Follow Us On

05

December

2023

Tuesday

മറിയം: ഈറൻ നിലാവുപോലുള്ള ഒരമ്മ

മറിയം: ഈറൻ നിലാവുപോലുള്ള ഒരമ്മ

പ്രസിദ്ധ ജർമ്മൻ ചിന്തകനായ ഹെർമെൻ ഹെസ്സെയുടെ അഭിപ്രായത്തിൽ ഭാഗ്യപ്പെട്ട സ്ത്രീകൾ നാലു വിഭാഗമാണുള്ളത്. ഒന്നാമത്തേത്, ഒരു ചക്രവർത്തിയുടെ ഭാര്യ;രണ്ടാമത്തേത്,ഒരു ജീനിയസ്സിന്റെ സഹോദരി;മൂന്നാമത്തേത് ഒരു വിപ്ലവകാരിയുടെ കാമുകി. നാലാമത്തേതും ഏറ്റം ശ്രേഷ്ഠമായതും ഒരുരക്തസാക്ഷിയുടെ അമ്മയായിരിക്കുക എന്നതാണ്.ആദ്യമിഷനറിയും ഏറ്റവും വലിയ രക്തസാക്ഷി യുമാണ് യേശുവെങ്കിൽ ഏറ്റവും ഭാഗ്യപ്പെട്ട സ്ത്രീ മറിയം തന്നെ. ”എല്ലാ തലമുറകളും എന്നെ ഭാഗ്യവതിഎന്നു പ്രകീർത്തിക്കും” (ലൂക്കാ 1:48). അതുകൊണ്ടാകാം ”യാഹ്‌വെയുടെ സ്‌നേഹിത” എന്ന അർത്ഥംപോലും ”മറിയം” എന്ന പദത്തിന് ലഭിച്ചത്. ദൈവപുത്രൻ മാതാവിന്റെ ഉദരത്തിൽ രൂപം കൊള്ളുന്നതിന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ദൈവത്തിന്റെ അനന്തമായ പദ്ധതിയിൽ ദൈവം മറിയത്തെ തെരഞ്ഞെടുത്തുകഴിഞ്ഞു. മാതാവ് എപ്പോൾ ഈശോയുടെ അമ്മയാകാൻ തിരുമനസ്സായോ അപ്പോൾത്തന്നെ നമ്മുടെയും അമ്മയായെന്ന് തിരുസഭ പഠിപ്പിക്കുന്നു.
ഭൂമിയോളം താഴാനുള്ള എളിമയും വാനോളം ഉയർത്തപ്പെടാനുള്ള വിശുദ്ധിയും സ്വന്തമാക്കിയിട്ടുള്ള ഒരു ഗ്രാമീണപെൺകുട്ടിയായിരുന്നു മറിയം. മറിയത്തെ സ്വർഗ്ഗീയ ഔന്നത്യത്തിൽ മാത്രം നിർത്തി ചിന്തിക്കാനാണ് നാമേറെ ഇഷ്ടപ്പെടുക. മംഗളവാർത്തയും ദൈവമാതൃത്വവും വിശുദ്ധനും നീതിമാനുമായ യൗസേപ്പിനൊപ്പമുള്ള സഹവാസവും ദൈവപുത്രനൊപ്പമുള്ള ജീവിതവും സ്വർഗ്ഗാരോപണവും ഏറ്റവുമൊടുവിൽ ഭൂലോകസ്വർഗ്ഗങ്ങളുടെ അധിപയായി പ്രതിഷ്ഠിക്കലുമൊക്കെ ഈവിധം ചിന്തിക്കാനാണ് നമ്മെ പ്രേരിപ്പിക്കുക. എല്ലാ തലമുറകളും ഭാഗ്യവതി എന്നു പ്രകീർത്തിക്കുമാറ് ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായ ക്രിസ്തുവിന്റെ സമീപത്താണവൾ നിലയുറപ്പിച്ചിരിക്കുക. പരി.അമ്മയുടെ മുമ്പിൽ നമ്രശിരസ്‌കരായി കൂപ്പുകൈകളോടെ നിൽക്കുന്ന നമ്മുടെയൊക്കെ മനോഗതങ്ങളിൽ ഉയർന്നുപൊന്തുന്ന നിരവധി ചിത്രങ്ങളുണ്ട്: സ്‌നേഹനിധിയായ ഒരമ്മയുടെ ചിത്രം, ഉത്തമയായ ഒരു കുടുംബിനിയുടെ ചിത്രം, ദൈവഹിതത്തിന് സ്വയം സമർപ്പണം ചെയ്ത ഒരു ദൈവപുത്രിയുടെ ചിത്രം, ആത്മാവിന്റെ ആ മന്ത്രണങ്ങൾക്ക് ചെവികൊടുത്ത ഒരുകന്യകയുടെ ചിത്രം, ഈറൻ നിലാവുപോലുള്ള, പെയ്തിറങ്ങിയ പേമാരിക്കുശേഷം ആകാശത്തിൽ പൂത്തുലയുന്ന നിലാവിന്റേതുപോലുള്ള ഒരമ്മയുടെ ചിത്രം.
എന്നാൽ, ഈയമ്മയുടെ ഇനിയും നാമൊന്നും ഏറെ മനസ്സിലാക്കാത്ത ഒരുപക്ഷേ ശ്രദ്ധിക്കാത്ത ഒട്ടേറെ ചിത്രങ്ങളും മുഖങ്ങളുമുണ്ട്. ലോകത്തിൽ ഏതൊരു സ്ത്രീ അനുഭവിച്ചിട്ടുള്ളതിലേറെ ആത്മനൊമ്പരങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയിട്ടുള്ളവളാണ് മറിയം. ദുഃഖത്തിന്റെയും സഹനത്തിന്റെയും ആത്മസംഘർഷങ്ങളുടെയും വഴിയേ യാത്രചെയ്യുന്നവർക്കും ഒരുപക്ഷേ അതിനായി വിധി ഏൽപ്പിച്ചുകൊടുത്തവർക്കുമുള്ള ആദിരൂപമാണവൾ. ഒരു മൃഗമായിട്ടോ സ്ത്രീയായിട്ടോ എന്നെ സൃഷ്ടിക്കാതിരുന്നതിൽ നിനക്ക് ഞാൻ നന്ദി പറയുന്നുവെന്ന് ദിവസത്തിൽ മൂന്നാലവർത്തി ഉരുവിട്ടുകൊണ്ട് ദൈവസ്വീകാര്യതയ്ക്ക് തങ്ങളാണ് പ്രധാന യോഗ്യർ എന്നു വീമ്പിളക്കിയ യഹൂദസാംസ്‌കാരിക പശ്ചാത്തലത്തിലാണ് മറിയത്തിന്റെ ജനനം.
”ദൈവത്തിൽ നിന്നു ദൈവം നിത്യമായി ജനിക്കുന്നു, പിതാവിൽ നിന്നു പുത്രൻ നിതാന്തമായി പുറപ്പെടുന്നു. ഇത് എന്നിലും എനിക്കുവേണ്ടിയുമാണ് നടക്കുന്നത്.” പ്രസിദ്ധ ജർമ്മൻ മിസ്റ്റിക്കായ മയ്സ്റ്റർ എക്കാർട്ടിന്റെ ആദ്ധ്യാത്മിക സന്ദേശത്തിന്റെ ചുരുക്കമിതാണ്. കന്യകാമേരിയുടെ സമ്മതത്തിലാണ് ഈ ജനനത്തിന്റെ മാതൃക അദ്ദേഹം കാണുന്നത്. ‘മേരി തന്റെ സമ്മതം നൽകിയ അതേ നിമിഷം അവൾ നിത്യവചനത്തിന്റെ യഥാർത്ഥ അമ്മയായി, അവൾ നേരിട്ടു ദൈവത്തെ ഗർഭം ധരിച്ചു. ഒരു മനുഷ്യന് തന്നിൽ ദൈവത്തിനു ജന്മം നൽകുക എന്നത് വലിയൊരു കാര്യമാണ്. അതാണവളെ കന്യകയാക്കുന്നത്.’ കാലിത്തൊഴുത്തിൽ ആരംഭിച്ച ആ മാതൃത്വം പൂവണിയുന്നത് കാൽവരിയിലാണ്. ക്രിസ്തുവിജ്ഞാനീയം പൂർണ്ണവളർച്ചയെത്തുന്നത് ഒരു മേരിവിജ്ഞാനിയത്തിന്റെ സാന്നിധ്യത്തിലാണെന്നു പറയുന്നത് എത്രയോ ശരിയാണ്. ചിലർ അമ്മയെക്കുറിച്ച് ആശയങ്ങൾ സ്വരൂപിക്കാൻ ഒരുമ്പിട്ടിറങ്ങി. അമ്മ ഒരാശയമല്ലല്ലോ, അതൊരു വ്യക്തിയല്ലേ. അമ്മയുടെ ഭാഷ ഹൃദയത്തിനല്ലേ മനസ്സിലാക്കാനാകൂ. ആശയങ്ങൾ തമ്മിൽ ഏറ്റുമുട്ടി, ചിലർക്കിന്ന് അമ്മയെ നഷ്ടപ്പെട്ടിരിക്കുന്നു. കുരിശിന്റെ വഴിയേ മകനൊപ്പം നീങ്ങുന്ന മറിയമെന്ന നമ്മുടെ അമ്മയെ ആർക്കാണ് വിസ്മരിക്കാനാവുക? വേദനയിലാണ് സ്ത്രീ അമ്മയാകുന്നത്. അതുകൊണ്ടാണ് പ്രസിദ്ധ ഇറ്റാലിയൻ ചിന്തകനും ധ്യാനപ്രസംഗകനുമായ ഫാ.റനിയാരോ കന്തലമെസ്സ പറയുന്നത്, ക്രിസ്തുമതത്തിൽ ആദ്യമായി പഞ്ചക്ഷതങ്ങൾ ഉണ്ടായത് പരിശുദ്ധ കന്യകാമറിയത്തിനാണെന്ന്. അവളുടെ ഹൃദയത്തിൽ ഏൽപ്പിക്കപ്പെട്ട അദൃശ്യമായ ക്ഷതങ്ങൾ മറിയം വഹിച്ചിരുന്നു. വി.ബർണാർഡ് പറയുന്നതു ശ്രദ്ധിക്കുക: ”ഭാഗ്യപ്പെട്ട അമ്മേ, അങ്ങയുടെ ആത്മാവിനെ ഭേദിച്ചശേഷമാണ് ആ വാൾ അങ്ങയുടെ പുത്രന്റെ മാംസത്തിൽ തുളച്ചുകയറിയത്.” സഹനം സ്ത്രീയെ അമ്മയാക്കുന്നു. ഇരുൾമൂടിയ ദിനങ്ങളും പ്രത്യാശയറ്റ മണിക്കൂറുകളും ഫലം തരാത്ത വത്സരങ്ങളുമൊക്കെ നമ്മെ തളർത്തുമ്പോൾ ഈ മഹതിയെപ്പോലെ ദൈവിക വെളിപ്പെടലുകൾക്കു മുമ്പിൽ കൈകൂപ്പാൻ നമുക്കായാൽ നമ്മിലെ സ്‌ത്രൈണഭാവം മാതൃഭാവം ഉൾക്കൊള്ളുന്നതായി മാറും.
സ്ത്രീത്വത്തിന്റെ മൂല്യത്തെയും മാഹാത്മ്യത്തെയും കുറിച്ച് ബിഷപ് ഫുൾട്ടൻ ജെ.ഷീൻ പറയുന്നതു ശ്രദ്ധേയമാണ്: ”ഒരു പ്രതിസന്ധിയെ പുരുഷനേക്കാൾ നന്നായി സ്ത്രീ നേരിടുന്നു. ലോകം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ പ്രതിസന്ധിയുയർന്നത് കാൽവരിയിലാണ്. പുരുഷന്മാരെല്ലാം പരാജയപ്പെട്ടിടത്ത് സ്ത്രീകൾ ശക്തിയോടെ നിലനിന്നു.” യൂദാസ് മുപ്പതു വെള്ളിക്കാശിന്റെ ബലത്തിൽ ഒറ്റിക്കൊടുത്തതുമുതൽ നേതാവായ പത്രോസ് ജനത്തെ ഭയന്ന് ഗുരുവിനെ തള്ളിപ്പറഞ്ഞതുവരെ പരാജിതരുടെ നിര നീളുന്നു. അന്തിമദാനങ്ങളിലൊന്നായ അമ്മയെ സ്വീകരിക്കാൻ യോഹന്നാൻ മാത്രം കുരിശിൻകീഴെ നിന്നു, അതും അമ്മയുടെ കൈപിടിച്ച്. ആത്മാവിനെ സ്വീകരിക്കുന്നിടത്ത് അവർ അമ്മയുടെ നേതൃത്വത്തിലായിരുന്നുതാനും. സ്രഷ്ടപ്രപഞ്ചത്തിന്റെ അധിനായകനെ മനുഷ്യന്റെ അഹങ്കാരം അടിച്ചുതകർത്ത് കുരിശിലുയർത്തിയപ്പോൾ പ്രപഞ്ചം ഒന്നടങ്കം അതിനോട് പ്രതികരിച്ചു. പച്ചക്കരിമ്പാറകൾ പൊട്ടിത്തകർന്നു, നട്ടുച്ചയ്ക്ക് സൂര്യൻ ഇരുണ്ടു, ദേവാലയത്തിന്റെ തിരശീല നെടുകെ കീറിപ്പോയി. ശവകുടീരങ്ങൾ തുറക്കപ്പെട്ടു. ഇതെല്ലാം ശാന്തമായി ആ അമ്മ നോക്കിനിൽക്കുന്നു. ജീവിതസംഘർഷങ്ങളുടെയും അവ്യക്തതകളുടെയും മദ്ധ്യേ ”എല്ലാം മനസ്സിൽ സംഗ്രഹിച്ചവൾക്ക്” അതിനു സാധിക്കും. ആ സമയത്താണ് യേശു തന്റെ യുഗാന്ത്യോന്മുഖമായ ചാവരുൾ നൽകുക. ”ഇതാ നിന്റെ അമ്മ.” ആത്മസംഘർഷങ്ങളുടെമദ്ധ്യേ അവ്യക്തമായ പാതേ നടന്നുനീങ്ങുന്നവർക്കു നാഥൻ തന്റെ ദാനം, അമ്മയാകുന്ന ദാനം ശക്തിയായി നൽകുന്നു. അവൾ നമ്മെ സമാധാനതുറമുഖത്തെത്തിക്കാൻ തുണയ്ക്കും. ക്രിസ്തു അവളെ സ്‌നേഹിച്ചതുപോലെ മറിയത്തെ സ്‌നേഹിക്കുവാൻ അവിടുന്ന് ഓരോ വിശ്വാസിയെയും ക്ഷ ണിക്കുന്നു (ജോൺ പോൾ രണ്ടാമൻ മാർപാപ്പ). ഈ അമ്മയുമായുള്ള ആത്മബന്ധത്തിൽ പുതുപുത്തൻ മാതൃപുത്രബന്ധങ്ങൾ ജനിക്കും.
33 വർഷം താന്തോന്നിയായി ജീവിച്ച അഗസ്റ്റിൻ അൾത്താരകളിൽ വണങ്ങപ്പെടുന്ന വി.അഗസ്റ്റിനായിത്തീർന്നത് ഒരമ്മയുടെ 15 വർഷത്തെ കണ്ണീരിൽ കുളിച്ചുള്ള പ്രാർത്ഥനയാണെന്നോർക്കുക. മിലാനിലെ മെത്രാനായിരുന്ന അംബ്രോസ് ഈയമ്മയെ ആശ്വസിപ്പിച്ചുകൊണ്ടു പറയുമായിരുന്നു: ”നിന്റെ കണ്ണീരിന്റെ പുത്രൻ നിനക്കൊരിക്കലും നഷ്ടപ്പെടുകയില്ല.” അമ്മമാരുടെ കണ്ണുനീരിന് ദൈവകാരുണ്യം വിളിച്ചുവരുത്താനുള്ള അപാരശേഷിയുണ്ടെന്നോർക്കുക. മക്കളുടെ മനസ്സുതിരിവിനായി കർത്തൃസന്നിധിയിൽ കണ്ണീരിന്റെ ബലിയർപ്പിക്കുന്ന അമ്മമാരെ വണങ്ങാതിരിക്കാൻ ഹൃദയമുള്ള മക്കൾക്കാകുമോ?
ആദ്യകാല പ്രൊട്ടസ്റ്റന്റ് ആചാര്യന്മാർ പലരും മരിയഭക്തരായിരുന്നു. 1517-ൽ മാർട്ടിൽ ലൂതർ കത്തോലിക്കാ സഭയോടുള്ള പ്രത്യക്ഷസമരം തുടങ്ങുകയും 1520-ൽ സഭയിൽ നിന്നു പുറത്തുപോവുകയും ചെയ്തപ്പോൾ ചില കത്തോലിക്കാ വിശ്വാസ സംഹിതകളും തന്റെ സന്യാസ ജീവിതവുമൊക്കെ വലിച്ചെറിഞ്ഞെങ്കിലും ലൂതർ മാതൃഭക്തി ഉപേക്ഷിച്ചില്ല. 1522-ൽ ഒരു പൊതുസമ്മേളനത്തിൽ ലൂതർ പറഞ്ഞു: ”പരിശുദ്ധ കന്യാമറിയത്തെ സമാദരിക്കാനുള്ള അഭിവാഞ്ച മനുഷ്യഹൃദയത്തിന്റെ അടിത്തട്ടിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുകയാണ്.” കന്യാത്വം ഭജ്ജിക്കപ്പെടാതെ മാതാവായിത്തീരുകയെന്നതു പ്രശ്‌നമായി തോന്നാമെങ്കിലും അതു ദൈവത്തിനു സാധ്യമാണെന്നും വിശ്വാസപ്രശ്‌നം മാത്രമാണെന്നും ലൂതർ പറഞ്ഞു. ജീവിതത്തിന്റെ അന്ത്യനാളുകളിൽ ലൂതർ നടത്തിയ പ്രസംഗത്തിൽ മാതൃസ്‌നേഹത്തെക്കുറിച്ച് സംസാരിച്ചതായി പറയുന്നു: ”ക്രിസ്തുമാത്രം വണക്കപ്പെട്ടാൽ മതിയോ?ദൈവമാതാവായ മറിയവും സമാദരിക്കപ്പെടേണ്ടതല്ലേ? അവൾ നരകസർപ്പത്തിന്റെ തല തകർത്തവളാണല്ലോ.” തുടർന്നദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു: ”ഓ, മറിയമേ അങ്ങയുടെ പുത്രൻ സദാ അമ്മയെ ആദരിക്കുന്നു. അങ്ങയുടെ പ്രാർത്ഥനകളൊന്നും ഈ പുത്രൻ തള്ളിക്കളയുകയില്ല. അങ്ങു ഞങ്ങളെ ശ്രവിക്കണമേ.” ലൂതറിനുശേഷം നവീകരണമുന്നേറ്റത്തെ നയിച്ച കാൽവിനും സ്വിൻഗ്ലിനും മാതൃഭക്തരായിരുന്നു. എന്നാൽ ഇന്നത്തെ അവരുടെ പിൻഗാമികൾക്ക് മറിയം ‘മുട്ടത്തോടായ’തിന്റെ കാരണം എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. ദൈവശാസ്ത്രജ്ഞനായ ഷില്ലെബെക്‌സ് പറയുന്നു: ”മാതൃത്വത്തിലാണ് അവൾ കന്യകയായത്. അവളുടേത് കന്യകാമാതൃത്വമാണ്.” മാതൃഭാവങ്ങൾ ഉൾക്കൊള്ളാത്ത കന്യാത്വം വന്ധ്യമല്ലേ? കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന്റെ അമ്മയായ മറിയം കാൽവരിയിൽ രക്ഷകന്റെ അമ്മയായി. കാലിത്തൊഴുത്തിൽ ഉണ്ണിയെ സ്വന്തമാക്കിയ മറിയം, കാൽവരിയിൽ മകനെ ബലിയർപ്പിക്കുന്ന മാതാവാകുന്നു. മംഗളവാർത്തയിൽ തുടങ്ങി കാലിത്തൊഴുത്തിൽ വെളിച്ചംകണ്ട് ഈജിപ്തിലും നസ്രസ്സിലും രഹസ്യമായി നിലനിന്ന് പരസ്യജീവിതത്തിന്റെ സംഘർഷങ്ങളിലൂടെ വളർന്ന്, കാൽവരിയിൽ പൂവണിഞ്ഞ ആ മാതൃത്വം മഹത്വീകരിക്കപ്പെടുന്നത് സ്വർഗ്ഗാരോപണത്തിലും. വിശ്വാസസമർപ്പണത്തിന്റെ നസ്രസ്സിൽ നിന്നും പിറവിയുടെ കാലിത്തൊഴുത്തിലൂടെ ചരിച്ച്, സമ്പൂർണ്ണത്യാഗത്തിന്റെ കാൽവരിയിൽ ഉയർന്നുനിൽക്കുമ്പോൾ വിശ്വാസത്തിന്റെ കണ്ണുകൾ തുറന്ന്, സ്‌നേഹംകൊണ്ടുമാത്രം അനുഭവിച്ചറിയാവുന്ന ആ മാതൃഹൃദയം ഒരു ഈറൻനിലാവുപോലെ നമുക്കു മുന്നിൽ ആവിഷ്‌കൃതമാകും. പ്രതികാരദുർഗ്ഗകളാകുന്ന മാതൃത്വത്തെ ആത്മത്യാഗത്തിന്റെ മാതൃസ്‌നേഹത്തിൽ ശുദ്ധീകരിച്ചെടുക്കുക.
‘അമ്മനിഷേധി’കളായ ഒരു കുടുംബത്തിലെ കുഞ്ഞിന്റെ സംഭവമിങ്ങനെ. ജന്മനാ തളർന്നു കിടക്കുന്ന കുഞ്ഞിന്, നാവ് ചലിപ്പിക്കാൻ മാത്രം കഴിയും. മാതാപിതാക്കൾ അറിയപ്പെടുന്ന ഡോക്ടർമാരായിരുന്നെങ്കിലും കുഞ്ഞിനുവേണ്ടി നടത്തിയ ചികിത്സകളൊന്നും ഫലിച്ചില്ല. ഒട്ടേറെ സമ്പത്തും അതിലേറെ കണ്ണീരും കുഞ്ഞിനെ രക്ഷിക്കാൻ മുടക്കി. ഒരുപറ്റം സഹോദരിമാർ ലൂർദ്ദിൽ പോയി കുഞ്ഞിനുവേണ്ടി പരി.അമ്മയുടെ മാധ്യസ്ഥംതേടി പ്രാർത്ഥിക്കാൻ നിർദ്ദേശിച്ചു. പുച്ഛഭാവത്തോടെയാണ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ട ആ മാതാപിതാക്കൾ ഈ നിർദ്ദേശത്തെ മാനിച്ചതെങ്കിലും, കുഞ്ഞിന്റെ സൗഖ്യത്തെച്ചൊല്ലി അവർ അതിനും ഒരുങ്ങി. വി.കുർബാനയുടെ ആരാധനയ്ക്കുശേഷം രോഗികളെ കിടത്തിയിട്ടുള്ള ഓരോ കട്ടിലിന്റെയും സമീപത്തുവന്നുനിന്ന് ആശീർവദിക്കുന്ന സന്ദർഭങ്ങളിലാണ് വലിയ രോഗസൗഖ്യങ്ങൾ സംഭവിക്കാറുള്ളത്. പതിവു സമയമായി. കുഞ്ഞിന്റെ കട്ടിലിനു സമീപവും വൈദികനെത്തി ആശീർവാദം നൽകി. കുട്ടിക്ക് മാറ്റമൊന്നുമില്ല. എന്നാൽ കുഞ്ഞിന്റെ അധരത്തിൽ നിന്നും ഒരു വാചകം ഉയരുന്നതായി അവർ കേട്ടു: ‘ഈശോ, നീയെന്നെ സുഖപ്പെടുത്തിയില്ല അല്ലേ, ഇത് ഞാൻ നിന്റെ അമ്മയോട് പറയും.’ വൈദികൻ തിരിഞ്ഞ് കുഞ്ഞിനെ വീണ്ടും ആശീർവദിച്ചു, കുഞ്ഞ് പൂർണ്ണസൗഖ്യം പ്രാപിച്ചു. ചോദ്യം-ദൈവത്തേക്കാളേറെ ഈ കുട്ടിയുടെ കാര്യത്തിൽ ദൈവമാതാവിന് ശ്രദ്ധയുണ്ടായിരുന്നോ? ദൈവശാസ്ത്രത്തിനു മനസ്സിലാക്കാനാകാത്ത ഒരു കാര്യമാണിത്. പക്ഷേ, ദൈവത്തിനത് മനസ്സിലാകും, ഒപ്പം പരി.അമ്മയ്ക്കും. നമ്മുടെ ബുദ്ധിയിലൊതുങ്ങാത്ത ഇങ്ങനെയുള്ള പലതും യേശുവിനും അവിടുത്തെ അമ്മയ്ക്കും മനസ്സിലാകും. പൂർണ്ണമായി ഗ്രഹിക്കാനാവാത്തതിനു മുമ്പിൽ വിനയഭാവത്തിൽ കൈകൂപ്പുന്നതാണ് തർക്കത്തേക്കാൾ ഉത്തമം. അമ്മ തർക്കവിഷയമല്ല, സ്‌നേഹവിഷയം മാത്രമാണ്.
റോയി പാലാട്ടി സി.എം.ഐ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?