Follow Us On

29

March

2024

Friday

നവമാധ്യമങ്ങളെ വിദഗ്ദ്ധമായി ഉപയോഗിക്കണം: ഡോ. ജൂലിയൻ

നവമാധ്യമങ്ങളെ വിദഗ്ദ്ധമായി ഉപയോഗിക്കണം: ഡോ. ജൂലിയൻ

സിഡ്നി: ഉപമയിലെ നല്ല വിതക്കാരനെപോലെ നാം സമൂഹത്തിൽ വചനവിത്ത് വിതയ്ക്കുന്നവരാകണമെന്നും ക്രിസ്തുവിന്റെ വചനം പൊതുസ്ഥലത്തേക്കും വിജാതീയരിലേക്കും എത്തിക്കാൻ നവമാധ്യമങ്ങളെ വിദഗ്ദ്ധമായി ഉപയോഗിക്കണമെന്നും ഹൊബോർട്ട്- ടാസ്മാനിയ ആർച്ച്ബിഷപ്പ് ഡോ. ജൂലിയൻ പോർട്ടിയസ്. സിഡ്നിയിൽ സംഘടിച്ച ‘മിഷൻ ഫയറി’നെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമാധിഷ്ഠിത സുവിശേഷവത്ക്കരണത്തിന്റെ സാധ്യത അറിയാവുന്നതിനാലാണ് ശാലോം വേൾഡിനെയും അതുപോലുള്ള മാധ്യമങ്ങളെയും താൻ പിന്തുണക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർത്ഥ ലോകത്തേക്കാൾ വിർച്ച്വൽ ലോകത്താണ് ഇപ്പോഴത്തെ യുവജനങ്ങൾ വ്യാപരിക്കുന്നത്. പുസ്തകം വായിക്കാത്ത അവരുടെ ലോകം ഇന്ന് ഫേസ്ബുക്ക് മാധ്യമങ്ങളാണ്. ആ അവസരം പ്രയോജനപ്പെടുത്തി നാം നവമാധ്യമങ്ങളിലൂടെ സുവിശേഷ പ്രഘോഷണം നടത്താൻ ശ്രദ്ധവെക്കണം. നല്ല നിലത്ത് വീഴുന്ന വിത്ത് ഇരട്ടിയല്ല, നൂറിരട്ടിവരെ ഫലം പുറപ്പെടുവിക്കും എന്നത് നമുക്ക് വിസമരിക്കാതിരിക്കാം.
ദൈവവചനത്തിന് ജീവദായകമായ ശക്തി ഉള്ളതിനാൽ മാധ്യമങ്ങളിലൂടെ നൽകുന്ന സുവിശേഷവത്കരണം തീർച്ചയായും ഫലപ്രദമാകും. ഏതാണ്ട് 40 പേരുൾപ്പെട്ട സമൂഹത്തിൽ താൻ പങ്ക് വെച്ച വചനസന്ദേശം നവമാധ്യമങ്ങളിലൂടെ എട്ടായിരം പേരാണ് കണ്ടത്. അതാണ് മാധ്യമങ്ങളുടെശക്തി. നമ്മൾ വചനം വിതച്ചാൽ മാത്രമെ ക്രിസ്തുവിന് അവരുടെ ഉള്ളിൽ പ്രവർത്തിക്കാനും അവരെ മാനസാന്തരത്തിലേക്ക് നയിക്കാനുമുള്ള അവസരം ലഭിക്കൂ.
ഈയിടെ യുവജനങ്ങളോട് വചനം പങ്കുവെക്കുന്നതിനിടയിൽ, പരസ്യ ജീവിതാരംഭത്തിൽ യേശുനൽകിയ സന്ദേശം ചുരുക്കിപ്പറയാൻ ഞാൻ ആവശ്യപ്പെട്ടു. നിങ്ങൾ പരസ്പരം സ്നേഹിക്കുക എന്ന മറുപടിയാണ് അവർ പറഞ്ഞത്. പക്ഷെ, ദൈവരാജ്യം നിങ്ങൾക്കടുത്തുതന്നെയാണെന്നും അനുതപിച്ച് വിശ്വസിക്കുക എന്നതുമായിരുന്നു ശരിയായ ഉത്തരം. ചുരുക്കിപ്പറഞ്ഞാൽ ദൈവം സ്വയം വെളിപ്പെടുത്തുകയും മനുഷ്യനുമായി സുസ്ഥിരബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്കാണ് ദൈവരാജ്യം എന്ന് പറയുന്നത്.
ദൈവവുമായി ഇങ്ങനെ ഒരു ബന്ധം സ്ഥാപിക്കണമെങ്കിൽ അനുതപിക്കണം. താനുമായുള്ള ബന്ധത്തിലേക്ക് ദൈവം നമ്മെ ക്ഷണിച്ചെന്നും അവിടുന്ന് നമ്മുടെ വ്യക്തിപരമായ ജീവിതത്തെ സ്പർശിക്കുമെന്നും നമ്മുടെ ഇടയിൽ സന്നിഹിതനാണെന്നും വിശ്വസിക്കണം. ഈ സന്ദേശമാണ് സഭയുടെ കേന്ദ്രം. അനുതപിക്കുക, വിശ്വസിക്കുക എന്ന സന്ദേശം ഇക്കാലത്ത് വളരെ പ്രസക്തമായി മാറിയിരിക്കുന്നു.
ക്രൈസ്തവവിശ്വാസത്തിന്റെ അടിത്തറയുണ്ടായിരുന്ന ഓസ്ട്രേലിയയിൽ ഇപ്പോൾ മതത്തിൽ വിശ്വസിക്കാത്തവരുടെ എണ്ണമാണ് കൂടുതൽ. ഇതാണ് ഇക്കാലത്ത് സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുൻകാലങ്ങളിൽ താൻ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും തന്റെ പശ്ചാത്തലം ക്രൈസ്തവമതമാണെന്ന് ആളുകൾ പറഞ്ഞിരുന്നു. അതും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഓസ്ട്രേലിയയിലും യൂറോപ്പിലും അമേരിക്കയിലും ക്രൈസ്തവപാരമ്പര്യങ്ങൾ ഇല്ലതായികൊണ്ടിരിക്കുകയാണ്.
ദൈവമില്ല എന്ന് പറഞ്ഞ് ജീവിക്കുന്ന ഒരു വലിയ സംഘം നമ്മുടെ സമൂഹത്തിലുണ്ടെന്നും ഗ്രഹണസമയത്ത് ഭൂമിയിൽ ഇരുട്ടുപടരുംപോലെ, മനുഷ്യൻ തന്റെ ബുദ്ധികൊണ്ട് ദൈവത്തെ മറയ്ക്കാൻ ശ്രമിക്കുമ്പോൾ ഭൂമിയിൽ അന്ധകാരം വ്യാപിക്കുന്നുവെന്നും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ ചാക്രികലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. വിവാഹം സ്ത്രീയും പുരുഷനും തമ്മിലാകണമെന്ന ദൈവപദ്ധതിയിൽനിന്ന് വ്യതിചലിച്ച് സ്വവർവിവാഹത്തിന് നമ്മുടെ സമൂഹം പിന്തുണ പ്രഖ്യാപിക്കുമ്പോൾ സമൂഹത്തിൽ പടരുന്ന ഇരുട്ടാണ് പ്രകടമാക്കപ്പെടുന്നത്.
മനുഷ്യനായിരിക്കുക എന്നതിന്റെ ശ്രേഷ്~ത നമ്മുടെ സമൂഹത്തിൽനിന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യനെ കുറിച്ചുള്ള ദൈവപദ്ധതി മനസിലാക്കാൻ കഴിയാത്തരീതിയിലേക്ക് അവർ മാറിക്കഴിഞ്ഞു. ഇരുട്ട് സമൂഹത്തിൽ നിറയുന്നതുകൊണ്ട് കൺമുമ്പിലുള്ള സത്യത്തെ അവർക്ക് മനസിലാക്കാൻ കഴിയുന്നില്ല. മനുഷ്യരോട് തങ്ങളെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി പറഞ്ഞുകൊടുക്കുകയും വിശ്വാസത്തിൽനിന്ന് വ്യതിചലിച്ചവരെ തിരിച്ചുകൊണ്ടുവരികയും ചെയ്യുക എതാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നാമുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കാനും ദൈവരാജ്യത്തിലേക്ക് നമ്മെ ക്ഷണിക്കാനും മനുഷ്യ സമൂഹത്തെ മുഴുവൻ തന്നിലേക്ക് അടുപ്പിക്കാനും ദൈവം ശ്രമിക്കുന്നു. കാരണം അവിടെയാണ് സത്യവും ജീവനും മോക്ഷവും.
സുവിശേഷം സമൂഹത്തിന് പകർന്ന് നൽകാനുള്ള മാർഗങ്ങൾ സഭയായ നാം കണ്ടെത്തണം. ക്രിസ്തു വിജാതീയരുടെ ഇടയിലും പൊതുസ്ഥലത്തും സുവിശേഷം പ്രസംഗിച്ചതുപോലെ കത്തോലിക്ക സമൂഹത്തിന് പുറത്ത്, വിശ്വസത്തിന് പുറമേയുള്ള ജനതകളിലേക്ക് ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. ഈ ധർമം നിർവഹിക്കാൻ ആധുനിക മാധ്യമങ്ങൾ ഏറെ പ്രയോജനകരമാണ്. മാധ്യമങ്ങൾക്ക് നിരവധി പോരായ്മകളുമുണ്ടെങ്കിലും അവസരങ്ങൾ ഏറെയാണെന്നത് വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?