Follow Us On

22

February

2024

Thursday

സന്ദേശം, ആശംസ, അഭിസംബോധന: മുഴങ്ങിയത് പേപ്പൽ  മുന്നറിപ്പുകൾ!

സന്ദേശം, ആശംസ, അഭിസംബോധന: മുഴങ്ങിയത് പേപ്പൽ  മുന്നറിപ്പുകൾ!
വത്തിക്കാൻ സിറ്റി: വലിയനോമ്പിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സന്ദേശം, കാലിഫോർണിയയിൽ സമ്മേളിച്ച ജനകീയ പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് അയച്ച ആശംസ, ഇക്കോണമി ഓഫ് കമ്മ്യൂണിയൻ പ്രൊജക്ട്’ അംഗങ്ങൾക്കുള്ള അഭിസംബോധന… ദിനങ്ങളുടെ ഇടവേളകൾക്കുള്ളിൽ ഫ്രാൻസിസ് പാപ്പ നൽകിയ ഈ മൂന്ന് സന്ദേശങ്ങൾക്കും ഒരു ജാഗ്രതാനിർദേശത്തിന്റെ സ്വഭാവമായിരുന്നു.
പ്രധാനമായും ഒരൊറ്റ കാര്യത്തിലാണ് സന്ദേശങ്ങൾ ഊന്നിയത്: ധനാസക്തി അപകടകരമാണ്, അതിനെതിര ജാഗ്രത പുലർത്തണം! ധനാസക്തിയെ നേരിടണമെന്നു മാത്രമല്ല, വിഭവങ്ങളുടെ സന്തുലിതമായ വിതരണമില്ലായ്മയ്‌ക്കെതിരെ ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്നുമുണ്ട് പാപ്പ.
ദാരിദ്ര്യത്തിനെതിരെയുള്ള മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന ‘ഫോക്കലോറി’ന്റെ കീഴിലുള്ള ‘ഇക്കോണമി ഓഫ് കമ്മ്യൂണിയൻ പ്രൊജക്ട്’ അംഗങ്ങളായെത്തിയ ബിസിനസ് സംരംഭകരെ അഭിസംബോധന ചെയ്യവേയായിരുന്നു പാപ്പയുടെ ആദ്യത്തെ ജാഗ്രതാ നിർദേശം. ദൈവവചനത്തിന് അനുസൃതമായി സാമൂഹ്യ, സാമ്പത്തിക സമ്പ്രദായത്തിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും 49 രാജ്യങ്ങളിൽനിന്നും സമ്മിറ്റിൽ പങ്കെടുത്ത 1100 ബിസിനസ് സംരംഭകരെ പാപ്പ ഓർമിപ്പിച്ചു. ലാഭംമാത്രം ലക്ഷ്യംവെക്കുന്ന ബിസിനസ് വിഗ്രഹാരാധനയാണെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച പാപ്പയുടെ പ്രസംഗം ഇപ്രകാരം സംഗ്രഹിക്കാം:
‘ആദ്യമായി ഒരു ബിസിനസുകാരൻ നൽകാൻ തയാറാകേണ്ടത് തന്നെ തന്നെയാണ്. നിങ്ങളുടെ പണം പ്രധാനപ്പെട്ടതാണെങ്കിലും അതിന് വളരെ കുറച്ചുമാത്രമെ പ്രസക്തിയുള്ളൂ. വ്യക്തി എന്ന നിലയിലുള്ള സമർപ്പണമില്ലെങ്കിൽ സമ്പത്ത് രക്ഷിക്കില്ല. ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ദരിദ്രരായവർക്ക് ഏറ്റവും ആവശ്യം പരിഗണനയും സാഹോദര്യവുമാണ്. അതിന്‌ശേഷമേ പണത്തിന് സ്ഥാനമുള്ളു. പണത്തെ വിഗ്രഹമാക്കാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം അത് മറ്റുള്ളവരുമായി പങ്കുവെക്കുക എന്നതാണ്. ഉപ്പും പുളിമാവുമായിക്കൊണ്ട് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുക. അത് എളുപ്പമല്ല. എന്നാൽ കൂട്ടായ്മയിലൂടെ ഒരേ സമയം പങ്കുവെക്കലും വർധനവും സാധ്യമാണ്.’
ലൂക്കായുടെ സുവിശേഷത്തിലെ ധനവാന്റെയും ലാസറിന്റേയും ഉപമക്കാണ് പ്രാധാന്യം നൽകി, വലിയ നോമ്പിന് മുന്നോടിയായി പുറത്തിറക്കിയ സന്ദേശത്തിലാണ് പാപ്പയുടെ രണ്ടാമത്തെ ജാഗ്രതാനിർദേശം. ധനമോഹമാണ് എല്ലാവിധ തിന്മകളുടെയും മൂലകാരണമെന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്  പാപ്പ ഓർമിപ്പിക്കുന്നു: ‘സമ്പത്തും പ്രതാപവും ദൈവത്തിന്റെ വചനങ്ങളെ അവഗണിക്കാൻ പ്രേരിപ്പിക്കും.’
ഇക്കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ സമാപിച്ച ജനകീയ പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയിലായിരുന്നു മൂന്നാമത്തെ ജാഗ്രതാനിർദേശം: ‘പണത്തെ ദൈവമാക്കി കേന്ദ്രസ്ഥാനത്തു പ്രതിഷ്~ിക്കുന്ന ഒരു സമ്പദ്ഘടന നിഷ്ടൂരമാംവിധം സമൂഹത്തെ മുറിവേൽപ്പിക്കുന്നു. ഏതാനും കുറച്ചുപേർക്കുമാത്രം സുസ്ഥിതി ഉറപ്പുനൽകുന്ന അദൃശ്യ ധനസ്വേച്ഛാധിപത്യത്തെ താങ്ങിനിറുത്തുന്നത് മാനവകുടുംബത്തിന് വലിയ സഹനങ്ങളേകുകയും മനുഷ്യവ്യക്തിയുടെ ഔന്നത്യത്തെയും പൊതുഭവനത്തെയും ആക്രമിക്കുകയും ചെയ്യുന്നുണ്ട്. സമയം പാഴാക്കാതെ അതിനെതിരെ പ്രവർത്തിക്കേണ്ടത് ഗൗരവമേറിയ ഉത്തരവാദിത്വമാണ്.’
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?