Follow Us On

29

March

2024

Friday

കുതിരക്കുളമ്പടിയുടെ വേഗത്തിലെത്തുന്ന വിശുദ്ധൻ

കുതിരക്കുളമ്പടിയുടെ വേഗത്തിലെത്തുന്ന വിശുദ്ധൻ

ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി മരണംവരെ പോരാടി ജീവനുപേക്ഷിച്ചവരാണ് സഹദേന്മാർ. സഹദേന്മാരിൽ മുമ്പൻ സ്‌തേഫാനോസ് ആണെങ്കിലും കഷ്ടത ഏറ്റം സഹിച്ച സഹദേന്മാരിൽ മുമ്പിൽ ഗീവർഗീസാണ്. സഹായത്തിന് സഹദായെ വിളിക്കുന്നവർ കേൾക്കുന്നത് കുതിരയുടെ കുളമ്പടി ശബ്ദമാണ്. വിളിച്ചാൽ കുതിരയുടെ വേഗത്തിൽ സഹായം ലഭിക്കുമെന്നാണ് വിശ്വാസം. കേരളത്തിൽ മറ്റ് പരിശുദ്ധന്മാരുടെയും ശുദ്ധമതികളുടെയും നാമത്തിലുള്ള ദേവാലയങ്ങൾ ഒന്നിൽ കൂടുതൽ ത്രോണോസുകൾ ഉള്ളടത്ത് മിക്കവാറും ഒന്നു പരിശുദ്ധ സഹദായുടെ നാമത്തിലായിരിക്കും.
പുതുപ്പള്ളി, എടത്വാ, ഇടപ്പള്ളി, ചന്ദനപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെ സഹദായുടെ നാമത്തിലുള്ള ദേവാലയങ്ങളിൽ നടത്തുന്ന പെരുന്നാൾ പ്രാദേശീയ ഉത്സവമാണ്. ഗ്രീക്ക് ഓർത്തഡോക്‌സ് സഭ ഇദ്ദേഹത്തെ വലിയ സഹദായെന്നു വിളിക്കുന്നു. കിഴക്കൻ ഓർത്തഡോക്‌സ് സഭകളുടെ കേന്ദ്രമായ കുസ്തന്തീനോസ് പോളീസിൽ ആറ് ദേവാലയങ്ങൾ ഈ സഹദായുടെ നാമത്തിൽ സ്ഥാപിതമായിട്ടുണ്ട്. ആറാം നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തി അർമീനിയായിലെ ബിസാനിസിൽ സഹദായുടെ നാമത്തിൽ ദേവാലയം നിർമിച്ചു. സിസിയോണിലെ തേയോഡോറസ് എന്ന പരിശുദ്ധൻ തന്റെ ജീവിതകാലത്ത് പ്രാർത്ഥനയ്ക്കായി ഏറെ ചിലവഴിച്ച ധന്യനിമിഷങ്ങൾ സഹദായുടെ നാമത്തിലുള്ള ചാപ്പലിൽ ആയിരുന്നു. ഇരുപതാം വയസിൽ ചക്രവർത്തിയുടെ നിയോഗപ്രകാരം അദ്ദേഹത്തിന്റെ പ്രതിനിധിയായി ഗീവർഗീസ് ഗ്രേറ്റ് ബ്രിട്ടൺ സന്ദർശിച്ചിട്ടുണ്ട്. ഡയോക്ലീഷ്യൻ ചക്രവർത്തി ക്രിസ്ത്യാനികൾക്കെതിരായി തിരിഞ്ഞപ്പോൾ അതിൽ ദുഃഖിതനായ ഗീവർഗീസ് സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ക്രിസ്തുവിനുവേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു.
ജസ്റ്റീനിയൻ ചക്രവർത്തിയുടെ ആദരവുകൾ ഏറ്റുവാങ്ങിയെങ്കിലും ലൗകികമായ എല്ലാം ഉപേക്ഷിച്ചു. യേശുവിനെ അവർക്ക് പരിചയപ്പെടുത്തിയതുമൂലം രാജാവും കുടുംബവും യേശുവിൽ വിശ്വസിക്കുകയും 1400 ആളുകൾ അന്ന് മാമോദീസാ സ്വീകരിച്ച് ക്രിസ്ത്യാനികളാകുകയും ചെയ്തു. ഈ രാജാവ് ഗീവർഗീസിന്റെയും വിശുദ്ധ മാതാവിന്റെയും നാമത്തിൽ രണ്ട് വലിയ ദേവാലയങ്ങൾ നിർമിച്ചു. രോഗശാന്തിയുടെ ഉറവ എന്നറിയപ്പെടുന്ന ഒരു ഉറവ ഈ ദേവാലയത്തിന്റെ ഉള്ളിൽനിന്നും പൊട്ടിപ്പുറപ്പെട്ടു. ആ ഉറവയിലെ ജലം അനേകർക്ക് സൗഖ്യദായകമായി തീർന്നു.
സഹദാ തന്റെ പിതൃനഗരത്തെ അടിസ്ഥാനമാക്കി സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിച്ചു. അങ്ങനെ അർമീനിയൻ ക്രൈസ്തവ സമൂഹത്തിനും തുടക്കമായി. റോമൻ ചക്രവർത്തിയായ ഡയോക്ലീഷ്യൻ ക്രിസ്തുമത വിശ്വാസികൾക്കെതിരായി പീഡനങ്ങൾ അഴിച്ചുവിട്ടു.
യഹൂദന്മാർ നിന്ദിച്ചും തള്ളിപ്പറഞ്ഞും ക്രൂശിൽ തൂക്കിക്കൊന്ന ക്രിസ്തുവിന്റെ അനുയായികളെ പൂർണമായി നശിപ്പിക്കാൻ രാജാവ് ഉത്തരവായി. ഗീവർഗീസ് സഹദായെയും ചക്രവർത്തി അംഗീകരിക്കാതായി. ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള പുതിയ ഉപകരണം തയാറാക്കാൻ ചക്രവർത്തി നിർദേശം നൽകി. അത് ലഭിക്കുന്നതുവരെ തുറങ്കിലടക്കാനും കല്പിച്ചു. മർദനമുറകൾ തുടങ്ങിയെങ്കിലും തെല്ലും ഭയമില്ലാതെ നിൽക്കുന്ന ഗീവർഗീസിന്റെ തേജസുറ്റ മുഖഭാവവും കണ്ടു ഭടന്മാർ അമ്പരന്നു.
വെട്ടി കഷണങ്ങളാക്കി വറക്കുന്നതിനുള്ള വറച്ചട്ടികളും ചൂടുവെള്ളത്തിൽ മുക്കുന്നതിനുള്ള ചെമ്പുപാത്രങ്ങളും നാക്ക് മുറിക്കുന്നതിനുള്ള ആയുധങ്ങളും പല്ലുകൾ പറിക്കുന്നതിനുള്ള കൊടിലുകളും കഴുത്തു കുനിച്ചു നിർത്തുന്നതിനുള്ള കൊളുത്തുകളും തുടലുകളും കൂടാതെ പച്ചമാംസം ചീകി എടുക്കുവാനുള്ള ഇരുമ്പു ചീപ്പുകളും മുപ്പല്ലികളും ആണികളും എല്ലാം നിരനിരന്നു.
എങ്കിലും ഗീവർഗീസ് ക്രിസ്തുവിനെ ഉപേക്ഷിക്കാൻ തയാറായില്ല. ശരീരത്തെ മാത്രമേ നിങ്ങൾക്ക് ഇല്ലാതാക്കുവാൻ സാധിക്കൂ. ശരീരത്തിനുള്ളിൽ കുടികൊള്ളുന്ന ആത്മാവിനെ നശിപ്പിക്കുവാൻ കഴിയുകയില്ലായെന്നു ഗീവർഗീസ് പറഞ്ഞുകൊണ്ടിരുന്നു.
ചുട്ടുപഴുപ്പിച്ച ഇരുമ്പാണികൾ കാലിന്റെ അടിയിൽ അടിച്ചു കയറ്റി പീഡിപ്പിച്ചു. കൂർത്ത ആണികൾ പതിച്ച ഇരുമ്പു ചെരുപ്പുകൾ ഇട്ടു നടക്കാൻ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം സഹദാ കൂടുതൽ തേജോമയനും ഉന്മേഷവാനുമായി കാണപ്പെട്ടു. കാലിന്റെ വേദന ഒപ്പിയെടുക്കാൻ അദൃശ്യരായ മാലാഖമാർ ഓടിയെത്തി. ചാട്ടവാറു ചുഴറ്റി ആഞ്ഞടിച്ചു. ദേഹത്തുനിന്ന് ധാരധാരയായി ചോര ഒലിച്ചു. അപ്പോഴും ദൈവത്തെ സ്തുതിച്ച് സഹദാ യേശുവിന്റെ രൂപം മനസിൽ ദർശിച്ചു. പച്ചമാംസം ചീകുന്ന ഇരുമ്പുചക്രത്തിൽ സഹദായുടെ ശരീരം മുട്ടിയുരുമ്മി, ചീകിത്തുടങ്ങി. രക്തം ഇറ്റിറ്റു വീണുകൊണ്ടിരുന്നു. ദാരുണമായ ഈ അവസ്ഥ കണ്ടു നിന്നവർ മോഹാലസ്യപ്പെട്ട് വീണു, ചിലർ വാവിട്ടു കരഞ്ഞു. എന്നാൽ സഹദായുടെ വേദനകൾ ആരോ ഇല്ലാതാക്കിക്കൊണ്ടിരുന്നു. ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്ന സഹദായുടെ മുൻപിൽ മാലാഖമാർ വന്നുനിന്ന് പനിനീർ തളിക്കുന്നത് സഹദാ മാത്രം കണ്ടു. ഗീവർഗീസിനെ കമഴ്ത്തി കിടത്തി അറപ്പുവാളിന്റെ പല്ലുകളുള്ള വണ്ടി കയറ്റി പത്ത് തുണ്ടമാക്കി അറുത്തുമുറിച്ചു. അഗാധമായ കുഴിയിൽ എറിഞ്ഞു, കുഴിയുടെ വാതിൽ കല്ല് വച്ച് അടച്ചു. പിറ്റേദിവസം മുമ്പിൽ എത്തിയ ഗീവർഗീസിനെ കണ്ട് രാജാവ് അമ്പരന്നു. ഭടന്മാരുടെ തലവനിലൊരുവനായ അന്തോനിയോസും അനുയായികളും അതുവഴി ക്രിസ്തുവിൽ വിശ്വസിച്ചു. ഒരഗ്നികുണ്ഡം ഉണ്ടാക്കി അതിൽ സഹദായെ എറിഞ്ഞു.
മൂന്നു ദിവസം അതിൽ കിടന്നു, മരിച്ചു എന്നു കരുതിയ സഹദാ മൂന്നാം ദിവസം തലമുടി നാരിനുപോലും കേടു സംഭവിക്കാതെ പുറത്തുവന്നു. രാജാവിന്റെ കോപം വർധിച്ചു. വറച്ചട്ടിയിലിട്ടു വറക്കുവാൻ ആജ്ഞാപിച്ചു. അങ്ങനെ ചെയ്തിട്ടും ജീവിച്ചെഴുന്നേറ്റ സഹദായെ കണ്ട രാജാവ് അമ്പരന്നു.
ഒടുവിൽ സഹദാ സ്വർഗത്തിലേക്ക് നോക്കി കുരിശു വരച്ചു. മരണം ആസ്വദിക്കാൻ കഴുത്തു നീട്ടിക്കൊടുത്തു. വെട്ടേറ്റ് വീണ സഹദാ മരണത്തെ പുൽകി.
ബിജോയ്, അബുദാബി

Share:
1 comment

Leave a Comment

Your email address will not be published. Required fields are marked with *

1 Comment

  • Sobin
    May 7, 2016, 1:26 pm

    Is it fantasy or is there any historical evidence? Please provide the links …

    REPLY

Related Posts

Latest Postss

Don’t want to skip an update or a post?