം അനുകൂലമായതിനാൽ ഓപ്പറേഷൻ ഉടനെ നടത്തുന്നതാണ് ഉചിതമെന്നുമുള്ള വലിയ സമ്മർദം എനിക്കുണ്ടായി. ആശുപത്രിയുമായി ബന്ധപ്പെട്ടവരും അടുത്ത ബന്ധുക്കളും രോഗത്തിന്റെ ഗൗരവം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ആശുപത്രിക്കാർ ഓപ്പറേഷനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു. എല്ലാവരും എന്റെ സമ്മതത്തിന് കാത്തുനിന്നു. ”ഈശോ തന്ന ഹൃദയം ഈശോ സൂക്ഷിക്കും, അതുമതി” എന്ന് വിശ്വസിക്കുന്ന ഭർത്താവിന്റെ ഉറച്ച ബോധ്യത്തിന്റെ വാക്കുകൾ എനിക്ക് ധൈര്യം നൽകി. ”ഓപ്പറേഷൻ വേണ്ട, ഈശോ സൗഖ്യം നൽകും” എന്ന് ദിവ്യബലി കഴിഞ്ഞപ്പോൾ ഉറച്ച വിശ്വാസത്തോടെ ഞാൻ പറഞ്ഞു.
പലരും ഞെട്ടി, അത്ഭുതത്തോടെയും അതിശയത്തോടെയും നോക്കി. എന്റെ ബോധ്യം അടുത്ത ബന്ധുക്കളും അംഗീകരിച്ചു. ഞങ്ങളുടെ കൂട്ടായ തീരുമാനത്തെ ഉറച്ച ദൈവവിശ്വാസികളായ കത്തോലിക്ക ഡോക്ടർമാരും അംഗീകരിച്ചു. വൈദ്യശാസ്ത്രപരമായ കാര്യങ്ങൾ പറഞ്ഞശേഷം, അവർ പറഞ്ഞു. നിങ്ങൾ ഓപ്പറേഷൻ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞാലും ഞങ്ങളുടെ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ ചികിത്സകളും സംരക്ഷണവും ഉറപ്പുതരുന്നുവെന്ന്. അത് ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ വെന്റിലേറ്ററിൽനിന്നും സി.സി.യുവിലേക്കും തുടർന്ന് റൂമിലേക്കും മാറ്റി. ഓപ്പറേഷന് സുബോധത്തോടെ സമ്മതിക്കുമെന്ന് കരുതി ഡോക്ടർമാരും കാണാൻ വന്നവരിൽ പലരും ഉപദേശിച്ചു. പക്ഷേ ഫ്രാൻസിസ് പറഞ്ഞു, ”എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല. ഈശോ നൽകിയ ഹൃദയം ഈശോ അനുവദിക്കുന്ന കാലത്തോളം തുടരും. അതു കഴിയുമ്പോൾ അതു നിൽക്കും. ഇനി ഹൃദയം മാറ്റിവച്ചാലും എത്രനാൾ അത് തുടരുമെന്ന് ഒരു ഡോക്ടർക്കും ഉറപ്പു നൽകാൻ കഴിയില്ലല്ലോ? ഇനി പുതിയ ഹൃദയം എന്റെ ശരീരം സ്വീകരിക്കുമെന്ന് എന്താണ് ഉറപ്പ്? വിശ്വാസം അല്ലേ അതെല്ലാം.”
എന്റെ ഈശോ എന്നെ സ്‌നേഹിക്കുന്നു. പ്രാർത്ഥനയും ദൈവാലയത്തിലെ കാര്യങ്ങളുമൊക്കെയായി സഹകരിച്ചു പോകുന്ന എന്നെ എന്റെ ഈശോ പരിപാലിക്കും. ദൃഢമായ വിശ്വാസത്തിന്റെ വാക്കുകൾ.
പലവട്ടം ബസിലിക്ക ഇടവകയിലെ പാരീഷ് കൗൺസിൽ അംഗവും യൂണിറ്റ് ഭാരവാഹിയുമൊക്കെയായി ഫ്രാൻസിസ് പ്രവർത്തിച്ചിട്ടുണ്ട്. മതബോധനവിഭാഗം ആനിമേറ്ററുമാണ്.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ‘നിന്റെ വിശ്വാസം രക്ഷിക്കട്ടെയെന്ന്’ കണ്ടവരെല്ലാം പറഞ്ഞു. ജൂലൈ മൂന്നിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നല്ല പനി വന്നു. ലിസയും മക്കളും വിശുദ്ധ അന്തോണീസിന്റെ നൊവേന ഒമ്പതെണ്ണം തുടർച്ചയായി അർപ്പിച്ച് ദൈവത്തെ സ്തുതിച്ചു. അങ്ങനെ സൗഖ്യം നേടി വീണ്ടും വീട്ടിലേക്ക്.
ഇത്രയും ഗുരുതരമായ രോഗം ബാധിക്കുന്നവർക്ക് ഏതെങ്കിലും ശരീരാവയവങ്ങൾക്ക് ക്ഷതം സംഭവിക്കാറുണ്ട്. അങ്ങനെ ഒരു ക്ഷതവും എനിക്ക് സംഭവിക്കാൻ ഈശോ അനുവദിച്ചില്ല. ഞാൻ ഇപ്പോൾ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിച്ച് പഥ്യം നോക്കിയും ജോലി ചെയ്തും കുടുംബത്തെ പോറ്റുന്നു; ഫ്രാൻസിസ് പറഞ്ഞു. കാറോടിച്ചാണ് തിരക്കുപിടിച്ച നഗരത്തിലെ ഓഫിസിൽ അദ്ദേഹം എത്തുന്നത്.
2013-ൽ ഡോക്ടർമാർ പറഞ്ഞ 10-15 ശതമാനം പമ്പിംഗ് മാത്രമേ ഇപ്പോഴും ഉള്ളൂ. തനിക്ക് ഇപ്പോഴും സാധാരണപോലെ ജോലികൾ ചെയ്യുവാനും കാർ ഡ്രൈവ് ചെയ്യുവാനും സാധിക്കുന്നത് ദൈവകൃപയാൽ ആണെന്ന് ഫ്രാൻസിസ് സാക്ഷ്യപ്പെടുത്തുന്നു.
ഏതു സമയവും അസുഖം വർധിക്കാമെന്നതിനാൽ വലിയ കെട്ടായി ഫ്രാൻസിസിന്റെ കൈവശം ഒ.പി ഫയൽ ഉണ്ട്. പാഴായിപ്പോയെന്ന് കരുതിയ ഒരു മനുഷ്യൻ സജീവമായി പുഞ്ചിരിച്ചുകൊണ്ട് നാലുമാസത്തിലൊരിക്കൽ പതിവ് ചെക്കപ്പിന് വരുമ്പോൾ ജീവനക്കാർ അതിശയത്തോടെ നിരീക്ഷിക്കാറുണ്ട്. ”പ്രാർത്ഥനയിലൂടെ വീണ്ടെടുക്കപ്പെട്ടവൻ’ എന്ന് അടുപ്പമുള്ളവർ പറയും.2000-ൽ തിരിച്ചറിഞ്ഞ അസുഖവുമായി 2013-ൽ വെന്റിലേറ്ററിൽ കിടന്ന അദ്ദേഹം 2016-ലെ ക്രിസ്മസ് ദിനങ്ങളിലും ദിവ്യകാരുണ്യം സ്വീകരിക്കാൻ ഒരുങ്ങുന്നു. ഈശോ നൽകുന്ന സന്തോഷവും സമാധാനവും സൗഖ്യവും അനുഭവിക്കുന്നു.
ഇദ്ദേഹം ചികിത്സയ്ക്ക് എതിരല്ല. ഇപ്പോഴും മരുന്നുകൾ കഴിക്കുന്നു. വിശ്വാസപ്രതിസന്ധികളിൽ പതറാതെ, ബോധ്യങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിയുന്നു.രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കാനും ഈ കുടുംബം സന്നദ്ധമാണ്. ”കർത്താവേ, അങ്ങ് ഞങ്ങൾക്ക് സമാധാനം നൽകുന്നു…” (ഏശയ്യ 26:12). ”അങ്ങയിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു” (ഏശയ്യ 26:3). വചനം നൽകുന്ന ഈ ഉൾക്കാഴ്ചയിൽ ഇവർ വിശ്വസിക്കുന്നു. നമുക്കും ഇതുപോലെ തിരുവചനത്തിൽനിന്നും പ്രചോദനം സ്വീകരിക്കാം. ഫ്രാൻസിസ് കണിയാംപറമ്പിൽ : 9947410631, 8891718655.
സാബു ജോസ്‌

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?