Follow Us On

20

October

2020

Tuesday

സത്യത്തിൽ സഭ വളരുന്നുണ്ടോ?

സത്യത്തിൽ സഭ വളരുന്നുണ്ടോ?

ആദിമ നൂറ്റാണ്ടുകളിൽ ഈസ്റ്റർ ദിനത്തിലാണ് സഭയിലേക്ക് പുതിയ വിശ്വാസികളെ സ്വീകരിച്ചിരുന്നത്. നോമ്പുകാലത്ത് പ്രാർത്ഥിച്ചും ഉപവസിച്ചും വിശ്വാസസത്യങ്ങൾ പഠിച്ചും മാമ്മോദീസാ സ്വീകരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന നവവിശ്വാസികൾ എല്ലാ സഭകളിലുമുണ്ടാകും. അതിനാൽ ഓരോ ഈസ്റ്ററും വളർച്ചയുടെ ദിനങ്ങളായിരുന്നു. അന്ന് വിശ്വാസികളുടെ അംഗസംഖ്യ വർദ്ധിക്കുന്നു. പഴയ വിശ്വാസികൾ കൂടുതൽ ആവേശോജ്ജ്വലരായി രൂപാന്തരപ്പെടുന്നു. സഭാമാതാവ് തന്റെ മക്കളെ ഓർത്ത് നിർവൃതി കൊള്ളുന്ന ദിനങ്ങൾ…
ഇന്നും ലോകത്തിലെ പല സഭകളിലും ഇതേ പാരമ്പര്യം അഭംഗുരം തുടരുന്നുണ്ട്. ഉദാഹരണത്തിന് സിംഗപ്പൂരിലെ കത്തോലിക്കാസഭയെ തന്നെയെടുക്കാം. കേരളത്തിലെ ഒരു ജില്ലയുടെ അത്രയും വലുപ്പമേ സിംഗപ്പൂരിനുള്ളു. ജനങ്ങളിൽ ഭൂരിപക്ഷവും ചൈനീസ് വംശജർ. ബുദ്ധമതവും താവോയിസവുമാണ് അവിടുത്തെ പ്രബല മതങ്ങൾ. ക്രിസ്ത്യാനികൾ 15% മാത്രം. പക്ഷേ, അവിടത്തെ ക്രൈസ്തവ സഭ നിരന്തരം വളരുകയാണ്. വർഷംതോറും ഏതാണ്ട് 2000 പേർ പുതുതായി മാമ്മോദീസാ സ്വീകരിച്ച് സഭയുടെ അംഗങ്ങളാകുന്നു.
ഒരു ധ്യാനത്തിലോ കൺവെൻഷനിലോ പങ്കെടുത്ത് രോഗശാന്തി കിട്ടിയതിന്റെ വികാരത്താലല്ല ഇവരൊക്കെ സഭയിലേക്ക് വരുന്നത്. എന്തെല്ലാം ആത്മീയ അനുഭവങ്ങളുണ്ടായാലും ഒരു വർഷത്തോളം നീളുന്ന ആത്മീയ പരിശീലനത്തിനുശേഷമേ ആരെയും സഭയിൽ അംഗമായി സ്വീകരിക്കൂ. എല്ലാ ഇടവകകളോടും അനുബന്ധിച്ച് സഭയെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും അറിയാനാഗ്രഹിക്കുന്ന അക്രൈസ്തവർക്കായി പ്രത്യേക കാറ്റക്കിസം ക്ലാസുകളുണ്ട്.
ബൈബിൾ, സഭ, ക്രിസ്തീയ ജീവിതം, സഭാചരിത്രം ഇവയെക്കുറിച്ചെല്ലാം പഠിപ്പിക്കുന്ന ഈ ക്ലാസുകളിൽനിന്ന് ആർക്കും എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാം. പഠനം കഴിഞ്ഞശേഷം ക്രിസ്തീയജീവിതം തിരഞ്ഞെടുക്കുന്നവർ ഈസ്റ്റർ നാളിൽ മാമ്മോദീസ സ്വീകരിക്കുന്നു. ഓരോ ഇടവകയിലെയും ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനരംഗങ്ങളിലൊന്നാണ് അക്രൈസ്തവർക്കായുള്ള ഈ വിശ്വാസ പരിശീലനക്ലാസുകൾ.
ക്ലാസെടുക്കുന്നവർ ബുദ്ധിപരമായ അറിവു മാത്രമുള്ളവരല്ല എന്നതാണ് ഇതിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യങ്ങളിലൊന്ന്. അൽമായരും സിസ്റ്റേഴ്‌സും വൈദികരും ഉൾപ്പെട്ട് പ്രാർത്ഥിക്കുന്ന, വിശ്വാസം ജ്വലിക്കുന്ന ജീവിതങ്ങളാണ് ഈ ശുശ്രൂഷ നയിക്കുന്നത് എന്നതിനാൽ വിരലിലെണ്ണാവുന്നവരൊഴിച്ച് ബാക്കിയെല്ലാവരും കോഴ്‌സ് പൂർത്തീകരിച്ച് ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിക്കുന്നു.
വർഷങ്ങൾക്കുമുമ്പ്, ഞാൻ സന്ദർശിച്ച ബുക്കിത് ബട്ടോക്കിലുള്ള ‘ഔവർ ലേഡി ഓഫ് ഏൻജലസ്’ ദൈവാലയത്തിൽ ഏഴു ഷിഫ്റ്റുകളായാണ് വേദപാഠപരിശീലനം നടത്തുന്നത്. അവിടത്തെ സൺഡേ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് മുസ്ലീം മതത്തിൽനിന്നും ക്രിസ്തീയവിശ്വാസം സ്വീകരിച്ച ഒരു വനിതയാണ്. പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും നിറവുള്ള അവരുടെ ജീവിതംതന്നെ അനേകരെ സഭയിലേക്ക് ആകർഷിക്കുന്നു.
ഇനി നമ്മുടെ സഭകളിലേക്കൊന്ന് തിരിച്ചുവന്നു നോക്കാം. എത്രയോ ഈസ്റ്ററുകൾ നാം പിന്നിട്ടു. നമുക്കിടയിൽ എത്രയോ ലക്ഷം അക്രൈസ്തവർ ജീവിക്കുന്നുമുണ്ട്. എതൊക്കെ മേഖലകളിലാണ് നാം ക്രിസ്തുവിന്റെ നാമത്തിൽ പ്രവർത്തിക്കുന്നത്. എന്നിട്ടും ക്രിസ്തുവിനെക്കുറിച്ചറിയാൻ ചുറ്റുപാടുകളിലുമുള്ളവർക്ക് ആകാംക്ഷ തോന്നാത്തത് എന്തുകൊണ്ടാണ്?
വളരാത്ത സഭകളൊക്കെ തളരുന്ന സഭകളാണ്. തീർച്ചയായും നാം വളരുന്നുണ്ട്. സ്ഥാപനങ്ങളുടെയും ദൈവാലയങ്ങളുടെയും എണ്ണത്തിൽ. വിശ്വാസികളുടെ എണ്ണത്തിലുള്ള വർദ്ധന ചിലപ്പോൾ നമ്മുടെ സന്താനങ്ങളുടെ വർദ്ധനവിലൂടെയും ഉണ്ടാകാറുണ്ട്. ഇതൊന്നുമല്ല ഒരു സഭയുടെ യഥാർത്ഥ വളർച്ച. ക്രിസ്തുവിനെ അറിയാത്തവരെ ക്രിസ്തുവിലേക്കു ആനയിക്കുന്നതിലൂടെ മാത്രമേ യഥാർത്ഥത്തിൽ സഭ വളരൂ. വിശിഷ്യാ, അക്രൈസ്തവ ജനതയുടെ മധ്യത്തിലുള്ള നമ്മുടെ ചുറ്റുപാടുകളിൽ.
നിലവിലുള്ളവയെ ഭരിക്കാനും പരിപാലിക്കാനുമായി സഭയുടെ ഊർജം മുഴുവൻ നാം വിനിയോഗിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അടിസ്ഥാന ദൗത്യം തന്നെ നാം വിസ്മരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് അനേകവർഷങ്ങളായി ക്രിസ്തുവിൽ വിശ്വസിച്ച് ജീവിക്കുന്നവരെപ്പോലും സഭയിൽ അംഗമായി ചേർക്കാൻ ഭയപ്പെടുന്നു എന്നത്.
സഭ ഈ ലോകത്തിൽ ഒരു പ്രേക്ഷിതയാണ്. അവൾ അയക്കപ്പെട്ടിരിക്കുന്നത് ലോകത്തിന്റെ അതിരുകളോളം സുവിശേഷമെത്തിക്കാനും സുവിശേഷത്തിൽ വിശ്വസിക്കുന്നവരെ ജ്ഞാനസ്‌നാനംവഴി സഭയിൽ അംഗമായി സ്വീകരിക്കുന്നതിനുമത്രേ. സഭയ്ക്ക് ഇത്രയും മക്കൾ മതി. ബാക്കിയുള്ളവരെല്ലാം അവരുടെ മന$സാക്ഷിയനുസരിച്ച് ജീവിച്ചു രക്ഷപ്പെട്ടാൽ മതിയെന്ന മനോഭാവം ദൈവത്തിനും അവിടുത്തെ പദ്ധതികൾക്കുമെതിരായ ഒരു വെല്ലുവിളി തന്നെയല്ലേ?
‘രക്ഷിക്കപ്പെടുന്നവരെ കർത്താവ് അനുദിനം അവരോട് ചേർത്തുകൊണ്ടിരുന്നു’ (അപ്പ.പ്രവ.2:47) എന്ന അനുഭവം നമ്മുടെ ഇടവകകളിലും രൂപതകളിലും ഉണ്ടായാലേ നാം വളരുന്നു എന്നവകാശപ്പെടാനാവൂ. നമ്മുടെ ലജ്ജയും ഭയവും സ്വാർത്ഥതയും വഴിയായി എത്രയോ പേർക്ക് സഭ ഇന്ന് അന്യമായിത്തീർന്നിരിക്കുന്നു. അതിനൊരു മാറ്റം അത്യാവശ്യമല്ലേ. സഭ വളരാനും അവൾ ഉർജസ്വലയായിത്തീരാനും സുവിശേഷപ്രവർത്തനങ്ങൾ ഇടവകാതലത്തിൽ തന്നെ പുനരാരംഭിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ പ്രവർത്തനങ്ങളുടെ മുൻഗണനകളിൽ മാറ്റം വരുത്തിയില്ലെങ്കിൽ നാമിന്ന് മുൻഗണന കൊടുക്കുന്ന കാര്യങ്ങൾ തന്നെ സഭയെ നശിപ്പിക്കും. നമ്മുടെ സ്ഥാപനങ്ങൾക്കോ സംവിധാനങ്ങൾക്കോ ഈ നാശത്തിൽനിന്ന് സഭയെ രക്ഷിക്കാനാകില്ല. കാരണം, സഭയുടെ ഊർജസ്വലതയുടെ രഹസ്യം സുവിശേഷമാണ്. ഈ ലോകത്തിന് സുവിശേഷമായിത്തീരാത്ത കഴിഞ്ഞകാലത്തെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും നാമാവശേഷമാവുകയോ നാമമാത്രമാവുകയോ ചെയ്തിട്ടുണ്ടെന്ന സത്യം ഈ ഈസ്റ്റർ ദിനങ്ങളിൽ ഒരു പുനർവിചിന്തനത്തിന് കാരണമാകട്ടെ.
Chief Editor
Benny Punnathara

1 comment

Leave a Comment

Your email address will not be published. Required fields are marked with *

1 Comment

  • Thomas
    May 8, 2016, 2:44 pm

    Very good editorial.
    Today the church of kerala, especially the syro-malabar church lost their mission. Only very few priests and nuns engage in mission work and the others are engaged in multi-billion dollar business. Those who are supposed to be the roll-models of the church are bad models. The faithful are fed up with the autocratic attitude of the priests which will turn them away from the church, just like what happened to the church in the west.

    REPLY

Similar Posts

Don’t want to skip an update or a post?