Follow Us On

21

September

2023

Thursday

കത്തോലിക്കാ സഭയിലെ 'റീത്തുകൾ' കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?

കത്തോലിക്കാ സഭയിലെ 'റീത്തുകൾ' കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?

കത്തോലിക്കാ വിശ്വാസവുമായി വളരെയധികം ബന്ധപ്പെട്ടു നിൽക്കുന്ന പദങ്ങളാണ് കത്തോലിക്കാ സഭയുടെ ഏകത്വം, ശ്ലൈഹികത, പരിശുദ്ധി, സാർവത്രികത തുടങ്ങിയവ. അതുപോലെതന്നെ സഭയുടെ ആരാധനക്രമം, റീത്ത്, പാരമ്പര്യങ്ങളിലൂടെ കാത്തുസൂക്ഷിച്ചുപോരുന്ന കർമ്മാനുഷ്ഠാനങ്ങൾ തുടങ്ങിയവയും സഭയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. സഭയുടെ സാർവത്രിക സൂനഹദോസായ രണ്ടാം വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെ ക്രിസ്തീയ ജീവിതത്തെ മുഴുവനും സംബന്ധിക്കുന്നതാണ് ‘റീത്ത്’ എന്നാണ്. അതായത് ആരാധനക്രമത്തിലെ പ്രത്യേകതകൾ, കാനൻനിയമം, ആധ്യാത്മിക ജീവിതരീതി, സന്യാസജീവിതമുറ, ദൈവശാസ്ത്രം തുടങ്ങിയ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതാണ് ‘റീത്ത്.’ ഓരോ റീത്തിനും അതിന്റേതായ ഒരാധ്യാത്മിക ചൈതന്യമുണ്ടെന്നും അതാത് ജനതകൾക്ക് ജീവിതപരിശുദ്ധിക്കുള്ള മാർഗങ്ങൾ പ്രദാനം ചെയ്യുന്നത് റീത്താണെന്നും തിരുസഭ പഠിപ്പിക്കുന്നുണ്ട്.
ആകയാൽ ദീർഘനാൾ തങ്ങളുടെ ആരാധനക്രമവും റീത്തും വിട്ടുപോകാനിടയായാൽ സഭയുടെ ആധ്യാത്മിക ജീവിതത്തെ തന്നെ അത് ബാധിക്കുമെന്നും തിരുസഭ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അതിനാൽ വിശ്വാസികളുടെ ആധ്യാത്മിക നന്മ ലക്ഷ്യമാക്കി ആവശ്യമുള്ളിടത്തെല്ലാം ഓരോ റീത്തുമായി ബന്ധപ്പെട്ട ഇടവകകളും ഹയരാർക്കിയും സ്ഥാപിക്കണമെന്ന് തിരുസഭ നിഷ്‌കർഷിക്കുന്നു.
ചില ക്രൈസ്തവ പ്രസിദ്ധീകരണങ്ങൾ തന്നെ റീത്തിനെതിരായി ശബ്ദമുയർത്താറുണ്ട്. എന്നാൽ തിരുസഭയുടെ സാർവത്രിക പ്രബോധനങ്ങളിലെല്ലാം തന്നെ, വിശിഷ്യ രണ്ടാം വത്തിക്കാൻ കൗൺസിലിലെ പ്രമാണരേഖകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും സൂനഹദോസ് പ്രാധാന്യത്തോടെ എടുത്തു കാണിച്ചതുമായ ഒന്നാണ് ‘റീത്തുകളുടെ സംരക്ഷണം’ എന്നത്.
റീത്ത് എന്നാൽ എന്താണ്?
പ്രാദേശികസഭകൾ അഥവാ റീത്തുകൾ എന്നത് എന്താണെന്ന് വളരെ വ്യക്തമായി രണ്ടാം വത്തിക്കാൻ കൗൺസിൽ നിർവചിച്ചിട്ടുണ്ട്. ”പരിശുദ്ധ കത്തോലിക്കാ സഭ ക്രിസ്തുവിന്റെ മൗതികശരീരമാണ്. ഇതിൽ ഉൾപ്പെടുന്നവർക്ക് വിശ്വാസം ഒന്ന്, കൂദാശകൾ ഒന്ന്, ഭരണരീതിയും ഒന്ന്. ഇവവഴി വിശ്വാസികൾ പരിശുദ്ധാത്മാവിൽ സജീവമായി സംയോജിക്കപ്പെട്ടിരിക്കുന്നു. വിശ്വാസികൾ വിവിധ സമൂഹങ്ങളായി ഹയരാർക്കിയുടെ കീഴിൽ പ്രാദേശികസഭകൾ അല്ലെങ്കിൽ റീത്തുകളായി സമ്മേളിച്ചിരിക്കുന്നു. ഈ സഭകൾ തമ്മിൽ പ്രശംസനീയമായ ബന്ധം പുലർത്തുന്നുണ്ട്. അതിനാൽ വൈവിധ്യങ്ങൾ സഭയുടെ ഐക്യത്തെ തകർക്കുകയല്ല, പ്രത്യുത പ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നത്” (പൗരസ്ത്യസഭകൾ, നമ്പർ 2).
ഒരു വ്യക്തിസഭയ്ക്ക് കത്തോലിക്കാ സഭയിൽ മാത്രം ഉപയോഗിക്കുന്ന നാമമാണ് റീത്ത്. ‘കർമ്മാനുഷ്ഠാനം’ എന്നാണ് റീത്ത് എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അനുഷ്ഠാനങ്ങളിൽ മാത്രമല്ല, ആരാധനക്രമം, ആധ്യാത്മികത, ദൈവശാസ്ത്രം, ശിക്ഷണക്രമം എന്നിവ ഉൾക്കൊള്ളുന്ന ജീവിതരീതിയിൽത്തന്നെ സഭകൾ തമ്മിൽ അന്തരമുണ്ടെന്നാണ് തിരുസഭ പഠിപ്പിക്കുന്നത്. ഒരു സഭ ജീവിക്കുന്ന ക്രിസ്തീയ ജീവിതശൈലിയെയാണ് റീത്ത് പ്രതിനിധാനം ചെയ്യുന്നത്. ഈ ശൈലിയുടെ അർത്ഥം അത് വി.ഗ്രന്ഥത്തിൽ അധിഷ്ഠിതവും പിതാക്കന്മാർ വ്യാഖ്യാനിച്ചിട്ടുള്ളതും സൂനഹദോസുകൾ നിർവചിച്ചിട്ടുള്ളതും സഭയുടെ ലിറ്റർജിയിൽ കൗദാശികമായി നിലവിലിരിക്കുന്നതുമായ പൈതൃകം ജീവിക്കുന്ന വിധമാണ് എന്നതാണ്. പൗരസ്ത്യ കാനൻ നിയമം റീത്തിനെ ‘പൈതൃകം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, റീത്ത് ഒരു പൈതൃകവും വ്യക്തിസഭ ആ പൈതൃകം അനുദിന ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന ക്രിസ്തീയ സമൂഹവുമാണ്.
റീത്തുകളുടെ ആവശ്യകത
റീത്തുകളുടെ പ്രാധാന്യത്തെക്കുറിച്ചും തിരുസഭ അവയെ വളരെയേറെ വിലമതിക്കുന്നതിനെക്കുറിച്ചും ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഒട്ടേറെ സന്ദർഭങ്ങളിൽ വിശദമാക്കിയിട്ടുണ്ട്. 2007 ഫെബ്രുവരി 22 ന് അദ്ദേഹം പുറത്തിറക്കിയ സിനഡനന്തര ശ്ലൈഹികാഹ്വാനത്തിന്റെ പേരാണ് ‘സ്‌നേഹത്തിന്റെ കൂദാശ.’ പ്രസ്തുത ശ്ലൈഹികാഹ്വാനത്തിൽ മാർപാപ്പ സവിശേഷമാംവിധം കുർബാനക്രമാനുഷ്ഠാനത്തിന്റെ അഥവാ റീത്തുകളുടെ വികസനത്തെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ”പരിശുദ്ധാത്മാവിന്റെ ജ്ഞാനത്താൽ നയിക്കപ്പെട്ട ദൈവത്തിന്റെ സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രം പരിശോധിക്കുക. നമ്മുടെ രക്ഷയുടെ സംഭവത്തെ നാം അനുസ്മരിക്കുന്നതിന്റെ അനുഷ്ഠാനപരമായ രൂപങ്ങളുടെ ക്രമവത്കൃതമായ വികസനത്തെ കൃതജ്ഞതാപൂർവ്വകമായ വിസ്മയത്തോടെ കാണാൻ കഴിയും.
പൗരസ്ത്യദേശത്തുള്ള പ്രാചീനസഭകളിലെ അനുഷ്ഠാനക്രമങ്ങളിൽ ഇന്നും പ്രശോഭിക്കുന്ന ആദിമനൂറ്റാണ്ടുകളിലെ വ്യത്യസ്തരൂപങ്ങൾ മുതൽ റോമൻ അനുഷ്ഠാനക്രമത്തിന്റെ വ്യാപനംവരെ. ട്രെന്റ് സൂനഹദോസിന്റെ സുവ്യക്തമായ സൂചനകളും വിശുദ്ധ പീയൂസ് അഞ്ചാമൻ മാർപാപ്പയുടെ കുർബാനക്രമവും മുതൽ രണ്ടാം വത്തിക്കാൻ സൂനഹദോസ് ആവശ്യപ്പെട്ട ലിറ്റർജിക്കൽ പരിഷ്‌കരണം വരെ. സഭാചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും സഭയുടെ ജീവന്റെയും ദൗത്യത്തിന്റെയും ഉറവിടവും പരമകോടിയുമെന്ന നിലയിലുള്ള കുർബാനയുടെ ആഘോഷം ലിറ്റർജിപരമായ അനുഷ്ഠാനത്തിൽ അതിന്റെ സർവസമ്പന്നതയോടും വ്യത്യസ്തയോടും കൂടി പ്രശോഭിക്കുന്നു” (സ്‌നേഹത്തിന്റെ കൂദാശ, നമ്പർ 3). പരിശുദ്ധ പിതാവ് റീത്തുകളെ ഒരു ഭാരമായോ ഐക്യത്തിനു വിഘാതമായോ ഇവിടെ അവതരിപ്പിക്കുന്നില്ല. മറിച്ച് ലിറ്റർജിപരമായ അനുഷ്ഠാനത്തിന്റെ ആവശ്യകത അദ്ദേഹം ഇവിടെ അടിവരയിട്ട് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
‘ലിറ്റർജിയുടെ ചൈതന്യം’ എന്ന തന്റെ ഗ്രന്ഥത്തിലും ബനഡിക്ട് പതിനാറാമൻ മാർപാപ്പ റീത്തുകളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ”ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം റീത്ത് അർത്ഥമാക്കുന്നത് ദൈവത്തിൽ നിന്നു വിശ്വാസത്തിലൂടെ സ്വീകരിച്ച ആരാധനയുടെ അടിസ്ഥാനരൂപത്തിനുവേണ്ടി സ്ഥലകാലങ്ങളിൽ സമൂഹത്താൽ മെനയപ്പെട്ട ചില പ്രായോഗിക ക്രമവൽക്കരണങ്ങളാണ്. ആരാധന ഒരുവന്റെ ജീവിതത്തിന്റെ സമ്പൂർണ വ്യാപാരം ഉൾക്കൊള്ളുന്നതായതുകൊണ്ട് ആരാധനക്രമത്തിൽ റീത്തിന് പ്രഥമസ്ഥാനമുണ്ട്. ഇത് ആരാധനക്രമത്തിൽ മാത്രമല്ല ഒരു പ്രത്യേകരീതിയിൽ ദൈവശാസ്ത്രം രൂപപ്പെടുത്തുന്നതിലും ആധ്യാത്മികജീവിതത്തിന്റെ രൂപത്തിലും സഭാത്മകജീവിതത്തിന്റെ നിയമപരമായ ക്രമപ്പെടുത്തലിലും റീത്ത് പ്രകടിപ്പിക്കപ്പെടുന്നു.”
ആരാധനാപാരമ്പര്യവും റീത്തുകളുടെ വളർച്ചയും
പാശ്ചാത്യ-പൗരസ്ത്യ സഭകളിലായി വിശാലമായി നിലകൊള്ളുന്ന ആഗോള കത്തോലിക്കാ സഭയുടെ മഹത്തായ ആരാധനക്രമ പാരമ്പര്യത്തെയും റീത്തുകളുടെ വികാസത്തെയും കുറിച്ച്, ബനഡിക്ട് പതിനാറാമൻ മാർപാപ്പ ‘ലിറ്റർജിയുടെ ചൈതന്യം’ എന്ന തന്റെ ഗ്രന്ഥത്തിലെ ‘റീത്തു’കളെക്കുറിച്ചുള്ള അധ്യായത്തിൽ സൂചിപ്പിക്കുന്നുണ്ട്. കത്തോലിക്കാ സഭയെന്നാൽ സഭകളുടെ കൂട്ടായ്മയാണെന്ന മഹത്തായ സഭാദർശനത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് പരി.പിതാവ് ഇവിടെ സംസാരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു: ”ദൈവപരിപാലനയുടെ ക്രമീകരണം വഴി ശ്ലീഹന്മാരും അനന്തരഗാമികളും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച വിവിധ സഭകൾ കാലക്രമത്തിൽ സജീവമായ ഐക്യത്തിൽ വർത്തിക്കാൻ തുടങ്ങി. പിന്നീട് പല പല സമൂഹങ്ങളായി അവ യോജിച്ചു.
വിശ്വാസൈക്യവും സാർവത്രികസഭയുടെ ദൈവികമായ ഘടനാവിശേഷവും നിലനിർത്തിക്കൊണ്ടുപോകുന്ന പ്രസ്തുത സഭാസമൂഹങ്ങൾ സ്വന്തമായ ശിക്ഷണക്രമത്താലും ആരാധനാവിധികളാലും ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ പിതൃധനത്താലും അലംകൃതങ്ങളത്രേ” (തിരുസഭ, നമ്പർ 23). ഈ സഭാ സമൂഹങ്ങളിൽ നിലവിലിരിക്കുന്ന ഏകോന്മുഖമായ വൈവിധ്യം അവിഭക്തയായ തിരുസഭയുടെ കാതോലിക സ്വഭാവത്തിന് പ്രകടമായ തെളിവാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ ഓർമ്മിപ്പിക്കുന്നു.
റീത്തുകളുടെ വൈവിധ്യത്തെപ്പറ്റി പറയുമ്പോൾ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ‘ലിറ്റർജിയുടെ ചൈതന്യം’ എന്ന തന്റെ ഗ്രന്ഥത്തിൽ ആരാധനാപാരമ്പര്യത്തിന്റെ നാലു വലിയ കേന്ദ്രങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. റോം, അലക്‌സാൻട്രിയ, ബൈസാൻസിയ, അന്ത്യോക്യ എന്നിവയാണവ. അന്ത്യോക്യൻ പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോൾ പാശ്ചാത്യ സുറിയാനി റീത്തുകളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പാശ്ചാത്യ സുറിയാനി റീത്തുകൾ സ്വന്തമാക്കിയിരിക്കുന്നവയിൽ പ്രമുഖമായത് ഭാരതത്തിൽ ഇന്നും തഴച്ചുവളർന്നുകൊണ്ടിരിക്കുന്ന ‘സീറോ മലങ്കര റീത്താ’ണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
മറുവശത്ത് കൽദായ എന്നു വിളിക്കപ്പെടുന്ന റീത്തുകളുണ്ട് (പൗരസ്ത്യ സുറിയാനിയെന്നോ അസീറിയൻ എന്നോ അവ അറിയപ്പെടുന്നു). അസാധാരണമായ പ്രേഷിതൗത്സുക്യമെന്ന വിശേഷഗുണമുള്ള ഈ റീത്തുകൾ ഇന്ത്യാ, മധ്യേഷ്യാ, ചൈന എന്നിവിടങ്ങളിൽ വ്യാപിച്ചിരുന്നെന്ന് മാർപാപ്പ തന്റെ ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പൗരസ്ത്യ സുറിയാനി റീത്തിന്റെ ഭാഗമായ ‘സീറോ മലബാർ സഭ’യെക്കുറിച്ച് അദ്ദേഹം ഇവിടെ എടുത്തു പറയുന്നുണ്ട്. കൽദായ ആരാധനാ കുടുംബത്തിന്റെ ആരംഭം മാർത്തോമ്മാ ശ്ലീഹായിലും ശ്ലീഹായുടെ ശിഷ്യരായ ‘അദ്ദായി’യിലും ‘മാറി’യിലുമാണെന്ന് മാർപാപ്പ ഇവിടെ അനുസ്മരിക്കുന്നുണ്ട്.
അലക്‌സാൻഡ്രിയൻ ആരാധനാപാരമ്പര്യത്തെക്കുറിച്ച് പറയുമ്പോൾ കോപ്റ്റിക്, എത്യോപ്യൻ റീത്തുകളെ മാർപാപ്പ പരാമർശിക്കുന്നുണ്ട്. അർമേനിയൻ റീത്തും ഈ ആരാധനാ പാരമ്പര്യത്തിൽ പെടുന്നതാണ്. ബൈസന്റൈൻ ആരാധനക്രമ പാരമ്പര്യമാകട്ടെ അന്ത്യോക്യൻ പാരമ്പര്യമാണ് സ്വീകരിച്ചിരിക്കുന്നത്.
ഏഷ്യാമൈനർ, ജറുസലേം തുടങ്ങിയ സ്ഥലങ്ങളിലെ പാരമ്പര്യങ്ങളുടെ സ്വാധീനം കൂടി ബൈസാൻസിയം സ്വീകരിച്ചിട്ടുണ്ട്. ഒടുവിലായി, പടിഞ്ഞാറൻ പാരമ്പര്യത്തെപ്പറ്റി പറയുമ്പോൾ മൂന്ന് ആരാധന ക്രമവിഭാഗങ്ങളെയാണ് മാർപാപ്പ എടുത്തു കാണിക്കുന്നത്. റോമൻ ആരാധനക്രമത്തോടൊപ്പം പഴയ ഗാള്ളിക്കൻ ആരാധനക്രമവും പഴയ സ്പാനിഷ് അല്ലെങ്കിൽ മൊസറാബിക് ആരാധനക്രമവുമാണ് അദ്ദേഹം ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
റീത്തുകളുടെ വികാസത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും പ്രതിപാദിച്ചശേഷം ബനഡിക്ട് പതിനാറാമൻ പാപ്പ ഇങ്ങനെ പറയുന്നു: ”റീത്തുകൾ വിവിധ സംസ്‌കാരങ്ങളിൽ നിന്ന് വളരെയധികം ഘടകങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാൽപ്പോലും അവ സാംസ്‌കാരികാനുരൂപണത്തിന്റെ ഉൽപന്നങ്ങളല്ല. അവ ശ്ലൈഹികപാരമ്പര്യത്തിന്റെ രൂപങ്ങളും പാരമ്പര്യത്തിന്റെ മഹാദേശങ്ങളിലെ അതിന്റെ ഇതൾവിരിയലും ആണ്.”
പൈതൃകസംരക്ഷണം അപരാധമോ?
ഇന്ന് റീത്തുകളെക്കുറിച്ചും പൈതൃകങ്ങളെക്കുറിച്ചും മറ്റും നിഷേധാത്മകമായ ചിന്തകൾ പ്രചരിപ്പിക്കുന്നവർ ധാരാളമുണ്ട്. റീത്ത് എന്നത് തകർക്കപ്പെടേണ്ടതോ തച്ചുടയ്‌ക്കേണ്ടതോ ആയ യാഥാർത്ഥ്യമായിട്ടാണ് ഇക്കൂട്ടർ മനസിലാക്കുന്നത്. റീത്ത് വിഭാഗീയതയും വിഭജനവും വളർത്തുന്നു എന്നു ചിന്തിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ പരിശുദ്ധ കത്തോലിക്കാസഭ എപ്രകാരമാണ് റീത്തുകളെ സംരക്ഷിക്കുന്നതെന്നും മാർപാപ്പമാർ തങ്ങളുടെ ശ്ലൈഹിക പ്രബോധനങ്ങളിലൂടെ റീത്തുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എത്രയേറെ ശക്തമായാണ് പറയുന്നതെന്നും ഇത്തരക്കാർ മനസിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.
വിചിത്രമായ വസ്തുത, സ്വന്തം സഭയെയും റീത്തിനെയും പൈതൃകത്തെയും തള്ളിപ്പറയുന്നവർ പലപ്പോഴും വ്യക്തിപരമായ ജീവിതത്തിൽ പൈതൃകത്തിനും പാരമ്പര്യത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നു എന്നതാണ്! കത്തോലിക്കാ സഭയെയും സഭയുടെ കാഴ്ചപ്പാടുകളെയും ശരിയായി മനസിലാക്കാത്തതിന്റെ അപകടമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സ്വന്തം റീത്തിനെയും പൈതൃകത്തെയും യഥാർത്ഥത്തിൽ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആർക്കുംതന്നെ ഇതരറീത്തുകളെ അവഗണിക്കാനോ നിന്ദിക്കാനോ സാധിക്കില്ല. സാർവത്രിക കത്തോലിക്കാ സഭയാകുന്ന മനോഹരമായ ഉദ്യാനത്തിലെ വ്യത്യസ്ത പുഷ്പങ്ങളാണ് റീത്തുകൾ. ഈ റീത്തുകളാണ്, അവയുടെ സമ്പന്നതയാണ് തിരുസഭയെ മനോഹരമാക്കി തീർക്കുന്നത്.
ഫാ. ജോസഫ് കളത്തിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?