Follow Us On

20

March

2023

Monday

നമുക്ക് മറിയത്തിന്റെ തണലിൽ ചേക്കേറാം…

നമുക്ക് മറിയത്തിന്റെ തണലിൽ ചേക്കേറാം…

പിതാവായ ദൈവം നമുക്ക് നൽകിയ വലിയൊരു സമ്മാനമാണ് പരിശുദ്ധ കന്യകാമറിയം. മൂന്നുവർഷം പരസ്യജീവിതത്തിൽ ജീവിച്ച ക്രിസ്തു മുപ്പതുവർഷം അമ്മയുടെ കരുതലിലും വാത്സല്യത്തിലുമാണ് വളർന്നത്. പരസ്യജീവിതത്തിന്റെ പത്തിരട്ടിക്കാലം അമ്മയോടൊത്ത് ജീവിച്ച ക്രിസ്തുവിന്റെ മാനുഷികഗുണങ്ങളെ വളർത്തിയെടുക്കാൻ ആ അമ്മയുടെ വലിയൊരു സ്വാധീനം ഉണ്ടായിട്ടുണ്ടാവണം. അങ്ങനെ ആണെങ്കിൽ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിനും മനുഷ്യർക്കും പ്രീതികരമായി ക്രിസ്തുവിനെ വളർത്തി വലുതാക്കിയ മറിയത്തിന് എന്നെയും വളർത്താൻ സാധിക്കും. ഈ മാതൃപുത്ര ബന്ധത്തെ മനസിലാക്കാൻ സാധിക്കാത്ത ഒരാൾക്കും മറിയത്തെ പൂർണമായും ഉൾക്കൊള്ളാൻ കഴിയില്ല. മറിയത്തിന്റെ ലക്ഷ്യം ഒന്നേയുള്ളൂ മറ്റൊരു ക്രിസ്തുവാക്കി നമ്മെ വളർത്തുക. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, കർത്താവിനെ വ്യക്തമായി കാണിച്ചുതരുന്ന ഒരു മാഗ്‌നിഫൈയിങ്ങ് ലെൻസാണ് മറിയമെന്ന്. My soul Magnifies the Lord ( Luke 1:46 )
കാൽവരിയിൽവച്ച് ക്രിസ്തു യോഹന്നാന് അമ്മയെ ഏൽപിച്ചത് യോഹന്നാന്റെ മാത്രം അമ്മയായിട്ടല്ല. പ്രപഞ്ചത്തിലെ മുഴുവൻ ശിഷ്യരുടെയും അമ്മയായിട്ടാണ്. ക്രിസ്തുശിഷ്യരായ എന്റെയും നിങ്ങളുടെയും ഉള്ളിൽ സ്വന്തം അമ്മയെത്തന്നെ നൽകിയിട്ടാണ് ഈശോ യാത്രയായത്. ഭൗതിക ജീവിതത്തിൽ നമുക്കെല്ലാവർക്കും ഒരമ്മ ഉള്ളതുപോലെതന്നെ ആത്മീയജീവിതത്തിലും പരിശുദ്ധ അമ്മ നമുക്ക് സഹായമാണ്, അത്യന്താപേക്ഷിതമാണ്.
ഈ ചിന്ത എന്റെ മനസിൽ വളർന്നുവന്നു. സകല രഹസ്യങ്ങളും ഹൃദയത്തിൽ സംഗ്രഹിച്ചവളായിരുന്നു മാതാവ്. 30 വർഷം ക്രിസ്തുവിനോടൊപ്പം ജീവിച്ച അമ്മയ്ക്ക് അറിയാമായിരുന്നു മകൻ പരസ്യജീവിതം പ്രഖ്യാപിച്ചു കഴിഞ്ഞാൽ നേരിടേണ്ടിവരുന്ന ത്യാഗങ്ങളും പീഡനങ്ങളും മരണവുമെല്ലാം. എങ്കിലും അതെല്ലാം പൂർണമായും ഉൾക്കൊണ്ടുകൊണ്ട് പ്രപഞ്ചത്തിനുവേണ്ടി സ്വന്തം മകനെ സമർപ്പിക്കാൻ ആ അമ്മ തയാറായി. കാനായിലെ കല്യാണവിരുന്നിന്റെ വേളയിൽ മകനോട് പരസ്യജീവിതത്തിലേക്ക് പ്രവേശിക്കാൻ ആഹ്വാനം ചെയ്യുന്നത് അമ്മയാണല്ലോ. പഴയനിയമത്തിലെ അബ്രാഹം ബലിക്കായി ഇസഹാക്കിനേയും കൊണ്ടു മോറിയമല കയറുവാൻ തുടങ്ങുന്നതും കാനായിലെ കല്യാണവും പരസ്പര സദൃശ്യങ്ങളാണ്. മകനേ അവർക്ക് വീഞ്ഞില്ല വേണ്ടതു ചെയ്യൂ എന്ന് പറയുമ്പോൾ അമ്മയ്ക്കറിയാമായിരുന്നു, ക്രിസ്തുവിന്റെ ജീവിതം ഇനി എങ്ങനെയൊക്കെ ആയിരിക്കുമെന്ന്. എങ്കിലും മാനവപാപപരിഹാരത്തിനായി അമ്മയും തയാറാകുന്നു. കാൽവരിയിലെ മഹാത്യാഗബലിക്കായി കന്യകാമറിയം മകനെ ഒരുക്കുന്നു. അങ്ങനെ കാൽവരി യാത്ര കാനായിൽ തുടങ്ങുന്നു.
ഔസേപ്പിതാവിന്റെ മരണശേഷം ആ മകൻ അധ്വാനിച്ച് അമ്മയെ പരിചരിച്ചിട്ടുണ്ടാവണം. അക്കാത്ത് ജറുസലേമിലെ ചന്തയിലും പട്ടണത്തിലും ദൈവാലയത്തിലുമൊക്കെ ഒരുമിച്ചു പോയിട്ടുണ്ടാവണം ആ അമ്മയും മകനും. എന്തൊക്കെ കാര്യങ്ങൾ അവർ സംസാരിച്ചിട്ടുണ്ടാവും. അതിന്റെയൊക്കെ സൗന്ദര്യം ഒന്ന് ചിന്തിച്ചുനോക്കൂ. പച്ചയായ മനുഷ്യരായി, സാധാരണക്കാരായി കഴിഞ്ഞ കുടുംബം. നിത്യേന ഭക്ഷണം കഴിക്കാൻ അവൻ അത്ഭുതങ്ങളൊന്നും കാണിച്ചിരുന്നില്ല. ഈ അമ്മ എത്രത്തോളം കഷ്ടപ്പെട്ട് മകനെ വളർത്തിയോ അത്രതന്നെ ആ മകൻ അധ്വാനിച്ച് അമ്മയെ നോക്കിയിട്ടുണ്ടാവണം. ആ ചിന്തയുടെ ഒരു വിശുദ്ധ സൗന്ദര്യം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ മാതൃപുത്ര ബന്ധത്തെ മനസിലാക്കാൻ സാധിക്കാത്ത ഒരാൾക്കും മറിയത്തെ പൂർണമായും ഉൾക്കൊള്ളാൻ സാധിക്കില്ല. ഇവിടെയാണ് എനിക്കെന്റെ വിശ്വാസജീവിതം ദൃഢമാക്കാൻ സാധിച്ചത്.
ജീവിതത്തിന്റെ പല പ്രതിസന്ധിഘട്ടങ്ങളിലും എനിക്ക് താങ്ങായി നിന്നത് ജപമാലയാണ്. ഒരു പൂർണമായ ജപമാല ധ്യാനിച്ച് പ്രാർത്ഥിക്കുമ്പോൾ ക്രിസ്തുവിന്റെ ജീവിതമാണ് ഞാൻ പ്രഖ്യാപിക്കുന്നത്. ലൊക്കേഷനിലാണെങ്കിലും വീട്ടിലാണെങ്കിലും ജപമാല ചൊല്ലൽ മുടക്കാറില്ല. പണ്ട് ചാച്ചനും അമ്മയും സഹോദരങ്ങളും ഒരുമിച്ചുചേർന്ന് കൊന്ത ചൊല്ലുന്നത് ഓർത്തുപോവുകയാണ്. ഇപ്പോൾ ഭാര്യയും മക്കളുമൊത്ത് പ്രാർത്ഥിക്കുന്നു. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും ജപമാല ചൊല്ലിക്കാതെ മക്കളെ ഭാര്യ ഉറക്കാറില്ല.
‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർത്ഥനയൊക്കെ എത്ര മനോഹരമാണ്. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എന്ന അർത്ഥവത്തായ വാക്കുകളൊക്കെ വേറെ ഏത് പ്രാർത്ഥനയിലാണുള്ളത്. അമ്മയുടെ കരംപിടിച്ച് പ്രാർത്ഥിക്കുന്ന അനുഭവമാണ് എനിക്ക് ജപമാല. ആധ്യാത്മികമായി നമ്മൾ എല്ലാം തികഞ്ഞവരല്ല. അതുകൊണ്ടുതന്നെ അമ്മയോടൊപ്പം പ്രാർത്ഥിക്കാൻ ലഭിക്കുന്ന അവസരം അനുഗ്രഹദായകമാണ്. ആധ്യാത്മിക ജീവിതത്തിൽ നമുക്ക് വീഴ്ചകളുണ്ടാകുമ്പോൾ നമുക്ക് താങ്ങാകുവാൻ പരിശുദ്ധ മറിയത്തിന്റെ സ്വാധീനശക്തി അനിവാര്യമാണ്.
പരിശുദ്ധ കന്യകാമറിയവും ക്രിസ്തുവും തമ്മിലുള്ള ബന്ധം അംഗീകരിച്ച് ആദരിച്ചു ജീവിക്കുന്നവരാണ് യഥാർത്ഥ ക്രിസ്തുശിഷ്യർ എന്നാണ് എന്റെ അഭിപ്രായം. മറിയത്തിന്റെ ലക്ഷ്യം ഒന്നേയുള്ളൂ പ്രപഞ്ചത്തിന്റെ രക്ഷ.
ദൈവരക്ഷകനെ ഗർഭം ധരിച്ച്, മുപ്പതുവർഷം രഹസ്യമായി വളർത്തി, മൂന്നു വർഷക്കാലം പരസ്യജീവിതത്തിന് വിട്ടുകൊടുത്തു. ഇക്കാലയളവിൽ ഒരിക്കൽപോലും പിശാചിന്റെ കൈയിൽ പെടാതെ മനുഷ്യനായി പിറന്ന ഒരാളെ വളർത്തിയെങ്കിൽ അക്കാര്യം ഒന്നുമാത്രം മതി പിശാചിന്റെ നമ്പർ വൺ ശത്രുവായി മറിയം മാറാൻ. പിശാച് ഉള്ളിൽ നിറച്ച വെറുപ്പ് നീക്കാതെ മനുഷ്യർക്ക് ഒരിക്കലും മറിയത്തെ മനസിലാകില്ല.
അതിനാൽ ഈ ഒക്‌റ്റോബർ മാസം മുഴുവനും തീക്ഷ്ണമായി ജപമാല ചൊല്ലുക. ക്രിസ്തുവിന്റെ ജീവിതം ധ്യാനിക്കുക. മറ്റൊരു ക്രിസ്തുവായി വളരുവാൻ ആഗ്രഹിച്ച് മറിയത്തോടൊത്ത് പ്രാർത്ഥിക്കുക. അമ്മയുടെ ചിറകിൻ കീഴിൽ നിലനിൽക്കുക. പിശാച് നമ്മളെ റാഞ്ചിയെടുക്കാതെ അമ്മ നോക്കിക്കോളും.
സിജോയ് വർഗീസ്
 

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?