Follow Us On

20

October

2020

Tuesday

ബ്രെയിൻ ട്യൂമർ തൊട്ടുസുഖപ്പെടുത്തിയ പരിശുദ്ധ അമ്മ

ബ്രെയിൻ ട്യൂമർ തൊട്ടുസുഖപ്പെടുത്തിയ  പരിശുദ്ധ അമ്മ

1992 ലായിരുന്നു അത്. അന്ന് ഞാൻ ഇസ്രായേലിൽ ബൈബിൾ പഠനത്തിലാണ്. ഇറ്റലിയിൽനിന്നുള്ള ഫ്രാൻസിസ്‌കൻ സന്യാസികൾ നടത്തുന്ന ‘സ്തൂതിം ബിബ്ലിക്കും ഫ്രാൻസിസ്‌കാനും’ എന്ന ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. ക്ലാസ് തുടങ്ങി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കടുത്ത തലവേദന അനുഭവപ്പെട്ട് തുടങ്ങി. പല വിദഗ്ധ ഡോക്ടർമാരുടെയും നിർദ്ദേശാനുസരണം തലവേദനയ്ക്കുള്ള ചില മരുന്നുകൾ കഴിച്ചു. ഒരു ദിവസം ബാത്ത്‌റൂമിൽ തലകറങ്ങി വീണു. ആശ്രമത്തിലെ സന്യാസിമാരാണ് അന്ന് ഹോസ്പിറ്റലിൽ എത്തിച്ചത്.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സ്‌കാൻ ചെയ്തപ്പോൾ ബ്രെയിൻ ട്യൂമറാണെന്ന് മനസ്സിലായി. അത് നിരന്തരം വളർന്നുകൊണ്ടിരിക്കുകയാണ്. പിന്നീട് മരണത്തിന്റെ നൂൽപ്പാലത്തിലൂടെയായിരുന്നു യാത്ര. വെറുതെയിരുന്ന സമയങ്ങളിലൊക്കെ ജപമാല മാത്രമായിരുന്നു ആശ്രയം.
ആദ്യം ചെന്ന ഹോസ്പിറ്റലിൽ ഓപ്പറേഷനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ എവിടെനിന്നോ രണ്ടു മലയാളി നഴ്‌സുമാർ അവിടെയെത്തി. ഡോക്ടറോട് സംസാരിച്ച് എന്നെ അവിടെനിന്ന് ‘ഹദാസ്സ’ എന്ന യഹൂദരുടെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പിന്നീടാണ് മനസിലായത്, ഓപ്പറേഷൻ നടത്താൻ നിശ്ചയിച്ചിരുന്ന ആശുപത്രിയിൽ ഓപ്പറേഷനുള്ള ആധുനിക സജ്ജീകരണങ്ങൾ ഇല്ലായിരുന്നുവെന്ന്. പരിചയമില്ലാത്ത നാട്ടിൽ പ്രാർത്ഥനയുടെ അത്ഭുതശക്തിയിൽ, ദൈവം സ്വന്തം നാട്ടുകാരെ തന്നെ സഹായത്തിനയച്ചു.
ആദ്യം ഓഗസ്റ്റ് ആറിനാണ് ഓപ്പറേഷൻ തിയതി നിശ്ചയിച്ചത്. അന്ന് ഡോക്ടറോട് പറഞ്ഞു, ”നല്ല ദിവസമാണ്, എന്റെ മൂത്ത ചേട്ടൻ മരിച്ച ദിവസമാണന്ന്.” മരണത്തിന്റെ വക്കിലാണ് എന്നത് ചുറ്റുമുള്ളവരുടെ പ്രതികരണങ്ങളിൽനിന്ന് തിരിച്ചറിഞ്ഞിരുന്നു. സാങ്കേതികമായ കാരണങ്ങൾമൂലം ഓപ്പറേഷന്റെ തിയതി ഓഗസ്റ്റ് 11 ലേക്ക് മാറ്റി. ഓപ്പറേഷന്റെ ദിവസമടുത്തപ്പോൾ മലയാളി നഴ്‌സുമാരോട് തനിക്കൊരു കുർബാന ചൊല്ലണം എന്നാവശ്യപ്പെട്ടു. ഓർമകൾ പലതും മങ്ങിത്തുടങ്ങിയ ഘട്ടമായിരുന്നു. അവർ അടുത്തുള്ള ക്രിസ്ത്യൻ ഇൻഫർമേഷൻ സെന്ററിൽ എത്തിച്ചു. അവിടെയിരുന്ന് കുർബാന ചൊല്ലി. ഒരുപക്ഷേ വൈദികജീവിതത്തിലെ അവസാനത്തെ കുർബാന. ബൈബിൾ തുറന്നപ്പോൾ കിട്ടിയത് മത്തായി 8:3 ”ഒരു കുഷ്ഠരോഗി അടുത്തുവന്ന് താണുവണങ്ങി പറഞ്ഞു, കർത്താവേ അങ്ങേക്ക് മനസുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.
യേശു കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ട് അരുളിച്ചെയ്തു: എനിക്ക് മനസുണ്ട്, നിനക്ക് ശുദ്ധി വരട്ടെ.” ഇത് വായിച്ചതിനു പിന്നാലെ ”നീ മരിക്കുകയില്ല, ജീവിക്കും” എന്നൊരു ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി.
ഓപ്പറേഷൻ ടേബിളിൽ കിടത്തിയിരിക്കുന്ന അവസരത്തിൽ കണ്ട കാഴ്ച ഇപ്പോഴും മനസിൽ ഒളിമങ്ങാതെ നിൽക്കുന്നു. ശരീരത്തിന് ഭാരമില്ലാത്ത അവസ്ഥയിൽ വായുവിലേക്കുയർന്ന് ആയിരം വയലിനുകൾ ഒന്നിച്ച് വായിച്ചാൽ കേൾക്കുന്ന സംഗീതത്തിൽ ആമഗ്നനായി കിടക്കുന്ന സ്വർഗീയമായ അനുഭവമായിരുന്നു അത്.
മൂന്നര മണിക്കൂർ നീളുന്ന ഓപ്പറേഷൻ നടത്തിയത് ജൂതനായ ‘യെല്ലി’ എന്ന ഡോക്ടറായിരുന്നു. ഓപ്പറേഷൻ പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹം സഹായികളായി നിന്ന മലയാളി നഴ്‌സുമാരോട് പറഞ്ഞു, ” Your Jesus Christ has saved him ” കർത്താവിന്റെ ശക്തമായ കരങ്ങൾ എന്റെ കൂടെയുണ്ടായിരുന്നു എന്നതിന് മെഡിക്കൽ സയൻസ് തന്നെ സാക്ഷിയെന്ന് ആ ഡോക്ടർ വിളിച്ചു പറയുകയായിരുന്നു. ഓപ്പറേഷന് തലേദിവസം നടത്തിയ സ്‌കാനിങ്ങിൽ തെളിഞ്ഞത് വളർന്നുകൊണ്ടിരിക്കുന്ന ട്യൂമറായിരുന്നു. ഓപ്പറേറ്റ് ചെയ്തപ്പോൾ കണ്ടെത്തിയത് കരിഞ്ഞുണങ്ങിയിരിക്കുന്ന ട്യൂമർ. അത് നീക്കം ചെയ്യുക എന്നത് മാത്രമാണ് അവർ ചെയ്തത്. അതുകൊണ്ടാണ് യഹൂദനായ ആ മനുഷ്യൻ ക്രിസ്തുവിനെ പ്രകീർത്തിച്ചത്.
മുൻപരിചയമൊന്നുമില്ലാതിരുന്ന ആ രണ്ട് നഴ്‌സുമാരായ സഹോദരിമാർ അന്ന് എനിക്കായി കാൽവരിയിൽ ചെന്ന് കുരിശിന്റെ വഴി ചൊല്ലുകയും ജപമാല അർപ്പിക്കുകയും ഉപവാസമെടുക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്റെ സമയം മുഴുവൻ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക സംരക്ഷണയിലായിരുന്നു ഞാൻ.
മാതാവിന്റെ മാധ്യസ്ഥത്താലാണ് അസുഖം സുഖമായതെന്ന് ഞാൻ വിശ്വസിക്കുന്നു. ഡോക്ടർമാരെ ആ അത്ഭുതത്തിന് സാക്ഷികളാക്കി എന്റെ ജീവിതത്തെ നവീകരിക്കുന്നതിന് ഈശോ ഉപയോഗിച്ചു. ഓരോ ദിവസത്തെ കുർബാനയിലൂടെയും ഈശോയ്ക്ക് നമ്മോടെല്ലാം വ്യക്തിപരമായി സംസാരിക്കാനുണ്ട്. അത് മുടക്കുന്നത് ഈശോയുടെ സന്ദേശം നഷ്ടമാകുന്നതിന് കാരണമാകും;
ഓപ്പറേഷന് ശേഷമുള്ള ദിവസങ്ങൾ ജപമാല പ്രാർത്ഥനയിലൂടെ ഈശോയിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു. പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുമ്പോൾ ഈശോയോട് പ്രാർത്ഥിക്കുന്നുണ്ടോ എന്ന സംശയം ചിലരെങ്കിലും പ്രകടിപ്പിക്കാറുണ്ട്. അമ്മയോട് പ്രാർത്ഥിക്കുമ്പോൾ പിതാവായ ദൈവം നമ്മുടെ സമീപത്തെത്തും. എന്നിട്ട് ചോദിക്കും ആരാണ് എന്റെ പ്രിയപുത്രിയെ വിളിച്ചത്? പുത്രനായ ദൈവം സമീപത്തെത്തി ചോദിക്കും, ആരാണ് എന്റെ അമ്മയെ വിളിച്ചത്? പരിശുദ്ധാത്മാവായ ദൈവം ചോദിക്കും, ആരാണ് എന്റെ മണവാട്ടിയെ വിളിച്ചത്? ത്രീത്വം മുഴുവൻ നമ്മുടെ സമീപത്ത് നിൽക്കുമ്പോൾ പ്രാർത്ഥിക്കുന്നത് എത്ര മഹത്തരമാണ്!
ദൈവം എന്നെ ഒന്ന് തളർത്തിയിട്ട് എഴുന്നേൽപ്പിച്ചപ്പോൾ കൂടുതൽ വിശ്വാസത്തിൽ ആഴപ്പെടുന്നതിന് ഇടയാക്കി. ബൈബിൾ പഠനത്തിലെ ലൈസെൻഷ്യേറ്റ് പൂർത്തിയാക്കി അവിടെനിന്ന് തിരിച്ചുവരുന്നതിന് തയാറായി പേപ്പർ വർക്കുകളെല്ലാം നടത്തി. ഇവിടെവരെയെത്തിയ സ്ഥിതിക്ക് റോമിൽ പോയിട്ട് തിരിച്ചു പോകാം എന്ന് കരുതി അത്തരത്തിൽ ടിക്കറ്റ് കൺഫേം ചെയത് റോമിലെത്തി, ഒരാഴ്ചയ്ക്കുശേഷം ടിക്കറ്റുമായി എയർപോർട്ടിൽ ചെന്നപ്പോൾ ടിക്കറ്റ് കൺഫേമ്ഡ് അല്ല എന്ന മറുപടിയാണ് ലഭിച്ചത്. പരിചയമില്ലാത്ത സ്ഥലം, തസ്‌കരന്മാരുള്ള സ്ഥലമാണ്. ഞാൻ ഒഴിഞ്ഞ ഒരു മൂലയിലിരുന്ന് ജപമാലയെടുത്ത് പ്രാർത്ഥിക്കാനാരംഭിച്ചു. കൂടെ എത്രയും ദയയുള്ള മാതാവേ എന്ന ജപവും ചൊല്ലിക്കൊണ്ടിരുന്നു.
ജപമാലയെന്നത് പാവപ്പെട്ടവന്റെ സുവിശേഷമാണ്. പ്രതിസന്ധിഘട്ടങ്ങളിൽ രക്ഷാകേന്ദ്രമായി മാതാവിനോടുള്ള ഭക്തി പരിണമിക്കും. മാതാവ് നമ്മളെ നയിക്കുന്നത് ഈശോയിലേക്കാണ്. പരിശുദ്ധ ത്രിത്വത്തിലേക്കാണ്. ജോൺപോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിട്ടുണ്ട്, ”മാതാവിന്റെ മടിയിലിരുന്ന് ഈശോയുടെ തിരുമുഖം ധ്യാനിക്കലാണ് ജപമാലഭക്തിയെന്ന്.” പ്രാർത്ഥന തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ഒരു മനുഷ്യൻ, മങ്ങിയ പ്രകാശത്തിൽ മുഖം വ്യക്തമല്ല, എന്നോട് വന്ന് ഇറ്റാലിയൻ ഭാഷയിൽ ചോദിച്ചു, എന്താണ് ഇവിടെ ഇരിക്കുന്നത്? ഇന്ത്യയിലേക്ക് പോകാനിരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. തുടർന്ന് ആ അപരിചിതൻ ഇംഗ്ലീഷിൽ ചോദിച്ചു, ഇന്ത്യയിൽ എവിടെയാണ്? മനസിൽ ചെറിയ ആശങ്ക പൊട്ടിമുളച്ചു. ഇതാരാണാവോ? ഞാൻ മറുപടി പറഞ്ഞു. കേരളത്തിൽ നിന്നാണ്. അപ്പോൾ മലയാളത്തിൽ ചോദ്യം വന്നു, കേരളത്തിലെവിടെയാണ്? ഞാൻ പറഞ്ഞു, പാലായിൽനിന്ന്. വളരെയധികം ആശ്വാസം തോന്നിയ അവസരമായിരുന്നു അത്. പിന്നീട് സംസാരിച്ചപ്പോൾ അത് ഒരച്ചനാണെന്ന് മനസിലായി. തന്റെ സന്യാസസമൂഹത്തിൽപ്പെട്ട ഒരച്ചനെ നാട്ടിലേക്ക് ഫ്‌ളൈറ്റിൽ അയക്കാൻ വന്നതായിരുന്നു. അച്ചൻ എന്റെ ഭാരമുള്ള പെട്ടിയെല്ലാമെടുത്ത് എന്നെ ആശ്രമത്തിലെത്തിച്ചു. രണ്ടു ദിവസത്തിനുശേഷം എന്റെ ടിക്കറ്റ് ശരിയാക്കി ഫ്‌ളൈറ്റിൽ കയറ്റിവിടുകയും ചെയ്തു. മാതാവിനോട് ചേർന്നുനിൽക്കുന്നവർക്കെല്ലാം ഈശോ സുഭിക്ഷമായി നൽകുന്നുവെന്നുള്ളതിന്റെ വ്യക്തമായ തെളിവായി ഞാനിത് കാണുന്നു.
ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ബ്രെയിൻ ട്യൂമർ അനുഗ്രഹത്തിന്റെ കാരണമായി ഞാൻ കാണുന്നു. ഓപ്പറേഷന് ഏഴര ലക്ഷം രൂപയോളം ചെലവായി. തങ്ങൾക്ക് അത് മുടക്കേണ്ട ആവശ്യമില്ലെങ്കിലും ഫ്രാൻസിസ്‌കൻ സന്യാസികൾ ആ തുക മുടക്കി. പിന്നീട് സ്‌കോളർഷിപ്പിൽനിന്ന് ആ തുക തിരികെ നൽകുകയായിരുന്നു. ഒരു പരിചയവുമില്ലാതിരുന്ന ലിസി, ലൗലി എന്നീ രണ്ടു നഴ്‌സുമാർ സഹായഹസ്തവുമായി എത്തി.
1993 ൽ കേരളത്തിൽ തിരിച്ചെത്തി ഇലഞ്ഞിയിൽ അസിസ്റ്റന്റ് വികാരിയായി. 1995-97 ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ അധ്യാപകനായി. തദവസരത്തിൽ എനിക്ക് ചെക്കപ്പിന് ശ്രീചിത്തിരയിൽ പോകണം. കൂടാതെ മരുന്നുകളും കഴിക്കാനുണ്ട്. രാവിലെ നാലുമണിക്ക് പാലായിൽനിന്ന് തിരുവനന്തപുരം ഫാസ്റ്റുണ്ട്. 8.30 ആകുമ്പോൾ ആശുപത്രിയിൽ ചെന്നാലേ ചെക്കപ്പ് നടക്കൂ. എനിക്കാണെങ്കിൽ അലാറമില്ല. എന്റെ അമ്മച്ചി ചെറുപ്പത്തിൽ പറഞ്ഞു പഠിപ്പിച്ചത് ഓർമയുണ്ടായിരുന്നു. മൂന്നു നന്മനിറഞ്ഞ മറിയമേ ചൊല്ലിയിട്ട് കിടന്നാൽ പരിശുദ്ധ അമ്മ വന്ന് വിളിക്കും എന്ന്. അന്ന് ഞാൻ മൂന്നു നന്മനിറഞ്ഞ മറിയമേ ചൊല്ലിയിട്ട് ഉറങ്ങാൻ കിടന്നു. കൃത്യം മൂന്നുമണിയായപ്പോൾ ”അച്ചാ എഴുന്നേൽക്ക് എന്ന് ജനാലയ്ക്കൽ ഒരു ശബ്ദം.” ഞാൻ കണ്ണു തുറന്നു, കൃത്യം മൂന്നുമണി.
പത്തു വർഷം തുടർച്ചയായി ശ്രീചിത്തിരയിൽ ചെക്കപ്പിന് പൊയ്‌ക്കൊണ്ടിരുന്നു. മരുന്നുകൾ നിറുത്താതെ കഴിക്കണം. നീലൂർ ബോയ്‌സ് ഹോമിൽ പ്രവർത്തിച്ചിരുന്ന അവസരത്തിൽ അവിടത്തെ പ്രാർത്ഥനാകൂട്ടായ്മയിൽ പങ്കെടുത്തിരുന്നു. ജപമാല പ്രാർത്ഥനകൾ ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അച്ചൻ ഇനി മരുന്നു കഴിക്കണ്ട എന്ന നിർദ്ദേശം. എനിക്കത്ഭുതമായി. പത്തു വർഷമായി കഴിച്ചുകൊണ്ടിരുന്ന മരുന്ന് പൊടുന്നനവേ നിർത്താനോ? അടുത്ത ചെക്കപ്പിന് ശ്രീചിത്തിരയിൽ ചെന്നപ്പോൾ വിദഗ്ധരായ മൂന്നു ഡോക്ടർമാരടങ്ങുന്ന സംഘം ഏകസ്വരത്തിൽ പറഞ്ഞു, അച്ചൻ ഇനി മരുന്ന് കഴിക്കേണ്ടതില്ല. വിശേഷിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം ചെക്കപ്പിന് വന്നാൽ മതി!
മാതാവിനെ ഏൽപ്പിച്ചിട്ട് ധ്യാനശുശ്രൂഷകൾ നയിക്കുന്നതിനായി ഇറങ്ങിയാൽ അമ്മ കേൾവിക്കാർക്ക് ആവശ്യമുള്ളത് അരിപ്പയിലെന്നതുപോലെ അരിച്ച് കേൾവിക്കാർക്ക് മുന്നിലെത്തിക്കുന്ന അനുഭവം പലപ്പോഴായി ഉണ്ടായിട്ടുണ്ട്.
1997-2002 നീലൂർ സാവിയോ ഹോമിൽ ബോർഡിംഗ് റെക്ടറായി പ്രവർത്തിച്ചു. ഇപ്പോൾ മാർ എഫ്രേം ഫോർമേഷൻ സെന്ററിൽ വൈസ് റെക്ടറായി പ്രവർത്തിക്കുന്നു.നാലാം വർഷക്കാരായ സെമിനാരി വിദ്യാർത്ഥികൾക്കായി ഏകവർഷ പരിശീലനം നൽകുന്നു. ഇവിടെ പരിശീലനം ആരംഭിക്കുന്നതിനായി സ്ഥലസൗകര്യം ഒരുക്കുന്നതിന് പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് വന്നപ്പോൾ ഉണ്ടായ പ്രധാന പ്രശ്‌നം വെള്ളമില്ല എന്നതായിരുന്നു. ജപമാല ചൊല്ലി സെമിനാരിയുടെ ചുറ്റും ഞാനും റെക്ടറായ വെട്ടുകല്ലേലച്ചനുംകൂടി നടന്നു.
നിരവധി തവണ വെള്ളത്തിന്റെ ലഭ്യത തേടി പുരയിടത്തിൽ പരീക്ഷണങ്ങൾ നടത്തിയതാണ്. പക്ഷേ അന്നൊന്നും ലഭ്യമായില്ല. ജപമാല ചൊല്ലുകയും 91-ാം സങ്കീർത്തനം വായിക്കുകയും ആരാധന എഴുന്നള്ളിച്ചുവച്ച് പ്രാർത്ഥിക്കുകയും ചെയ്തു. അതിനുശേഷം വെള്ളത്തിന് സ്ഥാനം നോക്കിയ അവസരത്തിൽ അത് സമൃദ്ധമായി ലഭിച്ചു. നല്ല വറ്റാത്ത വെള്ളം തന്ന് ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?