Follow Us On

23

November

2020

Monday

ഒരു നാടിന്റെ മുഖം മാറ്റിയ മറിയം

ഒരു നാടിന്റെ മുഖം മാറ്റിയ മറിയം

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കക്കാടംപൊയിൽ ഒരു കുടിയേറ്റ ഗ്രാമമാണ്. കാർഷികവസ്തുക്കളായിരുന്നു മുഖ്യ ആദായം. എന്നാൽ കാർഷിക വിഭവങ്ങൾക്ക് വിലയിടിഞ്ഞ ഒരു പതിറ്റാണ്ട് മുമ്പ് ജനജീവിതം ഏറെ ദുസഹമായിത്തീർന്നു. അവശ്യ സാധനങ്ങളുടെ വിലവർദ്ധനവും കാർഷിക വസ്തുക്കളുടെ വിലയിടിവും കൊണ്ട് മനുഷ്യൻ നട്ടം തിരിഞ്ഞു. ജീവിക്കാൻ പറ്റാത്ത അവസ്ഥ. കടം മേടിച്ച് വീടു മുടിഞ്ഞു. ഒടുവിൽ വരുമാനത്തിന് ചിലർ സ്വീകരിച്ച മാർഗം വാറ്റുചാരായം നിർമ്മിച്ച് നാട് മുഴുവൻ വിറ്റഴിക്കുക എന്നതായിരുന്നു.
ആദായകരമാണെന്ന് കണ്ടതോടെ ഈ ബിസിനസിലേക്ക് തിരിഞ്ഞവരുടെ എണ്ണം നാട്ടിൽ അനുദിനം വർദ്ധിച്ച് വന്നു. പതുക്കപതുക്കെ അന്യ ജില്ലകളിലേക്കും കച്ചവടം വ്യാപിച്ചു. കൃഷി പൂർണ്ണമായും ഉപേക്ഷിച്ച് ധാരാളം പേർ ഈ ലാഭത്തിലേക്ക് കണ്ണുനട്ടു. കുടുംബങ്ങളുടെ തകർച്ച അവിടെത്തുടങ്ങുകയായിരുന്നു.കുടുംബപ്രാർത്ഥനയും സന്തോഷകരമായ അന്തരീക്ഷവും അധികം വൈകാതെ മാറിമറിഞ്ഞു. വീട്ടിലും നാട്ടിലും അടിപിടിയും അക്രമങ്ങളും സാധാരണമായി. സമാധാനവും വിശുദ്ധിയും കളിയാടിയിരുന്ന ഗ്രാമം അങ്ങനെ മദ്യലഹരിയിൽ മുങ്ങിത്താണു. സ്ത്രീകൾക്ക് കണ്ണീരൊഴുക്കാനല്ലാതെ മറ്റെന്തിനാണ് കഴിയുക? ഈ സമയത്താണ് ഫാ. ജോൺ അറവുങ്കരയും ഫാ. മനോജ് പ്ലാക്കൂട്ടവും കക്കാടം പൊയിലിൽ വൈദികരായി എത്തുന്നത്. കുടുംബങ്ങളുടെ തകർച്ച കണ്ട് അവർ സ്തബ്ധരായി. സ്ത്രീകൾ തങ്ങളുടെ പ്രയാസങ്ങളും ദു:ഖങ്ങളും വൈദികരോട് പങ്കുവച്ചു. മദ്യത്തിൽ നിന്നുള്ള കുടുംബങ്ങളുടെ വിമോചനത്തിന് മാതാവിനോടുള്ള നിരന്തര പ്രാർത്ഥന മാത്രമാണ് പരിഹാരമെന്ന് വൈദികർക്ക് മനസിലായി. അങ്ങനെയാണ് ഇടവകയിൽ അഖണ്ഡജപമാല തുടങ്ങുന്നത്. നാട്ടിൽ നിന്നും വീട്ടിൽ നിന്നും മദ്യം വിട്ടൊഴിയാൻ പള്ളിയിലെ ജപമാലയ്ക്ക് പോകുന്ന പാവപ്പെട്ട സ്ത്രീകളെ നോക്കി പലരും പരിഹസിച്ചു. ഇതൊക്കെ ഒരു നേരമ്പോക്ക് മാത്രമാണെന്നായിരുന്നു പലരുടെയും വിധിയെഴുത്ത്. ഗ്രാമത്തെ വിഴുങ്ങിക്കൊണ്ടിരുന്ന മദ്യവിപത്തിനെക്കുറിച്ച് അന്ന് ഞാനും കേട്ടിരുന്നു.
അഖണ്ഡ ജപമാലയുടെ സമാപനഘട്ടത്തിലെത്തിയപ്പോൾ സങ്കല്പിക്കാനാവാത്ത അനുഭവമാണ് ഉണ്ടായത്. പലരും മദ്യപാനവും കള്ളവാറ്റും വേണ്ടെന്ന് വെച്ചു. പള്ളിയിൽ പോകാനും മുടങ്ങിയ കുടുംബപ്രാർത്ഥന പുനരാംഭിക്കാനും തയ്യാറായി. വെറും നാല് മാസം കഴിഞ്ഞ് കൃത്യമായി പറഞ്ഞാൽ 2001 ജനുവരി ഒന്നിന് മദ്യ നിരോധന സമിതി പ്രസിഡന്റായിരുന്ന ജയപ്രകാശ് നാരായണൻ മദ്യവിമുക്ത ഗ്രാമമായി കക്കാടംപൊയിലിനെ പ്രഖ്യാപിച്ചു. മദ്യത്തിൽ നിന്നും ഒരു നാടിനെ മുഴുവൻ വീണ്ടെടുക്കാൻ കഴിഞ്ഞത് ജപമാലയുടെ ശക്തിയാണ്. പ്രായോഗിക ജീവിതത്തിൽ ഞാൻ ജപമണികളുടെ ശക്തി തിരിച്ചറിഞ്ഞ സമയമായിരുന്നു അത്.
രക്ഷകന് ജന്മം നൽകിയ പരിശുദ്ധ കന്യകാമറിയം, അമലോത്ഭവ, നിത്യവിശുദ്ധ, കൃപ നിറഞ്ഞവൾ എന്നീ സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ്. പ്രവചനം പോലെതന്നെ എല്ലാ തലമുറകളിലും മറിയം ഭാഗ്യവതിയെന്ന് പ്രകീർത്തിക്കപ്പെടുന്നു. യേശുവിന്റെ അമ്മയുടെ ജീവിതം നമുക്കെന്നും അതിവിശുദ്ധമായ ധ്യാനവിഷയമാണ്. അനേകായിരം മനുഷ്യർക്ക് തങ്ങളുടെ ജീവിതം ദൈവത്തിന് സമർപ്പിക്കുവാൻ ഈ അമ്മയോടുള്ള ഭക്തി പ്രചോദനമേകുന്നു.
മനുഷ്യവംശത്തെ ദൈവസന്നിധിയിലേക്ക് ആനയിക്കുവാനും അപകടവേളകളിൽ സംരക്ഷിക്കുവാനും പ്രത്യാശ നൽകി അനുഗ്രഹിക്കുവാനും അമ്മ ലൂർദ്ദിലും ഫാത്തിമയിലും മറ്റനേകം സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകുന്നതായി നമ്മുക്കറിയാം. ജപമാലയുടെ ശക്തി കക്കാടം പൊയിലിൽ സംഭവിച്ചതുപോലെ ഇന്ന് പല ഗ്രാമങ്ങളിലും കുടുംബങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന സമൂഹങ്ങൾ ലോകത്തിന് സംരക്ഷണവലയം തീർക്കുകയാണ് ചെയ്യുന്നത്.
സിബി മാത്യൂസ് ഐ.പി.എസ്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?