Follow Us On

28

November

2022

Monday

ഹൃദയങ്ങളെ തൊട്ടറിയുന്ന ഗുരുനാഥൻ

ഹൃദയങ്ങളെ  തൊട്ടറിയുന്ന ഗുരുനാഥൻ

ബന്ധുക്കൾ തൊമ്മിച്ചായനെന്നും സുഹൃത്തുക്കൾ തോമാച്ചനെന്നും ശിഷ്യഗണങ്ങൾ ശ്രാമ്പിക്കലച്ചനെന്നും വിളിക്കുന്ന റവ. ഡോ. തോമസ് ശ്രാമ്പിക്കൽ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണജൂബിലി നിറവിലാണിപ്പോൾ. സഫലമായ പൗരോഹിത്യ ജീവിതത്തിനുടമയാണ് പ്രിയപ്പെട്ട ശ്രാമ്പിക്കലച്ചൻ. വിശുദ്ധിയും വിജ്ഞാനവും നിറഞ്ഞ വൈദികശ്രേഷ്ഠൻ, മനസുകൾ കീഴടക്കിയ പുരോഹിതൻ, പണ്ഡിതനായ പരിശീലകൻ, ഉത്തമ മാർഗദർശി എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ അച്ചനെപ്പറ്റി പറയുവാനുണ്ട്.
പ്രതിസന്ധികളെ തരണം ചെയ്ത ബാല്യം
ആയിരം സംവത്സരങ്ങളുടെ പൂർവകാല പാരമ്പര്യമുള്ള ശ്രാമ്പിക്കൽ തറവാട്ടിലെ അംഗമാണ് തോമസച്ചൻ. കുട്ടനാട്ടിലെ പുളിങ്കുന്നിലെ പുരാതന ശ്രാമ്പിക്കൽ കുടുംബം കുറവിലങ്ങാട്, പാലാ ശ്രാമ്പിക്കൽ തറവാട്ടിലെ പിൻതലമുറക്കാരനാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. പുളിങ്കുന്ന് ശ്രാമ്പിക്കൽ കുടുംബത്തിലെ വർക്കി തോമസിന്റെയും ത്രേസ്യാമ്മയുടെയും ദ്വിതീയ പുത്രനായി 1940 ഡിസംബർ 13-ന് തൊമ്മിക്കുട്ടി ജനിച്ചു. ഇളയ സഹോദരിയുടെ ജനനത്തോടെ അമ്മയും സഹോദരിയും അകാലചരമം പ്രാപിച്ചത് നൊമ്പരപ്പെടുത്തുന്ന ഒരോർമയാണ്. പിന്നീട് പിതാവ് പുനർവിവാഹിതനാവുകയും മൂത്തസഹോദരനെ കൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുള്ള വലിയ കുടുംബത്തിലെ അംഗമായി ഇദ്ദേഹം മാറുകയും ചെയ്തു.
ചെറുപ്പം മുതൽ പഠനത്തിൽ അതിസമർത്ഥനായിരുന്നു തൊമ്മിക്കുട്ടി. കായൽപ്പുറം സെന്റ് ജോസഫ്‌സ്, പുളിങ്കുന്ന് അമലോത്ഭവ, പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് എന്നീ സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. വൈദികനാകണമെന്ന ആഗ്രഹസഫലീകരണത്തിനായി 1958 ജൂൺ മാസത്തിൽ ചങ്ങനാശേരി അതിരൂപതയുടെ പാറേൽ പെറ്റി സെമിനാരിയിൽ ചേർന്ന് പരിശീലനം തുടങ്ങി. ദൈവവിളി തിരിച്ചറിയുന്നതിനും തിരഞ്ഞെടുക്കുന്നതിനും തന്റെ പിതൃസഹോദരി പരേതയായ സിസ്റ്റർ ജെയിൻ എഫ്.സി.സിയുടെ നിർദേശങ്ങളും പ്രാർത്ഥനയും ഇദ്ദേഹത്തിന് വളരെ സഹായകമായിട്ടുണ്ട്. ബ്ര. തോമസ് ശ്രാമ്പിക്കലിന്റെ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂനയിലെ പേപ്പൽ സെമിനാരിയിൽ ആയിരുന്നു.
ഇക്കാലയളവിൽ തന്റെ ജ്യേഷ്ഠ സഹോദരൻ ജോയിച്ചൻ ഹൃദയാഘാതം മൂലം മരണടഞ്ഞത് മറ്റൊരു വേദനയായി. ചെറുപ്പകാലത്തുണ്ടായ പ്രതികൂല സാഹചര്യങ്ങളൊന്നും തന്റെ സെമിനാരി പരിശീലനത്തെ ദോഷകരമായി ബാധിക്കാതെ ഉത്തമബോധ്യത്തോടും ഉറച്ച തീരുമാനത്തോടുംകൂടി തൊമ്മിച്ചായൻ വൈദിക പരിശീലനം തുടർന്നുവെന്ന കാര്യം ഇദ്ദേഹത്തിന്റെ അടുത്ത ബന്ധു സിസ്റ്റർ ജോർജ് മരിയ പങ്കുവച്ചത് ഓർക്കുന്നു.
സ്വപ്‌നസാക്ഷാത്ക്കാരം
സെമിനാരി പരിശീലനകാലത്ത് അധികാരികൾക്കും സഹപാഠികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ബ്ര. തോമസ് ശ്രാമ്പിക്കൽ. പഠനത്തിൽ ഒന്നാമനായിരുന്ന ഇദ്ദേഹം കായികരംഗത്തും പാഠ്യേതര രംഗങ്ങളിലും മികവുപുലർത്തി. ഉന്നതമായ രീതിയിൽ വൈദികപഠനം പൂർത്തിയാക്കി 1967 സെപ്റ്റംബർ 21-ന് പൂനാ പേപ്പൽ സെമിനാരിയിൽവച്ച് പൂനെ രൂപതാധ്യക്ഷൻ ഡോ. വില്ല്യം ഗോമസിൽനിന്നും ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുകയും അന്നുതന്നെ പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു. പിന്നീട് നാട്ടിലെത്തി സ്വന്തം ഇടവകയായ പുളിങ്കുന്ന് സെന്റ് മേരീസ് വലിയ പള്ളിയിൽ സെപ്റ്റംബർ 24-ന് ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ചു.
അമ്പൂരി സെന്റ് ജോർജ് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. ശ്രാമ്പിക്കലച്ചന്റെ അറിവും കഴിവും വിശുദ്ധിയും തിരിച്ചറിഞ്ഞ പുണ്യസ്മരണാർഹനായ മാർ മാത്യു കാവുകാട്ട് പിതാവ് 1969-ൽ ഇദ്ദേഹത്തെ പാറേൽ പെറ്റി സെമിനാരിയിലെ അധ്യാപകനായും വൈസ് റെക്ടറായും നിയമിച്ചു. 1971-ൽ ആന്റണി പടിയറ പിതാവ് ശ്രാമ്പിക്കലച്ചനെ റോമിലേക്ക് ഉപരിപഠനത്തിനയച്ചു. റോമിലെ പ്രശസ്തമായ ലാറ്ററെയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള അൽഫോൻസിയൻ അക്കാഡമിയിൽ ധാർമിക ദൈവശാസ്ത്രത്തിൽ ഗവേഷണം നടത്തി. “Concept of conscience in todays empirical pshycology an-d in th-e documents of Vatican II” എന്ന പ്രബന്ധത്തിലൂടെ ഗവേഷണ ബിരുദം നേടി. ഇതിനിടയിൽ അച്ചന് താങ്ങും തണലുമായിരുന്ന പ്രിയപിതാവ് വർക്കി തോമസ് 1971 ജൂൺ 20-ന് പരലോകപ്രാപ്തനായി.
വൈദികപരിശീലന രംഗത്തേക്ക്
റോമിൽനിന്നും പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻ തോമസ് ശ്രാമ്പിക്കലച്ചൻ മാങ്ങാനം മിഷനറി ഓറിയന്റേഷൻ സെന്റർ ഡയറക്ടറായി നിയമിതനായി. ഈ കാലയളവിൽ വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി ഉൾപ്പെടെ പല സെമിനാരികളിൽ അധ്യാപകനായും ശുശ്രൂഷ ചെയ്തു.
സഭയെന്നും അവളുടെ പുരോഹിതരുടെ രൂപവൽക്കരണത്തിൽ വളരെ ശ്രദ്ധയുള്ളവളാണ്. വിശുദ്ധരും പണ്ഡിതരുമായിരിക്കണം പുരോഹിതർ. അവർ സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും നേതൃത്വം നൽകേണ്ടവരുമാണ്. അതിനാൽ പ്രാർത്ഥനയും പഠനവും കഠിനാധ്വാനവും വൈദികരുടെ ജീവിതശൈലിയാകണമെന്ന് സഭ നിഷ്‌കർഷിക്കുന്നു. ഈ ദൗത്യത്തിന് യോജിച്ചവിധം പുരോഹിതരെ രൂപീകരിച്ചെടുക്കേണ്ട സെമിനാരി പരിശീലനം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇക്കാര്യത്തിൽ റവ. ഡോ. തോമസ് ശ്രാമ്പിക്കൽ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് എന്ന അധികാരികളുടെ തിരിച്ചറിവാണ് അദ്ദേഹത്തെ വൈദിക പരിശീലകന്റെ കുപ്പായമണിയിച്ചത്. ഗവേഷണകാലം ഒഴികെയുള്ള തന്റെ ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും വൈദികപരിശീലന രംഗത്ത് തോമസ് ശ്രാമ്പിക്കലച്ചൻ ചെലവഴിച്ചു.
പാറേൽ പെറ്റി സെമിനാരി വൈസ് റെക്ടർ, കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരി റെക്ടർ, വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയിലെ പ്രഫസർ, മറ്റു പല സെമിനാരികളിലെയും സ്ഥാപനങ്ങളിലെയും വിസിറ്റിങ്ങ് പ്രഫസർ, വടവാതൂർ സെമിനാരിയുടെ റെക്ടർ, അവിടെനിന്നും 2006-ൽ റിട്ടയർ ചെയ്തശേഷം തൃശൂർ മേരിമാതാ മേജർ സെമിനാരിയിലെ പ്രഫസർ എന്നീ നിലകളിൽ കഴിഞ്ഞ നാലര പതിറ്റാണ്ട് ഇദ്ദേഹം നൽകിയ സേവനങ്ങളും ശുശ്രൂഷയും നേതൃത്വവും പരിഗണിച്ച് തോമസ് ശ്രാമ്പിക്കലച്ചനെ ‘വൈദിക പരിശീലനരംഗത്തെ ശ്രേഷ്ഠാചാര്യൻ’ എന്ന് വിശേഷിപ്പിച്ചാൽ അതിലൊട്ടും അപാകതയില്ല.
അക്കാദമിക്ക് രംഗത്ത് തോമസ് ശ്രാമ്പിക്കലച്ച ൻ നൽകിയ സംഭാവനകളും ഈ രംഗത്തെ അച്ചന്റെ മികവും ഔന്നിത്യവും പരിഗണിച്ച്, സീറോ മലബാർ സിനഡിന്റെ അംഗീകാരത്തോടുകൂടി വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയുടെ ചാൻസിലറായിരുന്ന കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവ് ഇദ്ദേഹത്തിന് പ്രഫസർ എമിരിത്തൂസ് പദവി നൽകി ആദരിച്ചുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്.
ആഴമായ ബോധ്യങ്ങളും കാഴ്ചപ്പാടുകളും
വൈദികപരിശീലനത്തിൽ മാനുഷികം, ആധ്യാത്മികം, ബൗദ്ധികം, അജപാലനപരം എന്നീ നാലു മേഖലകളും കോർത്തിണക്കിയ സമഗ്ര പരിശീലന പദ്ധതികളാണ് ശ്രാമ്പിക്കലച്ചൻ ആവിഷ്‌കരിച്ചത്. അതുകൊണ്ടാണ് ‘നല്ല മനുഷ്യരാവുക, ഉത്തമ വൈദികരാവുക’ എന്ന ദർശനം നൽകുവാൻ അച്ചന് സാധിച്ചത്. പുരോഹിതർക്കുണ്ടാകേണ്ട അടിസ്ഥാന ഗുണങ്ങൾക്കും അവരുടെ മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകുന്ന പരിശീലനപരിപാടികൾ ക്രമീകരിക്കുന്നതിൽ ഇദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു.
ദീർഘനേരം ദൈവാലയത്തിലിരുന്ന് പ്രാർത്ഥിക്കുന്ന വ്യക്തി, ക്ലാസ് മുറിയിൽ ഉത്തമനായ അധ്യാപകൻ, കളിക്കളത്തിലും ഊട്ടുമുറിയിലും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ, കുറവുകളെ ചൂണ്ടിക്കാട്ടി തിരുത്തൽ നൽകുന്ന പരിശീലകൻ, വിജയങ്ങളിലും നേട്ടങ്ങളിലും പ്രോത്സാഹനം നൽകുന്ന അഭ്യുദയകാംക്ഷി അങ്ങനെ ഓരോരുത്തർക്കും ഏറെ പറയുവാനുണ്ട് ശ്രാമ്പിക്കലച്ചനെപ്പറ്റി.
സാധാരണ കുടുംബങ്ങളിൽനിന്നും വരുന്ന വ്യത്യസ്ത സ്വഭാവങ്ങളും രീതികളുമുള്ള യുവാക്കളെ ഒരു കൂരയ്ക്കു കീഴിൽ ഒന്നിച്ചു ചേർത്ത് ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുകയെന്നത് ശ്രമകരമായ ഉത്തരവാദിത്വമാണ്. സെമിനാരിയിൽ ശ്രാമ്പിക്കലച്ചൻ സൃഷ്ടിച്ച കുടുംബാന്തരീക്ഷം ഇന്നും എല്ലാവരുടെയും ഓർമയിലുണ്ട്. അച്ചൻ റെക്ടറായിരുന്ന കാലത്ത് കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിക്കുമുമ്പിൽ എഴുതിവച്ച ‘ഹോം ഓഫ് ലവ്’ എന്ന ശീർഷകം തികച്ചും അർത്ഥവത്തായിരുന്നുവെന്നത് ആ ഭവനത്തിലൂടെ കടന്നുപോയവരെല്ലാം അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യമാണ്. പിതൃസഹജമായ കരുതലും ജ്യേഷ്ഠ സഹോദരനു ചേർന്ന ഉത്തരവാദിത്വബോധവും പരിശീലനം നൽകുവാൻ തനിക്കൊപ്പം നിയോഗിക്കപ്പെട്ട വൈദികരെ ചേർത്തുനിർത്തിയുള്ള അച്ചന്റെ ടീംവർക്കും വളരെ ശ്രദ്ധേയമായിരുന്നു.
വേറിട്ട വ്യക്തിത്വത്തിനുടമയാണ് ശ്രാമ്പിക്കലച്ചൻ. നാട്യങ്ങളും പൊയ്മുഖങ്ങളും ജാടകളുമില്ലാത്ത മനുഷ്യൻ. ഏൽപിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ സൂക്ഷ്മതയോടും കൃത്യതയോടുംകൂടി ചെയ്യുന്ന കർമയോഗി. ലളിതജീവിത ശൈലിയുടെയും ഉന്നത ചിന്തകളുടെയും ഉടമ. ഇങ്ങനെ നിരവധി കാര്യങ്ങൾ അച്ചന്റെ വ്യക്തിത്വത്തെപ്പറ്റി വിശേഷിപ്പിക്കുവാനുണ്ട്. ഇതൊക്കെ പറയുമ്പോഴും ചില തലങ്ങളിൽ ശ്രാമ്പിക്കലച്ചൻ വേണ്ടവിധം മനസിലാക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യപ്പെട്ടില്ലായെന്ന് വിലയിരുത്തുന്നവരുമുണ്ട്.
ബന്ധുക്കൾക്കും മിത്രങ്ങൾക്കുമൊക്കെ തോമസച്ചനെ വലിയ ആദരവും ബഹുമാനവുമാണ്. 1992-ൽ പൗരോഹിത്യ രജതജൂബിലി സമയത്ത് ആഘോഷങ്ങളെല്ലാം ഒഴിവാക്കി പുളിങ്കുന്ന് ഇടവകയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് ഏർപ്പെടുത്തുകയായിരുന്നു ചെയ്തത്. സുവർണ ജൂബിലിയും യാതൊരു കൊട്ടിഘോഷങ്ങളുമില്ലാതെ നടത്തണമെന്ന നിർദേശമാണ് ബന്ധുക്കൾക്ക് നൽകിയിരിക്കുന്നത്.
ശ്രാമ്പിക്കലച്ചന്റെ ജീവിതമാതൃകയിൽനിന്നും പ്രചോദനം സ്വീകരിച്ച് അടുത്ത ബന്ധുക്കളായ ഫാ. സിജിമോൻ ശ്രാമ്പിക്കൽ, ഫാ. ക്രിസ്റ്റി കൂട്ടുമേൽ, സിസ്റ്റർ ജോർജ് മരിയ എഫ്.സി.സി, സിസ്റ്റർ ജോസ്‌ലിൻ എസ്.എസ്.എച്ച്, സിസ്റ്റർ മരിയ കൂട്ടുമേൽ സി.എം.സി എന്നിവർ സമർപ്പണ ജീവിതപാത തിരഞ്ഞെടുത്തുവെന്നതും ശ്രദ്ധേയമാണ്. തൊമ്മിച്ചായൻ ഞങ്ങൾക്കെന്നും പ്രചോദനവും പ്രോത്സാഹനവും മാർഗദർശിയുമായിരുന്നുവെന്ന് ഇവരെല്ലാം അഭിമാനത്തോടെ പറയുന്നു.
ദൈവശാസ്ത്ര പണ്ഡിതൻ
ഇന്ത്യയിലെ ധാർമിക ദൈവശാസ്ത്ര പണ്ഡിതരിൽ പ്രമുഖനാണ് റവ. ഡോ. തോമസ് ശ്രാമ്പിക്കൽ. പല സിമ്പോസിയങ്ങളിലും സെമിനാറുകളിലും ഉയർന്നു വന്ന ധാർമിക ദൈവശാസ്ത്ര പ്രശ്‌നങ്ങളിൽ ഡോ. തോമസ് ശ്രാമ്പിക്കൽ എന്തു പറയുന്നുവെന്ന് ആളുകൾ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആ വിഷയങ്ങളിലെ ആധികാരിക നിലപാടുകളായിട്ടുണ്ട്. അനേകം സെമിനാറുകളിൽ ധാർമിക ദൈവശാസ്ത്ര വിഷയങ്ങളിൽ ഇദ്ദേഹം പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ യുവജനങ്ങൾക്കായി കേരളത്തിന്റെ പല ഭാഗങ്ങളിലും സംഘടിപ്പിച്ച സെമിനാറുകളിലും ക്യാമ്പുകളിലും യുവജനമനഃശാസ്ത്രം, ലൈംഗിക ധാർമികത, ജീവന്റെ മൂല്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചതും അവരെ പ്രബുദ്ധരാക്കിയതും എടുത്തു പറയേണ്ട കാര്യമാണ്. സിമ്പോസിയങ്ങളിലും ക്ലാസുകളിലും അച്ചൻ ആവിഷ്‌കരിച്ച ധാർമിക ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ ക്രോഡീകരിച്ച് ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ധാർമിക ദൈവശാസ്ത്രത്തിലുള്ള നീണ്ട വർഷത്തെ അധ്യാപന പരിചയവും അനേകം കേസുകൾ കൈകാര്യം ചെയ്തുള്ള അനുഭവ സമ്പത്തും ഗവേഷണനിരീക്ഷണപാടവവും വെളിവാക്കുന്നതാണ് ീേTo act justly and deal Honestly എന്ന ശ്രാമ്പിക്കലച്ചന്റെ പുസ്തകം. ‘നീതിയും സത്യസന്ധതയും’ എന്ന തലക്കെട്ടിൽ ഇതിന്റെ മലയാള പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈദിക വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ഈ വിഷയത്തിലെ ഒരു റഫറൻസ് ഗ്രന്ഥമെന്ന നിലയിൽ ഇതിനെ അണിയിച്ചൊരുക്കുവാൻ അച്ചന് സാധിച്ചു.
മെത്രാന്മാരുടെ ഗുരുനാഥൻ
വൈദികർക്കുണ്ടാകേണ്ട വിശുദ്ധി, ധാർമികബോധം, അവർ നൽകേണ്ട ജീവിതസാക്ഷ്യം ഇവയെപ്പറ്റി തികഞ്ഞ ബോധ്യമുണ്ടായിരുന്ന ശ്രാമ്പിക്കലച്ചൻ തന്റെ പരിശീലനത്തിനേൽപിക്കപ്പെട്ടിരുന്ന വിദ്യാർത്ഥികളോട് ചില കാര്യങ്ങളിൽ കർശന നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇങ്ങനെ നിലപാടുകൾ സ്വീകരിക്കുമ്പോഴും വ്യക്തിപരമായി ഓരോരുത്തരെയും അറിയുകയും മനസിലാക്കുകയും തിരുത്തുകയും കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു എന്നത് അച്ചന്റെ എല്ലാ ശിഷ്യന്മാരും സമ്മതിക്കുന്ന കാര്യമാണ്. അവർ അച്ചനെപ്പറ്റി ഹൃദയത്തിൽ കുറിച്ചിട്ടിരിക്കുന്നതിപ്രകാരമാണ്: ഗൗരവപ്രകൃതക്കാരൻ എന്നാൽ ഹൃദയങ്ങളെ തൊട്ടറിയുന്ന ഗുരുനാഥൻ.
ജീവിതത്തിൽ തീരുമാനങ്ങളെടുക്കുവാനും എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുവാനും അനേകരെ സഹായിച്ച ഗുരുനാഥൻ, നിരവധി ആളുകൾക്ക് മാർഗദർശിയായും പ്രചോദനമായും മുമ്പേ ചരിക്കുന്ന പുണ്യപ്പെട്ട പുരോഹിതൻ, പ്രതിസന്ധികളിൽ വിശ്വസിച്ച് ആശ്രയിക്കാവുന്ന ഉത്തമ വഴികാട്ടി, പിതൃസഹജമായ കരുതലുള്ളയാൾ, പണ്ഡിതനായ വൈദികശ്രേഷ്ഠൻ, ആത്മാർത്ഥതയുള്ള സുഹൃത്ത്, ലളിതജീവിതവും ഉന്നത ചിന്തകളുമുള്ള വ്യക്തി, പൗരോഹിത്യത്തോട് നൂറുശതമാനവും നീതി പുലർത്തുന്ന വ്യക്തി…. അച്ചന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശിഷ്യന്മാരുടെയും ചില പ്രതികരണങ്ങളാണിവ. ഇതിൽ നിന്നൊക്കെ എത്ര ആഴവും പരപ്പുമുള്ള ഒരു വ്യക്തിത്വത്തിന് ഉടമയാണ് ശ്രാമ്പിക്കലച്ചൻ എന്ന് വ്യക്തമാകുന്നു.
ശ്രാമ്പിക്കലച്ചന്റെ കീഴിൽ പരിശീലനം നേടുവാൻ അവസരം ലഭിച്ചത് ഭാഗ്യമായി അനേകർ കരുതുന്നു. മനുഷ്യത്വപരവും മനഃശാസ്ത്രപരവുമായ ഇടപെടൽ. അച്ചനെ മനസിലാക്കി കഴിഞ്ഞാൽ വലിയ അടുപ്പവും ബഹുമാനവും തോന്നുന്ന വ്യക്തിത്വം. അച്ചൻ നൽകിയ ചെറിയ ശിക്ഷകളും ശിക്ഷണങ്ങളും തിരുത്തലുകളും ജീവിതത്തിൽ വലിയ രൂപീകരണത്തിന് കാരണമായിയെന്ന് അനേകർ പറയുന്നു. സെമിനാരി കാലത്തെപ്പറ്റി പരാമർശിക്കുമ്പോൾ ഇവരുടെ ഓർമകളിലും സംസാരത്തിലും ശ്രാമ്പിക്കലച്ചൻ നിറഞ്ഞുനിൽക്കുന്നു.
നൂറുകണക്കിന് വൈദികർക്ക് പരിശീലകനാകുവാനും മാർഗദർശിയാകുവാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ശ്രാമ്പിക്കലച്ചൻ. വൈദിക പരിശീലനരംഗത്തുൾപ്പെടെ നിരവധി മേഖലകളിൽ ഉന്നത സ്ഥാനീയരായ അനേകർ അച്ചന്റെ ശിഷ്യഗണത്തിലുണ്ട്. അടുത്തയിടെ നിയമിതനായ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ തോമസ് തറയിൽ, നിയുക്തമെത്രാന്മാരായ റവ.ഡോ. സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, റവ.ഡോ.ടോണി നീലങ്കാവിൽ ഉൾപ്പെടെ പതിനാറോളം മെത്രാന്മാർ അച്ചന്റെ ശിഷ്യഗണത്തിൽ നിന്നുള്ളവരാണ്. ഇനിയും അനേകർക്ക് മാർഗദർശിയാകുവാൻ ദൈവം അച്ചന് ആയുസും ആരോഗ്യവും നൽകട്ടെ എന്നതാണ് ശിഷ്യഗണങ്ങളുടെ പ്രാർത്ഥന.
അഡ്വ. ജോജി ചിറയിൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?