Follow Us On

17

June

2019

Monday

റിപ്പബ്ലിക്കൻ ഹെൽത്ത് കെയർ ബിൽ:  തിരുത്ത് വേണമെന്ന് യു.എസിലെ സഭ

വാഷിംഗ്ടൺ ഡി.സി:റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച പുതിയ ഹെൽത്ത് കെയർ ബില്ലിലെ പ്രോ ലൈഫ് നിബന്ധനകൾ പ്രശംസനീയമാണെങ്കിലും ബില്ലിന് ധാർമിക സ്വീകാര്യത ലഭിക്കാൻ മറ്റുളള മേഖലകളിലും സുപ്രധാന തിരുത്തുകൾ അനിവാര്യമാണെന്ന് യു.എസിലെ കത്തോലിക്കാ സഭ. ആരോഗ്യ സംരക്ഷണ പരിഷ്‌കരണവുമായ് ബന്ധപ്പെട്ട് സഭ ചൂണ്ടിക്കാണിച്ചിട്ടുള്ള ധാർമിക മാനദണ്ഡവുമായി പ്രസ്തുത ബിൽ യോജിക്കില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
പ്രോ ലൈഫ് പ്രവർത്തന സമിതി അധ്യക്ഷൻ കർദിനാൾ തിമോത്തി ഡോളൻ, മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഡ്‌ഹോക് കമ്മറ്റി അധ്യക്ഷൻ ആർച്ച്ബിഷപ്പ് വില്ല്യം ലോറി, കുടിയേറ്റക്കാരുടെ ക്ഷേമത്തിനായുള്ള കമ്മറ്റി അധ്യക്ഷൻ ബിഷപ്പ് ജോസ് വാസ്‌ക്വിസ്, ആഭ്യന്തര നീതിക്കും മാനവവികസനത്തിനും വേണ്ടിയുള്ള സമിതി അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്ക് ഡിവെയ്ൻ എന്നിവർ സെനറ്റർമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വിവാദ വ്യവസ്ഥകളുള്ള ‘അഫോർഡബിൾ കെയർ ആക്ടി’ന് പകരം  മറ്റൊരു ആരോഗ്യസംരക്ഷണ നിയമം കൊണ്ടുവരാനുള്ള ശ്രമമായാണ് ‘ഗ്രഹാം ക്ലാസിഡി ഹെൽത്ത് കെയർ നിർദേശങ്ങൾ’ റിപ്പബ്ലിക്കന്മാർ സെനറ്റിൽ അവതരിപ്പിച്ചത്. ദശലക്ഷക്കണക്കിനാളുകൾക്ക് കവറേജ് നഷ്ടമാകാൻ കാരണമാകുന്നതാണ് നിർദ്ധിഷ്ട ബില്ലിനെതിരെ ശബ്ദിക്കാൻ സഭയെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല, ബജറ്റ് കമ്മി കുറഞ്ഞ വരുമാനക്കാർക്കനുകൂലമായ ക്ഷേമപദ്ധതികൾ നിർത്താൻ ഇത് വഴിവെക്കുമെന്നും സഭയ്ക്ക് ആശങ്കയുണ്ട്.
ഇക്കാര്യം വ്യക്തമാക്കുമ്പോഴും ബില്ലിലെ പ്രോ ലൈഫ് നിബന്ധനകളെ പ്രശസിക്കുന്നുമുണ്ട് സഭാ നേതൃത്വം: ‘ഫെഡറൽ ഫണ്ടുകൾ ഗർഭച്ഛിദ്രത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കി അഫോർഡബിൾ കെയർ ആക്ടിലെ പിഴവ് നിയനിർമാതാക്കൾ തിരുത്തിയത് അഭിനന്ദനീയമാണ്. നികുതിദായകരുടെ പണം ഭ്രൂണഹത്യാ കേന്ദ്രങ്ങളിൽ എത്താതിരിക്കാനും ഈ ബിൽ സഹായിക്കും. ഭ്രൂണഹത്യാ കേന്ദ്രങ്ങൾക്കു പകരം ആരോഗ്യപ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം ലഭ്യമാക്കാനുള്ള നീക്കവും ശ്രദ്ധേയമാണ്.’
ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യപരിരക്ഷയെ ബാധിക്കാനിടയുള്ളതിനാൽ ദ്രുതഗതിയിൽ സമഗ്രമായ ആരോഗ്യ പരിരക്ഷ ബിൽ പാസാക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച ബിഷപ്പുമാർ ശ്രദ്ധേയമായ മറ്റൊരു നിർദേശവും മുന്നോട്ടുവെച്ചു: ‘ജീവിതം,മനസാക്ഷി, കുടിയേറ്റം, വിപണി സ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ഒരു ബിൽ ഇരുരാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ കോൺഗ്രസ് അടിയന്തിരമായി പാസാക്കണം.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?