പി.ഒ.സി ബൈബിളിൽ യേശു, യേശുക്രിസ്തു എന്നും പ്ശീത്ത ബൈബിളിൽ ഈശോ മിശിഹാ എന്നും കാണുന്നു. ഉദാ: മർക്കോ.1:1. അതുപോലെതന്നെ ദൈവാലയത്തിൽ ചിലപ്പോൾ യേശുക്രിസ്തു എന്നും മറ്റു ചിലപ്പോൾ ഈശോമിശിഹായെന്നും കേൾക്കുന്നു. ഇതിന് പുറമെ ചിലർ യേശു മിശിഹായെന്നും പറയുന്നു. എന്താണ് ഈ വ്യത്യാസങ്ങൾക്ക് കാരണം. ഇതെല്ലാം ഒരാളെ തന്നെയല്ലേ സൂചിപ്പിക്കുന്നത്?
ആമുഖമായി പറയട്ടെ, ഈശോ (യേശു) എന്നത് ഒരു പേരും മിശിഹാ (ക്രിസ്തു) എന്നത് ഒരു സ്ഥാനപ്പേരും ആണ്. ആദ്യത്തേത് സുറിയാനി രൂപവും രണ്ടാമത്തേത് ഗ്രീക്കുരൂപവുമാണ്. സുറിയാനി ഉച്ചാരണം സ്വീകരിക്കുന്നവർ ഈശോമിശിഹാ എന്നു പറയുമ്പോൾ ഗ്രീക്ക് ഉച്ചാരണം സ്വീകരിക്കുന്നവർ യേശുക്രിസ്തു എന്നും ഇതുരണ്ടും കൂട്ടിക്കുഴയ്ക്കുന്നവർ യേശുമിശിഹാ എന്നും പറയുന്നു. ഉച്ചാരണരൂപങ്ങളെക്കാൾ പ്രധാനം പേരുകളുടെ അർത്ഥമാണല്ലോ.
ഈശോ – യേശു
കർത്താവ് രക്ഷിക്കുന്നു, അഥവാ കർത്താവാണ് രക്ഷകൻ എന്ന് അർത്ഥമുള്ള രണ്ടു വാക്കുകളാണ് യാഹ്‌വേ + ഷുവാ. യാഹ്‌വേ എന്നത് യെഹോവാ എന്നും ഉച്ചരിക്കാറുണ്ട്. അങ്ങനെ യെഹോവാ – ഷുവാ എന്നത് ലോപിച്ച് യെഹോഷ്വ എന്നും വീണ്ടും ലോപിച്ച് യോഷ്വാ അഥവാ യെഷ്വാ എന്നും ആയി. ഗ്രീക്ക്-ലത്തീൻ ഭാഷകളിൽ യ-ജ എന്നീ അക്ഷരങ്ങൾ തമ്മിൽ വ്യത്യാസമില്ല. ജെ എന്ന അക്ഷരം ചിലപ്പോൾ യ എന്നും മറ്റു ചിലപ്പോൾ ‘ജ’ എന്നും ഉച്ചരിക്കും. ഇതിൽ നിന്നാണ് യോഷ്വാ എന്നും ജോഷ്വാ എന്നും ഉച്ചാരണമുണ്ടായത്.
യോഷ്വാ എന്ന ഹീബ്രുനാമം ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തപ്പോൾ യേസൂസ് എന്നായി. ഇതുതന്നെയാണ് ലത്തീനിലും (ജീസസ്) ഇവിടെനിന്ന് ഇംഗ്ലീഷിലേക്ക് വന്നപ്പോൾ അക്ഷരങ്ങൾ മാറിയില്ലെങ്കിലും ഉച്ചാരണത്തിൽ മാറ്റമുണ്ടായി. അങ്ങനെ ഗ്രീക്കിലെ യേസൂസ് ഇംഗ്ലീഷിൽ ജീസസായി. സുറിയാനിയിൽ ജോഷ്വാ എന്ന പേര് ഈശോ എന്ന് വിവർത്തനം ചെയ്തു. അങ്ങനെ ഗ്രീക്കുപാരമ്പര്യത്തിൽനിന്നു വന്ന യേസൂസ് മലയാളീകരിച്ചപ്പോൾ യേശുവായി; സുറിയാനി പാരമ്പര്യം അതേപടി നിലനിർത്തിക്കൊണ്ട് ഈശോ എന്ന ഉച്ചാരണവും സ്വീകരിച്ചു. ഇതാണ് യേശു – ഈശോ എന്നീ പേരുകളുടെ ഉത്ഭവവും വ്യത്യാസത്തിന്റെ കാരണവും.
യേശുവിന്റെ സമകാലികർ എങ്ങനെയാണ് പേരുച്ചരിച്ചിരിക്കുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. യേശുവിന്റെ സംസാരഭാഷയായ അരമായയിൽ യോഷ്വാ എന്നും യെഷ്യാ എന്നും പറയുമായിരുന്നു. രണ്ടും ഒരുപോലെ ഉപയോഗത്തിലിരുന്നെങ്കിലും യെഷ്വാ (യെശ്വാ) എന്ന ഉച്ചാരണമായിരുന്നു കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്. ”യെശ്വാ ബെൻ യോസെഫ്” എന്നായിരിക്കണം യേശു അറിയപ്പെട്ടിരുന്നത് – ”ജോസഫിന്റെ മകൻ യേശു” എന്നർത്ഥം. മാതാവ് മകനെ വിളിച്ചിരുന്നത് യെഷ്വാ (യെശ്വാ) എന്നായിരുന്നിരിക്കണം. ഉച്ചാരണം ഏതു സ്വീകരിച്ചാലും അർത്ഥത്തിന് വ്യത്യാസമില്ല. ദൈവം രക്ഷിക്കുന്നു; അഥവാ ദൈവമാണ് രക്ഷകൻ. ഇതാണ് പേരിന്റെ അർത്ഥം എന്ന് ദൈവദൂതൻ ജോസഫിന് വിശദീകരിച്ചു കൊടുത്തതായി മത്തായി സുവിശേഷകൻ രേഖപ്പെടുത്തിയിട്ടുണ്ട്: ”നീ അവന് യേശു എന്നു പേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കും” (മത്താ. 1:21).
മിശിഹാ – ക്രിസ്തു
ഇവിടെയും മൂലഭാഷയിലെ വ്യത്യാസമാണ് പേരിന്റെ വ്യത്യാസത്തിന് കാരണം. അർത്ഥം രണ്ടിനും ഒന്നുതന്നെ. അഭിഷേകം ചെയ്യുക എന്നർത്ഥമുള്ള മ്ശഹ് എന്ന ക്രിയാധാതുവിൽനിന്നാണ് മ്ശീഹാ എന്ന നാമമുണ്ടായത്. അഭിഷേകം ചെയ്യുക = അഭിഷിക്തൻ എന്നാണ് ഈ ഹീബ്രുവാക്കുകൾക്ക് അർത്ഥം. ഈ വാക്കുകൾ ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തപ്പോൾ യഥാക്രമം ഖ്‌റിയോ – ഖ്‌റിസ്‌തോസ് എന്നായി. അഭിഷേകം ചെയ്യുക എന്നാണ് ഖ്‌റിയോ എന്ന ക്രിയാധാതുവിനർത്ഥം; അഭിഷേകം ചെയ്യപ്പെട്ടവൻ എന്ന് ഖ്‌റിസ്‌തോസ് എന്ന നാമത്തിനും. ഗ്രീക്കിലെ ഖ്‌റിസ്‌തോസ് ലത്തീനിലേക്ക് വന്നപ്പോൾ ക്രിസ്തുസ് ആയി. അത് ഇംഗ്ലീഷിൽ ക്രൈസ്റ്റ് എന്നായി. ഇവിടെനിന്നാണ് മലയാളത്തിലെ ക്രിസ്തു എന്ന നാമത്തിന്റെ ഉത്ഭവം.
പേരുകളുടെ രൂപത്തിൽ വ്യത്യാസമുണ്ടെങ്കിലും അർത്ഥം രണ്ടു ഭാഷയിലും ഒന്നുതന്നെ. മിശിഹാ – ക്രിസ്തു എന്നത് ഒരു സ്ഥാനപ്പേര് അഥവാ പദവിയെ സൂചിപ്പിക്കുന്ന നാമമാണ്. ഏതു പദവിയെയാണ് ഈ നാമം സൂചിപ്പിക്കുന്നത് എന്ന കാര്യം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. തലയിൽ തൈലം പൂശുന്നതിനെയാണ് അഭിഷേകം ചെയ്യുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇസ്രായേൽക്കാരുടെ ഇടയിൽ രണ്ടുതരം ഔദ്യോഗിക പദവികളായിരുന്നു അഭിഷേകം വഴി നൽകപ്പെട്ടിരുന്നത്, പൗരോഹിത്യവും രാജത്വവും. അതിനാൽ അഭിഷിക്തൻ എന്ന പേര് ഈ രണ്ടു പദവിയിലുള്ളവർക്കും ഒരുപോലെ ഉപയോഗിക്കാറുണ്ട്. അഭിഷിക്തനായ പുരോഹിതനായിരുന്നു അഹറോൻ; അഭിഷിക്തനായ രാജാവായിരുന്നു ദാവീദ്.
ഈ രണ്ട് തലങ്ങളിലും അഭിഷേകം ബാഹ്യമായിത്തന്നെ നടത്തിയിരുന്നു. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി മൂന്നാമതൊരഭിഷേകത്തെക്കുറിച്ചും ബൈബിൾ ചുരുക്കമായി പ്രതിപാദിക്കുന്നുണ്ട് – പ്രവാചകാഭിഷേകം. ”ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു” (ഏശ. 61:1) എന്ന പ്രവാചകവചനം ഈ പ്രവാചകാഭിഷേകത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ അഭിഷേകം എന്നത് തലയിൽ തൈലം പൂശുന്ന ഒരു ഭൗതികപ്രവൃത്തിയല്ല, മറിച്ച് ആത്മാവിനെ നൽകുന്നതുതന്നെയാണ് അഭിഷേകം. ഈ പ്രവചനം ഉദ്ധരിച്ചുകൊണ്ടാണ് യേശു നസ്രത്തിൽ തന്റെ പരസ്യജീവിതം ഉദ്ഘാടനം ചെയ്തത് (ലൂക്കാ 4:18).
അഭിഷിക്തൻ (മിശിഹാ – ക്രിസ്തു) എന്ന പദത്തിന്റെ ഉത്ഭവത്തിൽനിന്നു പ്രയോഗത്തിലേക്ക് വരുമ്പോൾ സുപ്രധാനമായ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എല്ലാ പുരോഹിതന്മാരും രാജാക്കന്മാരും അഭിഷേകം ചെയ്യപ്പെട്ടവരായിരുന്നെങ്കിലും വരാനിരിക്കുന്ന ഒരു രക്ഷകനെക്കുറിച്ചുള്ള ഇസ്രായേൽ ജനത്തിന്റെ പ്രതീക്ഷകളിൽ ഇതിന് പ്രത്യേക സ്ഥാനമുണ്ട്. രക്ഷകനെ സംബന്ധിച്ച പ്രവചനങ്ങളിൽ ഏറ്റം പ്രധാനപ്പെട്ടതായിരുന്നു ക്രിസ്തുവിനെ അഥവാ മിശിഹായെ സംബന്ധിച്ച പ്രവചനങ്ങൾ. ദൈവത്തിനുവേണ്ടി ഒരാലയം പണിയാൻ ആഗ്രഹിച്ച ദാവീദിനോട് നാഥാൻ പ്രവാചകൻവഴി ദൈവം അരുളിച്ചെയ്ത വചനങ്ങളാണ് ഈ പ്രവചനങ്ങളിൽ സുപ്രധാനമായ ഒന്ന്. ”ദിനങ്ങൾ തികഞ്ഞ് നീ പൂർവികരോട് ചേരുമ്പോൾ നിന്റെ ഔരസപുത്രനെ ഞാൻ ഉയർത്തി അവന്റെ രാജ്യം ഞാൻ സുസ്ഥിരമാക്കും… അവന്റെ രാജസിംഹാസനം ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും…” (2 സാമു. 7:9-17).
നാഥാന്റെ പ്രവചനത്തിനുശേഷം അതിന് സമാനമായ മറ്റ് അനേകം പ്രവചനങ്ങളുണ്ടായി. അവ അധികപങ്കും വരാനിരിക്കുന്ന ഒരു രാജാവിനെ സംബന്ധിച്ചതായിരുന്നു. ആ രാജാവ് ദാവീദിന്റെ ഗോത്രത്തിൽനിന്ന് ജനിക്കുന്ന ദാവീദിന്റെ പുത്രനായിരിക്കും (ഉദാ: ഏശ. 7:14, 9:2-7, 11:1-9, 32:1, ജറെ. 23:5, ആമോ. 9:11, മിക്കാ 5:2). ബി.സി. 587-ൽ ബാബിലോൺ ചക്രവർത്തി നബുക്കദ്‌നേസറിന്റെ സൈന്യം ജറുസലേം നശിപ്പിക്കുകയും രാജാവിനെയും ജനത്തിൽ അനേകരെയും നാടുകടത്തുകയും ചെയ്തതോടെ ഇസ്രായേലിൽ രാജഭരണം അവസാനിച്ചു. രാജാവില്ലാതായ സാഹചര്യത്തിൽ ഭാവിരാജാവിനെക്കുറിച്ച് മുമ്പേ നൽകപ്പെട്ടിരുന്ന പ്രവചനങ്ങൾ കൂടുതൽ ശ്രദ്ധേയമായി. അങ്ങനെ ദാവീദിന്റെ വംശത്തിൽനിന്ന് ദൈവം വീണ്ടും ഒരു രാജാവിനെ അയക്കും എന്ന പ്രതീക്ഷ സജീവമായി.
യേശുവിന്റെ കാലത്ത് ജനങ്ങളുടെ ഇടയിൽ രക്ഷകനെക്കുറിച്ച് നിലവിലിരുന്ന പ്രതീക്ഷകളിൽ ഏറ്റം പ്രധാനപ്പെട്ടത് ഇതുതന്നെയായിരുന്നു. അതുകൊണ്ടാണല്ലോ യേശുവിന്റെ ചോദ്യത്തിന് ഒരു സംശയവും കൂടാതെ അവർ മറുപടി പറഞ്ഞത്: ”ഫരിസേയർ ഒരുമിച്ചുകൂടിയപ്പോൾ യേശു അവരോട് ചോദിച്ചു: നിങ്ങൾ ക്രിസ്തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവൻ ആരുടെ പുത്രനാണ്? ദാവീദിന്റെ എന്നവർ പറഞ്ഞു” (മത്താ. 23:41-42). ക്രിസ്തു എന്നാൽ പ്രവാചകന്മാർ വഴി ദൈവം മുൻകൂട്ടി അറിയിച്ചിരുന്നതും ഇസ്രായേൽ ജനം പ്രതീക്ഷിച്ചിരുന്നതുമായ ദാവീദിന്റെ ഒരു പുത്രൻ എന്നാണ് യേശുവിന്റെ സമകാലികരായ യഹൂദർ വിശ്വസിച്ചിരുന്നത്. ദാവീദിന്റെ പുത്രൻ സ്വാഭാവികമായും രാജാവായിരിക്കും. അവൻ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കും; രാജ്യം പുനഃസ്ഥാപിക്കും. ഇതായിരുന്നു ക്രിസ്തുവിനെ സംബന്ധിച്ച മുഖ്യമായ പ്രതീക്ഷ.
അഹറോന്റെ വംശത്തിൽനിന്ന് ഒരു പുരോഹിതൻ വരും. അവൻ മിശിഹായെന്നറിയപ്പെടും. അവൻ യഥാർത്ഥ ആരാധന പുനഃസ്ഥാപിക്കും. നിയമത്തിന് ആധികാരിക വ്യാഖ്യാനം നൽകും എന്ന പ്രതീക്ഷയും ജനങ്ങളുടെ ഇടയിൽ പ്രചാരത്തിലിരുന്നു എന്ന് ഖുമ്‌റാൻ സന്യാസ സമൂഹത്തിന്റെ ഔദ്യോഗികരേഖകളിൽ കാണാം. എന്നാൽ, രാജാവിനെപ്പോലെ വ്യാപകമായിരുന്നില്ല വരാനിരിക്കുന്ന പുരോഹിതനെക്കുറിച്ചുള്ള ചിന്ത.
വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചുള്ള പ്രതീക്ഷകളും യഹൂദർ കാത്തുസൂക്ഷിച്ചിരുന്നു. അതു മുഖ്യമായും മോശയെപ്പോലെ ഒരു പ്രവാചകൻ അഥവാ സ്വർഗത്തിൽനിന്നു മടങ്ങിവരുന്ന ഏലിയാ എന്നൊക്കെയാണ് അവർ വ്യാഖ്യാനിച്ചത്. യേശുവിന്റെ കാലത്ത് സമറിയാക്കാരുടെ ഇടയിലും ഇതിന് സമാനമായൊരു പ്രതീക്ഷ നിലവിലിരുന്നു. ”മിശിഹാ വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാ കാര്യങ്ങളും ഞങ്ങളെ അറിയിക്കും” (യോഹ. 4:25) എന്ന സമറിയാക്കാരിയുടെ പ്രസ്താവനയിൽ ഈ പ്രതീക്ഷ വെളിവാകുന്നു. വരാനിരുന്ന രക്ഷകനെ ‘താഹെബ്’ എന്നാണ് അവർ വിളിച്ചിരുന്നത്. അത് മോശയെപ്പോലെ ആധികാരികതയുള്ള ഒരു പ്രവാചകനായിരിക്കും എന്നും അവർ കരുതി.
വളരെ ഹ്രസ്വമായ ഈ അപഗ്രഥനത്തിൽനിന്ന് ചില ഉൾക്കാഴ്ചകൾ ലഭിക്കുന്നു. യേശുവും ഈശോയും ഒന്നുതന്നെ; ക്രിസ്തുവും മിശിഹായും തമ്മിൽ വ്യത്യാസമില്ല. മൂലഭാഷയുടെ വ്യത്യാസമേയുള്ളൂ. ഒന്ന് മൂലഭാഷയായ ഹീബ്രുവിലെയും മറ്റത് ഗ്രീക്കുവിവർത്തനത്തിലെയും നാമങ്ങളാണ്. യേശു ഒരു വ്യക്തിഗതമായ പേരും ക്രിസ്തു ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പേരുമാണ്. രണ്ടുംകൂടി ചേരുമ്പോൾ രക്ഷകനും രാജാവും എന്ന അർത്ഥം ലഭിക്കുന്നു. ദാവീദിന്റെ ഭൗതികമായ രാജ്യമല്ല, ദൈവരാജ്യമാണ് യേശു സ്ഥാപിച്ചത്.
യേശുക്രിസ്തു എന്നു പറഞ്ഞാലും ഈശോ മിശിഹാ എന്നു പറഞ്ഞാലും വ്യത്യാസമില്ല. പേരിന്റെ അർത്ഥമാണ് പ്രധാനം. മറിയത്തിൽനിന്ന് പിറന്ന്, നസ്രത്തിൽ ജീവിച്ച്, ഗാഗുൽത്തായിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തത് മാനവരക്ഷകനും ദൈവരാജ്യം സ്ഥാപിക്കുന്ന രാജാവുമായ ദൈവപുത്രനാണ്. അവനിലൂടെ മാത്രമാണ് രക്ഷ. അവന്റെ രാജ്യം ഐഹികമല്ല. അവൻ പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ മൂല്യങ്ങളായ സത്യം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി, കരുണ മുതലായവ ജീവിതത്തിൽ പകർത്തിക്കൊണ്ടാണ് അവനെ ക്രിസ്തുവായി ഏറ്റുപറയേണ്ടത്.
റവ.ഡോ.മൈക്കിൾ കാരിമറ്റം
Leave a Comment
Your email address will not be published. Required fields are marked with *