Follow Us On

26

September

2021

Sunday

പുല്ലുവഴിയിൽനിന്നൊരു സ്വർഗീയ മധ്യസ്ഥ

പുല്ലുവഴിയിൽനിന്നൊരു സ്വർഗീയ മധ്യസ്ഥ

കുട്ടികൾ കളിക്കുന്നതിനിടയിലായിരിക്കും എല്ലാ ദിവസവും വല്യമ്മച്ചി പ്രാർത്ഥിക്കുവാൻ വിളിക്കുക. കളിയുടെ ആരവങ്ങൾക്കിടയിൽ മറ്റുള്ളവർ ആ വിളി കുറെനേരമെങ്കിലും കേട്ടില്ലെന്ന് നടിക്കും. എന്നാൽ വല്യമ്മച്ചിയുടെ ശബ്ദം കേൾക്കേണ്ട താമസം മേരിക്കുഞ്ഞ് ഓടിച്ചെല്ലും. ദിവസവും വല്യമ്മച്ചിയുടെ ഒപ്പം പള്ളിയിൽ പോകാനും മേരിക്കുഞ്ഞ് ഉണ്ടായിരുന്നു. ചെറുപ്പം മുതൽ പ്രാർത്ഥനയോടും ദൈവാലയത്തോടും ചേർന്നുനിന്നിരുന്ന മേരിക്കുഞ്ഞ് എന്ന സിസ്റ്റർ റാണി മരിയ ഇപ്പോൾ സ്വർഗത്തിലിരുന്ന് അനേകരെ ദൈവിക വഴികളിലേക്ക് ആനയിച്ചുകൊണ്ടിരിക്കുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിൽനിന്നും ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്ന സിസ്റ്റർ റാണി മരിയയുടെ പ്രാർത്ഥനകൾ ഫലംചൂടുന്നു എന്നതിന് തെളിവുകൾ നിരവധി. ഒന്നാമത്തെ തെളിവ് നെഞ്ചിലേക്ക് 54 തവണ കഠാര ആഴ്ന്നിറക്കിയ സമന്ദർസിങിന്റെ മാനസാന്തരമായിരിക്കും.
പെരുമ്പാവൂർ പുല്ലുവഴി വട്ടാലിൽ പരേതരായ പൈലി-ഏലീശ ദമ്പതികൾക്ക് ഏഴ് മക്കളായിരുന്നു. അഞ്ച് പെണ്ണും രണ്ട് ആണും. രണ്ടു പേർ സമർപ്പിത ജീവിതം തിരഞ്ഞെടുത്തു- സിസ്റ്റർ റാണി മരിയയും സിസ്റ്റർ സെൽമിപോളും. ഇപ്പോൾ എട്ട് മക്കൾ. വട്ടാലിൽ കുടുംബത്തിലെ ഏറ്റവും ഇളയവനായി സമന്ദർസിങിനെ അവർ ഏറ്റെടുത്തുകഴിഞ്ഞു. ഏലീശയുടെ ഓർമ മറഞ്ഞ് മരണാസന്നയായെങ്കിലും ആരെയോ പ്രതീക്ഷിച്ചെന്നതുപോലെ ജീവൻ കാത്തുകിടന്നു. ഗുരുതരാവസ്ഥ അറിഞ്ഞ് സമന്ദർ എത്തി സ്പൂണിൽ വെള്ളം കോരി നാവിലേക്ക് പകർന്നു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അമ്മ നിത്യസമ്മാനത്തിനായി യാത്രയായി. ഒരു കുടുംബത്തിന്റെ അസാധാരണമായ ദത്തെടുപ്പിന്റെ മുകളിൽ സ്വർഗം അംഗീകാരമുദ്ര ചാർത്തിയതുപോലെ. മകളുടെ ഘാതകൻ എത്തിയപ്പോൾ ഓടിച്ചെന്ന് കരങ്ങളിൽ ചുംബിച്ച് വീട്ടിലേക്ക് സ്വീകരിക്കുകയും ലോകത്തിനുമുമ്പിൽ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമായി മാറുകയും ചെയ്ത അമ്മയുടെ ശവമഞ്ചം പേറാൻ ജന്മം നൽകിയ മക്കളോടൊപ്പം ‘ഇളയ മകനും’ ഉണ്ടായിരുന്നു.
ഒരു യാത്രയുടെ തുടക്കം
10-ാം ക്ലാസ് റിസൽട്ട് അറിഞ്ഞ ഉടനെ മേരിക്കുഞ്ഞ് മഠത്തിൽ ചേരാനുള്ള ആഗ്രഹം വീട്ടിലറിയിച്ചു. കൂട്ടത്തിൽ പിതൃസഹോദരന്റെ മകൾ സിസിലിയുമുണ്ട്. മകളുടെ ആഗ്രഹത്തിന് അത്ര അനുകൂലമായിരുന്നില്ല മാതാപിതാക്കളുടെ മനസ്. മേരിക്കുഞ്ഞ് മൂത്ത സഹോദരൻ സ്റ്റീഫന്റെ സഹായം തേടി. ചാച്ചനും അമ്മച്ചിയും ഇങ്ങനെ പറയുന്നതിനിടയിൽ ഞാൻ പറഞ്ഞതുകൊണ്ട് എന്താണ് കാര്യമെന്നായിരുന്നു സ്റ്റീഫന്റെ ചോദ്യം. ചേട്ടൻ ഒന്നുപറഞ്ഞുനോക്ക്, സഹോദരിയുടെ നിർബന്ധത്തിനു വഴങ്ങി അന്ന് അത്താഴത്തിനുശേഷം വിഷയം ഒന്നുകൂടി എടുത്തിട്ടു. നിന്റെ അഭിപ്രായം എന്താണെന്നായിരുന്നു മൂത്ത മകനോടുള്ള പിതാവിന്റെ മറുചോദ്യം. എല്ലാവർക്കും താല്പര്യമാണെങ്കിൽ എനിക്ക് എതിർപ്പൊന്നുമില്ലെന്നായിരുന്നു ഉത്തരം. അവൾക്ക് മഠത്തിൽ ചേരാൻ ഇഷ്ടമാണെങ്കിൽ പോകട്ടെ എന്നുപറഞ്ഞത് മേരിക്കുഞ്ഞിന്റെ പ്രിയപ്പെട്ട വല്യമ്മച്ചിയായിരുന്നു. മേരിക്കുഞ്ഞിനുവേണ്ടി വാദിക്കാൻ ദൈവം ഒരുക്കിനിർത്തിയതുപോലെയായിരുന്നു ആ വാക്കുകൾ. അത് ദൈവസ്വരമായി അവർക്ക് തോന്നി. പിന്നീട് ആരും മറുത്തൊന്നും പറഞ്ഞില്ല. മേരിക്കുഞ്ഞിനെ ആത്മീയതയിൽ വളർത്തിയതിൽ വല്യമ്മച്ചി വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന് സഹോദരൻ സ്റ്റീഫൻ ഓർമിക്കുന്നു.
നോവിഷ്യേറ്റ് കഴിഞ്ഞ് സഭാവസ്ത്ര സ്വീകരണ ത്തിൽനിന്നും സിസ്റ്റർ റാണി മരിയയെ ഒരു വർഷത്തേക്ക് മാറ്റിനിർത്താൻ സഭാധികൃതർ ആലോചിച്ചതാണ്. അറിഞ്ഞപ്പോൾ സിസ്റ്ററിന് വിഷമമായി. കാല്പാദത്തിൽ ഉണ്ടായ കറുത്ത പാടായിരുന്നു വില്ലനായത്. പല ഡോക്ടർമാരെ കാണിച്ചെങ്കിലും ഇതു മാറുമെന്ന് തോന്നുന്നില്ലെന്നായിരുന്നു അവരുടെ മറുപടി. അവിടെയും ദൈവിക ഇടപെടൽ ഉണ്ടായതായി സ്റ്റീഫൻ ഓർമിക്കുന്നു. ഈ സമയത്താണ് ഒരു ബന്ധു മുഖേന നാട്ടുവൈദ്യനെ സമീപിച്ചത്. അദ്ദേഹം നോക്കിയിട്ട് പറഞ്ഞു, ഇതു ചെരുപ്പിന്റെ അലർജിയാണ്, ചെരുപ്പ് മാറിയാൽ പ്രശ്‌നം തീരും. പിന്നീട് ആ പ്രശ്‌നം ഉണ്ടായിട്ടില്ല. താൻ ഏറെ ആഗ്രഹത്തോടെ കാത്തിരുന്ന മിഷനിലേക്ക് പോകാൻ സഭാവസ്ത്ര സ്വീകരണം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം അവസരം ലഭിച്ചു. ആദ്യം ബിജ്‌നോറിലായിരുന്നു.
ചേച്ചിയുടെ ചിരിക്കുന്ന മുഖം മാത്രമേ കണ്ടിട്ടുള്ളൂ; സിസ്റ്റർ റാണി മരിയയുടെ ഇളയ സഹോദരൻ വർഗീസിന്റെ ഭാര്യ ലില്ലി പറയുന്നു. അവധിക്ക് നാട്ടിൽ വരുന്നതിനുമുമ്പ് വീട്ടിലേക്ക് കത്തെഴുതുമായിരുന്നു. അതിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്ന മൂന്ന് കാര്യങ്ങൾ ലില്ലിയുടെ മനസിൽ ഇപ്പോഴുമുണ്ട്. ”ഞാൻ വരുമ്പോൾ വീട്ടിൽ നിങ്ങൾ സാധാരണയായി കഴിക്കുന്നതിൽനിന്നും വ്യത്യസ്തമായ വിഭവങ്ങൾ ഒന്നും ഉണ്ടാക്കരുത്. കുടുംബാംഗങ്ങൾ എല്ലാവരും തറവാട്ടിൽ ഒരുമിച്ചുകൂടണം. പഴയ വസ്ത്രങ്ങൾ പരമാവധി ശേഖരിച്ചു വയ്ക്കണം.” സിസ്റ്റർ വരുന്നതിനുമുമ്പ് സ്വന്തം വീട്ടിൽനിന്നും ബന്ധുവീടുകളിൽനിന്നുമൊക്കെ വസ്ത്രങ്ങൾ ശേഖരിക്കുന്നത് ലില്ലിയുടെ ജോലിയായിരുന്നു. ഉദയനഗറിലെ പാവങ്ങൾക്കു കൊടുക്കാനായിരുന്നു അവയെല്ലാം.
വീട്ടിൽ വരുമ്പോൾ താഴ്ന്നതരം വസ്ത്രങ്ങളായിരുന്നു സിസ്റ്റർ റാണി മരിയ ധരിച്ചിരുന്നത്. ഒരിക്കൽ ലില്ലി ചോദിച്ചു, ചേച്ചിക്ക് കുറച്ചുകൂടി നല്ല വസ്ത്രങ്ങൾ ധരിച്ചുകൂടേ? നീ ഉദയനഗറിൽ വന്ന് അവിടുത്തെ പാവപ്പെട്ടവരുടെ വസ്ത്രങ്ങൾ കണ്ടാൽ പിന്നീട് ഈ ചോദ്യം ചോദിക്കില്ലെന്നായിരുന്നു അതിനുള്ള ഉത്തരം. സഹോദരി എല്ലാ പ്രാവശ്യവും പഴയ തുണികളുമായി പോകുന്നതു കണ്ട് ഒരിക്കൽ സ്റ്റീഫൻ ചോദിച്ചു. നിനക്ക് അവിടെ തുണിക്കച്ചവടമാണോ? ‘അവിടേക്ക് ഒന്നു വാ’ എന്നായിരുന്നു മറുപടി. മിഷനിൽ സഹോദരി നേരിടുന്ന പ്രശ്‌നങ്ങൾ അവർക്ക് അറിയില്ലായിരുന്നു.
ജന്മികളുടെ കണ്ണിലെ കരട്

മൂത്ത സഹോദരനെങ്കിലും മിഷൻ പ്രദേശത്തു തന്നെ കാണാൻ വരുമെന്ന് സിസ്റ്റർ റാണി മരിയ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതു പിന്നീടാണ് താൻ അറിഞ്ഞതെന്ന് സ്റ്റീഫൻ പറഞ്ഞു. സിസ്റ്ററിന്റെ രക്തസാക്ഷിത്വത്തിന് രണ്ടാഴ്ച മുമ്പ് സിസ്റ്റർ റാണി മരിയ ഭോപ്പാലിൽ കാൻസറിന് ചികിത്സയിലായിരുന്ന അനുജത്തി സിസ്റ്റർ സെൽമിയെ കാണുന്നതിന് പോയിരുന്നു. സ്റ്റീഫൻ ചേട്ടനെങ്കിലും തന്നെ കാണാൻ ഉദയനഗറിൽ വരുമായിരിക്കുമെന്ന് സംസാരമധ്യേ പറയുകയും ചെയ്തിരുന്നു. ജന്മിമാരുടെ കണ്ണിലെ കരടായി കഴിഞ്ഞതിനാൽ തന്റെ ജീവൻ ഏതു നിമിഷവും അപകടത്തിൽപ്പെടാൻ സാധ്യത ഉണ്ടെന്ന കാര്യവും അനുജത്തിയോട് സൂചിപ്പിച്ചിരുന്നു.
ആ കൂടിക്കാഴ്ചയിലാണ് ബോഗൻവില്ലയുടെ ചുവട്ടിൽ നില്ക്കുന്ന ഫോട്ടോ എടുത്തത്. സിസ്റ്റർ റാണി മരിയയുടേതായി ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ അതാണ്. എല്ലാ മരണവാർഷികത്തിലും ഉദയനഗറിൽ പോകുന്ന സ്റ്റീഫന് സഹോദരി ജീവിച്ചിരിക്കുമ്പോൾ ഒരിക്കൽപ്പോലും പോകാൻ കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമം അവശേഷിക്കുന്നു.
നിശബ്ദരാക്കപ്പെട്ടവർക്കുവേണ്ടി വാദിച്ചതാണ് സിസ്റ്ററിനെ ജന്മികളുടെ ശത്രുവാക്കിയത്. ആ നാട്ടിലെ ജന്മികളായിരുന്നു പഞ്ചായത്ത് മെമ്പറായ ജീവൻ സിങും അമ്മാവൻ ധർമ്മേന്ദ്രസിങും. നാട്ടുരാജാക്കന്മാരെപ്പോലെ ജീവിച്ചിരുന്ന അവർ പറയുന്നതായിരുന്നു നാട്ടിലെ നീതിയും നിയമവും. കൊള്ളപ്പലിശക്ക് പണം കൊടുക്കൽ തുടങ്ങി പല ബിസിനസുകളും അവർക്ക് ഉണ്ടായിരുന്നു. പണം കൃത്യമായി തിരികെ കൊടുത്തില്ലെങ്കിൽ അടിമകളായി പിടിച്ചുകൊണ്ടുപോകും. ഗവൺമെന്റിൽനിന്നും സാധാരണക്കാർക്ക് അനുവദിക്കുന്ന ആനൂകൂല്യങ്ങളും ഗ്രാന്റുകളും പഞ്ചായത്ത് മെമ്പറായിരുന്നു വാങ്ങിയിരുന്നത്. അതിൽ തുച്ഛമായത് നൽകിയിട്ട് ബാക്കി അവർ സ്വന്തം പോക്കറ്റിലാക്കും.
ചെറിയ വിഹിതം ആളുകൾക്ക് നൽകുമ്പോൾ നിരക്ഷരരായ അവർ കരുതിയിരുന്നത് പഞ്ചായത്ത് മെമ്പർ സ്വന്തം നിലയിൽ അവരെ സഹായിക്കുകയാണെന്നായിരുന്നു. പട്ടിണിപ്പാവങ്ങൾക്ക് അർഹമായത് തട്ടിയെടുക്കുമ്പോഴും അവരുടെ മുമ്പിൽ ജന്മികൾക്ക് ഹീറോ പരിവേഷം. തട്ടിപ്പ് മനസിലാക്കിയ സിസ്റ്റർ റാണി മരിയ അധികാരികളെ സമീപിച്ചു. പണം നേരിട്ട് ഗ്രാമീണർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പരിഹാസത്തോടെയാണ് അവർ സിസ്റ്ററിനെ മടക്കി അയച്ചത്. അവഹേളനങ്ങളായിരുന്നു ലഭിച്ചതെങ്കിലും സിസ്റ്റർ പിന്നെയും അധികാരികളെ സമീപിച്ചുകൊണ്ടിരുന്നു.
സിസ്റ്ററിന്റെ രക്തസാക്ഷിത്വത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ് ഒരിക്കൽക്കൂടി അധികാരികളെ ഈ ആവശ്യത്തിനായി സമീപിച്ചു. ഇപ്രാവശ്യം കഴുത്തിലുണ്ടായിരുന്ന ജപമാലയുടെ കുരിശുരൂപത്തിൽ പിടിച്ചുകൊണ്ട് സിസ്റ്റർ പറഞ്ഞു, ”ഞങ്ങളുടെ മാതാപിതാക്കൾ വീട്ടിൽനിന്നും തള്ളിക്കളഞ്ഞതുകൊണ്ടല്ല ഇവിടേക്ക് വന്നിരിക്കുന്നത്. ഈ പാവങ്ങളോട് കരുണകാട്ടണം.” ആ അപേക്ഷ കേൾക്കാതിരിക്കാൻ ഉദ്യോഗസ്ഥനായില്ല, ദൈവികമായ ഇടപെടൽ ഉണ്ടായതുപോലെ. സിസ്റ്ററിന്റെ ആഗ്രഹംപോലെ ചെയ്യാമെന്ന് ഉത്തരം ലഭിച്ചു. തുടർന്ന് കർഷകർക്ക് അനുവദിച്ച ഗ്രാന്റ് നേരിട്ട് നൽകുകയായിരുന്നു.
ഗ്രാമത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു സംഭവം. സിസ്റ്റർ റാണി മരിയ ജീവിച്ചിരുന്നാൽ തങ്ങളുടെ അപ്രമാദിത്തം നഷ്ടമാകുമെന്ന് അവർക്ക് തോന്നി. അങ്ങനെയാണ് സമന്ദർസിങ് എന്ന വാടകകൊലയാളിയെ ഏർപ്പാടാക്കിയത്. ജന്മിമാർ പറയുന്നത് അനുസരിച്ചുമാത്രമായിരുന്നു അവർക്ക് ശീലവും. പുല്ലുവഴിയിലേക്കു വരുന്നതിനായി ഉദയനഗറിൽനിന്നും യാത്ര തിരിച്ചതായിരുന്നു. ഇൻഡോറിലേക്കുള്ള യാത്രാമധ്യേ ബസിൽവച്ച് സിസ്റ്റർ റാണി മരിയയുടെ നേരെ സമന്ദർസിങ് ആയുധം ഉയർത്തിയപ്പോൾ ധർമ്മേന്ദന്ദ്രസിങും ജീവൻസിങും ഒപ്പം ഉണ്ടായിരുന്നു. നിയമത്തിന്റെ മുമ്പിൽ ശിക്ഷിക്കപ്പെട്ടത് സമന്ദർസിങുമാത്രം.
ഇൻഡോർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന സമന്ദർസിങിനെ ഫാ. സ്വാമി സദാനന്ദ് എന്ന സ്വാമിയച്ചൻ പലപ്രാവശ്യം ചെന്നുകണ്ടു. ജയിലിൽനിന്നും ഇറങ്ങിയാൽ തന്നെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്തവരെ കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്ന തീരുമാനത്തിൽ കഴിഞ്ഞിരുന്ന സമന്ദർസിങിനെ മാനസാന്തരത്തിലേക്ക് കൊണ്ടുവന്നത് നമ്മുടെ മുമ്പിലുള്ള ചരിത്രം.
സിസ്റ്റർ റാണി മരിയയുടെ ഘാതകനെ കാണാൻ മാതാപിതാക്കളും സഹോദരങ്ങളും ജയിലിൽ എത്തിയെന്നുമാത്രമല്ല, ശിക്ഷയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ഗവർണറേയും സമീപിക്കുകയും ചെയ്തു. അങ്ങനെയാണ് സമന്ദർസിങിന്റെ ജയിൽ മോചനം സാധ്യമായത്. ഇത്തരമൊരു സംഭവം മധ്യപ്രദേശിൽ ആദ്യമായിരുന്നു.
മറ്റുള്ളവരുടെ കഷ്ടതകളും വേദനകളുമായിരുന്നു എന്നും സിസ്റ്റർ റാണി മരിയയുടെ സങ്കടങ്ങൾ. സ്വർഗത്തിൽ എത്തിയപ്പോഴും കാരുണ്യംനിറഞ്ഞ ആ മനസ് ദൈവസന്നിധിയിലും നിരന്തരം മാധ്യസ്ഥ്യം വഹിക്കുന്നു എന്നതിന് തെളിവുകളാണ് അനേകർക്ക് ലഭിച്ച അത്ഭുതകരമായ സൗഖ്യങ്ങൾ. തന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്കുവേണ്ടികൂടി സിസ്റ്റർ ദൈവസന്നിധിയിൽ യാചിച്ചു എന്നതിന്റെ തെളിവാണ് സിസ്റ്റർ സെൽമിയുടെ കാൻസർ രോഗത്തിൽനിന്നുള്ള സൗഖ്യം. ഒരിക്കൽ ഡോക്ടർമാർ ആറ് മാസം ആയുസ് വിധിച്ച സിസ്റ്റർ സെൽമി പോളിന് പൂർണസൗഖ്യം ലഭിച്ചിട്ട് 15 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മരുന്നുകളൊന്നും കഴിക്കുന്നില്ല. സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന് ശേഷം ആറ് വർഷം ഉദയ്‌നഗറിലെ ആ മഠത്തിൽ മദറായി ശുശ്രൂഷ ചെയ്യാനുള്ള ഭാഗ്യവും സിസ്റ്ററിന് ഉണ്ടായി. കഴിഞ്ഞ വർഷമാണ് മധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തിയിലുള്ള സാരണിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
കാൻസർ രോഗിയായിരുന്ന സിസ്റ്റർ സെൽമി സ്വപ്‌നത്തിൽ സിസ്റ്റർ റാണി മരിയയെ കണ്ടു, ചേച്ചി അടുത്തു വന്നുനില്ക്കുന്നതായിട്ട്. കൂടെ പിതൃസഹോദരന്റെ മകളായ സിസ്റ്റർ സോണിയും ഉണ്ടായിരുന്നു. ചേച്ചി മരിച്ചു പോയതല്ലേ എന്ന് സിസ്റ്റർ സെൽമി ചോദിച്ചു. നിന്നെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് പ്രാർത്ഥിക്കാറില്ലേ, അതുകൊണ്ട് വന്നതാണെന്നായിരുന്നു മറുപടി. എന്നാൽ, കണ്ണുതുറക്കുമ്പോൾ അടുത്ത് ആരും ഉണ്ടായിരുന്നില്ല. ഒരിക്കൽക്കൂടി സ്വപ്‌നം ആവർത്തിച്ചു. അന്ന് അനുജത്തിയോട് പറഞ്ഞത് നിന്റെ രോഗം മാറ്റുന്നതിനായി വന്നതാണെന്നായിരുന്നു. പിന്നീട് പരിശോധിച്ചപ്പോൾ രോഗം വന്നതിന്റെ യാതൊരു ലക്ഷണങ്ങളും അവശേഷിച്ചിരുന്നില്ല. അതെ, കാരുണ്യംനിറഞ്ഞ ആ മനസ് ദൈവസന്നിധിയിലും നിരന്തരം മാധ്യസ്ഥ്യം വഹിക്കുകയാണ്.
ജോസഫ് മൈക്കിൾ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?