Follow Us On

19

February

2019

Tuesday

കുടുംബങ്ങളും മനസുകളും വളരണം

കുടുംബങ്ങളും  മനസുകളും വളരണം

കുടുംബത്തിന്റെ വലുപ്പവും ബന്ധുബലവും മുതൽക്കൂട്ടായി കരുതിയിരുന്നതായിരുന്നു നമ്മുടെ പാരമ്പര്യം. ഭൗതികമായി വളർന്ന കുടുംബങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഉയർച്ചയിൽ കുടുംബബന്ധങ്ങൾ പലപ്പോഴും നിർണായക ഘടകമായിരുന്നെന്ന് വ്യക്തമാകും. എന്നാൽ, കാലംകഴിഞ്ഞപ്പോൾ കാഴ്ചപ്പാടുകളിൽ മാറ്റംവന്നു. ചെറിയ കുടുംബങ്ങളെ പ്രമോട്ടുചെയ്യുന്ന ഗവൺമെന്റിന്റെ ആശയങ്ങൾക്ക് സ്വീകാര്യതകൂടി. വലിയ കുടുംബങ്ങൾ പഴഞ്ചൻരീതിയായി മാറി. കുടുംബങ്ങൾ ചെറുതായപ്പോൾ മനസുകളും ചുരുങ്ങി. ഞാനും എന്റെ മക്കളും എന്ന ചിന്താഗതി കീഴ്‌പെടുത്തി. അങ്ങനെ ചിന്തിക്കുന്നവരാണ് ബുദ്ധിമാന്മാരെന്ന് ധാരണ സമൂഹത്തിൽ പരന്നു. ഒരു വശത്ത് മനുഷ്യവിഭവശേഷിയാണ് കേരളത്തിന്റെ സമ്പത്തെന്ന് പറയുകയും മറുഭാഗത്ത് ജനസംഖ്യാവർധനവ് നാടിന്റെ വളർച്ച തടയുമെന്ന് പഠിപ്പിക്കുകയും ചെയ്തു. അതിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ ശ്രമിച്ചവർ പിന്തിരിപ്പന്മാരായി മുദ്രകുത്തപ്പെട്ടു. മക്കളുടെ എണ്ണം കുറച്ചപ്പോൾ അറിയാതെ സ്വാർത്ഥത നമ്മെ കീഴടക്കി.
അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാതെ കേരളത്തിന് ഇപ്പോൾ മുമ്പോട്ടുപോകാനാവില്ല. കാർഷിക മേഖലയിൽപ്പോലും അവരാണ് ജോലി ചെയ്യുന്നത്. വളരെ പിന്നാക്കാവസ്ഥയിലായിരുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സാമ്പത്തിക വളർച്ച നേടുന്നത് കേരളത്തിൽനിന്നും അങ്ങോട്ട് ഒഴുകുന്ന പണം ഉപയോഗിച്ചാണ്. വിദേശത്തുനിന്നും നമ്മുടെ സംസ്ഥാനത്തേക്ക് പണം വരുന്നതുപോലെതന്നെ. അന്യസംസ്ഥാന തൊഴിലാളികളെ വിലയിരുത്തിയാൽ ഒരു കുടുംബത്തിൽനിന്നും ഒരാൾ ആദ്യം ഇവിടെ എത്തി. ക്രമേണ അടുത്ത ആൾവന്നു. അങ്ങനെ എല്ലാവരും വന്ന അനേകം കുടുംബങ്ങളുണ്ട്. ആ സംസ്ഥാനങ്ങളുടെ വളർച്ചയുടെ അടിസ്ഥാനം മനുഷ്യവിഭവശേഷിയാണ്. കുട്ടികളുടെ എണ്ണം ഗവൺമെന്റ് പറയുന്നതനുസരിച്ച് കുറച്ചിരുന്നെങ്കിൽ ഇപ്പോഴും അവർ പിന്നാക്കാവസ്ഥയിൽ കഴിയുമായിരുന്നു.
പുതിയ തലമുറയുടെ വഴിതെറ്റിയ സഞ്ചാരത്തെക്കുറിച്ച് സമൂഹം ആശങ്കപ്പെടാറുണ്ട്. ദിശാഭ്രംശത്തിന്റെ കാരണങ്ങൾ പരിശോധിച്ചാൽ വലിയ കുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്കുള്ള സഞ്ചാരത്തിനിടയിൽ സംഭവിച്ച പാളിച്ചകളാണെന്ന വ്യക്തമാകും. സ്വന്തം കാര്യം മാത്രം നോക്കിയാൽമതിയെന്ന ചിന്തയാണ് ഭൂരിപക്ഷത്തെയും കീഴടക്കിയിരിക്കുന്നത്. സഹോദരങ്ങളെപ്പറ്റിപ്പോലും ചിന്തിക്കാറില്ല. ഒന്നോ രണ്ടോ മക്കളുള്ള വീടുകളിൽ അവരെ ഏറ്റവും ഉയർന്നനിലയിൽ എത്തിക്കാനുള്ള വ്യഗ്രതക്കിടയിൽ മാതാപിതാക്കളും സഹോദരങ്ങളും വിസ്മരിക്കപ്പെടുന്നു. മക്കൾക്ക് നല്ല വിദ്യാഭ്യാസവും ഭൗതിക സാഹചര്യവുമൊരുക്കേണ്ടത് ആവശ്യമാണ്. എന്നാൽ, മറ്റുള്ളവരെ പരിഗണിക്കാതെ അവരുടെ പ്രശ്‌നങ്ങളുടെ നേരെ കണ്ണടയ്ക്കുമ്പോൾ മക്കളുടെ ഹൃദയത്തിൽ നിറയുന്നത് സമാനമായ മനോഭാവമായിരിക്കും. അവർ മുതിർന്നുകഴിയുമ്പോൾ സഹോദരങ്ങളിൽനിന്നും മുഖംതിരിക്കും. മക്കൾ പങ്കുവയ്ക്കാൻ മടികാണിക്കുന്നു എന്ന് വിലപിക്കുന്ന മാതാപിതാക്കൾ സ്വന്തം ജീവിതത്തിലേക്കാണ് ആദ്യം തിരിയേണ്ടത്.
മക്കൾ ചോദിക്കുന്നതിനുമുമ്പ് അവർക്കായി എല്ലാം ഒരുക്കുന്നുണ്ട് എന്ന ചിന്തയിലാണ് ചിലരെങ്കിലും. അതിനാൽ എന്നോട് എപ്പോഴും മക്കൾക്ക് വലിയ സ്‌നേഹമായിരിക്കുമെന്നാണ് അവരുടെ ചിന്ത. എന്റെ മാതാപിക്കൾ എനിക്കു നൽകിയതുപോലെയല്ല എന്നു കരുതുന്നവരും ധാരാളം. ഭൗതികമായി സൗകര്യങ്ങൾ ഒരുക്കിയതുകൊണ്ട് മക്കൾ കൂടുതലായി സ്‌നേഹിക്കുമെന്നത് മിഥ്യാധാരണയാണ്. അവർ സ്‌നേഹവും പങ്കുവയ്ക്കലും പഠിക്കുന്നത് മാതാപിതാക്കളുടെ ജീവിതത്തിൽനിന്നാണ്. അതു പഠിക്കാനുള്ള സാഹചര്യങ്ങളില്ലെങ്കിൽ പിന്നീട് വിഷമിക്കേണ്ടതായി വരും. മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്തവരും വഴിയിൽ ഉപേക്ഷിച്ചവരിൽ അധികവും വിദ്യാസമ്പന്നരും ഉയർന്ന പദവികൾ വഹിക്കുന്നവരും സാമ്പത്തികശേഷി ഉള്ളവരുമാണ്. വിദ്യാഭ്യാസവും ഭൗതികമായ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തപ്പോൾ കാരുണ്യവും സ്‌നേഹവും അവരുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കാൻ മാതാപിതാക്കൾക്ക് കഴിയാതെപോയി.
മാതാപിതാക്കളെ മക്കൾ ഉപേക്ഷിക്കുന്ന കഥകളൊക്കെ നമ്മുടെ നാട്ടിൽനിന്നും കേൾക്കാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. വലിയ കുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്കുള്ള പരിവർത്തനങ്ങൾക്ക് ഇടയിൽ നാമറിയാതെ സംഭവിച്ച മാറ്റങ്ങളാണ്. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന പാരമ്പര്യമായിരുന്നു നമ്മുടേത്. അതു പൂർണായി അന്യമായി എന്നല്ല. എങ്കിലും അതിന്റെ ആഴം കുറഞ്ഞുവരുകയാണ്. ഇപ്പോഴത്തെ രീതിയിൽ പോകുകയാണെങ്കിൽ അടുത്ത തലമുറയുടെ കാലമാകുമ്പോഴേക്കും അതൊക്കെ പഴങ്കഥകളായിത്തീരും. പണം ഉണ്ടെങ്കിൽ എല്ലാമായി എന്ന തെറ്റിദ്ധാരണ ചിലരിലെങ്കിലുമുണ്ട്. സമ്പത്ത് ബന്ധങ്ങൾക്ക് പകരമാവില്ല. നമുക്ക് ലഭിച്ചിരിക്കുന്ന ഭൗതികമായ ഉയർച്ച സ്വാർത്ഥരാക്കിത്തീർക്കരുത്. എല്ലാ നേട്ടങ്ങളും ദൈവാനുഗ്രഹങ്ങളാണെന്നത് എപ്പോഴും ഓർമയിൽ ഉണ്ടാകണം.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?