Follow Us On

02

December

2023

Saturday

പഞ്ചക്ഷതധാരിയായ വേറോനിക്ക ജൂലിയാനി എന്ന വിശുദ്ധയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

പഞ്ചക്ഷതധാരിയായ വേറോനിക്ക ജൂലിയാനി എന്ന വിശുദ്ധയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഇറ്റലിയിലെ മെർക്കാറ്റിലോയിൽ 1660 ഡിസംബർ 27 നാണ് വെറോനിക്ക ജൂലിയാനി ജനിച്ചത്. ഉർസുല ജൂലിയാനി എന്നായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത്. പരിശുദ്ധ അമ്മയുടെയും ഈശോയുടെയും ചിത്രങ്ങൾ ചെറുപ്രായത്തിൽ ത്തന്നെ അവൾക്കിഷ്ടമായിരുന്നു. ഏതാണ്ട് രണ്ടുവയസു പ്രായമുളളപ്പോൾത്തന്നെ ദിവ്യകാരുണ്യ നാഥനോട് അതിയായ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു ഉർസുല. ഏഴ് വയസായപ്പോൾ അവൾക്ക് അമ്മയെ നഷ്ടമായി. പതിനേഴാമത്തെ വയസ്സിൽ ഒരു സന്യാസിനിയാകണമെന്ന ആഗ്രഹം പിതാവിനെ അറിയിച്ചു.
പല സ്ഥലത്തുനിന്നും വിവാഹാലോചനകൾ കൊണ്ടുവന്നുകൊണ്ടാണ് അവളുടെ പിതാവ് അതിനെ നേരിട്ടത്. എന്നാൽ അവളുടെ നിശ്ചയദാർഢ്യത്തിനുമുമ്പിൽ അവസാനം അദ്ദേഹത്തിന് സമ്മതം മൂളേണ്ടിവന്നു. സന്യാസ വസ്ത്രം സ്വീകരിച്ചപ്പോൾ ഈശോയുടെയും മാതാവിന്റെയും വേറോനിക്ക എന്ന നാമമാണ് അവൾക്ക് നല്കപ്പെട്ടത്.
മരുഭൂമി അനുഭവങ്ങളിലൂടെ
സന്യാസജീവിതത്തിന്റെ ആദ്യനാളുകളിൽ പൈശാചികമായ പല ആക്രമണങ്ങൾക്കും അവൾ വിധേയയായി. അതേസമയം സഹസന്യാസിനികൾ അവളെ തികച്ചും കൊള്ളരുതാത്തവളായി നോവിസ് മിസ്ട്രസിന്റെ അടുക്കൽ അവതരിപ്പിക്കുകയും ചെയ്തു. അത് വളരെയധികം തിക്താനുഭവങ്ങൾക്ക് കാരണമായി. തിരിച്ച് യുദ്ധം ചെയ്യുവാനുളള പ്രേരണകളെ അതിജീവിക്കുവാൻ അവൾക്ക് വളരെയേറെ ക്ലേശിക്കേണ്ടിവന്നു.
പക്ഷെ, ദൈവസാന്നിധ്യം നഷ്ടപ്പെട്ട ആത്മാവിന്റെ ഇരുണ്ട രാത്രികളായിരുന്നു അവളെ അതിലും കഠോരമായി വേദനിപ്പിച്ചത്. ആത്മീയമായ മരവിപ്പ് ബാധിച്ചത് തികച്ചും അസഹ്യമായി.
അതോടെ കൂദാശകളിൽ അവൾ അഭയം പ്രാപിച്ചു. ദിവസത്തിൽ നാലും അഞ്ചും പ്രാവശ്യം കുമ്പസാരക്കൂടിനെ സമീപിക്കുക പതിവായി. ദിവ്യകാരുണ്യ അനുഭവത്തെക്കുറിച്ച് വിശുദ്ധ ഇപ്രകാരം എഴുതുന്നുണ്ട്: ”പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം സന്നിഹിതനാകുന്ന മഹനീയ രഹസ്യത്തെക്കുറിച്ചുളള അറിവ് എന്റെ ആത്മാവിന്റെ ആഴങ്ങൾക്ക് അവിടുന്ന് വെളിപ്പെടുത്തിത്തരുന്നു. അതിനെ വർണിക്കാനെനിക്കാവില്ല. അവാച്യമായ ഒരു സന്തോഷമാണ് അത് എന്നുമാത്രമെനിക്കറിയാം. ഓരോ പ്രാവശ്യവും വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ പരി ശുദ്ധ ത്രിത്വം വസിക്കുന്ന കൂടാരങ്ങളായി നമ്മുടെ ശരീരവും ആത്മാ വും രൂപാന്തരപ്പെടുന്നു; പറുദീസ നമ്മിലേക്ക് ചാഞ്ഞിറങ്ങിവരുന്നു.”
ആത്മാക്കളുടെ രക്ഷയ്ക്കായി
ഒരിക്കൽ അവൾക്ക് നരക ദർശനം കിട്ടി. അതിനുശേഷം ആത്മാക്കൾ അവിടെ പതിക്കാതിരിക്കാനായി അവൾ അക്ഷീണം പ്രയത്‌നിക്കുമായിരുന്നു. അതെക്കുറിച്ച് വി.ജൂലിയാനി എഴുതുന്നതിപ്രകാരമാണ്: ”അനേകം ആത്മാക്കൾ നരകത്തിൽ നിപതിക്കുന്നത് ഞാൻ കണ്ടു. വിരൂപികളായ ആ ആത്മാക്കൾ എന്നിൽ ഭയമുളവാക്കി. ഒന്നിനുപുറകെ ഒന്നായി അവർ നരകത്തിൽ പതിക്കുന്നു. അതിനുശേഷം ഒന്നും കാണുവാനെനിക്ക് കരുത്തുണ്ടായിരുന്നില്ല.”
ഈ ദർശനത്തിനുശേഷം തന്റെ ജീവിതത്തെ ഒരു ബലിയായി സമർപ്പിക്കാമെന്ന് അവൾ വാഗ്ദാനം ചെയ്തു. കുരിശാകൃതിയിൽ തന്റെ മെല്ലിച്ച കരങ്ങൾ വിരിച്ചുപിടിച്ച് അവൾ പറയുന്നുണ്ട്: ”ഞാനീ വാതിൽക്കൽ നില്ക്കുന്നിടത്തോളം നരകത്തിൽ പോകുവാൻ ആരെ യും അനുവദിക്കില്ല. എന്റെ ദൈവമേ, ഞാൻ നിന്നിൽനിന്ന് മറ്റൊന്നും ആവശ്യപ്പെടുന്നില്ല – നശിച്ചുപോകുന്ന ആത്മാക്കളുടെ രക്ഷയൊഴികെ.”
ആത്മാക്കളുടെ രക്ഷക്കുവേണ്ടി തന്നെത്തന്നെ സമർപ്പിച്ച വേറോനിക്കയ്ക്ക് നരകത്തിന്റെയും ശുദ്ധീകരണസ്ഥലത്തിന്റെയും വേദനകൾ അനുഭവിക്കേണ്ടിവന്നു.
ഒരിക്കൽ പരിശുദ്ധ അമ്മ വേറോനിക്കയ്ക്ക് പ്രത്യക്ഷപ്പെട്ട് അവളോട് പറയുകയുണ്ടായി: ”മകളേ, നരകം ഉണ്ട് എന്നുപോലും അനേകർ വിശ്വസിക്കുന്നില്ല. നരകത്തിലെ സഹനങ്ങൾ നേരിട്ട് കാണുവാൻ കൃപ ലഭിച്ച നിനക്കുപോലും അതിന്റെ യഥാർത്ഥ ഭീകരത മനസ്സിലായിട്ടില്ല.”
വലിയൊരു സിംഹാസനത്തിൽ ആസനസ്ഥനായി 1694 ലെ ഈസ്റ്റർ ദിനത്തിൽ യേശു അവൾക്ക് പ്രത്യക്ഷനായി. സുഗന്ധദ്രവ്യവുമായി പരിശുദ്ധ അമ്മയും കൂടെയുണ്ടായിരുന്നു. ഉത്ഥിതനായ യേശു പരിശുദ്ധ അമ്മയോടും മാലാഖ വൃന്ദങ്ങളോടുമൊപ്പം 1697 ലെ ദുഃഖവെളളിയാഴ്ചയും അവൾക്ക് പ്രത്യക്ഷനായി. പരിശുദ്ധ അമ്മ കുരിശിൻ ചുവട്ടിൽ നിന്നതുപോലെ അവൾക്കുവേണ്ടി നിലകൊണ്ടു.
അനേകം ആത്മാക്കൾ നരകത്തിൽ പതിക്കുന്നു. കാരണം, അവർ ക്കുവേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥം വഹിക്കുവാനും ത്യാഗങ്ങൾ അനുഷ്ഠിക്കാനും ആരുമില്ല. നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കൾക്കുവേണ്ടി ജീവിതം മാറ്റിവെക്കുവാൻ മാത്രമല്ല യേശു അവളോട് ആവശ്യ പ്പെട്ടത്; ദിവസവും അവർക്കുവേണ്ടി നാഥന്റെ മുൻപിൽ ഉരുകിത്തീരുവാനുമായിരുന്നു.
വേദനകളേറ്റുവാങ്ങുന്ന തീവ്രസ്‌നേഹം
ഒരു ദിവസം പ്രാർത്ഥനയിൽ ലയിച്ചിരുന്ന അവൾക്കൊരു ദർശനമുണ്ടായി. കുരിശും വഹിച്ചുകൊണ്ട് യേശു നടന്നു നീങ്ങുന്നു. അവിടുന്ന് അവളോടു ചോദിച്ചു: ”ഞാൻ നിനക്ക് എന്തു തരണമെന്നാണ് നീയാഗ്രഹിക്കുന്നത്?” അവൾ പറഞ്ഞു: ”ആ കുരിശെനിക്കു തരിക. അങ്ങയോടുളള സ്‌നേഹത്തെപ്രതി ഞാനത് വഹിക്കട്ടെ.” യേശു തന്റെ കുരിശെടുത്ത് വേറോനിക്കായ്ക്ക് നല്കി. എന്നാൽ ആ ക്രൂശിന്റെ അതിയായ ഭാരം നിമിത്തം അവൾ തളർന്നു വീണുപോയി. ഈശോ അവളെ പിടിച്ചെഴുന്നേല്പ്പിച്ചു.
മറ്റൊരിക്കൽ യേശു ദേഹമാസകലം വ്രണങ്ങളും ശിരസ്സിൽ മുൾമുടിയുമായി അവൾക്ക് പ്രത്യക്ഷനായി. രക്തം ഇറ്റുവീഴുന്ന തന്റെ മുറിവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് യേശു അവളോട് ചോദിച്ചു: ”പാപികൾ എന്നോട് ചെയ്യുന്നതെന്താണെന്ന് നീ കാണുന്നില്ലേ?” വേറോനിക്ക തന്റെ ഡയറിയിൽ എഴുതിയിരിക്കുന്നതിപ്രകാരമാണ്: ‘എന്റെ നാഥന്റെ അതികഠോരമായ വേദന കണ്ട് ഞാൻ ചോദിച്ചു: ”ആ മുൾമുടിയെനിക്ക് തരുമോ?” ഈശോ തന്റെ മുൾക്കിരീടം എന്റെ ശിരസിൽ വച്ചുതന്നു. ഭയങ്കരമായ വേദനയാൽ ഞാൻ മരിച്ചുപോയേക്കുമെന്നെനിക്ക് തോന്നി.’
ക്രൂശിൽ തറയ്ക്കപ്പെട്ട യേശുവിനെ 1697 ഏപ്രിൽ അഞ്ചിന് അവൾ ദർശിച്ചു. അവർണനീയമായ വേദനയാൽ പുളഞ്ഞ് വ്യാകുല മാതാവ് കുരിശിൻ ചുവട്ടിലുണ്ട്. ചാട്ടവാറടിക്കുന്നതിന്റെയും മുൾമുടി ധരിപ്പിക്കുന്നതിന്റെയും ക്രൂശിൽ തറയ്ക്കുന്നതിന്റെയും ഹൃദയം കുന്തത്താൽ കുത്തി മുറിവേല്പ്പിക്കുന്നതിന്റയും വേദന സ്വന്തം ശരീരത്തിൽ അവൾ ക്കനുഭവപ്പെട്ടു. ഈ വേദനകൾ അതികഠോരമായിരുന്നതിനാൽ അവ ളുടെ കണ്ണുകളിൽ നിന്ന് രക്തം ധാരധാരയായി ഒഴുകുവാൻ തുടങ്ങി.
തുടർന്ന് അവളുടെ ശരീരത്തിൽ ദിവ്യനാഥന്റെ തിരുമുറിവുകൾ പ്രത്യക്ഷപ്പെട്ടു. ക്രിസ്തുവിന്റെ മൗതീക ശരീരവുമായി അവൾ താദാത്മ്യം പ്രാപിച്ചിരുന്നു. അതെപ്പറ്റി വിശുദ്ധ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
”അവിടുത്തെ തിരുമുറിവുകളിൽനിന്ന് അതിശക്തമായ അഞ്ച് പ്രകാശകിരണങ്ങൾ എന്റെ നേരെ വരുന്നത് ഞാൻ കണ്ടു. അവ പതിയെ തീജ്വാലകളായി മാറി. നാലു തീജ്വാലകളിൽ കൂർത്ത ആണികളുണ്ടായിരുന്നു. അഞ്ചാമത്തേതിൽ മൂർച്ചയേറിയ ഒരു കുന്തവും. അത് എന്റെ ഹൃദയത്തെ തുളച്ചു. ആണികൾ എന്റെ കൈകാലുകളെയും.” പഞ്ചക്ഷതങ്ങൾ സ്വീകരിച്ച വേറോനിക്കയ്ക്ക് താൻ അനുഭവിച്ച വേദനകളിലെല്ലാം പങ്കുചേരുവാനുളള കൃപ ഈശോ നല്കി. അഭൗമികമായ ആ അനുഭവത്തിന് ശേഷം അവൾ രക്തത്തിൽ കുളിച്ച് കാണപ്പെട്ടു. അവളുടെ കരങ്ങളിൽനിന്നും കാലുകളിൽനിന്നും ഹൃദയത്തിൽ നിന്നും രക്തം ധാരയായി ഒഴുകി.
ഈശോയുടെ തിരുമുറിവുകൾ സ്വന്തശരീരത്തിൽ ഏറ്റുവാങ്ങിയ വേറോനിക്ക തന്നെ കുമ്പസാരിപ്പിക്കുന്ന വൈദികന്റെ നിർദേശ പ്രകാരം 50 ദിവസങ്ങൾ മുറിക്കുളളിൽത്തന്നെ കഴിഞ്ഞു. തികച്ചും തടവിലാക്കപ്പെട്ടതുപോലെയുളള അനുഭവങ്ങളിലൂടെ അവൾ കടന്നുപോയി. ദൈവികമായ ഒരു അനുഭവവും ദാനവുമായി ഈ അവസ്ഥയെ കരുതുന്നതിനുപകരം പൈശാചികമായ പ്രവർത്തനമാണിത് എന്ന് പലരും വ്യാഖാനിച്ചു. അതിനാലാണ് കുമ്പസാരക്കാരൻ ഇപ്രകാരം ആവശ്യപ്പെട്ടത്. അവൾ അതനുസരിച്ചു.
എന്നാൽ ഇടക്കിടെ പിശാച് അവളെ പുറത്തിറങ്ങുവാൻ നിർബന്ധിക്കും. അനുസരിച്ചില്ലെങ്കിൽ വാതിൽക്കലേക്ക് അവളെ വലിച്ചിഴച്ചുകൊണ്ട് വരുമായിരുന്നു. എറ്റവും വലിയ പൈശാചിക ആക്രമണം നമ്മുടെ ജീവിതത്തിലുണ്ടാവുന്നത് പലപ്പോഴും അനുസരണത്തിന്റെ മേഖലയിലാണ് – അത് ലംഘിക്കാൻ. ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമാണ് അവൾ ഈ മുറിക്ക് പുറത്തുകടന്നിരുന്നത്. തന്റെ സഹോദരിമാരോടൊപ്പം ദേവാലയത്തിൽ പോയി തന്റെ ദിവ്യനാഥന്റെ ബലിയിൽ സംബന്ധിക്കുന്നതിനായിരുന്നു അത്.
അവസാനം, വേറോനിക്ക തെറ്റുകാരിയല്ലെന്ന് മനസ്സിലായി. പഞ്ചക്ഷതങ്ങൾ അംഗീകരിക്കപ്പെട്ടു. 1716 എപ്രിൽ മാസത്തിൽ വേറോനിക്ക ആശ്രമത്തിന്റെ അധിപയുമായി. ധാരാളം ദൈവവിളികൾ നല്കി ദൈവം അവളുടെ സമൂഹത്തെ അനുഗ്രഹിച്ചു. അവരെ ഉൾക്കൊളളുന്നതിനായി ആശ്രമം വിപുലീകരിക്കേണ്ടിവന്നു. പഞ്ചക്ഷതധാരിയായ അവളുടെ ജീവിതത്തിൽ കുരിശുകൾ വീണ്ടും വീണ്ടും വന്നുതുടങ്ങി. യേശു അവളെ എന്നും തന്റെ കാൽവരിയാത്രയിൽ തന്നോട് ചേർത്ത് പിടിച്ചിരുന്നു.
ദൈവത്തെ അതിഗാഢമായി സ്‌നേഹിച്ചിരുന്നു വേറോനിക്ക. അവിടുത്തെ സാന്നിധ്യം നിരന്തരം അനുഭവിക്കുന്നതിനുളള കൃപ അവിടുന്ന് അവൾക്ക് നല്കി. രോഗികളായി കിടക്കുന്നവർക്ക് കുർബാന എത്തിച്ചുകൊടുക്കുന്ന വഴികളിലൂടെ മുട്ടിൻമേൽ നടന്ന് കുരിശുവരച്ച് അവൾ ദിവ്യകാരുണ്യ നാഥന് പാതയൊരുക്കുമായിരുന്നു!
സ്‌നേഹത്തിലൊന്നാകാൻ
1727 ജൂൺ ആറിന് വിശുദ്ധ കുർബാന സ്വീകരണത്തിനുശേഷം വേറോനിക്കായ്ക്ക് ഒരു മസ്തിഷ്‌കാഘാതം ഉണ്ടായി. ആ കിടപ്പിൽ 33 ദിവസം ശുദ്ധീകരണസ്ഥലത്തെ വേദനകൾ അവൾ അനുഭവിച്ചു. ജൂലായ് ഒമ്പതിന് തന്റെ ദിവ്യനാഥനോട് ഒന്നായിത്തീരുന്നതിനുളള അനുവാദം അവൾ തന്നെ കുമ്പസാരിപ്പിച്ച വൈദികനിൽനിന്ന് വാങ്ങി. അതു നല്കപ്പെട്ടപ്പോൾ അവൾ കണ്ണുകളടച്ചു. തന്റെ കിടക്കയ്ക്കുചുറ്റും കൂടിയിരുന്ന സഹസന്യാസിനികളോട് ”സ്‌നേഹം അവനോടൊന്നുചേരാൻ എന്നെ നിർബന്ധിക്കുന്നു,” എന്ന വാക്കുകളോടെ വിടപറഞ്ഞു.
തിരുസഭ’1804 ൽ വേറോനിക്കയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു; 1839 ൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി.
‘പഞ്ചക്ഷതയായ വിശുദ്ധ വേറോനിക്കാ ജൂലിയാനിയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ’.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?