Follow Us On

18

April

2024

Thursday

ഹൈറേഞ്ചിന്റെ പ്രേഷിതന്റെ ഓർമ്മക്ക് അമ്പതാണ്ട്

ഹൈറേഞ്ചിന്റെ പ്രേഷിതന്റെ ഓർമ്മക്ക് അമ്പതാണ്ട്

ഫാ. സേവ്യർ പുൽപ്പറമ്പിൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് അമ്പത് ആണ്ടുകൾ.
കേരളത്തിലുടനീളം സഞ്ചരിച്ച് ധ്യാനത്തിന് പുതിയൊരു വഴി തുറന്ന ഫാ. സേവ്യർ പുൽപ്പറമ്പിൽ ഓർമ്മയായിട്ട് മാർച്ച് അഞ്ചിന് അരനൂറ്റാണ്ട്.
650 ൽ ഏറെ ദൈവാലയങ്ങളിൽ ധ്യാനപ്രസംഗങ്ങൾ നടത്തുകയും ആത്മീയ ഉണർവ് നൽകുന്ന നൂതന കുടുംബനവീകരണ പദ്ധതി അവതരിപ്പിക്കുകയും ചെയ്തതിലൂടെയാണ് അദേഹം ശ്രദ്ധേയനാകുന്നത്.
ധ്യാനത്തിന് വരാതെ കള്ളുഷാപ്പിൽ ഒളിച്ചിരിക്കുന്നവരെ തലയിൽ കറുത്ത തൊപ്പിയും വളകാലൻ വടിയുമായി ചെന്ന് ധ്യാനത്തിന് അച്ചൻ വിളിച്ചുകൊണ്ടുവന്നിട്ടുണ്ട്. കേരളത്തിൽ 12 ലക്ഷം പേരെ കുമ്പസാരിപ്പിച്ചതായി ഡയറിയിൽ കാണുന്നു.
മൂവാറ്റുപുഴ വാഴക്കുളത്ത് പുല്പ്പറമ്പിൽ ഔസേഫ്-ഏലിയാമ്മ ദമ്പതികളുടെ 11 മക്കളിൽ പത്താമനായി ഔസേഫ് എന്ന മാമോദീസാപേരുള്ള ശൗര്യാരച്ചൻ 1888 മാർച്ച് 30-ന് ജനിച്ചു. മുതലക്കോടം, വാഴക്കുളം, മാന്നാനം എന്നീ സ്‌കൂളുകളിൽ സ്‌കൂൾപഠനം. 1909-ൽ സെപ്റ്റംബറിൽ അമ്പഴക്കാട്ട് കൊവേന്തയിൽ സന്യാസപരിശീലനം. ശൗര്യാർ എന്ന സന്യാസനാമം സ്വീകരിച്ച് 1919 ഡിസംബർ 22-ന് മാന്നാനം ആശ്രമദൈവാലയത്തിൽ വൈദികപട്ടം സ്വീകരിച്ചു. പിന്നീട് തേവര, മുത്തോലി, വാഴക്കുളം, ആലുവ, മണപ്പുറം, ചെത്തിപ്പുഴ, എൽത്തുരുത്ത്, കുര്യനാട് എന്നീ കൊവേന്തകളിൽ താമസിച്ചാണ് ധ്യാനത്തിനായി പോയിരുന്നത്.
1920-ൽ രാമപുരം ദൈവാലയത്തിൽ ആരംഭിച്ച ധ്യാനപ്രസംഗശുശ്രൂഷ 40 വർഷം തുടർന്നു. വിനീതവും ലളിതവുമായിരുന്നു ജീവിതം. വിലയേറിയ സാധനങ്ങളോ ആഡംബരവസ്തുക്കളോ അദ്ദേഹത്തിനില്ലായിരുന്നു. സ്വയം പീഡനത്തിനുള്ള ചമ്മട്ടി, മുള്ളരഞ്ഞാണം, മരണനേരത്ത് ചൊല്ലുവാനുള്ള സുകൃതജപം എന്നിവയായിരുന്നു ആകെയുള്ള സമ്പാദ്യങ്ങൾ.
1952-ൽ പൂഞ്ഞാർ ആശ്രമത്തിലേക്ക് സ്ഥലംമാറ്റം കിട്ടി. ഹൈറേഞ്ചിലേക്ക് കൃഷിക്കുവേണ്ടി കുടിയേറിയ കുടുംബങ്ങളുടെ ആത്മീയ കാര്യങ്ങൾ നോക്കുവാൻ ആരും ഇല്ലായിരുന്ന അവസ്ഥയിൽ ചങ്ങനാശേരി മെത്രാനായിരുന്ന മാർ മാത്യു കാവുകാട്ട് തിരുമേനിയുടെ നിർദേശപ്രകാരം 1952 ജൂൺ ഒന്നിന് ഹൈറേഞ്ചിൽ വണ്ടൻമേട്ടിൽ ഉണ്ടായിരുന്ന സെന്റ് ആന്റണീസ് ദൈവാലയ വികാരിയായി ചാർജ് എടുത്തു. ഒരു ഓലഷെഡ് മാത്രമാണ് അന്ന് അവിടെ ഉണ്ടായിരുന്നത്. അഞ്ചുവർഷം ആ ഇടവകയിൽ വികാരിയായി ഇരുന്ന് ഒരു എൽ.പി സ്‌കൂളും ആരാധനാമഠവും അച്ചൻ സ്ഥാപിച്ചു. ഈ കാലയളവിൽ അവിടെ നിന്നുകൊണ്ട് കുടിയേറ്റ പ്രദേശങ്ങളായ മ്ലാമല, നെറ്റിത്തൊഴു, അണക്കര, ചേമ്പാളം, ആനവിലാസം, നസ്രാണിപുരം, കീരിക്കര, മുണ്ടിയെരുമ, നെടുംകണ്ടം, കൊച്ചറ എന്നീ സ്ഥലങ്ങളിൽ അഞ്ചും പത്തും പതിനഞ്ചും കിലോമീറ്ററുകൾ വനാന്തരങ്ങളിലൂടെ കാൽനടയായി യാത്ര ചെയ്ത് ക്രൈസ്തവ കുടുംബങ്ങളെ ഒരുമിച്ച് ചേർത്ത് അവരുടെ ഭവനങ്ങളിലും കടത്തിണ്ണകളിലും താമസിച്ച് വിശുദ്ധ കുർബാന ചൊല്ലുമായിരുന്നു. പഴയ കാഷായവസ്ത്രവും ധരിച്ച് വളകാലൻ വടിയും കുത്തിപ്പിടിച്ച് വിശുദ്ധ കുർബാനയർപ്പിക്കുവാൻ ആവശ്യമായ പൂജ്യവസ്തുക്കൾ കരുതിവച്ചിട്ടുള്ള തുണിസഞ്ചിയുമായിരുന്നു ആകെയുള്ളത്. പലപ്പോഴും ഒരു ദിവസം രണ്ട് ദൈവാലയങ്ങളിൽ വിശുദ്ധ കുർബാനയും മറ്റ് ശുശ്രൂഷകളും നടത്തിയിട്ടുണ്ട്.
ആത്മാക്കളെ നേടുവാനുള്ള തീക്ഷ്ണതയോടെ രോഗങ്ങളും ക്ഷീണവും വകവയ്ക്കാതെ വിശുദ്ധ പൗലോസ് ശ്ലീഹായുടെയും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും തീക്ഷ്ണതയോടെ ശൗര്യാരച്ചൻ ഹൈറേഞ്ചിലെ മലപ്രദേശത്തുകൂടി ഓടിനടന്നു. ഹൈറേഞ്ചിൽ ശൗര്യാരച്ചൻ കയറാത്ത കുന്നുകളും വീഴാത്ത കുഴികളുമില്ലായെന്ന് മാർ മാത്യു കാവുക്കാട്ട് തിരുമേനി പ്രസംഗമധ്യേ ഒരിക്കൽ സൂചിപ്പിച്ചു.
11 ദൈവാലയങ്ങളും രണ്ട് സന്യാസിനി ഭവനങ്ങളും മൂന്ന് സ്‌കൂളുകളും ആ പുണ്യസ്മരണ ഇന്നും നിലനിർത്തുന്നു. പുല്ലുകൊണ്ടും ഓടുകൊണ്ടും അദ്ദേഹവും ചെറിയ ഇടവകസമൂഹവുംകൂടി നിർമിച്ച ഷെഡുകളാണ് മനോഹരങ്ങളായ ദൈവാലയങ്ങളും ഫൊറോന ദൈവാലയങ്ങളുമായി ഇന്ന് മാറിയിരിക്കുന്നത്. അന്ന് അച്ചൻ ദാഹിച്ച്, ഭക്ഷണം ചോദിച്ച് കയറിച്ചെന്ന് വിശപ്പടക്കി അന്തിയുറങ്ങിയ ഭവനങ്ങളും മുഷിഞ്ഞു നാറുന്ന കാഷായവസ്ത്രം കഴുകി ഉണങ്ങുവാൻ ഉടുതുണി ചോദിച്ചുവാങ്ങിയ ഭവനങ്ങളും ഇപ്പോൾ ദൈവാനുഗ്രഹത്താൽ സാമ്പത്തികമായി ഉയർന്നുപൊങ്ങി. വീടിന്റെ വരാന്തകളിലും പുല്ലുമാടങ്ങളിലും ബലിയർപ്പിച്ചുകൊണ്ടാണ് ക്രിസ്തുവിന്റെ ശരീരം പങ്കിട്ടു നൽകി അവരെ വളർത്തിയത്. അദ്ദേഹം വലിയ ദൈവാലയങ്ങൾ നിർമ്മിച്ചില്ല. യാചിച്ചു കിട്ടിയ സ്ഥലത്ത് ഷെ ഡുകൾ കെട്ടി കുർബാന ചൊല്ലി ദൈവാലയങ്ങൾ സ്ഥാപിച്ചു. അതെ ഷെഡുകളിൽ ചാക്കിൽ പുല്ല് നിറച്ച പൂമെത്ത ഉണ്ടാക്കി മരംകോച്ചുന്ന തണുപ്പിൽ ചാക്ക് പുതച്ച് കിടന്നുറങ്ങി, അവരിൽ ഒരുവനായി സുഖദുഃഖങ്ങളിൽ പങ്കുചേർന്ന് സുന്ദരവും ലളിതമനോഹരവുമായ ജീവിതം നയിച്ചാണ് ആ കർമയോഗി നടന്നത്.
1952 ജൂൺ ഒന്നിന് വണ്ടൻമേട്ടിൽ ആരംഭിച്ച തന്റെ പ്രേഷിതദൗത്യം അഞ്ചുവർഷവും ഒരുമാസവും പൂർത്തിയാക്കി 1957 ജൂലൈ എട്ടിന് ഹൈറേഞ്ചിന്റെ മക്കളോട് യാത്ര പറഞ്ഞ് അദ്ദേഹം വാഴക്കുളം കർമലീത്ത ആശ്രമത്തിലേക്ക് സ്ഥലം മാറിപ്പോയി. വാർധക്യവും രോഗവും നിമിത്തം ക്ഷീണിതനായിരുന്നു എങ്കിലും 1957 സെപ്റ്റംബറിൽ കോതമംഗലം രൂപതയുടെ നടവക്കാട് ദൈവാലയ വികാരിയായി അദ്ദേഹം നിയമിതനായി. ദീർഘനാളായി പ്രശ്‌നസങ്കീർണമായി കിടന്ന നടവക്കാട് ഇടവകയിലെ ജീവിതവും പ്രവർത്തനങ്ങളും അപകടം പിടിച്ചതായിരുന്നു. സെമിത്തേരി പ്രശ്‌നവുമായി ബന്ധപ്പെട്ട് ദൈവാലയവുമായി തർക്കത്തിലും കേസിലും നിൽക്കുന്ന വ്യക്തിയുടെ ഭവനത്തിൽ പല പ്രാവശ്യം പോകുകയും ക്രിസ്തീയ ശാന്തതയോടും നീതിബോധത്തോടുംകൂടി സംസാരിക്കുകയും ചെയ്ത് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു.
1960-ലും 1966-ലും വീണ്ടും രണ്ടുപ്രാവശ്യംകൂടി വാർധക്യവും രോഗവും ക്ഷീണവും വകവയ്ക്കാതെ അദ്ദേഹം ഹൈറേഞ്ചിലെ തന്റെ മക്കളെ കാണുവാൻ പോയി. താൻ സ്ഥാപിച്ച എല്ലാ ദൈവാലയങ്ങളുടെയും ദൈവജനത്തിന്റെയും ആത്മീയവും ഭൗതികവുമായ നേട്ടങ്ങളും വളർച്ചയും കണ്ട് ആത്മസംതൃപ്തിയോടെ മടങ്ങിപ്പോരുകയും ചെയ്തു. വാഴക്കുളം ആശ്രമദൈവാലയത്തിലെ വിശ്രമ ജീവിതത്തിൽ 1967 മാർച്ച് അഞ്ചിന് ഞായറാഴ്ച രാവിലെ 9.30-ന് ആശ്രമത്തിലെ ആൽവരസ് അച്ചനിൽനിന്ന് അന്ത്യകൂദാശകൾ സ്വീകരിച്ച് ആ പുണ്യത്മാവ് നിത്യസമ്മാനത്തിന് യാത്രയാക്കി.
പിറ്റേന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോതമംഗലം മെത്രാനായിരുന്ന മാർ മാത്യു പോത്തനാമൂഴിയുടെ മുഖ്യകാർമികത്വത്തിൽ വാഴക്കുളം ആശ്രമദൈവാലയത്തിന്റെ കല്ലറയിൽ അദ്ദേഹത്തെ സംസ്‌കരിച്ചു. ശൗര്യാരച്ചന്റെ പത്താം ചരമവാർഷികത്തിന് 1977 മാർച്ച് അഞ്ചിന് അദ്ദേഹത്തിന്റെ കല്ലറയിൽനിന്നെടുത്ത ഏതാനും ശരീരഭാഗങ്ങൾ ഒരു പേടകത്തിൽ അടക്കം ചെയ്ത് ആശ്രമദൈവാലയത്തിന്റെ ആനവാതിലിന്റെ വലത്തുവശത്ത് സൈഡിലുള്ള ഭിത്തിയിൽ സ്ഥാപിച്ച് അവിടെ സ്മാരകഫലകം ഉറപ്പിക്കുകയുണ്ടായി.
കുടുംബാംഗങ്ങളും മറ്റുപല ഭക്തജനങ്ങളും ആ സ്മാരക ശിലാഫലകത്തിന്റെ അടുക്കൽ വന്ന് പ്രത്യേക നിയോഗങ്ങളുമായി തിരികൾ കത്തിച്ച് പ്രാർത്ഥിച്ചുപോകുന്നുണ്ട്. ഹൈറേഞ്ചിലെ 11 ദൈവാലയങ്ങളിലും പള്ളിമേടകളിൽ ശൗര്യാരച്ചന്റെ ഫോട്ടോകൾ സ്ഥാപിക്കുകയുണ്ടായി. എല്ലാ വർഷവും അദ്ദേഹത്തിന്റെ ചരമദിനത്തിൽ ഈ ഇടവകയിൽ അദ്ദേഹത്തിന്റെ ഓർമയാചരിച്ചുകൊണ്ടുള്ള കുർബാന ചൊല്ലുന്നുണ്ട്.
2013 നവംബർ പത്തിന് അണക്കര സെന്റ് തോമസ് ഫൊറോന ദൈവാലയത്തിൽ ശൗര്യാരച്ചൻ സ്ഥാപിച്ച 11 ദൈവാലയങ്ങളിലെ ഇടവകസമൂഹം ഒരുമിച്ചുകൂടി അച്ചന്റെ 125-ാം ജന്മദിനദിനാഘോഷവും ഹൈറേഞ്ച് പ്രവേശനത്തിന്റെ 62-ാം വാർഷികവും നടത്തിയിരുന്നു. ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിയിലും അനുസ്മരണ സമ്മേളനത്തിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പ്രേഷിതപ്രവർത്തനങ്ങൾക്കിടയിൽ എടമന കുടുംബത്തിന്റെ തായ്‌വേരുകൾ കണ്ടെത്തി ശാഖോപശാഖകളായി ചിതറിക്കിടന്ന കുടുംബാംഗങ്ങളെ ഒരുമിച്ച് ചേർക്കുവാനും എടമന കുരിശും എടമന കുടുംബവും എന്ന പേരിൽ കുടുംബചരിത്രം എഴുതുവാനും 1966-ൽ എടമനകളത്തി കുടുംബയോഗം സ്ഥാപിക്കുവാനും അദ്ദേഹം നേതൃത്വം നൽകി. തന്റെ ഓട്ടം പൂർത്തിയാക്കി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് 2017 മാർച്ച് അഞ്ചിന് അമ്പത് ആണ്ടുകൾ തികയുകയാണ്. ആ പാവനാത്മാവിന്റെ മരിക്കാത്ത ഓർമകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവേർപാടിന്റെ അമ്പതാണ്ടുകൾ പിന്നിട്ടിട്ടും ഹൈറേഞ്ചിന്റെ മക്കളുടെ ആത്മീയ പ്രകാശമായി, മാർഗദീപമായി ശൗര്യാരച്ചൻ ഇന്നും ജീവിക്കുന്നു.
വിനോദ് ജോസഫ്, മഠത്തിൽ
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?