Follow Us On

05

December

2023

Tuesday

എയ്ഡ്‌സ് രോഗത്തിന് ആയുർവേദത്തിൽ പ്രതിവിധിയുണ്ടെന്ന് സിസ്റ്റർ ഡോക്ടർ ഓസ്റ്റിൻ

എയ്ഡ്‌സ് രോഗത്തിന് ആയുർവേദത്തിൽ പ്രതിവിധിയുണ്ടെന്ന് സിസ്റ്റർ ഡോക്ടർ ഓസ്റ്റിൻ

തൃശൂർ: വൈദ്യശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ആയുർവേദരംഗത്ത് ഏറെ സംഭാവനകൾ നൽകിയ വ്യക്തിയാണ് തൃശൂർ അമല മെഡിക്കൽ കോളജിലെ ഡോ.സിസ്റ്റർ ഓസ്റ്റിൻ.
സ്വീഡിഷ് പാർലമെന്റിൽ പോലും ആയുർവേദ ചികിത്സയെപ്പറ്റി പ്രഭാഷണം നടത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. സ്വീഡനിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ എം.പി.മാരെയും പ്രസിഡന്റിനെയും സന്ദർശിച്ച് ചർച്ച നടത്താനും യൂണിവേഴ്‌സിറ്റികളിലും പാർലമെന്റിലും പ്രസംഗിക്കാനും സിസ്റ്റർക്ക് സാധിച്ചു. ആയുർവേദത്തിൽ സ്വീഡിഷ് ജനതയ്ക്കുള്ള താൽപര്യം നേരിട്ടറിഞ്ഞു. കോംപ്ലിമെന്ററി മെഡിസിൻ വിഭാഗത്തിൽ ആയുർവേദത്തെ ഉൾപ്പെടുത്തി, അവിടെ ചില മെഡിക്കൽ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
1978-ൽ ഉപവി സന്യാസിനികളുടെ സഭയിൽ അംഗമായ സിസ്റ്റർ, കോട്ടയ്ക്കൽ വൈദ്യരത്‌ന ആയുർവേദ കോളജിൽ ചേർന്ന് 1984-ലാണ് ആയുർവേദത്തിൽ ഡോക്ടറേറ്റ് നേടുന്നത്. തുടർന്ന് 1985-ൽ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ എം.ഡി.ക്ക് ചേർന്നു. ആയുർവേദ ചികിത്സാരംഗത്ത് ഡോക്ടറേറ്റ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ കന്യാസ്ത്രീ സിസ്റ്റർ ഡോ. ഓസ്റ്റിനാണ്. തുടർന്ന് ജർമ്മനിയുടെ തലസ്ഥാനമായ ബേണിലെ ഹാസ്പിറ്റലിൽ വിദഗ്ദ്ധരായ ഡോക്ടർമാരോട് ചേർന്ന് ഗവേഷണം തുടർന്നു. ആയുർവേദ ചികിത്സയിലൂടെ വ്യക്തിയുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും രക്തസമ്മർദ്ദം, നാഡിമിടിപ്പ് എന്നിവയിൽ ആരോഗ്യകരമായ സ്വാധീനം ചെലുത്തുവാനും കഴിയുമെന്നും സിസ്റ്റർ കണ്ടെത്തി.
1992-ൽ എയ്ഡ്‌സിന് അമലയിൽ ആയുർവേദ ചികിത്സാ ഗവേഷണം തുടങ്ങി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽപ്പെട്ട രോഗികൾ ഇവിടെ വരുന്നുണ്ട്. വിവിധ പ്രായത്തിലുള്ളവരും വിവിധ ജോലികളിലേർപ്പെട്ടിരിക്കുന്നവരും കൊച്ചുകുട്ടികളും വരെ ഇക്കൂട്ടത്തിലുണ്ട്. അണുവാഹകർ, രോഗലക്ഷണങ്ങൾ കണ്ടവർ, ഫുൾ ബ്ലോൺ സ്റ്റേജിലുള്ളവരും ഉണ്ട്. ചികിത്സ തുടങ്ങുന്നതിന് മുമ്പ് രോഗിയുടെ വൈറൽ ലോഡ്, സി.ഡി.4, സി.ഡി.8, എലീസ ടെസ്റ്റ്, വെസ്റ്റേൺ ബ്ലോട്ട് എന്നീ ടെസ്റ്റുകൾ ചെയ്തു രോഗം സ്ഥിരീകരണം നടത്തുന്നു. മൂന്നുതരം മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രണ്ടുതരം പൊടികളും ഔഷധങ്ങൾ ചേർത്ത് സംസ്‌കരിച്ച നെയ്യും. ചിറ്റമൃത്, അമുക്കുരം, നെല്ലിക്ക, ചേർകുരു, ശതാവരി, തഴുതാമ എന്നീ ഔഷധങ്ങളും ഉപയോഗിക്കുന്നുണ്ട്. കഴിയുന്നത്ര ചികിത്സാചിലവ് കുറച്ചാണ് രോഗീപരിചരണം. തുടർച്ചയായി രോഗികൾ മരുന്നുകൾ കഴിക്കുന്നു. ഔഷധസേവമൂലം രോഗികൾക്ക് നഷ്ടപ്പെട്ട ശരീരഭാരം തിരിച്ചുകിട്ടുകയും വിശപ്പ് വർദ്ധിക്കുകയും ചെയ്യും. രോഗപ്രതിരോധശക്തി നല്ല തോതിൽ വർദ്ധിക്കും. അങ്ങനെ പ്രത്യാശാപൂർണ്ണമായ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. രോഗികൾക്ക് ആവശ്യമായ കൗൺസലിംഗും ഏർപ്പാട് ചെയ്തിട്ടുണ്ട്. ഇതിനകം ആയിരക്കണക്കിന് രോഗികൾ എത്തിയതായി സിസ്റ്റർ പറയുന്നു.
എയ്ഡ്‌സ് രോഗാണു, എച്ച്.ഐ.വി. വൈറസ്, രക്തത്തിലൂടെയാണ് പകരുന്നത്. പനി, വയറിളക്കം, നിർത്താത്ത ചുമ, ഗ്രന്ഥികളുടെ വീക്കം, വിശപ്പുകുറവ്, ശരീരഭാരം കുറയുക, സന്ധിവേദന, ഉറക്കക്കുറവ്, ടി.ബി, ത്വക്ക് രോഗങ്ങൾ ഈ പറഞ്ഞ ലക്ഷണങ്ങൾ ഇവരിൽ മാറിമാറി കണ്ടുവരുന്നു.
ഈ രോഗികളിൽ ഭൂരിഭാഗം പേർക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാരവും വിശപ്പും വർദ്ധിപ്പിക്കാനും എയ്ഡ്‌സ് രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളെ ശമിപ്പിക്കാനും ഔഷധങ്ങൾ മൂലം കഴിഞ്ഞിട്ടുണ്ട്. മറ്റ് പാർശ്വഫലങ്ങളൊന്നും ഇവമൂലം ഉണ്ടാകുന്നുമില്ല.
”ഉന്നതമായ ധാർമ്മിക ജീവിതം ഈ രോഗം വരാതിരിക്കാൻ അത്യാവശ്യമാണ്. ജീവിതത്തിൽ ഒരു ലൈംഗികപങ്കാളി മാത്രം മതിയെന്ന് തീരുമാനിക്കണം, ഇഞ്ചക്ഷൻ ഉപകരണങ്ങളും എനിമാ ഉപകരണങ്ങളും പങ്കുവയ്ക്കരുത്, ഇഞ്ചക്ഷൻ ഉപകരണങ്ങൾ അണുവിമുക്തമാക്കണം, രക്തമോ രക്തോൽപ്പന്നങ്ങളോ, അവയവങ്ങളോ സ്വീകരിക്കുന്നതിനുമുമ്പ് അവ അണുവിമുക്തമെന്നുറപ്പാക്കണം, അനുഷ്ഠാനങ്ങളുടെ ഭാഗമായി നടത്തുന്ന ശൂലം കയറ്റി തുള്ളലും രക്തപ്രതിജ്ഞയും പച്ചകുത്തലും ഒഴിവാക്കുക, സ്വയം ഷേവ് ചെയ്യുക, ബാർബർഷോപ്പിലെ ബ്ലേഡ് പുതിയതാണെന്ന് ഉറപ്പുവരുത്തുക, മയക്കുമരുന്ന് കുത്തിവയ്ക്കുകയോ അങ്ങനെ ചെയ്യുന്നവരുടെ ക്ലബുകളിൽ പോകുകയോ ചെയ്യരുത്, സ്വന്തം ശരീരത്തിലെ മുറിവുകൾ തുറന്നിട്ടുകൊണ്ട് എയ്ഡ്‌സ് രോഗികളെ ശുശ്രൂഷിക്കാതിരിക്കുക, വേശ്യകളെ ബോധവൽക്കരിക്കുക, സമൂഹത്തെ ബോധവൽക്കരിക്കുക, പ്ലസ്ടു തലത്തിലെങ്കിലും ഈ രോഗം സംബന്ധിച്ച് വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, അപരിചിതരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർ സ്വമേധയാ എലീസാ ടെസ്റ്റിന് വിധേയരാകുക, അതിനായി അവരെ പ്രേരിപ്പിക്കുക എന്നിവ ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ്.” എന്നാൽ രോഗിയുടെ അടുത്തിരിക്കുമ്പോൾ, രോഗിക്ക് ഹസ്തദാനം നൽകുമ്പോൾ, രോഗിയെ ആലിംഗനം ചെയ്യുമ്പോൾ, രോഗിയെ ചുമന്നുകൊണ്ടുപോകുമ്പോൾ, രോഗി തുമ്മുകയോ ചീറ്റുകയോ ചെയ്യുമ്പോൾ, രോഗി ഉപയോഗിച്ച പാത്രങ്ങളോ കിടക്കവിരികളോ കുളിമുറിയോ ക്ലോസറ്റോ ഉപയോഗിക്കുമ്പോൾ, കൊതുകോ മൂട്ടയോ ഈച്ചയോ വഴി ഇവയൊന്നും ഈ മാരകരോഗം പകരില്ലെന്നും അറിഞ്ഞിരിക്കണം; സിസ്റ്റർ ഓർമ്മിപ്പിക്കുന്നു.
2004 ജനുവരിയിൽ സ്വീഡനിലുള്ള ഡോ.ക്രിസ്റ്റീന എം.ഡി. ആയുർവേദം പഠിക്കുന്നതിനും ചികിത്സയ്ക്കുമായി അമല ആയുർവേദ ആശുപത്രിയിലെത്തിയിരുന്നു. മൂന്നുമാസം നീണ്ട പഞ്ചകർമ്മ ചികിത്സാവിധിയിലൂടെ ഇവരുടെ പഴകിയ സന്ധിവാതവും ആസ്തമയും സുഖമായി. ആയുർവേദത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി ഫിലിം നിർമ്മിച്ചു.സ്വീഡനിലുള്ള തന്റെ നാട്ടുകാർക്കും രാജ്യത്തിന് മൊത്തമായും ആയുർ വേദം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിച്ചു. ഇതിന് ആവശ്യമായ ഉപാധിതേടി അവർ അമല ആശുപത്രി ഡയറക്ടർ ഫാ.ജോർജ് പയസ്സ്, ജോയിന്റ് ഡയറക്ടർ ഫാ.വാൾട്ടർ തേലപ്പിള്ളി എന്നിവരുമായും ഡോ.സിസ്റ്റർ ഓസ്റ്റിനുമായും ചർച്ചനടത്തി. സ്വീഡനിലുള്ള സുഹൃത്തുക്കളുമായും രാജ്യത്തിന്റെ ഭരണാധികാരികളുമായും ഇവർ ബന്ധപ്പെട്ടു. അങ്ങനെ ഡോ.സിസ്റ്റർ ഓസ്റ്റിൻ സ്വീഡനിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും രാജ്യത്തിന്റെ പരമോന്നത സഭയായ പാർലമെന്റിലും ആയുർവേദ ചികിത്സാരീതികളെപ്പറ്റി പ്രസംഗിക്കാനും ഉപദേശം നൽകാനും ക്ഷണിക്കപ്പെട്ടു.
രോഗികളോടുള്ള സമീപനമാണ് ചികിത്സയുടെ മുഖ്യഘടകം. വാത്സല്യത്തോടെ അവരോട് കാര്യങ്ങൾ ചോദിച്ചറിയാനും ഭയമുളവാക്കാതെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും കഴിഞ്ഞാൽ ഔഷധസേവയുടെ കൂടെ സ്‌നേഹത്തിന്റെ പരിരക്ഷ അവർക്ക് ലഭിക്കുമെങ്കിൽ രോഗം സുഖപ്പെടുമെന്ന് ഡോ.സിസ്റ്റർ ഓസ്റ്റിൻ പറയുന്നു.
അമല ആയുർവേദ ആസ്പത്രിയിലെ കൺസൾട്ടന്റ് ഫിസിഷ്യനായ ഈ കന്യാസ്ത്രീ പോട്ട നാടുകുന്ന് ആസ്ഥാനമായിട്ടുള്ള ഉപവി സന്യാസിനി സമൂഹത്തിന്റെ ഡി പോൾ പ്രൊവിൻസിന്റെ അസിസ്റ്റന്റ് പ്രൊവിൻഷ്യലും സോഷ്യോ മെഡിക്കൽ കൗൺസിലറുമാണ്.
57 വയസ്സിൽ എത്തിനിൽക്കുന്ന ഡോ.സിസ്റ്റർ ഓസ്റ്റിൻ ഇന്ന് വിവിധ വേദികളിൽ ആയുർവേദത്തിന്റെ അറിയപ്പെടുന്ന അധികാരിയാണ്. എപ്പോഴും ഊർജ്ജസ്വലവതിയായ ഈ സന്യാസിനിയിലൂടെ രോഗസൗഖ്യം ലഭിച്ചവർ അനവധിയാണ്.
ജോബ് സ്രായിൽ
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?