Follow Us On

28

November

2022

Monday

ഹെയ്തിലെ ഭീകരരുടെ പിടിയിൽ നിന്നും മാതാവ് കാത്തത്

ഹെയ്തിലെ ഭീകരരുടെ പിടിയിൽ നിന്നും മാതാവ് കാത്തത്

സിനിമാ നിർമ്മാതാവ് ജോയി തോമസിന്റെ അനുഭവം
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പതിവിലും താമസിച്ചാണ് ഞാനുണർന്നത്. എന്തെന്നറിയാത്ത ഒരു അസ്വസ്ഥത മനസിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു. മക്കൾക്കെന്തെങ്കിലും… മൂന്നു മക്കളെയും ഫോണിൽ വിളിച്ച് ക്ഷേമാന്വേഷണം നടത്തി. എല്ലാവരും സുഖമായിരിക്കുന്നു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞിട്ട് നാലു വർഷത്തിനുശേഷം അവൾ ഗർഭിണിയായ സന്തോഷം അപ്പോൾ പങ്കുവച്ചു. ഈ വിവരം അവളുടെ ഭർത്താവിനെ വിളിച്ചു പറയാൻ കഴിയാത്ത ദുഃഖം മാത്രം ജലീറ്റയ്ക്കുണ്ട്. മൂത്ത മരുമകൻ ഹെയ്ത്തിയിലേക്ക് പോയിരിക്കുകയാണ്. ഇരട്ടകളായ ജെറീനയെയും ജലീനയെയും വീണ്ടും ഫോൺ വിളിച്ചു വിശേഷമൊന്നുമില്ലെന്ന് ഉറപ്പാക്കി.
എങ്കിലും മനസിൽ എന്തോ അസ്വസ്ഥത പുകയുന്നതിനിടെയാണ് നടൻ മമ്മൂട്ടിയുടെ ഫോൺ വരുന്നത്. പതിവു കുശലന്വേഷണം. ‘എന്താ ജോയിച്ചാ പതിവു സന്തോഷമില്ലാത്തതെന്നുള്ള’ മമ്മൂട്ടിയുടെ ചോദ്യത്തിനു മുമ്പിലും ‘ഹേയ് ഒന്നുമില്ലാ’യെന്ന് മറുപടി.
ഞാൻ കോട്ടയത്തുള്ള ഓഫിസിലേക്കു പോയി. ഉച്ചയായി. അമേരിക്കയിലുള്ള മൂത്തമകളുടെ ഭർത്താവിന്റെ പിതാവിന്റെ ഫോൺ സന്ദേശമെത്തി.
”ജോയി ഒരു ബാഡ്‌ന്യൂസുണ്ട്. നമ്മുടെ ടോമിനെ ഹെയ്ത്തിയിൽനിന്നും തട്ടിക്കൊണ്ടുപോയി.”
പെട്ടെന്ന് മനസിലൊരു കൊള്ളിയാൻ മിന്നി. അറിയാതെ കസേരയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നെഞ്ചിലൊരു വേദന പോലെ. ”അഞ്ചുലക്ഷം ഡോളറാണ് മോചനദ്രവ്യം ആവശ്യപ്പെടുന്നത്. ഉടൻ പണം നൽകണം. അല്ലെങ്കിൽ അവർ കൊന്നുകളയുമത്രേ.നമ്മൾ എന്തു ചെയ്യും ജോയിച്ചാ.”
ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ പിതാവിന്റെ ഹൃദയനൊമ്പരം ശ്രവിച്ചത്. ഹെയ്ത്തിയിലെ ഭീകരരെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ആവശ്യപ്പെടുന്ന പണം കിട്ടിയില്ലെങ്കിൽ മറ്റൊന്നും ആലോചിക്കാതെ കൊന്നുകളയുന്ന രീതിയാണവരുടേത്. ഈ വിവരം ഭാര്യയോടോ മകളോടോ പറയാനാവില്ല. അവർ എങ്ങനെയത് താങ്ങും? വർഷങ്ങൾ കാത്തിരുന്നതിനുശേഷം താൻ ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് പറയാൻ കാത്തിരിക്കുന്ന മകൾ. അപ്പോൾ അശരീരി പോലൊരു ശബ്ദം ഞാൻ കേട്ടു. ”ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്.” മനസിലെന്തെന്നില്ലാത്ത ആശ്വാസം തോന്നിയതുപോലെ… ഞാൻ ഉടനെ വീട്ടിലേക്കു പോയി.
ഭാര്യ വിളമ്പിത്തന്ന ചോറു പേരിനുമാത്രം കഴിച്ചു. ഉടൻ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞു. നേരെ പോയത് ചേർപ്പുങ്കൽ പള്ളിയിലേക്കാണ്. പള്ളിയിലെത്തി അവിടെയിരുന്ന് കരഞ്ഞു പ്രാർത്ഥിച്ചു. ”എന്റെ മകളെ വിധവയാക്കരുതേ, അവൾക്ക് പിറക്കുന്ന കുഞ്ഞിന് അച്ഛനില്ലാതാവരുതേ.”
പ്രാർത്ഥനയ്ക്കിടയിൽ എന്നെ ആശ്വസിപ്പിക്കുന്ന അതേ ശബ്ദം കേട്ടു. ”ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്.” ഇതോടെ എനിക്ക് ധൈര്യമായി. ഒന്നും സംഭവിക്കില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. നീണ്ടൂർ പള്ളിയിലെ അച്ചനെ കണ്ടു കാര്യങ്ങളെല്ലാം വിശദീകരിച്ചു. ‘ധൈര്യമായിരിക്ക് ടോമിനെ വിട്ടയക്കുമെന്ന്’ അച്ചൻ പറഞ്ഞു. അഞ്ചുലക്ഷം ഡോളർ നൽകിയാലേ വിട്ടയക്കൂവെന്നാണ് അവർ പറയുന്നതെന്ന് ഞാൻ അച്ചനോടു പറഞ്ഞു.
അച്ചൻ എന്നെ സമാധാനിപ്പിച്ചു. ഞാൻ മരുമകനെക്കുറിച്ച് കൂടുതൽ വിവരങ്ങളെന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചു. തലയിൽ തോക്കു ചൂണ്ടിപ്പിടിച്ച് തുക ഉടൻ കൊണ്ടുവരണമെന്ന് ഭീഷണിപ്പെടുത്തുകയാണ് കറുത്ത ഭീകരരെന്നാണ് ടോം പറഞ്ഞതെന്ന് അവന്റെ അപ്പൻ പറഞ്ഞു.
താൻ ഇന്ത്യക്കാരനാണെന്നും സാധാരണക്കാരനാണെന്നും നിങ്ങൾ ആവശ്യപ്പെടുന്ന പണം നൽകാനാവില്ലായെന്നും തട്ടിക്കൊണ്ടുപോയവരോട് ടോം കരഞ്ഞ് പറഞ്ഞു. പണമില്ലെങ്കിൽ മരിക്കാൻ ഒരുങ്ങിക്കോളായിരുന്നു അക്രമികളുടെ നിലപാട്. മറ്റൊരു മാർഗവുമില്ല. മരിക്കാൻ ടോം തയ്യാറായി. എപ്പോഴും കൂടെ സൂക്ഷിക്കാറുള്ള കൊന്തയെടുത്ത് അവൻ പ്രാർത്ഥന തുടങ്ങി. ഉറക്കെയുള്ള പ്രാർത്ഥനകേട്ട് അക്രമികൾഅവനെ സൂക്ഷിച്ചുനോക്കി. പ്രാർത്ഥനയ്‌ക്കൊടുവിൽ അക്രമികളിലൊരാളുടെ മനസ് മാറി.
5000 ഡോളർ തന്നാൽ വിട്ടയച്ചേക്കാമെന്നായി അയാളുടെ നിലപാട്. ടോം ഉടൻ തന്നെ ഇക്കാര്യങ്ങൾ വീട്ടിലേക്കു വിളിച്ചു പറഞ്ഞു. വീട്ടുകാർ ഉടൻതന്നെ അയ്യായിരം ഡോളർ അയച്ചു. അതോടെ ടോമിന് മോചനമായി. അക്രമികളിലൊരാൾ ടോമിനോടു പറഞ്ഞു ”നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ.” ഇതേവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. ചോദിക്കുന്ന പണം തന്ന് മോചിപ്പിക്കാത്തവരെ അപ്പോൾ കൊല്ലുകയാണ് അവരുടെ പതിവ്. ഈ സമയം രണ്ടു വെടിശബ്ദം ടോം കേട്ടു. തട്ടിക്കൊണ്ടുവന്നതിൽ രണ്ടുപേരെ കൊന്നതാണെന്ന് അവർ ടോമിനോട് അവർ പറഞ്ഞു. അയ്യായിരം ഡോളർ അവരുടെ കയ്യിൽ ലഭിച്ചതോടെ അയാൾക്ക് മോചനമായി.
തിരികെ വന്ന ടോം പ്രാർത്ഥന വഴി കിട്ടിയ സമ്മാനമാണെന്നും ദൈവത്തിന്റെ കരുണയാണെന്നും ഞാൻ വിശ്വസിക്കുന്നു. മുമ്പും ഇതേപോലെയുളള ചില അനുഭവങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ഏതു കഷ്ടതകളിലും ദൈവം കൂടെയുണ്ടെന്ന വിശ്വാസം ഞങ്ങളെ ഇപ്പോൾ ബലപ്പെടുത്തിയിരിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് സ്വന്തം അനുഭവത്തിൽ കൂടിയുള്ള ഒരു സിനിമ ചെയ്യണമെന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?