Follow Us On

18

April

2024

Thursday

കുരിശിലെ ഏഴുമൊഴികൾ

കുരിശിലെ ഏഴുമൊഴികൾ

ദൈവകൃപ ലഭിക്കണമെന്നാഗ്രഹിക്കുന്ന നമുക്ക്, ക്രൂശിതനായ ഈശോയുടെ തിരുസന്നിധിയിൽ നിന്ന് അവിടുത്തെ തിരുമൊഴികൾ ഈ നോമ്പുകാലത്ത് ശ്രവിക്കാം.
ഒന്നാം തിരുമൊഴി
”പിതാവേ, അവരോടു ക്ഷമിക്കേണമേ: അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ 23:34).
വി.യോഹന്നാൻ എഴുതിയ സുവിശേഷം ആ റാം അധ്യായം 63-ാം തിരുവചനത്തിൽ യേശു ഇപ്രകാരം പറയുന്നു. ”ആത്മാവാണ് ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്.”
ലോകമെങ്ങുമുള്ള സകല മനുഷ്യർക്കും വേണ്ടിയുള്ള പാപപരിഹാര ബലിയായിട്ടാണ് യേശുനാഥൻ കുരിശാരോഹണം ചെയ്തത്. ഈ ഔന്നത്യ രക്തപൂജ നിറവേറ്റാനായി ഉന്നതപീഠമാകുന്ന കുരിശിനെ ചുംബിച്ചുകൊണ്ടും പിതാവിന് സ്‌തോത്രം ചെയ്തുകൊണ്ടും തലയോടിടം എന്ന സ്ഥലത്ത് അവിടുന്ന് എത്തിച്ചേർന്നു. വി.ലൂക്കാ എഴുതിയ സുവിശേഷത്തിൽ 23-ാം അധ്യായം 33, 34 തിരുവചനങ്ങൾ നമുക്ക് അനുസ്മരിക്കാം. തലയോടിടം എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു: ആ കുറ്റവാളികളിൽ- ഒരുവനെ അവന്റെ വലതുവശത്തും ഇതരനെ ഇടതുവശത്തും ക്രൂശിച്ചു.
ദുഷ്പ്രവൃത്തിക്കാരോടൊപ്പം അവർ അവിടുത്തെ ക്രൂശിച്ചു. ഈ അവസരത്തിൽ അവിടുന്ന് പിതാവിനോട് പ്രാർത്ഥിക്കുന്നതാണ്. ഒന്നാം തിരുമൊഴി: ”പിതാവേ അവരോട് ക്ഷമിക്കേണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല.”
രണ്ടാം തിരുമൊഴി
”സത്യമായി ഞാൻ നിന്നോടു പറയുന്നു. നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്കാ 23:43).
അവിടുത്തെ ക്രൂശിച്ച കുരിശിന്റെ മുകൾ ഭാഗത്തായി ”ഇതാ യഹൂദരുടെ രാജാവ്” എന്നൊരു ലിഖിതം ഉണ്ടായിരുന്നു. അവിടുത്തെ ഇടത്തും വലത്തുമായി രണ്ടു കുരിശുകളിലായി രണ്ടു കുറ്റവാളികളെയും കൂടി ക്രൂശിച്ചിരുന്നു. അവർ ദീസ്മാസും-ജസ്മാസും ആയിരുന്നു. ക്രൂശിൽ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിൽ ഒരുവൻ അവിടുത്തെ ദുഷിച്ചുപറഞ്ഞു. ”നീ ക്രിസ്തുവല്ലേ, നിന്നെയും ഞങ്ങളെയും രക്ഷിക്കുക.” വലതുവശത്തായിരുന്നവൻ അവനെ ശകാരിച്ചു പറഞ്ഞു. ”നീ ദൈവത്തെ ഭയപ്പെടുന്നില്ലേ?” നമ്മുടെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം നമുക്ക് ലഭിച്ചിരിക്കുന്നു എന്ന് അനുതപിച്ചുകൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു. ”യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ.” ഈ അവസരത്തിലാണ് രണ്ടാം തിരുമൊഴിയായി യേശു അരുൾ ചെയ്തത്.
സത്യമായി ഞാൻ നിന്നോടു പറയുന്നു.
”നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും.”
ഒരു പാപിയുടെ മരണമല്ല അവിടുന്നാഗ്രഹിക്കുന്നത്. പ്രത്യുത, അവന്റെ മാനസാന്തരമാണ്. നമ്മുടെ നാഥന്റെ ക്ഷമിക്കുന്ന സ്‌നേഹം പൂർണ്ണമായും പ്രകടമാക്കുന്ന അനർഘമായ നിമിഷങ്ങളായിരുന്നു അത്.
”അവൻ പാപികളോടുകൂടി എണ്ണപ്പെടും” എന്ന ഏശയ്യാ പ്രവാചകൻ 53-ാം അധ്യായം പന്ത്രണ്ടാം തിരുവചനം മിശിഹാ വഴി ഇവിടെ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു.
മൂന്നാം തിരുമൊഴി
”സ്ത്രീയേ, ഇതാ നിന്റെ മകൻ എന്ന് അമ്മയോടും, ഇതാ നിന്റെ അമ്മ എന്ന് യോഹന്നാനോടും അവിടുന്ന് അരുൾ ചെയ്തു” (യോഹ.19:26-27).
കർത്താവിന്റെ കാൽവരി യാത്രയുടെ സമയത്ത്. അവിടുത്തെ നിന്ദിക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും അവിടുത്തെ തുന്നൽ കൂടാതെ നെയ്യപ്പെട്ടിരുന്ന തിരുവസ്ത്രത്തിനുവേണ്ടി ചിട്ടിയിട്ടവരുടെയും മുറവിളികൾ ഉയർന്നുകൊണ്ടിരുന്നു. എന്നാൽ അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചപ്പോൾ ഉണ്ടായിരുന്ന ജനക്കൂട്ടമോ, അവിടുന്ന് കാഴ്ച നൽകിയ കുരുടരോ, അവിടുന്ന് സുഖപ്പെടുത്തിയ ചെകിടരോ, അവിടുന്ന് കുഷ്ഠരോഗത്തിൽ നിന്നും മോചനം നൽകിയവരോ, ആരും തന്നെ യേശുവിനെ കുരിശുയാത്രയിൽ അനുധാവനം ചെയ്തില്ല.
അവിടുത്തെ മാതാവും അവളുടെ സഹോദരിയും ക്ലോപ്പോസിന്റെ ഭാര്യ മറിയവും മഗ്ദലേന മറിയവും അവിടുന്ന് സ്‌നേഹിച്ചി രുന്ന ശിഷ്യൻ യോഹന്നാനും മാത്രമായിരുന്നു യേശുവിന്റെ കാൽവരിയാത്രയിൽ അനുധാവനം ചെയ്തത്.
നമുക്ക് ഒന്ന് ഓർമ്മിക്കാം: വി.ലൂക്കായുടെ സുവിശേഷത്തിൽ രണ്ടാം അധ്യായം 28 മുതൽ 35 വരെയുള്ള തിരുവചനങ്ങളിൽ, ഉണ്ണീശോയേ, മാതാവ് നാൽപതാം ദിവസം ദേവാലയത്തിൽവച്ച് ശിമയോൻ എന്ന ദീർഘദർശിയുടെ കരങ്ങളാൽ ദൈവത്തിന് സമർപ്പിക്കുമ്പോൾ, ശിമയോൻ ശിശുവിനെ കൈയിലെടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: ”കർത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്‌ക്കേണമേ! എന്തെന്നാൽ സകല ജനതകൾക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു. അത് വിജാതീയർക്ക് വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്. അവനെക്കുറിച്ച് പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: അവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവും ആയിരിക്കും. അങ്ങനെ അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും.”
ഇവിടെ ദൈവത്തിന്റെ അമ്മയെ സ്ത്രീ എന്നു വിളിക്കുന്നത് ബഹുമാനം ഇല്ലാത്ത ഒരു സംബോധനയായി നമുക്ക് തോന്നിയേക്കാം. എന്നാൽ അക്കാലങ്ങളിൽ പാലസ്തീനായിൽ മഹാരാജ്ഞിമാരെപ്പോലും സ്ത്രീയെന്ന് അഭിസംബോധന ചെയ്തിരുന്നു. ഉൽപത്തി പുസ്തകത്തിൽ മൂന്നാം അധ്യായത്തിൽ 15 മുതലുള്ളവാക്യങ്ങളിൽ ദൈവമായ കർത്താവ് ഹവ്വയെ സ്ത്രീ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. സുവിശേഷങ്ങളിൽ പലയിടത്തും സ്ത്രീ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. കാനായിലെ കല്യാണവിരുന്നിൽ വീഞ്ഞ് തീർന്ന വിവരം മാതാവ് ഈശോയേ അറിയിക്കുമ്പോൾ സ്ത്രീയേ, എനിക്കും നിനക്കും എന്ത്? (യോഹ.2:4) എന്ന് ഈശോ ചോദിക്കുന്നുണ്ട്. വീണ്ടും യോഹ.4:21-ൽ സമരിയാക്കാരി സ്ത്രീയോടു പറയുന്നു. ”സ്ത്രീയേ, എന്നെ വിശ്വസിക്കുക.” കൂടാതെ യോഹ.20:15-ൽ മഗ്ദലേനമറിയത്തോട് ഈശോ ചോദിക്കുന്നു. ”സ്ത്രീയേ എന്തിനാണ് നീ കരയുന്നത്” എന്ന്. ആയതിനാൽ സ്ത്രീ എന്ന പദം മഹനീയായ ഒരു അഭിസംബോധനാവാക്യമാണെന്നതിൽ മറ്റ് അഭിപ്രായത്തിന് വകയില്ല. അമ്മയിലൂടെ നമുക്ക് നമ്മുടെ യേശുവിലേക്ക് എത്തിച്ചേരാം.
നാലാം തിരുമൊഴി
‘ഏലോയ്, ഏലോയ്, ലാമാ സബക്ക്ത്താനീ.” അതായത് എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട് (മർക്കോ.15:34).
വി.മർക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം 33-ാം തിരുവചനത്തിൽ ഇപ്രകാരം പറയുന്നു. ”ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർ വരെ ഭൂമി മുഴുവൻ അന്ധകാരം വ്യാപിച്ചു.” ആറാം മണിക്കൂർ എന്നു പറയുന്നത് ഉച്ചയ്ക്ക് 12 മണിയായിരിക്കണം. അപ്പോൾ ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർ വരെയെന്നു പറയുമ്പോൾ 12 മണി മുതൽ മൂന്നുമണി വരെയുള്ള സമയമാണ് യേശുനാഥന്റെ അന്തിമരംഗങ്ങൾ നടന്നതായി സൂചിപ്പിക്കുന്നത്. ഒമ്പതാം മണിക്കൂറിലാണ് അവിടുന്ന് ഈ തിരുമൊഴി അരുൾ ചെയ്തത്. സങ്കീർത്തപുസ്തകം 22-ൽ കർത്താവിന്റെ പീഡാനുഭവങ്ങൾ രണ്ടു തലങ്ങളിലായി വിവരിച്ചിരിക്കുന്നത് നമു ക്ക് ഓർമ്മിക്കാം.
1. മനുഷ്യനാൽ കൈവിടപ്പെട്ട അവസ്ഥ (സങ്കീ.22)
അവിടുത്തെ പീഡിപ്പിക്കുകയും കൈകാലുകൾ ബന്ധിക്കുകയും വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുകയും മേലങ്കിക്കായി ചിട്ടിയിടുകയും കൈകാലുകളിൽ ആണിയടിക്കുകയും കയ്പുനീര് കുടിപ്പിക്കുകയും കുന്തത്താൽ കുത്തി മുറിവേൽപ്പിക്കുകയുമെല്ലാം മാനുഷിക പീഡനങ്ങളിൽപ്പെടുന്നു.
2. ദൈവത്താൽ കൈവിടപ്പെട്ട അവസ്ഥ
എന്നാൽ മാനുഷിക പീഡനങ്ങളേക്കാളുപരി ആത്മീയ തലത്തിലുണ്ടായ വേദനയാണ് ഈശോയെ കൂടുതലായി വേദനിപ്പിച്ചത്. 22-ാം സങ്കീർത്തനം അതു വളരെ വ്യക്തമാക്കുന്നു. ദൈവം ലോകജനതകളുടെ മുഴുവൻ പാപഭാരത്തെയും തന്റെ പുത്രന്റെമേൽ ചുമത്തി. ഈ അവസരത്തിലാണ് ദൈവം അവിടുത്തെ കൈവിട്ടു എന്ന് ഈശോയ്ക്ക് പറയേണ്ടിവന്നത്. പിതാവിന്റെ ഈ തീരുമാനം മനുഷ്യരക്ഷയ്ക്ക് കാരണമായി ഭവിച്ചു.
ആറാം മണിക്കൂർ മുതൽ ഒൻപതാം മണിക്കൂർ വരെ ലോകമെങ്ങും അന്ധകാരമായിരുന്നു. മനുഷ്യപാപങ്ങൾ തന്റെമേൽ വഹിച്ച് ദൈവ ക്രോധാഗ്നിയിൽ വെന്തെരിയുമ്പോൾ അത് ലോകത്തിന് കണ്ടുനിൽക്കാൻ കഴിയാത്ത ഭീകര കാഴ്ചയായിരുന്നു. ആ ഭീകര കാഴ്ചയെ ഇരുട്ടിന്റെ തിരശീലകൊണ്ടു ദൈവം മറയ്ക്കുകയായിരുന്നു. ദൈവനീതി നിറവേറ്റുന്ന തന്റെ ഭയാനകമായ വിനാഴികയായിരുന്നു അത്. തന്റെ പൂർണ്ണനീതിയിലും വിശുദ്ധിയിലും ദൈവം വെളിപ്പെടുത്തുന്ന രംഗം മനുഷ്യന് കണ്ടുനിൽക്കാൻ ശക്തിയില്ലാത്തതിനാൽ ഭൂമിയെ മുഴുവൻ ദൈവം അന്ധകാരമാക്കി.
ആമോസ് പ്രവാചകൻ ഇപ്രകാരം പറയുന്നു. ”കർത്താവിന്റെ ദിനം പ്രകാശമല്ല, അന്ധകാരമാണ്, പ്രകാശലേശമില്ലാത്ത തമസ്സാണ്” (ആമോസ് 5:20). വീണ്ടും എട്ടാം അധ്യായത്തിൽ ഒമ്പതാം തിരുവചനം ഇങ്ങനെ പറയുന്നു. ദൈവമായ കർത്താവ് അരുളിച്ചെയുന്നു: ”അന്നു മധ്യാഹ്നത്തിൽ സൂര്യൻ അസ്തമിക്കും. നട്ടുച്ചയ്ക്ക് ഞാൻ ഭൂമിയെ അന്ധകാരത്തിൽ ആഴ്ത്തും.” പുറപ്പാടിന്റെ പുസ്തകത്തിൽ ഇങ്ങനെ കാണുന്നു. ”കർത്താവ് അഗ്നിയിൽ ഇറങ്ങിവന്നതിനാൽ സീനായ് മല മുഴുവൻ ധൂമാവൃതമായി” (പുറ.19:17). പ്രവാചകന്മാർ വഴി ദൈവം അരുൾചെയ്ത വചനങ്ങൾ കാൽവരിയിൽ മിശിഹാനാഥൻ പൂർത്തീകരിച്ചു.
നാം മരിക്കേണ്ട സ്ഥാനത്ത് മരണമില്ലാത്തവൻ മരിക്കുന്നു. നിത്യതയിൽ ജീവിക്കുന്ന പിതാവിന്റെ ഓമനപുത്രനെ കൈവിട്ട അവസ്ഥയിൽ കൂരിരുട്ടത്ത് കേട്ട ദിവ്യരക്ഷകന്റെ നിലവിളിയുടെ സ്വരമാണ് ഈ തിരുമൊഴി. ”എന്റെ ദൈവമേ! എന്റെ ദൈവമേ! നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?”
അഞ്ചാം തിരുമൊഴി
”എനിക്ക് ദാഹിക്കുന്നു” (യോഹ.19:28).
അന്ധകാരത്തിനുശേഷം അവിടുന്ന് വെളിച്ചത്തിലേക്ക് വന്നു. അവിടുത്തെ ശരീരത്തിൽ പ്രഹരങ്ങളേറ്റു രക്തമെല്ലാം തീരാറായി. അപ്പോൾ അവിടുത്തേക്ക് അസഹനീയമായ ദാഹമുണ്ടായിരുന്നു. ആറുമണി മുതൽ ഒൻപതുമണി നേരം വരെ അന്ധകാരാവൃതമായ അവസ്ഥയിൽ അവിടുന്ന് അനുഭവിച്ച വേദനകൾ അത്ര കഠോരമായിരുന്നു. ഈ അവസരത്തിലാണ് അവിടുത്തേക്ക് ദാഹമുണ്ടായത്. ”ദാഹിക്കുന്നവന് ജീവജലത്തിന്റെ ഉറവയിൽനിന്ന് സൗജന്യമായി ഞാൻ കൊടുക്കും” (വെളി.21:6) എന്നും, ”ഞാൻ നൽകുന്ന വെള്ളം കുടിക്കുന്നവന് പിന്നീടൊരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയാകും” (യോഹ.4:14) എന്നും അരുൾചെയ്ത നാഥന് ദാഹിച്ചപ്പോൾ ”അവർ വിനാഗിരിയിൽ കുതിർത്ത ഒരു നീർപ്പഞ്ഞി ഹിസോപ്പു ചെടിയുടെ തണ്ടിൽവച്ച് അവന്റെ ചുണ്ടോടു അടുപ്പിച്ചു” (യോഹ.19:29). എന്നാൽ അവിടുന്ന് അത് സ്വീകരിച്ചില്ല. മനുഷ്യമക്കളുടെ ആത്മാക്കളെക്കുറിച്ചുള്ള ദാഹമായിരുന്നു അവിടുത്തേക്ക് അനുഭവപ്പെട്ടത്.
ആറാം തിരുമൊഴി
”എല്ലാം പൂർത്തിയായിരിക്കുന്നു” (യോഹ.19:30).
ഒരു വ്യക്തി മരിക്കുമ്പോൾ ഒടുവിൽ പറയുന്ന വാക്കുകൾ വളരെ കാര്യമായി പരിഗണിക്കാറുണ്ടല്ലോ. അത് ആ വ്യക്തിയുടെ ആയുഷ്‌ക്കാലത്ത് ചെയ്തുതീർക്കാൻ കഴിയാത്ത കാര്യങ്ങൾ ആയിരിക്കും. അത്തരം കാര്യങ്ങൾ അവരുടെ ഉറ്റവരെ ചുമതലപ്പെടുത്തുകയും ചെയ്യും. എന്നാൽ കേവലം മുപ്പത്തിമൂന്നു വർഷം മാത്രം ഈ ലോകത്തിൽ ജീവിച്ച യേശുനാഥൻ അവിടുത്തെ മരണ വിനാഴികയിൽ പറഞ്ഞത് ”എല്ലാം പൂർത്തിയായിരിക്കുന്നു” എന്നാണ്. ഒരു മനുഷ്യനും ഇത്തരം ഒരു ഉറപ്പു പറയാൻ സാധിക്കുകയില്ല. കാരണം മനുഷ്യന്റെ കഴിവുകൾക്ക് അതീതമാണത്. എല്ലാം നിവൃത്തിയായി എന്നുള്ള പ്രഖ്യാപനം ഒരു വിജയത്തിന്റെ ധ്വനിയായിരുന്നു അവിടുത്തെ ഈ തിരുമൊഴി.
ബേത്‌ലഹേമിലെ കാലിത്തൊഴുത്തു മുതൽ കാൽവരിയിലെ യാഗപീഠം വരെ അനുഭവിച്ച സമസ്ത വേദനകളും അനുഭവിച്ചുകഴിഞ്ഞ അവിടുത്തേക്ക് ഇനി തന്നെ മനുഷ്യൻ എന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നത് അർത്ഥവത്താകുന്നത് അവിടുത്തെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു എന്ന തിരുവചനത്തിലൂടെയാണ്.
ഏഴാം തിരുമൊഴി
”പിതാവേ, എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു” (ലൂക്ക 23:46).
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ന് ലോകത്തിൽ അനേകം മതങ്ങൾ ഉണ്ട്. ദൈവത്തെ പിതാവ് എന്നു വെളിപ്പെടുത്തുന്ന ഒരു മതവും ലോകത്തിലില്ല. യേശുവിൽ കൂടിയാണ് ദൈവം പിതാവാണെന്നുള്ള സത്യം ലോകം അറിയുന്നത്. ജറുസലേം ദേവാലയത്തിൽ തിരുനാളിനായി തിരുക്കുടുംബം പോയപ്പോൾ അവിടെവച്ചു മൂന്നുദിവസം യേശുവിനെ കാണാതായതും (ലൂക്ക 2:49-51) വി.യൗസേപ്പ്പിതാവും മാതാവും ദേവാലയത്തിൽവച്ച് അവിടുത്തെ കണ്ടുമുട്ടിയപ്പോൾ, യേശു വേദപണ്ഡിതന്മാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. അപ്പോൾ മാതാവ് മകനോട് ചോദിച്ചു ”മകനെ നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്?” യേശു പറഞ്ഞു ”നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിക്കുന്നത്. ഞാനെന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ.”
ഇവിടെ ത്രിത്വത്തിലെ രണ്ടാം ആളായ പുത്രൻതമ്പുരാൻ തന്റെ പിതാവിനെ വെളിപ്പെടുത്തുകയായിരുന്നു. എന്നാൽ യേശു നമ്മോട് എന്തു പറയുന്നു എന്ന് ശ്രവിക്കാം. നിങ്ങളെയും അജഗണം മുഴുവനെയും പറ്റി നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. കർത്താവ് സ്വന്തം രക്തത്താൽ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാൻ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണ് നിങ്ങൾ (അപ്പ.പ്ര.20:28).
രക്ഷാകരദൗത്യത്തിൽ പരിശുദ്ധാത്മാവിനു പങ്കുണ്ട്. ദൈവത്തിന്റെ ഏകത്വം കൊണ്ടും ത്രിയേകദൈവം ആയതുകൊണ്ടും പുത്രനായ ദൈവം അവിടുത്തെ ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ സമർപ്പിക്കുകയായിരുന്നു. സാധാരണ ദൈവമക്കളുടെ ആത്മാക്കളെ ദൈവം അവരറിയാതെ എടുക്കുന്നുണ്ട്. എന്നാൽ യേശു തന്റെ ജീവൻ കൊടുക്കുകയായിരുന്നു. ”യേശു ഉറക്കെ നിലവിളിച്ചുകൊണ്ട് പ്രാണൻ വെടിഞ്ഞു” (മർക്കോ.15:37). യേശു അറിഞ്ഞുകൊണ്ടുതന്നെ പ്രാണൻ പിതാവിന്റെ കൈകളിൽ കൊടുക്കുകയായിരുന്നു. ”തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നതിനാൽ പിതാവ് എന്നെ സ്‌നേഹിക്കുന്നു. ആരും എന്നിൽ നിന്ന് അത് പിടിച്ചെടുക്കുകയല്ല, ഞാൻ അത് സ്വമനസ്സാ സമർപ്പിക്കുകയാണ്. അത് സമർപ്പിക്കുവാനും തിരികെയെടുക്കുവാനും എനിക്കധികാരമുണ്ട്. ഈ കൽപന എന്റെ പിതാവിൽ നിന്നാണ് എനിക്ക് ലഭിച്ചത്” (യോഹ.10:17-18). അവിടുന്ന് ഈ പീഡനങ്ങൾ എല്ലാം അനുഭവിച്ചു എങ്കിലും അവിടുന്ന് ഇഞ്ചിഞ്ചായിട്ടല്ല മരിച്ചത്. ഉറക്കെ നിലവിളിക്കാനുള്ള ശക്തി അവസാനംവരെ അവിടുത്തേക്ക് ഉണ്ടായിരുന്നു. പിതാവിന് തന്റെ ജീവനെ കൊടുക്കുകയായിരുന്നു. അത് പിതാവ് സ്വീകരിച്ചു വീണ്ടും പിതാവ് തിരിയെ കൊടുത്തു. അതാണ് പുനരുത്ഥാനം. 24-ാം സങ്കീർത്തനം അത് വ്യക്തമാക്കുന്നു.
ശുദ്ധീകരണത്തിന്റെയും വിശ്വാസ തിരസ്‌കരണത്തിന്റെയും മഹാദുരിതം അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ സുനിശ്ചിതമായ പ്രത്യാശയുടെയും ആശ്വാസത്തിന്റെയും ഭദ്രനാളമായ- ദിവ്യകാരുണ്യം ഭക്തിയോടെ സ്വീകരിച്ചുകൊണ്ടും, നമ്മോടുള്ള വാത്സല്യത്തിന്റെയും സംരക്ഷണത്തിന്റെയും അടയാളമായ തിരു ഉത്തരീയം ധരിച്ചുകൊണ്ടും ജപമാല ഭക്തിയോടെ ചൊല്ലിക്കൊണ്ടും പ്രാർത്ഥനാപൂർവ്വം സുവിശേഷാത്മകമായി ഈ നോമ്പുകാലം നമുക്ക് ആചരിക്കാം.
ജെസി ജോർജ്, തിരുവനന്തപുരം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?