Follow Us On

25

August

2019

Sunday

സ്വാർത്ഥ താൽപ്പര്യങ്ങൾ ശുശ്രൂഷയ്ക്ക് വിഘാതമാകരുത്

സ്വാർത്ഥ താൽപ്പര്യങ്ങൾ ശുശ്രൂഷയ്ക്ക് വിഘാതമാകരുത്

വത്തിക്കാൻ സിറ്റി: സ്വാർത്ഥപരമായ വീക്ഷണങ്ങൾ അജപാലന ശുശ്രൂഷക്ക് വിഘാതമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. തെക്കൻ ഇറ്റലിയിലെ പുഗ്ലിയിലുള്ള പയസ് പതിനൊന്നാമൻ സെമിനാരിയിൽ വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ കാര്യങ്ങളും എന്നിൽ തുടങ്ങുകയും എന്നിൽ അവസാനിക്കുകയും ചെയ്യുന്നില്ലെന്ന അവബോധമുണ്ടാകണമെന്ന് പാപ്പ വിദ്യാർത്ഥികളോട് പങ്കുവച്ചു. ചുറ്റുമുള്ള ലോകത്തിന്റെ സൗന്ദര്യവും നിഗൂഡതയുടെ ആഴവും ആസ്വദിക്കുന്നതിനായി ‘എന്നിൽനിന്ന്’ പുറത്തേക്ക് നോക്കണം. അപ്പോൾ എനിക്ക് ശേഷവും തുടരുന്ന ജീവനും എന്നെയുൾപ്പെടെ സർവ്വവും പരിപാലിക്കുന്ന ദൈവത്തെയും കണ്ടെത്താം. ഇതിനെക്കുറിച്ച് ചിന്തിക്കാൻ പറ്റിയ കാലഘട്ടമാണ് സെമിനാരി വിദ്യാഭ്യാസമെന്നും ഈ ശീലം ഇപ്പോഴെ വളർത്തിയെടുക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
സ്വയംസ്‌നേഹം നിയന്ത്രിക്കാനുള്ള ക്ഷണമാണ് ക്രിസ്മസിനൊരുക്കമായുള്ള നോമ്പുകാലം നൽകുന്നത്. ഈ നിയന്ത്രണമില്ലാതെ ദൈവം വിളിച്ച പാതയിലൂടെ നമുക്ക് നടക്കുവാൻ സാധിക്കുകയില്ല. എന്നെത്തന്നെ നോക്കിയിരുന്നാൽ എങ്ങനെയാണ് ഞാൻ ക്രിസ്തുവിനെ കണ്ടെത്തുക? എല്ല സാഹചര്യത്തിലും സ്വന്തം സുരക്ഷിതത്വം മാത്രം നോക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് സഭയുടെ സൗന്ദര്യം അനുഭവിക്കാൻ സാധിക്കുന്നത്? എനിക്കുള്ളത് നഷ്ടപ്പെടുമോ എന്ന ഭയം ദൈവരാജ്യം നിർമ്മിക്കുന്നതിനായി നടത്തേണ്ട സാഹസിക ശ്രമങ്ങളുടെ ആവേശം ചോർത്തിക്കളയുമെന്നും പാപ്പ വ്യക്തമാക്കി.
പൗരോഹിത്യത്തിലേക്കുള്ള വിളി മൂന്നിടങ്ങളിൽ അടിയുറച്ചതാണ്. കർത്താവിൽ, സഭയിൽ, ദൈവരാജ്യത്തിൽ… പക്ഷെ ഇതിന് ബന്ധങ്ങൾ ആവശ്യമാണ്. ക്രിസ്തുവിനോട്, നമ്മുടെ സഹശുശ്രൂഷകരോടും വിശ്വാസികളോടും മൂന്നാമതായി നാം ജീവിതത്തിൽ കണ്ടുമുട്ടുന്ന എല്ലാവരോടും… ബന്ധങ്ങളുടെ മനുഷ്യനാകാൻ തീരുമാനമെടുക്കാത്ത ഒരു വ്യക്തിക്ക് ഒരിക്കലും പുരോഹിതനാകുവാൻ സാധിക്കുകയില്ല. ഈ മേഖലയിൽ മുന്നേറ്റം നടത്തുക എന്നത് നിങ്ങളുടെ ആദ്യ ലക്ഷ്യമായിരിക്കട്ടെ; പാപ്പ സെമിനാരി വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
മറ്റുള്ളവരെക്കാൾ നല്ലവരാണ് തങ്ങളെന്ന് വിചാരിക്കരുതെന്ന് പാപ്പ തുടർന്നു. എല്ലാവരോടും കൂടെയായിരിക്കുവാൻ പരിശീലിക്കുക. വിനയവും ബുദ്ധിയുമുപയോഗിച്ച് കണ്ടുമുട്ടുന്ന എല്ലാ വ്യക്തികളിൽനിന്നും എന്തെങ്കിലും പഠിക്കാൻ നിങ്ങൾക്ക് സാധിക്കും. ക്രിസ്തുവുമായുള്ള വളരുന്ന ഒരു ബന്ധമായിരിക്കണം മറ്റെല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം. ഇതിന് പ്രാർത്ഥന ആവശ്യമാണ്. പ്രാർത്ഥനയുടെ ഏറ്റവും പാകമായ ഫലം ഉപവിയാണ്. അവസാനമായി, ആരെയും മാറ്റിനിർത്താതിരിക്കാൻ ശ്രദ്ധിക്കുക. കാരണം, അവരും ക്രിസ്തുവിന്റേതാണ്. അവരെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുവാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും നമ്മുടെ നേർക്കുള്ള കരുണാകടാക്ഷം ദൈവം പിൻവലിക്കുന്നില്ലെങ്കിൽ, നമ്മുടെ നോട്ടത്തിൽ നിന്ന് ആരെയെങ്കിലും നാമെന്തിന് ഒഴിവാക്കണം? പാപ്പ ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?