Follow Us On

05

December

2023

Tuesday

മാലാഖക്കുഞ്ഞിന് ഹല്ലേലൂയ്യാ പാടിയവർ

മാലാഖക്കുഞ്ഞിന് ഹല്ലേലൂയ്യാ പാടിയവർ

2014 നവംബർ 12 രാവിലെ 8.47. താമരശേരി രൂപതയിലെ പടത്തുകടവ് ഇടവകയിൽ മൈലപ്പറമ്പിൽ റോയ് മാത്യു – ആൻസി റോയ് ദമ്പതികൾ ഒമ്പതുമാസം മധുരസ്വപ്നങ്ങൾ നെയ്ത് കാത്തുകാത്തിരുന്ന ദിവസം പൂവണിഞ്ഞു. അവരുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. മൂത്തകുട്ടി ആൺകുട്ടിയായിരുന്നതിനാൽ അവർ ഒരു പെൺകുഞ്ഞിനെയാണ് ആഗ്രഹിച്ചത്. അത് അങ്ങനെതന്നെ സംഭവിച്ചു.
ആ മാതാപിതാക്കൾ അതിയായി സന്തോഷിച്ചു. എന്നാൽ ആ സന്തോഷം നൊമ്പരമായി രൂപാന്തരപ്പെടാൻ അധികനേരം വേണ്ടിവന്നില്ല. ആശംസകളും മധുരവും പങ്കുവയ്ക്കപെടേണ്ട നിമിഷങ്ങൾ നിശബ്ദതയുടെയും കണ്ണുനീരിന്റെയും പരിഭവങ്ങളുടെയും തിരമാലകളുടെ വേലിയേറ്റമായി മാറി. ആർക്കും അവരെ ആശ്വസിപ്പിക്കാൻ പറ്റാത്ത അവസ്ഥ. അല്ലെങ്കിലും എന്തുപറഞ്ഞ് ആശ്വസിപ്പിക്കും. ചില പരുപരുത്ത യാഥാർത്ഥ്യങ്ങളുടെ മുൻപിൽ വെറുതെ നോക്കിനിൽക്കാനല്ലേ മനുഷ്യന് കഴിയൂ.
ഡിസംബർമാസകുളിരിന്റെ ആരംഭമായിരുന്നിട്ടും പ്രകൃതിയിൽ കോടമഞ്ഞ് ഇറങ്ങിയിട്ടും ജനിച്ചുവീണ കുഞ്ഞ് കരഞ്ഞില്ല. പിറന്നുവീഴുന്ന കുഞ്ഞ് കരയണം. അല്ലെങ്കിൽ കുഞ്ഞിനെന്തോ കുഴപ്പമുണ്ടെന്നാണല്ലോ ശാസ്ത്രം. ഡോക്ട ർമാർ കുഞ്ഞിന്റെ ഋരവീരമൃറശീഴൃമാ എടുത്തു. പേടിച്ചതുപോലെ സംഭവിച്ചു. കുഞ്ഞിന്റെ ഹൃദയത്തിന്റെ നാല് അറകളിൽ മൂന്നെണ്ണത്തിനും ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യുന്ന ധമനികളിലും അനേക ദ്വാരങ്ങൾ. കൂടാതെ ജനിതക വൈകല്യവും. ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ കുഞ്ഞ് ജീവിച്ചിരിക്കൂ എന്നും ഡോക്ടർമാർ വിധിയെഴുതി.
ആദ്യതളർച്ചയിൽനിന്നും കരകയറുന്നു
എന്നാൽ ആദ്യമനുഭവപ്പെട്ട തളർച്ചയിൽനിന്നും ആ കുടുംബം കരകയറി. ഇത് ദൈവം തങ്ങൾക്കായി അനുവദിച്ചതാണെങ്കിൽ അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുവാൻ അവർ സന്നദ്ധരായി. കുഞ്ഞിനുവേണ്ടി അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കൂടാതെ അനേക പ്രാർത്ഥനാകൂട്ടായ്മകളിലേക്ക് പ്രാർത്ഥനാസഹായത്തിനപേക്ഷിച്ചു. ഏകദേശം 13 ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ രക്തത്തിൽ ഇൻഫക്ഷൻ ഉണ്ടായി. ഡോക്ടർമാർ ഹൃദയശസ്ത്രക്രിയയ്ക്ക് വിധിയെഴുതി. ചിലപ്പോൾ കുഞ്ഞ് വളർന്നുവരുമ്പോൾ സ്വാഭാവികമായ രീതിയിൽ ഈ ദ്വാരങ്ങൾ അടയാൻ സാധ്യതയുള്ളതുകൊണ്ട് അല്പംകൂടി കാത്തിരിക്കാമെന്ന് ഡോക്ടർമാർ അന്തിമവിധിയെഴുതി. അതനുസരിച്ച് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി. വീട്ടിൽ വന്നയുടനെതന്നെ അവർ തീരുമാനിച്ചു, കുഞ്ഞിന് മാമോദീസ നൽകുവാൻ. അങ്ങനെ 2014 ഡിസംബർ നാലിന് അവൾ ഈശോയുടെ കുഞ്ഞുമാലാഖയായി അന്നമോൾ എന്നു വിളിക്കപ്പെട്ടു. അന്നമോൾ എപ്പോഴും വളരെ പ്രസാദവതിയായാണ് കാണപ്പെട്ടത്. ഇത്രയധികം രോഗങ്ങൾ അലട്ടുന്നതിന്റെ യാതൊരു ലക്ഷണവും അന്നമോൾ കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കൾക്ക് തീർച്ചയായിരുന്നു ഇതിന് പിന്നിൽ ഒരു ദൈവപദ്ധതിയുണ്ടെന്നും ദൈവം നന്മയല്ലാതൊന്നും പരിണമിപ്പിക്കില്ലെന്നും.
അതവർക്ക് പ്രത്യാശയുടെയും സന്തോഷത്തിന്റെയും അവസരങ്ങൾ സമ്മാനിച്ചു. അതുകൊണ്ടുതന്നെ കുഞ്ഞുമായി മിക്ക ദിവസങ്ങളിലും ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയിടയിലും അന്നമോൾക്ക് ഒരു കുറവും അവർ വരുത്തിയില്ല. ഡോക്ടർമാർ അപ്പപ്പോൾ ആവശ്യപ്പെടുന്ന ചികിത്സകളെല്ലാം അവൾക്ക് നൽകി. റോയിയുടെ വരുമാനം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ഏക ആശ്രയം. ആ കാലഘട്ടമായപ്പോഴേക്കും ദൈവത്തിൽ പൂർണമായി ആശ്രയംവയ്ക്കാൻ അവർ പഠിച്ചുകഴിഞ്ഞിരുന്നു. എപ്പോഴൊക്കെ പണം ആവശ്യമുണ്ടോ അപ്പോഴെല്ലാം അത്ഭുതകരമായി അവരുടെ കൈയിൽ അന്നമോളുടെ ചികിത്സ നടത്താൻ ആവശ്യമായ തുക എത്തിയിരുന്നു. അന്നമോൾക്കുവേണ്ടി ദൈവം അനേകരെ ക്രമപ്പെടുത്തിയിരുന്നു. അന്നമോൾ ദൈവത്തിന്റെ ഒരു പ്രത്യേക സൃഷ്ടിയാണെന്നും തങ്ങളുടെ കുടുംബത്തെ രക്ഷിക്കാനും വലിയ കൃപകളുടെ ഉറവിടമായി മാറ്റാനും ദൈവം തങ്ങളെ ഭരമേൽപിച്ച ഈശോയുടെ മാലാഖയാണ് അന്നമോളെന്നും അവർ വിശ്വസിച്ചു. അതിനാൽത്തന്നെ അവളുടെ ജനനം റോയിയെയും കുടുംബത്തെയും എല്ലാറ്റിലും ദൈവത്തിൽ ആശ്രയം വെക്കാൻ പഠിപ്പിച്ചു. അന്നോളം സാധാരണ പ്രാർത്ഥനകൾ മാത്രം ചൊല്ലി കടന്നുപോയ ആ കുടുംബം പ്രാർത്ഥനയുടെ കുടുംബമായി രൂപാന്തരപ്പെട്ടു. റോയി മസ്‌ക്കറ്റിൽ സജീവമായി പ്രാർത്ഥനാകൂട്ടായ്മകളിൽ പങ്കെടുത്തു. ആൻസി ഭവനത്തിൽ ഇരുന്ന് ജപമാല ചൊല്ലിയും ദിവ്യബലികളിൽ പങ്കെടുത്തും പ്രാർത്ഥിച്ചു.
ദൈവീക ഇടപെടലുകളുടെ ദിനങ്ങൾ
അങ്ങനെ അന്നമോളുടെ ഓപ്പറേഷനുവേണ്ടിയുള്ള സമയം അടുത്തുവന്നു. അതിനായി കുഞ്ഞിനെ ബാംഗ്ലൂരിലുള്ള പ്രമുഖ ആശുപത്രിയിൽ കൊണ്ടുചെന്നപ്പോൾ അവർ കേരളത്തിലേക്ക് തന്നെ തിരിച്ചയച്ചു. അങ്ങനെ തിരുവനന്തപുരത്തെ ശ്രീചിത്തിര മെഡിക്കൽ കോളജിൽ അഡ്മിറ്റാക്കി. വിദഗ്ധ പരിശോധനകൾക്കുശേഷം അവർ പറഞ്ഞു, കുഞ്ഞിന് ഹൃദയവൈകല്യം കൂടാതെ ഡൗൺ സിൽഡ്രവും ഉണ്ടെന്ന്. അതിനാൽ ഓപ്പറേഷന് ചെന്നപ്പോഴെല്ലാം ഓരോരോ കാരണങ്ങൾ പറഞ്ഞ് ഓപ്പറേഷൻ മുടക്കി.
തുടർന്ന് കോഴിക്കോട് മിംസിൽ കാണിക്കാനാരംഭിച്ചു. ഡോക്‌ടേഴ്‌സ് എല്ലാ ടെസ്റ്റുകളും ആവർത്തിച്ചു. അവസാനം പറഞ്ഞു: ഇത് വളരെ റിസ്‌ക്കുള്ള സർജറിയാണ്. സാധാരണ കുട്ടികൾക്ക് ഇരുപതു ശതമാനം റിസ്‌ക്കിന് സാധ്യതയുണ്ടെങ്കിൽ അന്നമോൾക്കിത് എൺപത് ശതമാനം ആയിരുന്നു. വളരെയേറെ സാമ്പത്തിക ചെലവുകൾ ഉണ്ടായിരുന്നിട്ടും സർജറിയുമായി മുന്നോട്ടുപോയി. ഇതോടൊപ്പംതന്നെ റോയി സ്വന്തമായൊരു ഭവനത്തിന്റെ പണികൂടി തുടങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് വീടുപണി ഇടയ്ക്കിടെ മുടങ്ങിക്കൊണ്ടിരുന്നു. അവസാനം ഒരുതരത്തിലും അത് മുന്നോട്ടുനീങ്ങില്ല എന്ന ഘട്ടം എത്തിയപ്പോൾ ദൈവത്തിന്റെ കരം വീണ്ടും താങ്ങായി പ്രവർത്തിച്ചു.
റോയി പങ്കുവച്ചതിങ്ങനെ: ”അന്നമോളുടെ ചികിത്സകൾക്ക് 15 ലക്ഷത്തോളം രൂപ ചെലവായി. മറുനാട്ടിൽ ജോലി ചെയ്ത വരുമാനം മുഴുവനും അന്നമോൾക്കുവേണ്ടി നൽകി. ദൈവം കൈവിടില്ല എന്ന വിശ്വാസം ദൃഢമായിരുന്നു. അത്ഭുതകരമായി പല സാഹചര്യങ്ങളിലും മറ്റുള്ളവരിൽനിന്ന് സഹായം കിട്ടി. എന്നാലും ആർക്കും കടക്കാരനാകാൻ ദൈവം അനുവദിച്ചില്ല. അങ്ങനെയിരിക്കെ കുഞ്ഞിന്റെ ഓപ്പറേഷനുവേണ്ടി നാട്ടിൽ വന്നപ്പോൾ ഒരു ബാങ്ക് മാനേജർ ഇങ്ങോട്ട് വിളിച്ച് (ബാങ്കിൽ നേരിട്ട് ചെന്നാൽപോലും പല നൂലാമാലകൾ പറഞ്ഞ് മുടക്കുന്ന സാഹചര്യം നിലവിൽ ഉള്ളപ്പോൾ) സഹായിക്കാമെന്ന് വാക്കു പറയുകയും പിന്നീട് അദ്ദേഹംതന്നെ മുൻകൈയെടുത്ത് വളരെ പെട്ടെന്ന് വീടുപണി പൂർത്തീകരിക്കുവാനുള്ള ലോൺ ശരിയാക്കി നൽകുകയും ചെയ്തു.” തങ്ങളുടെ മാലാഖക്കുഞ്ഞിന്റെ മാധ്യസ്ഥമാണ് വീടുപണി പൂർത്തീകരിച്ചതെന്ന് ആ കുടുംബം ഉറച്ചു വിശ്വസിക്കുന്നു.
2015 ഡിസംബർ 16-ന് സർജറി നടന്നു. സദാസമയവും ജപമാലയും മുറുകെ പിടിച്ചുള്ള റോയിയുടെയും ആൻസിയുടെയും പ്രാർത്ഥന ആ ആശുപത്രിയിലുള്ളവർക്ക് കൗതുകവും അതോടൊപ്പം സാക്ഷ്യവുമായിരുന്നു.
ജനിതകവൈകല്യമുള്ള ഒരു കുഞ്ഞിനെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും അവരെടുത്ത ത്യാഗങ്ങൾ ക്രൈസ്തവസാക്ഷ്യമായി അവിടെയുള്ള ഡോക്‌ടേഴ്‌സിനും നഴ്‌സുമാർക്കും അനുഭവപ്പെട്ടു.
അതിനുശേഷം പലതവണ അന്നമോളെ വളരെ അത്യാസന്നനിലയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തെങ്കിലും ഓരോ തവണയും ദൈവം അവളുടെ ആയുസ് നീട്ടി നൽകിക്കൊണ്ടിരുന്നു. അവസാനമായി കൊണ്ടുപോയപ്പോൾ അന്നമോളുടെ ശ്വാസകോശത്തിൽ പ്രഷർ ഉള്ളതിനാൽ ഓക്‌സിജൻ നൽകണമെന്ന് ഡോക്‌ടേഴ്‌സ് നിർദേശിച്ചു. കുറഞ്ഞത് അമ്പതിനായിരം രൂപയെങ്കിലും ഒരു ഓക്‌സിജൻ കോൺസൺട്രേറ്റഡ് മെഷീൻ വാങ്ങിക്കാൻ ചെലവുവരും. എന്നാൽ അത്ഭുതകരമായി കാസർഗോഡുള്ള ശോഭടീച്ചർ ഈ ഉപകരണം ആവശ്യം കഴിഞ്ഞ് തിരികെ നൽകിയാൽ മതിയെന്ന ഗ്യാരണ്ടിയോടെ തികച്ചും സൗജന്യമായി നൽകുകയുണ്ടായി. അതിനുശേഷം കുറെനാൾ അന്നമോൾക്ക് യാതൊരു കുഴപ്പവും ഇല്ലാതെ മിടുക്കിയായി ചിരിച്ചും കളിച്ചും സന്തോഷിച്ചും കടന്നുപോയി. അതിനിടെ പുതിയ വീടിന്റെ പണിയും പൂർത്തീകരിച്ച് ഏപ്രിൽ 18-ന് താമസം ആരംഭിച്ചു.
ദൈവത്തിന്റെ മാലാഖക്കുഞ്ഞ്
അന്നമോളെ കാണാൻവേണ്ടി വന്നവർക്കെല്ലാം അവളുടെ പ്രശാന്തമായ, തേജസാർന്ന മുഖം അത്ഭുതമായി തോന്നി. എത്ര വേദനയുണ്ടെങ്കിലും ആ മാലാഖക്കുഞ്ഞ് എപ്പോഴും ചിരിച്ച മുഖത്തോടെയായിരുന്നു. അവൾക്ക് ഭക്തിഗാനങ്ങളും പ്രാർത്ഥനകളും കേൾക്കുവാൻ വളരെ താൽപര്യവും ശ്രദ്ധയുമുണ്ടായിരുന്നു.
2016 ജൂൺ 25 ശനിയാഴ്ച രാത്രി 7.15-ന് ഒന്നര വയസുള്ള അന്നമോൾ ദൈവത്തിന്റെ സമയപൂർത്തിയിൽ മനുഷ്യരോടൊപ്പമുള്ള ഇഹലോകവാസം അവസാനിപ്പിച്ച് ദൈവം മുൻകൂട്ടി ഒരുക്കിയ സ്വർഗീയ ഇരിപ്പിടത്തിലേക്ക് യാത്രയായി ഒരു കുഞ്ഞുമാലാഖയായി. അന്ന് ആ പെരുമഴക്കാലത്തിലും കാർമേഘങ്ങൾ അന്നമോൾക്കുവേണ്ടി മാനംതെളിച്ച് പുഞ്ചിരി തൂകി.
ഇന്ന് ആ കുടുംബം ദൈവം തങ്ങളെ സൂക്ഷിക്കുവാൻ ഏൽപിച്ച മാലാഖക്കുഞ്ഞിനെ ഓർത്ത് അനുദിനം ദൈവത്തിന് നന്ദി പറയുന്നു. ഒരു മാലാഖക്കുഞ്ഞിനെ സംരക്ഷിക്കുവാൻ ഭാഗ്യം നൽകിയതിന്… ഒരു മാലാഖയുടെ വളർത്തു മാതാപിതാക്കളായി തിരഞ്ഞെടുത്തതിന്… ദൈവമേ ഒരായിരം നന്ദി.
(റോയി മസ്‌ക്കറ്റിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നതോടൊപ്പം അവിടെയുള്ള പ്രാർത്ഥനാ കൂട്ടായ്മയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഭാര്യ: ആൻസി, മകൻ: അലക്‌സ്)
മനോജ് തോമസ്‌

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?