Follow Us On

29

March

2024

Friday

വലിയ കുടുംബം സംതൃപ്ത കുടുംബം

വലിയ കുടുംബം  സംതൃപ്ത കുടുംബം

ലോകം അത്ഭുതത്തോടെയാണ് ഇക്കഴിഞ്ഞ മാർച്ച് ആറിന് ഇൻസ്റ്റഗ്രാമിൽ വന്ന ആ കുറിപ്പ് വായിച്ചത്. ”ദൈവം നമ്മുടെ പിതാവാണ്. എങ്കിലും അവിടുത്തെ പ്രവൃത്തികളുടെ അർത്ഥം ചില സമയങ്ങളിൽ നമുക്ക് മനസിലാകില്ല. ഒരു മണിക്കൂർമുമ്പ് ചേമാ എന്നന്നേക്കുമായി സ്വർഗത്തിലേക്ക് യാത്രയായി. ആ സാഹചര്യത്തെ ഞങ്ങൾ സമാധാനത്തോടെ തരണം ചെ യ്തു. അനേകരുടെ പ്രാർത്ഥനകൾ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നതിനാലാണ് അതു സാധിച്ചത്. തുടർന്നും നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഓർക്കണമേ.” ഹൃദയം നുറുങ്ങുന്ന വേദനയുടെ നടുവിൽ വിറയ്ക്കുന്ന കരങ്ങളോടെയായിരുന്നു റോസാ പീച്ച് അതു പൂർത്തിയാക്കിയത്. സ്വന്തം ഭർത്താവിന്റെ മരണമെന്ന ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സാഹചര്യത്തോട് പ്രതികരിച്ചപ്പോഴും റോസാ ദൈവപദ്ധതികൾക്ക് കീഴ്‌പ്പെടുകയായിരുന്നു.
ചേമാ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജോസ് മരിയ പോസ്റ്റി ഗോയെ 56-ാം വയസിൽ ദൈവം തിരിച്ചുവിളിച്ചപ്പോഴും എന്തിന് ഞങ്ങളോട് ഇത് എന്ന് അവർ തിരിച്ചുചോദിച്ചില്ല. അസാധാരണമായ വിശ്വാസത്തിന്റെയും സാക്ഷ്യജീവിതത്തിന്റെയും ആകെത്തുകയാണ് സ്‌പെ യിലെ ബാഴ്‌സിലോണയിലെ ചേമാ -റോസാ പീച്ച് ദമ്പതികളുടെ ജീവിതം. കുടുംബത്തകർച്ചകളും വിവാഹമോചനങ്ങളും വാർത്തപോലുമല്ലാതായി മാറിക്കഴിഞ്ഞ യൂറോപ്പിൽ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന്റെയും മക്കളുടെ എണ്ണത്തിന്റെയും പേരിലാണ് 18 മക്കൾക്ക് ജന്മ നൽകിയ ഈ കുടുംബം മാതൃകയായി മാറിയിക്കുന്നത്. സ്‌പെനിയിൽ മാത്രമല്ല, യൂറോപ്പിൽ മുഴുവൻ ആ കുടുംബം ചർച്ചയായിക്കൊണ്ടിരിക്കുന്നു.
മൂന്ന് മക്കളുടെയും ഹൃദയത്തിന് തകരാർ
നിങ്ങൾക്ക് ഇനി കുട്ടികൾ ജനിക്കാൻ പാടില്ല. ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ചേമായ്ക്കും ഭാര്യ റോസാക്കും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. കുടുംബത്തെക്കുറിച്ച് മനസിൽ കെട്ടി ഉയർത്തിയ സ്വപ്നങ്ങളെല്ലാം തകർന്നുവീഴുകയാണെന്ന് അവർക്കു തോന്നി. പ്രിയപ്പെട്ട ഭാര്യയുടെ മുഖത്തേക്ക് ഒന്നു പാളിനോക്കാൻപോലും ഭർത്താവിന് ധൈര്യംവന്നില്ല. തന്റെ മുഖത്തെ വേദന അവളെ കരയിപ്പിച്ചാൽ തന്റെ ധൈര്യംകൂടി നഷ്ടപ്പെടുമെന്ന് ആ ചെറുപ്പക്കാരന് നിശ്ചയം ഉണ്ടായിരുന്നു. മൂത്തമകളുടെ ഹൃദയത്തിന് മാരകമായ രോഗം ഉണ്ടായിരുന്നു. രണ്ടാമത്തെ കുട്ടി ജനിച്ച് 10 ദിവസമായപ്പോൾ മരണമടഞ്ഞു. മൂന്നാമത്തെ കുട്ടിക്ക് 18 മാസം ആയപ്പോൾ അവനും ഈ ലോകത്തിൽനിന്നും യാത്രയായി. എല്ലാവരെയും ബാധിച്ചത് ഒരേവിധത്തിലുള്ള ഹൃദയസംബന്ധമായ തകരാർ. ആദ്യത്തെയാൾ ഏറിയാൽ മൂന്നുവയസു വരെ ജീവിക്കുമായിരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതി. മൂന്ന് മക്കൾക്കും ഒരേവിധത്തിലുള്ള രോഗം ഉണ്ടായപ്പോഴാണ് വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടിയത്.
വലിയ കുടുംബമായിരുന്നു ഭാര്യയുടെയും ഭർത്താവിന്റെയും മനസുകളിൽ. കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന്റെ സന്തോഷവും സംതൃപ്തിയും അനുഭവിച്ചവരായിരുന്നു രണ്ടുപേരും. ചേമായുടെ വീട്ടിൽ അവർ 14 മക്കളായിരുന്നു. ഭാര്യ റോസ പീച്ചയുടെ വീട്ടിൽ 11 പേരും. അതിൽ കൂടുതൽ കുട്ടികളായിരുന്നു രണ്ടുപേരുടെയും ആഗ്രഹം. ബിഷപ് ഫുൾട്ടൺ ജെ. ഷീനിന്റെ വാക്കുകൾ ആ നിമിഷം റോസയുടെ മനസിലൂടെ മിന്നൽപ്പിണർപ്പോലെ പാഞ്ഞുപോയി. രണ്ടു പേർ അൾത്താരയുടെ മുമ്പിൽ വിവാഹത്തിന് സമ്മതംപറയുമ്പോൾ അവരുടെ മധ്യേ ക്രിസ്തു ഉണ്ടാകും. ഭർത്താവിന്റെ കരംപിടിച്ച് ഡോക്ടറുടെ മുറിയിൽനിന്ന് ഇറങ്ങുമ്പോൾ അത് ദൈവം തങ്ങളോട് സംസാരിച്ചതാണെന്ന് അവർക്ക് ഉറപ്പായിരുന്നു. ഭാര്യയും ഭർത്താവും ഏകമനസോടെ ഒരു തീരുമാനത്തിലെത്തി. ഡോക്ടറുടെ നിർദ്ദേശം തള്ളിക്കളയുക. സ്‌പെയിൻപോലൊരു വികസിത രാജ്യത്ത് മെഡിക്കൽ സയൻസിന്റെ കണ്ടെത്തലുകളുടെ നേരെ മുഖംതിരിക്കുക പ്രയാസമായിരുന്നു. അതും മക്കൾ വേണ്ടെന്നു തീരുമാനിക്കുന്ന ദമ്പതികളുടെ എണ്ണം കൂടിവരുന്ന സംസ്‌കാരത്തിൽ ഇത്തരമൊരു റിസ്‌ക് എടുക്കുന്നവരെ എല്ലാവരും മണ്ടന്മാരായിട്ടായിരിക്കും മുദ്രകുത്തുക.
തങ്ങളുടെ കുടുംബത്തിന് രൂപം നൽകിയത് ദൈവമാണെങ്കിൽ അവിടുത്തെ കല്പനകൾ അനുസരിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമ്പോൾ ദൈവത്തിന്റെ ആശീർവാദം ഉണ്ടാകുമെന്നതിൽ അവർക്ക് സംശയം ഇല്ലായിരുന്നു. അവരുടെ വിശ്വാസത്തിന്റെ മുകളിൽ ദൈവം ആ നിമിഷം കയ്യൊപ്പ് ചാർത്തി എന്നത് പില്ക്കാല ചരിത്രം. തുടർന്ന് 15 ആരോഗ്യവാന്മാരായ മക്കൾക്ക് ജന്മം നൽകാൻ അവർക്കു കഴിഞ്ഞു. 25 മുതൽ ഏഴുവയസുവരെയാണ് അവരുടെ പ്രായം. മൂന്ന് വയസ് കഷ്ടിച്ച് ആയുസ് പറഞ്ഞ മൂത്തമകൾ 22 വയസുവരെ ജീവിച്ചു. ബുദ്ധിയും കഴിവുമുള്ള സാധാരണ പെൺകുട്ടിയെപ്പോലെ. ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ശേഷമാണ് 22-ാം വയസിൽ അവൾ നിത്യസമ്മാനത്തിനായി യാത്രയായത്. മക്കളുടെ എണ്ണത്തെപ്പറ്റി തീരുമാനമെടുക്കാൻ മറ്റാർക്കും അവകാശമില്ല. ഡോക്ടർ, മാതാപിതാക്കൾ ആർക്കും; റോസാ പറയുന്നു.
വിജകരമായ ദാമ്പത്യ രഹസ്യങ്ങൾ
15 മക്കളുമായി സസുഖം ജീവിക്കുകയല്ല ഇവർ ചെയ്തത്. വലിയ കുടുംബത്തിന്റെ സന്തോഷങ്ങളെക്കുറിച്ച് ലോകത്തെ ഓർമിപ്പിക്കാൻ ഓടിനടന്നു എന്നതാണ് അവരെ വേറിട്ടുനിർത്തുന്ന പ്രധാന ഘടകം. മരിക്കുന്നതിന് തൊട്ടുമുമ്പ് നാല് മാസത്തിനുള്ളിൽ സ്‌പെയിനിലെ ഫാമിലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗത്ത് കൊറിയ, ചൈന, ഐവറി കോസ്റ്റ്, പോച്ചുഗൽ, ഇറ്റലി, ബലരിയൂസ് എന്നീ ആറ് രാജ്യങ്ങളിൽ ചേമാ സന്ദർശനം നടത്തിയിരുന്നു. തന്റെ കുടുംബത്തിന്റെ അനുഭവങ്ങൾ, മക്കളുടെ എണ്ണം കൂടുമ്പോൾ ഉണ്ടാകുന്ന സന്തോഷങ്ങൾ, അത്തരം കുടുംബങ്ങളുടെ ആവശ്യകത… തുടങ്ങി കുടുംബജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉറപ്പുള്ള കുടുംബബന്ധങ്ങളുടെ ആവശ്യകതയുമായിരുന്നു അദ്ദേഹത്തിന് പറയാൻ ഉണ്ടായിരുന്നത്. തിരക്കുപിടിച്ച ഓട്ടത്തിനിടയിലാണ് ചേമായ്ക്ക് ലിവർ കാൻസറാണെന്ന് കഴി ഞ്ഞ ഫെബ്രുവരിയിൽ തിരിച്ചറിഞ്ഞത്. അങ്ങേയ്ക്കുവേണ്ടി ജീവിച്ചിട്ടും എനിക്ക് എന്തേ ഈ മാരകരോഗമെന്ന് ചേമാ ദൈവത്തോട് തിരിച്ചുചോദിച്ചില്ല. എന്നെപ്പറ്റിയുള്ള ഈ ഭൂമിയിലെ ദൈവപദ്ധതികൾ പൂർത്തിയായിരിക്കുന്നു എന്നാണ് ഭാര്യയോടും മക്കളോടും പറഞ്ഞത്. ഏറിയാൽ നാലു മാസമെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും രണ്ടാമത്തെ ആഴ്ച അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായി. ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിച്ചൊരാളെ താൻ ആദ്യമായിട്ടാണ് കാണുകയാണെന്നായിരുന്നു അദ്ദേഹത്തെ ചികിത്സിച്ച ടീമിൽ ഉണ്ടായിരുന്ന ഒരു നഴ്‌സ് പറഞ്ഞത്.
മക്കളുടെ എണ്ണത്തെപ്രതി പുച്ഛത്തോടെ നോക്കിയവർ ആരാധനയോടെ വീക്ഷിക്കുന്നതും ഈ ദമ്പതികൾക്ക് അനുഭവിക്കാൻ കഴിഞ്ഞു. പോസ്റ്റിഗോ കുടുംബത്തെക്കുറിച്ചുള്ള വാർത്തകളോ ഫീച്ചറുകളോ വരാത്ത മാധ്യമങ്ങൾ സ്‌പെയിനിൽ ഉണ്ടാവില്ല. അച്ചടി, റേഡിയോ, ടെലിവിഷൻ, ഓൺലൈൻ… ഏതെടുത്താലും അവിടെ എല്ലാം ഇവരുണ്ട്. ബിബിസിപോലുള്ള ലോകത്തിലെ മുൻനിര മാധ്യമങ്ങളിലും ഇവരെക്കുറിച്ച് ഡോക്യുമെന്ററികൾ വന്നു. യൂറോപ്യൻ ലാർജ് ഫാമിലി കോൺഫെറഡേഷൻ 2015-ൽ യൂറോപ്പിലെ ഏറ്റവും വലിയ കുടുംബമായി തിരഞ്ഞെടുക്കപ്പെട്ടത് പോസ്റ്റിഗോ കുടുംബമായിരുന്നു. സ്‌പെയിൻ എന്ന രാജ്യത്തെവരെ സ്വാധീനിക്കാൻ ഈ കുടുംബത്തിനായി. സ്‌പെയിൻ ആരോഗ്യമന്ത്രി അൽഫോൻസോ അലോൻസോ ആണ് യൂറോപ്യൻ ഫാമിലി കോൺ ഫെറഡേഷന്റെ അവാർഡ് നൽകിയത്. അവർക്കു ലഭിച്ച 3.75 ലക്ഷം രൂപയുടെ കാഷ് ചെക്ക് അപ്പോൾ ത്തന്നെ മന്ത്രിയെ തിരികെ ഏല്പിച്ചു. പണം ഏതെങ്കിലുമൊരു വലിയ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കണമെന്ന അഭ്യർത്ഥനയോടെ.
അതിസമ്പന്നരൊന്നുമല്ല ഈ കുടുംബം. നാല് മുറികളുള്ള വീട്ടിലാണ് താമസിക്കുന്നത്. വീടിന്റെ വലുപ്പമല്ല, ഹൃദയത്തിന്റെ വിശാലതയാണ് അവരെ വേറിട്ടുനിർത്തുന്നത്. 15 മക്കളെ വളർത്തുന്നതിനിടയിലും ഒരു ടെക്‌സ്റ്റൈൽസ് കമ്പനിയുടെ സെയിൽസ് എക്‌സിക്യൂട്ടീവായി പാർട്ട്‌ടൈം ജോലിയുണ്ട് റോ സായ്ക്ക്. അവധി കുടുംബത്തെക്കുറിച്ചുള്ള ക്ലാസുകൾ നൽകുന്നതിനുള്ള ഓട്ടത്തിലാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും വിശ്വാസ ജീവിതത്തിൽ അല്പംപോലും വിട്ടുവീഴ്ചയ്ക്ക് ഇവർ തയാറായില്ല. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിൽ ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. സ്വന്തം അനുഭവങ്ങൾ പുസ്തകമാക്കാനും ഇതിനിടയിൽ സമയം കണ്ടെത്തി. ‘ഹൗ ടു ഹാപ്പി വിത്ത് 1,2,3…. ചിൽഡ്രൻ’ എന്ന പുസ്തകം 10 ഭാഷകളിലേക്ക് മൊഴിമാറ്റം നടന്നുകഴിഞ്ഞു. എങ്ങനെ വലിയ കുടുംബത്തെ പരിപാലിക്കുന്നു എന്നുള്ള അനേകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും 18 മക്കൾക്ക് ജന്മം നൽകിയ ഒരമ്മയുടെ സന്തോഷങ്ങളും വിജകരമായ കുടുംബജീവിതത്തിന്റെ രഹസ്യങ്ങളുമാണ് പുസ്തകം വിവരിക്കുന്നത്.
മാർപാപ്പയുടെ സാന്ത്വനം
പങ്കുവയ്ക്കലിന്റെ പാഠങ്ങൾ വീട്ടിൽനിന്നുവേണം പഠിക്കാൻ. പണമല്ല എല്ലാം. നല്ല മാതാപിതാക്കളാകാൻ പഠിക്കണം. ഉയർന്ന പദവികളിൽ എത്താൻ ആളുകൾ കഠിനാധ്വാനം ചെയ്യുന്നു. എന്നാൽ നല്ല മാതാപിതാക്കളാകാൻ അത്തരമൊരു അധ്വാനം ഉണ്ടാകാത്തത് എന്തുകൊണ്ടാണ്; റോസാ ചോദിക്കുന്നു. മക്കൾക്ക് മൂല്യങ്ങൾ പകർന്നുകൊടുക്കുന്ന സർവകലാശാലകളായിരിക്കണം വീടുകൾ എന്നാണ് റോസാ പീച്ചിന്റെ അഭിപ്രായം. പോസ്റ്റിഗോ കുടുംബത്തിൽ ഭക്ഷണമേശയിൽപ്പോലും അതു പ്രതിഫലിക്കുന്നു. 20 പേർക്ക് ഒരുമിച്ചിരിക്കാവുന്ന റൗണ്ട് ആകൃതിയിലാണ് അവരുടെ ടൈനിംഗ് ടേബിൾ. ഇടത്തും വലത്തും ഇരിക്കുന്നവർക്ക് വിളമ്പിയിട്ടേ സ്വന്തം പ്ലെയിറ്റിൽ വിളമ്പൂ. എപ്പോഴും ഏറ്റവും നല്ലത് സഹോദരങ്ങൾക്ക് നൽകുകയും ചെയ്യും. സ്വന്തം വിശപ്പിനെക്കാളും സഹോദരന്മാരുടെ വിശപ്പിന് പ്രാധാന്യം നൽകാൻ അവരെ പഠിപ്പിക്കുന്നു. വീടുകൾ സന്തോഷങ്ങളുടെ വിളനിലമായിരിക്കണമെന്നതാണ് റോസാ പീച്ചയുടെ അഭിപ്രായം.
എൽ മുന്തോ എന്ന സ്പാനിഷ് പത്രത്തിന് 2014-ൽ നൽകിയ ഒരു അഭിമുഖത്തിൽ റോസാ പീച്ച് പറഞ്ഞു:” ഞങ്ങൾ വിശ്വാസത്തിലാണ് ജീവിക്കുന്നത്. നാല് മാസങ്ങൾക്കുള്ളിൽ രണ്ട് മക്കളുടെ മരണവും എപ്പോൾ വേണമെങ്കിലും മരിക്കാൻ സാധ്യതയുള്ള മൂത്തമകളുടെ മരണവും പ്രതീക്ഷിച്ച് കാത്തിരിക്കേണ്ടവന്നരാണ് ഞങ്ങൾ. ജീവിതം മടുത്തുവെന്ന് അക്കാലങ്ങളിൽ തോന്നിയിട്ടില്ലേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. വിശ്വാസം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ മരണത്തിലേക്ക് നടന്നുപോകുമായിരുന്നു. അങ്ങനെ സംഭവിക്കാതിരുന്നതിന് ദൈവത്തിന് നന്ദി പറയുന്നു.” ഏത് അഭിമുഖങ്ങളിലും വിശ്വാസം ഏറ്റുപറയുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ഈ കുടുംബം.
ചേമായുടെ മരണത്തിന്റെ പിറ്റേ മാസം ഈസ്റ്റർ കാലത്ത് 17-കാരനായ മകൻ ഗാബി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ കാണാൻ പോയിരുന്നു. മരണക്കിടക്കിയിൽ വച്ച് തന്റെ പിതാവ് മാർപാപ്പക്ക് നൽകുന്നതിനായി എഴുതിയ കത്തും കൈവശമുണ്ടായിരുന്നു. അതു വാങ്ങിയിട്ട് പരിശുദ്ധ പിതാവ് പറഞ്ഞു: ”അമ്മയോട് പറയണം എപ്പോഴും സ്വർഗത്തിലേക്ക് ദൃഷ്ടികൾ ഉയർത്തണമെന്ന്. നിങ്ങളുടെ പിതാവ് അവിടെനിന്നും അമ്മയെ നോക്കിക്കൊണ്ടിരിക്കുകയാണ്.” ആ വാക്കുകൾ ചൊരിഞ്ഞ ആശ്വാസം ചെറുതല്ലെന്ന് റോസാ പീച്ചും മക്കളും പറയുന്നു. എങ്ങനെയാണ് നിങ്ങളുടെ സങ്കടങ്ങളെ മറികടന്നതെന്ന് പലരും ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടേത് വലിയ കുടുംബമായതുകൊണ്ട് സങ്കടങ്ങൾ എല്ലാവർക്കും പകുത്തുനൽകി എന്നാണ് മറുപടി. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ മക്കളെ ദൈവത്തിന്റെ സമ്മാനങ്ങളായിട്ടാണ് കരുതുന്നത്. ദൈവം നൽകിയ സമ്മാനങ്ങളെ രണ്ടുകയ്യും നീട്ടി ഞങ്ങൾ സ്വീകരിക്കുകയായിരുന്നു. മാതാപിതാക്കൾക്ക് മക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനങ്ങളാണ് സഹോദരങ്ങൾ; റോസായുടെ വാക്കുകളിൽ സന്തോഷവും അഭിമാനവും നിറയുന്നു.
പിതാവിന്റെ മരണം മക്കളുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് റോസാ പറയുന്നു. 10 വയസുകാരി മകൾ പിതാവിന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്കുശേഷം പത്രം വായിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അതുവരെ അവൾക്ക് അങ്ങനെയൊരു ശീലം ഉണ്ടായിരുന്നില്ല. ഇത് എന്നുതുടങ്ങി എന്നു ചോദിച്ചപ്പോൾ, ഡാഡി ഉണ്ടായിരുന്നപ്പോൾ എല്ലാ ദിവസവും പത്രങ്ങൾ വായിച്ചിട്ട് അതിലെ വാർത്തകൾ എനിക്കു വിവരിച്ചുതരുമായിരുന്നു. ഡാഡി ഇല്ലാത്തതുകൊണ്ട് ഇപ്പോൾ ഞാൻ തനിയെ വായിക്കാൻ തുടങ്ങി എന്നായിരുന്നു ഉത്തരം.
അഞ്ചാമത്തെ മകൻ ഗുവാബി പോസ്റ്റിഗോ സൗത്ത് കൊറിയയിലെ യുൻസേയി സർവകലാശാലയിലാണ് ബിസിനസ് മാനേജ്‌മെന്റ് പഠിക്കുന്നത്. ജനനനിരക്കിൽ ഉണ്ടാകുന്ന കുറവ് വലിയൊരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് സൗത്ത് കൊറിയയിൽ. വലിയ കുടുംബത്തിന്റെ പ്രാധാന്യം ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതിനായി തന്റെ അമ്മ എഴുതിയ പുസ്തകത്തിന്റെ മേള അവിടെ സംഘടിപ്പിച്ചു. അതെ, വലിയ കുടുംബത്തിന്റെ ആഹ്ലാദങ്ങൾ മക്കളിലേക്കും എത്തിക്കാൻ ഈ കുടുംബത്തിന് കഴിഞ്ഞിരിക്കുന്നു.
മക്കൾക്ക് മൂല്യങ്ങൾ പകർന്നുകൊടുക്കുന്ന സർവകലാശാലകളായിരിക്കണം വീടുകൾ എന്നാണ് റോസാ പീച്ചിന്റെ അഭിപ്രായം. പോസ്റ്റിഗോ കുടുംബത്തിൽ ഭക്ഷണമേശയിൽപ്പോലും അതു പ്രതിഫലിക്കുന്നു. 20 പേർക്ക് ഒരുമിച്ചിരിക്കാവുന്ന റൗണ്ട് ആകൃതിയിലാണ് അവരുടെ ടൈനിംഗ് ടേബിൾ. ഇടത്തും വലത്തും ഇരിക്കുന്നവർക്ക് വിളമ്പിയിട്ടേ സ്വന്തം പ്ലെയിറ്റിൽ വിളമ്പൂ. എപ്പോഴും ഏറ്റവും നല്ലത് സഹോദരങ്ങൾക്ക് നൽകുകയും ചെയ്യും. എങ്ങനെയാണ് നിങ്ങളുടെ സങ്കടങ്ങളെ മറികടന്നതെന്ന് പലരും ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടേത് വലിയ കുടുംബമായതുകൊണ്ട് സങ്കടങ്ങൾ എല്ലാവർക്കും പകുത്തുനൽകി എന്നാണ് മറുപടി.
ജോസഫ് മൈക്കിൾ
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?