Follow Us On

26

September

2021

Sunday

വിശ്വാസത്തിന്റെ സിക്‌സറുകൾ

വിശ്വാസത്തിന്റെ  സിക്‌സറുകൾ

ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കുന്നതും അതിൽ വിശ്വസിക്കുന്നതും വ്യക്തിപരമായ കാര്യമല്ലേ? ചോദ്യം വിനോദ് കാംബ്ലി എന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റേതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രശസ്തിയുടെ നെറുകയിൽ നില്ക്കുമ്പോഴായിരുന്നു വിനോദ് കാംബ്ലി ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. മുംബെയിൽ ജനിച്ചുവളർന്ന കാബ്ലിയുടെ കുടുംബം മറ്റു മതവിശ്വാസികളുടെ ആരാധാനാലയങ്ങളിലും പോയിരുന്നു. അങ്ങനെയാണ് മൗണ്ട് മേരി ദൈവാലയത്തിൽ നൊവേനകളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ആ ബന്ധമാണ് ജീവിതം ക്രിസ്തുവിലേക്ക് കേന്ദ്രീകരിക്കുന്ന വിധത്തിലേക്ക് വളർന്നത്. തന്നെ ക്രിസ്തുവിലേക്ക് അടുപ്പിച്ചതിന്റെ ക്രെഡിറ്റ് ഭാര്യ ആൻഡ്രിയക്കാണ് വിനോദ് കാംബ്ലി നൽകുന്നത്.
വിവാഹശേഷം ദിവസവും വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നത് ഈ ക്രിക്കറ്റർ ശീലമാക്കിയിരുന്നു. ഭാര്യയാണ് വിശ്വാസത്തിൽ ഉറപ്പിച്ചതെങ്കിലും വിശ്വാസത്തിന്റെ കാര്യത്തിൽ ഭാര്യയെ തോല്പിക്കാൻ കഴിയുന്ന വിധത്തിലേക്ക് അതു വളർന്നു എന്നതാണ് സത്യം. മൂത്ത മകൻ ജനിച്ചപ്പോൾ എന്തു പേരു നൽകണമെന്ന് രണ്ടുപേരും ആലോചിച്ചു. വിശ്വാസം ഉറപ്പിക്കാനുള്ള അവസരമായി അതിനെ ആ ഇടംകയ്യൻ ബാറ്റ്‌സ്മാൻ കണ്ടു. ജീസസ് ക്രിസ്റ്റ്യാനോ എന്ന് മകന് പേരു നൽകുമ്പോൾ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ലോകത്തോട് പ്രഖ്യാപിക്കുകയായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്റെ തികഞ്ഞ ഭക്തനുംകൂടിയാണ് കാംബ്ലി. 2010 സെപ്റ്റംബറിൽ മാമ്മോദീസ സ്വീകരിക്കാൻ മുംബെയിലെ ബാന്ദ്രയിലുള്ള സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തിൽ എത്തിയപ്പോൾ രണ്ടുമാസം പ്രായമുള്ള മകനും ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. നാല് വർഷങ്ങൾക്കുശേഷം ജനിച്ച മകൾക്ക് യോഹാന ക്രിസ്റ്റ്യാനോ എന്നായിരുന്നു പേര് നൽകിയത്.
തെണ്ടുൽക്കറോടൊപ്പം രചിച്ച ചരിത്രം
മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് വിനോദ് കാംബ്ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ആദ്യം ആകർഷിച്ചത് മുംബൈയിലെ സ്‌കൂൾ ക്രിക്കറ്റിൽ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിന് എതിരെ നേടിയ 664 കൂറ്റൻ സ്‌കോറിന്റെ പേരിലായിരുന്നു. അന്ന് സച്ചിനൊപ്പം ബാറ്റുചെയ്ത കളികാരനായിരുന്നു വിനോദ് കാംബ്ലി.
349 റൺസായിരുന്നു പുറത്താകാതെ നിന്ന ആ സഖ്യത്തിൽ കാംബ്ലിയുടെ സംഭാവന. പ്രതികൂല സാഹചര്യങ്ങളെ വളർച്ചക്കുള്ള ചവിട്ടുപടികളാക്കി മാറ്റാൻ കഴിഞ്ഞ പ്രതിഭയായി കാംബ്ലിയെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. വിപരീത സാഹചര്യങ്ങളുടെ മുമ്പിൽ തളർന്നുപോയിരുന്നെങ്കിൽ വിനോദ് കാംബ്ലി എന്ന ക്രിക്കറ്ററെപ്പറ്റി ലോകം കേൾക്കുമായിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച രണ്ടാമത്തെ ദളിതനായിരുന്നു കാംബ്ലി. അപ്പോൾത്തന്നെ അദ്ദേഹത്തിന്റെ മുമ്പിൽ അനുകൂല സാഹചര്യങ്ങൾ ആയിരുന്നില്ല എന്ന് അനുമാനിക്കാൻ കഴിയും.
സ്പിൻ ബൗളിംഗിനെ നേരിടുന്നതിൽ അസാധാരണമായ മികവു പുലർത്തിയിരുന്ന ഈ മുൻ ഇന്ത്യൻ താരത്തെ അതിന് പ്രാപ്തനാക്കിയത് ജീവിതത്തിലെ വിപരീത സാഹചര്യങ്ങളായിരുന്നു എന്ന് അധികംപേർക്ക് അറിയില്ല. മുംബെയിലെ അവരുടെ വീടിനടുത്ത് ക്രിക്കറ്റ് ഗ്രൗണ്ടുകൾ ഉണ്ടായിരുന്നില്ല. സ്വഭാവികമായും ഇടവഴികളിലായിരുന്നു കൂട്ടുകാരോടൊപ്പമുള്ള കളി. ബാറ്റു ചെയ്യുമ്പോൾ നീട്ടിയടിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ ക്രിക്കറ്റ് നിയമത്തിൽ അവർ ചെറിയ മാറ്റം വരുത്തി. വശങ്ങളിൽ ഉണ്ടായിരുന്ന വലിയ കെട്ടിടങ്ങളുടെ ഉയരത്തിലേക്ക് ബോൾ അടിച്ചുയർത്തി. ഫോറും സിക്‌സറും തീരുമാനിക്കുന്നത് ദൂരത്തിനുപകരം ഉയരമായിരുന്നു. അങ്ങനെ ബോൾ ഉയർത്തിയടിച്ചു ശീലിച്ച കഴിവാണ് സ്പിൻ ബൗളിംഗിനെ നേരിടാൻ കാംബ്ലിയെ പ്രാപ്തനാക്കിയത്.
മാറ്റിനിർത്തപ്പെട്ട സാഹചര്യങ്ങളിൽനിന്നും ദൈവം എടുത്തുയർത്തുന്നതുപോലെയുള്ള അനുഭവങ്ങളും കാംബ്ലിയുടെ ജീവിതത്തിൽ നിരവധിയാണ്. മകന്റെ ക്രിക്കറ്റ് മികവ് തിരിച്ചറിഞ്ഞ പിതാവ് ഗൺപത് മുംബെയിലെ കങ്ങാ ക്ലബ് സെക്രട്ടറിയെ സമീപിച്ചു. അടുത്തുനടക്കുന്ന ലീഗിൽ ആ ക്ലബ് ടീമിൽ ഇടംനൽകണമെന്നതായിരുന്നു ആവശ്യം. കഷ്ടിച്ച് അഞ്ചടി മാത്രം ഉയരമുള്ള അവന്റെ മുഖത്തേക്ക് ഒന്നുപാളിനോക്കിയിട്ട് ആ കൗമാരക്കാരന്റെ മനസ് തകർക്കുന്ന രീതിയിൽ സെക്രട്ടറി പറഞ്ഞു, ഇവൻ ക്രിക്കറ്റിന് പറ്റിയവനല്ല. അഞ്ചടിപോലും പൊക്കമില്ലാത്ത ഈ പയ്യന് ഫാസ്റ്റ് ബൗളർമാരെ നേരിടാൻ കഴിയില്ലെന്നുമാത്രമല്ല അത് അപകടകരവുമായിരിക്കുമെന്ന് അയാൾ വിധിയെഴുതി.
കാംബ്ലിക്ക് അവസരം നൽകുന്നത് വലിയൊരു റിസ്‌കായിരിക്കുമെന്നും അതിന് താൻ തയ്യാറല്ലെന്നായിരുന്നു അയാളുടെ പക്ഷം. മകന്റെ കഴിവിൽ പൂർണവിശ്വാസം ഉണ്ടായിരുന്ന പിതാവ് മുൻപരിചയമുള്ള സെക്രട്ടറിയുടെ മുമ്പിൽ ഒരു ചാൻസിനുവേണ്ടി മൂന്ന് മണിക്കൂർ കെഞ്ചിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
എന്നാൽ, തന്റെ പൊക്കക്കുറവിനെക്കുറിച്ച് ഓർത്ത് അവൻ തളർന്നില്ല, കൂടുതൽ കരുത്തനാകുകയായിരുന്നു ചെയ്തത്. ദൈവം അവനായി ഒരു അവസരം കാത്തുവച്ചിരുന്നു.
തീരുമാനത്തെ പഴിച്ച ക്ലബ്
പിറ്റേ ഞായറാഴ്ച ശിവാജി പാർക്കിൽ വിനോദ് കാംബ്ലി എത്തിയത് ആ ലീഗിൽ തന്റെ സുഹൃത്ത് സച്ചിൻ തെണ്ടുൽക്കറുടെ കളികാണുന്നതിനായിരുന്നു. കങ്ങാക്ലബുമായുള്ള മത്സരത്തിൽ ജോൺ ബ്രൈറ്റ് ക്ലബിന്റെ താരമായിരുന്നു സച്ചിൻ. കളി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. ജോൺ ബ്രൈറ്റ് ക്ലബിന്റെ ഒരു താരത്തിന് എത്താൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഗാലറിയിൽ ഇരിക്കുന്ന കാംബ്ലിയോട് കളിക്കാനാകുമോ എന്ന ചോദ്യം ഉണ്ടായത്. സമ്മതംപറഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ കാംബ്ലിയുടെ ബാറ്റിന്റെ ശക്തി ശരിക്കും കങ്ങാ ക്ലബ് അറിഞ്ഞു. അവനെ ടീമിൽ ഉൾപ്പെടുത്താനാകില്ല എന്നു പറഞ്ഞ നിമിഷത്തെ ക്ലബ് സെക്രട്ടറി മനസാ പഴിച്ചെന്ന് തീർച്ച. 80 റൺസായിരുന്നു കാംബ്ലി അടിച്ചുകൂട്ടിയത്. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർക്ക് അഞ്ച് റൺസ് മാത്രമേ നേടാനായുള്ളൂ.
1992-ലും 1996-ലും വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിൽ ഇടംനേടിയെങ്കിലും സമകാലീന താരങ്ങളുമായി താരതമ്യം ചെയ്താൽ നീണ്ടകാലം ഇന്ത്യൻ ടീമിൽ കളിക്കാനായില്ല. മദ്യപാനമാണ് കാംബ്ലിയുടെ കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്ന് പ്രശസ്ത പത്രപ്രവർത്തകൻ കുനാൽ പുരന്ദർ എഴുതിയ ‘വിനോദ് കാംബ്ലി- ദ ലോസ്റ്റ് ഹീറോ’ പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. (വിശ്വാസംകൊണ്ട് ഭൂതകാലത്തിലെ കറുത്തപാടുകൾ നീക്കികളയാൻ വിനോദ് കാംബ്ലിക്ക് കഴിഞ്ഞു). ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിംഗിന്റെ അനുഭവം ഉയർത്തിക്കാട്ടി അതിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അധികൃതരെയാണ് പുരന്ദർ കുറ്റപ്പെടുത്തുന്നത്. പോണ്ടിംഗിനെ മദ്യത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെടുത്തിയത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കൺട്രോൾ ബോർഡായിരുന്നു. പിന്നീട് ഓസ്‌ട്രേലിയൻ ടീം ക്യാപ്റ്റനായി ഉയർന്ന റിക്കി പോണ്ടിംഗ് നിരവധി വിജയങ്ങൾ ടീമിന് സമ്മാനിക്കുന്നതിൽ നിർണായ പങ്കുവഹിച്ച കളികാരനാണ്.
കുറഞ്ഞ കാലംകൊണ്ട് അപൂർവതകളും റിക്കോർഡുകളും സ്വന്തം പേരിൽ എഴുതിചേർക്കാൻ വിനോദ് കാംബ്ലിക്കു കഴിഞ്ഞു. മുംബൈക്കുവേണ്ടിയുള്ള തന്റെ പ്രഥമ രഞ്ചിട്രോഫിയിൽ നേരിട്ട ആദ്യ ബോളിൽ സിക്‌സർ പറത്തി എന്നൊരു അപൂർവ നേട്ടത്തിന് ഉടമയാണ് കാംബ്ലി. 1993 ജനുവരി 18-ന് ജയ്പ്പൂരിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ പുറത്താകാതെനിന്ന് സെഞ്ച്വറി നേടിയപ്പോൾ മറ്റൊരു അപൂർവനേട്ടത്തിന് ഉടമയാകുകയായിരുന്നു-സ്വന്തം ജന്മദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യതാരം. ടെസ്റ്റ് ക്രിക്കറ്റിൽ നാല് സെഞ്ച്വറികളാണ് വിനോദ് കാംബ്ലി നേടിയത്. എന്നാൽ അതിൽ രണ്ടും ഡബിൾ സെഞ്ച്വറികളാണെന്നത് മറ്റൊരു അപൂർവ നേട്ടം. മൂന്ന് ടെസ്റ്റുകളിൽ അടുപ്പിച്ച് സെഞ്ച്വറി നേടിയ ബാറ്റ്‌സ്മാനാണ് മഹാരാഷ്ട്രയിൽനിന്നുള്ള ഈ താരം. 1996-ൽ വേൾഡ് കപ്പിൽ സിംബാവക്ക് എതിരെ സെഞ്ച്വറി നേടാനും കാംബ്ലിക്കു കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ച താരമെന്ന ബഹുമതിയും വിനോദ് കാംബ്ലിക്ക് സ്വന്തം. 2000-നുശേഷം ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന കാംബ്ലി 2011 സെപ്റ്റംബർ 22-ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നും വിരമിച്ചു.
കളിയിൽ മാത്രമല്ല ജീവിതത്തിലും ദൈവത്തിന്റെ കൈത്താങ്ങലിനെക്കുറിച്ച് ഈ മുൻ ഇന്ത്യൻ താരത്തിന് പറയാനുണ്ട്. അത്തരമൊരു ഇടപെടൽ ഇല്ലായിരുന്നെങ്കിലും ഇതു പറയാൻ ഇപ്പോൾ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ലെന്ന പൂർണബോധ്യവും അദ്ദേഹത്തിനുണ്ട്. 2013-ൽ നവിമുംബൈയിൽനിന്നും ബാന്ദ്രയിലേക്ക് കാറോടിച്ചുപോകുകയായിരുന്നു.
ചെമ്പൂരിൽ എത്തിയപ്പോഴേക്കും കലശലായ ചങ്കിനു വേദന അനുഭവപ്പെട്ടു. റോഡിന്റെ ഒരു വശത്തേക്ക് ഒതുക്കി വാഹനം നിർത്താൻ കഴിഞ്ഞു. ഓർമ തിരിച്ചുകിട്ടുമ്പോൾ ആശുപത്രിയിലായിരുന്നു. മേജർ ഹാർട്ട് അറ്റാക്ക്. ആഞ്ചിയോപ്ലാസ്റ്ററിക്കുശേഷം ഡോക്ടർമാർ ഭാര്യയോട് പറഞ്ഞത്, നിങ്ങൾക്ക് ഭാഗ്യം ഉണ്ടായിരുന്നു എന്നാണ്. അല്പം വൈകിയിരുന്നെങ്കിൽ ജീവനോടെ ഇവിടെനിന്നും കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് അല്പംപോലും സംശയം ഉണ്ടായിരുന്നില്ല.
ഡോക്ടർമാർ ഭാഗ്യമെന്ന് വിശേഷിപ്പിക്കുമ്പോൾ ദൈവത്തിന്റെ കരമാണ് തന്നെ താങ്ങിയതെന്ന് വിനോദ് കാംബ്ലിക്ക് അറിയാം. വേഗത്തിൽ വന്ന കാർ റോഡു സൈഡിലേക്ക് പെട്ടെന്ന് നിർത്തുന്നതു കണ്ടപ്പോൾ അപായ സൂചന തോന്നിയ ട്രാഫിക് പോലീസുകാരൻ ഓടിവന്നു. അദ്ദേഹമാണ് ഉടനെ ആശുപത്രിയിൽ എത്തിച്ചത്. മുംബൈപോലൊരു തിരക്കുപിടിച്ച നഗരത്തിൽ അങ്ങനെയൊരു സഹായം ലഭിച്ചെങ്കിൽ അതിന്റെ പിന്നിൽ ദൈവത്തിന്റെ കരുതലിന്റെ കരം ഉണ്ടായിരുന്നു എന്ന കാര്യത്തിൽ അദ്ദേഹത്തിന് ഉറപ്പുണ്ട്.
ദൈവം തന്നെ എന്തുകൊണ്ടായിരിക്കാം രക്ഷിച്ചതെന്ന് വിനോദ് കാംബ്ലി ആത്മീയ പിതാവിനോടും ഭാര്യയോടും പല പ്രാവശ്യം പിന്നീട് ചോദിച്ചിട്ടുണ്ട്. ദൈവത്തിനായി വലിയ കാര്യങ്ങൾ ചെയ്യാനെന്നാണ് രണ്ടുപേരും നൽകിയ മറുപടി. കഴിയുന്ന വിധത്തിൽ അതിനായി പരിശ്രമിക്കുന്നുമുണ്ട് ഈ മുൻ ഇന്ത്യൻ താരം. ട്വിറ്ററിൽ അദ്ദേഹത്തിന്റെ ടൈംലൈനിൽ ബൈബിൾ വചനങ്ങൾകൊണ്ട് നിറച്ചിരിക്കുകയാണ്. കാംബ്ലി റീട്വീറ്റ് ചെയ്യുന്നതെല്ലാം സമൂഹത്തെ പ്രചോദിപ്പിക്കുന്നവയാണ്.
സാമൂഹ്യ പ്രശ്‌നങ്ങളിൽ സ്വന്തം നിലപാടുകൾ തുറന്നുപറയുന്നതിൽ അല്പംപോലും ഭയപ്പെടുന്നില്ല. 2011 അണ്ണാ ഹസാരെ അഴിമതിക്ക് എതിരെ നടത്തിയ പോരാട്ടത്തിൽ പിന്തുണയുമായി കാംബ്ലി ഉണ്ടായിരുന്നു.
 

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?