Follow Us On

20

October

2020

Tuesday

ദാമ്പത്യം ആഘോഷിക്കാൻ 15 കൽപ്പനകൾ!

ദാമ്പത്യം ആഘോഷിക്കാൻ 15 കൽപ്പനകൾ!

‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന സിനിമയിൽ ജയറാമും അഭിരാമിയും ഭാര്യാഭർത്താക്കൻമാരാണ്. ജയറാം പൊലീസ് കമ്മിഷണറും അഭിരാമി ഡി.ജി.പിയുടെ മകളും. പ്രമുഖ ടിവി ചാനൽ നടത്തിയ മൽസരത്തിൽ ഇരുവരും മികച്ച ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ദമ്പതികളായിരിക്കാൻവേണ്ട ഗുണങ്ങളെക്കുറിച്ച് ഇരുവരും ചാനലിൽ വാചാലമരായി.
പക്ഷേ, വീട്ടിലെത്തുമ്പോൾ കാണുന്ന കാഴ്ച മറ്റുള്ളവർക്കുമുമ്പിൽ പ്രദർശിപ്പിച്ച ‘മാതൃകാദാമ്പത്യ’ത്തിന് നേർവിപരീതമായ വാക്കുകളും കലഹവും. ഇത്തരത്തിലുള്ള ദാമ്പത്യജീവിതത്തെ പ്രദർശനദാമ്പത്യമെന്ന് വിളിക്കാം. കാരണം, ഉള്ളിൽ അഹങ്കാരത്തിന്റെയും താൻപോരിമയുടെയും ചിന്തകൾ ചീഞ്ഞുനാറുമ്പോഴും ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വേരുകൾ പടർന്നുപന്തലിക്കുമ്പോഴും സമൂഹത്തിനുമുമ്പിൽ തങ്ങൾ മാതൃകാദമ്പതികളാണെന്ന് കാണിക്കാൻ മൽസരിക്കുന്ന ഭാര്യഭർതൃബന്ധങ്ങൾ അൽപ്പായുസായിരിക്കും.
മാത്രമല്ല, മനസ്സിൽ അടിഞ്ഞുകൂടുന്ന നിഷേധാത്മക വികാരങ്ങളായ അടിച്ചമർത്തപ്പെടൽ, ദേഷ്യം, വെറുപ്പ്, അസൂയ, വൈരാഗ്യം, അസഹിഷ്ണുത, പുച്ഛം, അ ഹങ്കാരം, ടെൻഷൻ എന്നിവ തലവേദന, മുടികൊഴിച്ചിൽ, ബി.പി മുതൽ ഒട്ടേറെ മാരകരോഗങ്ങൾക്കുവരെ വഴിതെളിക്കുന്നതായി ശാസ്ത്രീയപഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ മനസ്സിൽ ഇത്തരം നിഷേധാത്മക വികാരങ്ങൾ നിറയുമ്പോൾ നാമറിയാതെ അത് നമ്മുടെ ജീവിതത്തെ നശിപ്പിക്കുമെന്നതിൽ സംശയംവേണ്ട.
ചിലപ്പോൾ മറ്റുള്ളവർ നമ്മെ ഏതെങ്കിലും വിധത്തിൽ ദ്രോഹിച്ചതാകാം ഇത്തരം നിഷേധാത്മക വികാരങ്ങൾക്ക് കാരണം. എങ്കിലും ഇരയേയും വേട്ടക്കാരനേയും അത് ഒരുപോലെ ബാധിക്കുന്നു. അതിനാൽ ജീവിതപങ്കാളിയോട്, മറ്റ് കുടുംബാംഗങ്ങളോട് അവരുടെ തെറ്റുകളിൽപോലും ക്ഷമയോടെ തിരുത്താൻ ശ്രമിക്കാം. മനസ്സിൽനിന്ന് അവരോടുള്ള പകയും വിദ്വേഷവും നീക്കി മനസ്സിനെ ശാന്തമാക്കാം. അതോടൊപ്പം നിങ്ങളുടെ ക്രിയാത്മക ഊർജം താൽപ്പര്യം നിറഞ്ഞതും കുടുംബജീവിതത്തെ സഹായിക്കുന്നതുമായ മേഖലകളിലേക്ക് വഴിതിരിച്ചുവിടാം.
കുടുംബജീവിതം സന്തോഷകരമാക്കാൻ ചില നിർദേശങ്ങൾ പങ്കുവെക്കുകയാണിവിടെ.
ജോലിയും കുടുംബജീവിതവും ബാലൻസ് ചെയ്ത് മുന്നോട്ടുകൊണ്ടുപോവുക. ജോലിക്ക് അമിത പ്രാധാന്യം കൊടുത്ത് ലാപ്‌ടോപ്പും ഫോണുമായി ഓഫിസ് ടെൻഷൻ വീട്ടിലേക്കുകൂടി വ്യാപിപ്പിക്കാതിരിക്കുക. ഓഫീസ് സമയത്ത് ജോലി ഏറ്റവും മികച്ച രീതിയിൽ ചെയ്യുക. ഓർക്കുക, കൂടുതൽ സമയം ജോലി ചെയ്യുന്നത് മികവിന്റെ ലക്ഷണമല്ല. തങ്ങൾക്ക് ക്രമപ്പെടുത്തിയ സമയത്തിനുള്ളിൽ ജോലി മികച്ചരീതിയിൽ ചെയ്യുന്നവരാണ് വിജയികൾ.
സമ്പാദിക്കുന്നതിന്റെ ഒരു ഭാഗം അർഹതയുള്ളവരെ സഹായിക്കാൻ വിനിയോഗിക്കുക.
നിങ്ങളുടെയും കുടുംബാംഗങ്ങളുടെ യും ആരോഗ്യം, ആത്മീയ കാര്യങ്ങൾ, ഉന്നത പഠനം, ഉല്ലാസം എന്നിവയ്ക്കായും സമയം കണ്ടെത്തുക.
മക്കളെ ചെറിയ കാര്യങ്ങളുടെപോലും മൂല്യം അറിയിച്ച് വളർത്തുക. തെറ്റുകൾ ചൂണ്ടിക്കാണിച്ച് മക്കളെ ശിക്ഷിക്കുക. അതൊരിക്കലും നിങ്ങളുടെ ദേഷ്യം തീർക്കലാവരുത്.
ദമ്പതികൾ ചെറിയ കാര്യങ്ങൾപോലും പരസ്പരം തുറന്നു സംസാരിക്കുക. പങ്കാളിയുടെ ഏതെങ്കിലും പ്രവൃത്തിയിലുള്ള ദേഷ്യം മനസ്സിൽവെച്ച് പെരുമാറാതിരിക്കുക. പകരം, ഏതെങ്കിലും കാര്യത്തിൽ അനിഷ്ടമുണ്ടെങ്കിൽ അത് ശാന്തമായി തുറന്നുപറയുക.
ദിവസം അര മണിക്കൂറെങ്കിലും ജീവിതപങ്കാളിയുമായി തുറന്നു സംസാരിക്കുക. ഒരുമിച്ച് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണരുത്.
സ്വാർത്ഥത വെടിയുക. എന്റെ കാര്യംമാത്രം എന്ന് ചിന്തിക്കാതെ കുടുംബത്തിന്റെ ഒട്ടാകെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുക. മറ്റ് കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുക.
ജീവിതപങ്കാളിക്ക് വേണ്ട പരിഗണനയും ബഹുമാനവും നൽകുക.
വൈവാഹികേതര ബന്ധങ്ങളിൽ ചെന്നുചാടാതിരിക്കാൻ ശ്രദ്ധിക്കുക. അൽപ്പസുഖത്തിനായി നിങ്ങൾ ചെന്നുവീഴുന്ന കെണികൾ ജീവിതം തകർത്തേക്കാം.
ദാമ്പത്യജീവിതത്തിൽ പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ കഴിയണം. അതിനർഥം ജീവിതപങ്കാളിയുടെ എല്ലാ തെറ്റുകളെയും അംഗീകരിക്കുക എന്നല്ല മറിച്ച്, തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടി തിരുത്താൻ തയാറാകണം. അതോടൊപ്പം സ്വന്തം പോരായ്മകളും തിരിച്ചറിയണം. കുറവുകൾ സ്വയം അംഗീകരിക്കുന്നവർക്കുമാത്രമെ അത് തിരുത്താനും ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താനും കഴിയൂ.
ഞാൻ ചെയ്യുന്നതാണ് ശരി. എന്നെ ആർക്കും തിരുത്താൻ അവകാശമില്ല എന്ന ചിന്താഗതി മാറ്റുക. ഒഴുക്കിൽപ്പെട്ട് അനേകകാലത്തെ ഉരസലുകളിലൂടെയാണ് പരുക്കനായ പാറക്കല്ല് മിനുസ്സവും ഭംഗിയുമുള്ള ഒരു വെള്ളാരംകല്ലായി തീരുന്നത്. അതുപോലെ നിങ്ങളുടെ മോശം ചിന്താഗതികളും മനോഭാവങ്ങളും തെറ്റായ ധാരണകളും മോശം പെരുമാറ്റങ്ങളും മാറ്റാൻ നിങ്ങളെ വിമർശിക്കുന്നവർ സഹായിക്കുകയാണെന്ന് തിരിച്ചറിഞ്ഞാൽ കുറ്റപ്പെടുത്തലുകളെ സഹിഷ്ണുതയോടെ സ്വീകരിക്കാൻ കഴിയും.
നിങ്ങളുടെ ആഗ്രഹപൂർത്തീകരണ ത്തിനുള്ള ഉപകരണങ്ങളായി മക്കളെ കാണാതിരിക്കുക. അവരുടെ താൽപ്പര്യവും അഭിരുചിയും മനസ്സിലാക്കി ആ മേഖലയിൽ ആവശ്യമായ പ്രോൽസാഹനം കൊടുക്കുക.
മൂടിവെക്കാനുള്ളതല്ല സ്‌നേഹം. അ ത് പ്രകടിപ്പിക്കുക. ജീവിതപങ്കാളിയെ പണമെടുക്കാനുള്ള എ.ടി.എം മെഷീനായിമാത്രം കാണാതെ ആത്മാർത്ഥമായി സ്‌നേഹിക്കുക.
കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ ദമ്പതികൾതന്നെ പരസ്പരം പറഞ്ഞുതീർക്കുക. അത് മൂന്നാമതൊരാളിലേക്ക് എ ത്താതിരിക്കാൻ ശ്രദ്ധിക്കുക.
ശരിയായ മണി മാനേജ്‌മെന്റ് കുടുംബജീവിതത്തിൽ നടപ്പാക്കുക. വരുമാന ത്തേക്കാൾ കൂടിയ ചെലവും അമിത കടബാധ്യതയും കുടുംബജീവിതത്തിൽ താളപ്പിഴകൾ സൃഷ്ടിക്കുമെന്ന് ഓർക്കുക.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?