Follow Us On

04

June

2023

Sunday

റോമിലെ ആംഗ്ലിക്കൻ ദൈവാലയത്തിൽ മാർപാപ്പ

റോമിലെ ആംഗ്ലിക്കൻ ദൈവാലയത്തിൽ മാർപാപ്പ

വത്തിക്കാൻ സിറ്റി: ചരിത്രത്തിലാദ്യമായി റോമിലെ ആംഗ്ലിക്കൻ ദൈവാലയത്തിൽ കത്തോലിക്ക സഭയുടെ തലവൻ കാലുകുത്തി. സകല വിശുദ്ധരുടെയും നാമത്തിലുള്ള ആംഗ്ലിക്കൻ ദൈവാലയത്തിലാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തിയത്. റോമിൽ ആംഗ്ലിക്കൻ ഇടവകസമൂഹം ആരംഭിച്ചതിന്റെ 200ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പാപ്പയുടെ സന്ദർശനം.
എളിമയാണ് ഐക്യത്തിലേക്കുള്ള ആദ്യപടിയെന്ന് കത്തോലിക്കരും ആംഗ്ലിക്കൻ വിശ്വാസികളുമടങ്ങുന്ന സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. എളിമയെന്നത് മനോഹരമായ പുണ്യം മാത്രമല്ല വ്യക്തിത്വത്തിന്റെ ഭാഗം കൂടിയാണെന്ന് പാപ്പ വിശദീകരിച്ചു. കോറീന്തോസിലെ സഭയിൽ സുവിശേഷം പ്രചരിപ്പിക്കുന്ന അവസരത്തിൽ പലപ്പോഴും പൗലോസ് ശ്ലീഹായ്ക്ക് പ്രതിസന്ധികൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ സ്വയം ശുശ്രൂഷകനായി കണ്ടുകൊണ്ട് എളിമയുടെ മാർഗത്തിലൂടെ ചരിക്കുവാൻ ശ്ലീഹായ്ക്ക് സാധിച്ചു. തനിക്ക് ലഭിച്ച അതേ കരുണ പകർന്നുനൽകിക്കൊണ്ടാണ് അദ്ദേഹം സുവിശേഷം പ്രസംഗിച്ചത്. ഒരു ഭിക്ഷാടകനെ പോലെ കരുണയ്ക്കുവേണ്ടി ദൈവത്തിൽ അഭയം പ്രാപിക്കുമ്പോഴാണ് ദൈവം നമ്മിൽ പ്രവ ർത്തിച്ചു തുടങ്ങുന്നത്.
ഒരു ഭിക്ഷാടകൻ വേറൊരു ഭിക്ഷാടകനോട് എവിടെ ഭക്ഷണം കണ്ടെത്താനാവുമെന്ന് പറഞ്ഞു കൊടുക്കുന്നതാണ് സുവിശേഷപ്രഘോഷണമെന്ന് മുൻ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പ തുടർന്നു. പൗലോസ് ശ്ലീഹ ഈ നിർവചനം അംഗീകരിക്കുമെന്നാണ് തോന്നുന്നത്. കരുണയാണ് വിശുദ്ധ പൗലോസിന് ലഭിച്ച ഭക്ഷണം. യേശുവിന്റെ സ്‌നേഹം അനുഭവിക്കുക, തിരികെ സ്‌നേഹിക്കുക എന്ന ഭക്ഷണം മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നതിന് ശ്ലീഹ പ്രാധാന്യം നൽകി;പാപ്പ വ്യക്തമാക്കി.സകല വിശുദ്ധരുടെയും നാമത്തിലുള്ള റോമിലെ കത്തോലിക്ക ഇടവകയായ ഒഗ്നിസാന്തിയും ആംഗ്ലിക്കൻ ഇടവകയും തമ്മിൽ പ്രതീകാത്മകമായി കൂട്ടിയോജിപ്പിച്ചതിലൂടെ മറ്റൊരു എക്യുമെനിക്കൽ നാഴികക്കല്ലിനും മാർപാപ്പയുടെ സന്ദർശനം വേദിയായി.
റോമിൽ ആംഗ്ലിക്കൻ ഇടവക ആരംഭിച്ചതിന് ശേഷം പിന്നിട്ട 200 വർഷങ്ങളിൽ ആംഗ്ലിക്കൻ സഭയും കത്തോലിക്ക സഭയും തമ്മിലുള്ള ബന്ധത്തിൽ വന്ന മാറ്റങ്ങളെ പാപ്പ ശ്ലാഘിച്ചു. പണ്ട് ശത്രുതയോടെയും സംശയത്തോടെയും പരസ്പരം നോക്കിക്കണ്ടിരുന്ന സഭകൾ ഇന്ന് യഥാർത്ഥത്തിലുള്ള തങ്ങളുടെ ബന്ധം അംഗീകരിച്ചിരിക്കുന്നു – മാമ്മോദീസായിലൂടെ ലഭിച്ച ക്രിസ്തുവിലുള്ള സാഹോദര്യബന്ധമാണത്.; പാപ്പ വിശദീകരിച്ചു. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാൻ തുടങ്ങുമ്പോഴാണ് ഐക്യം ദൃഢമാകുന്നത്. ഉപവിയുടെ യോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ മുഖം നമ്മുടെ നഗരത്തിൽ പ്രകാശിപ്പിക്കാനാകും.
പൂർണമായ ഐക്യത്തിലേക്കുള്ള പാത വേഗത കുറഞ്ഞതും അനിശ്ചിതത്വം നിറഞ്ഞതുമാണ്. ദൈവശാസ്ത്രപരമായ സംവാദങ്ങൾ ലബോറട്ടറിയിൽ നടത്താൻ സാധിക്കുകയില്ലെന്നും അത് ഒരു യാത്രയാണെന്നും മാർപാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?