Follow Us On

26

September

2021

Sunday

ചിരിക്കാത്ത ഫോട്ടോയ്ക്കായുള്ള അന്വേഷണം

ചിരിക്കാത്ത ഫോട്ടോയ്ക്കായുള്ള അന്വേഷണം

ഉദയ്‌നഗറിലെ മഠത്തിന് അടുത്തായിരുന്നു ആ അക്രൈസ്തവ കുടുംബം താമസിച്ചിരുന്നത്. സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന് ശേഷം ശവകുടീരത്തിൽ പ്രാർത്ഥിക്കാനായി ആളുകൾ വന്നുപോകുന്നത് അവർ കാണാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് 18 വർഷമായിട്ടും അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല. അവരും സിസ്റ്റർ റാണി മരിയയോട് പ്രാർത്ഥിച്ചു. പഴയ അയൽക്കാരന്റെ പ്രാർത്ഥന കൂടുതൽ തീക്ഷണതയോടെ സിസ്റ്റർ ദൈവസന്നിധിയിൽ എത്തിച്ചിട്ടുണ്ടാകാം. ഒരു കുഞ്ഞിനുവേണ്ടി പ്രാർ ത്ഥിച്ച അവർക്ക് മൂന്ന് മക്കളെ നൽകിയാണ് ദൈവം അനുഗ്രഹിച്ചത്. എന്നാൽ, പ്രാർത്ഥനയുടെ കാര്യം പുറത്ത് ആരെയും അറിയിച്ചില്ല, ഒരുപക്ഷേ ഭയന്നിട്ടാകാം. എന്നാൽ, രണ്ടു വർഷം മുമ്പ് അവർ മഠത്തിലെത്തി അനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തി. സിസ്റ്റർ റാണി മരിയയുടെ ഫോട്ടോ വച്ച് രഹസ്യമായി പ്രാർത്ഥിക്കുന്ന അനേകം ഗ്രാമീണരുണ്ടെന്ന് ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സഭയുടെ ജനറൽ കൗൺസിലർ സിസ്റ്റർ സ്റ്റാർലി കോളുതറ പറയുന്നു.
ഇൻഡോറിലേക്കുള്ള യാത്രമധ്യേയാണ് സിസ്റ്റർ റാണി മരിയയുടെ നേരെ ആയുധം ഉയർന്നത്. ഇൻഡോറിൽനിന്നും ഭോപ്പാലിലെത്തി അവിടെനിന്നും സിസ്റ്റർ സ്റ്റാർലിയുമൊരുമിച്ച് കേരളത്തിലേക്ക് പോരാനായിരുന്നു അവർ പ്ലാൻ ചെയ്തിരുന്നത്. അന്നത്തെ ഭോപ്പാൽ പ്രൊവിൻഷ്യലായിരുന്നു സിസ്റ്റർ സ്റ്റാർലി. ഭോപ്പാൽ പ്രൊവിൻസിന്റെ കീഴിലാണ് ഉദയനഗർ. സിസ്റ്റർ റാണി മരിയയെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഹൃദയഭേദകമായ വാർത്ത എത്തിയത്. ഉടനെത്തന്നെ അവർ ഇൻഡോറിലേക്ക് തിരിച്ചു. ഉദയ്‌നഗർ ആകെ നാല് പേർ മാത്രമുള്ള ഭവനമായതിനാൽ മൃതസംസ്‌കാരം 27-ന് ഭോപ്പാലിൽ ആയിരിക്കുമെന്ന് സഹോദരിമാരെ അറിയിച്ചിട്ടാണ് അവിടെനിന്നും യാത്രയായത്.
സിസ്റ്ററിന്റെ മൃതസംസ്‌കാരം ഉദയ്‌നഗറിൽ നടത്തണമെന്ന് വാഹനത്തിൽ ഇരിക്കുമ്പോൾ ആരോ മന്ത്രിക്കുന്നതുപോലെ തനിക്ക് അനുഭവപ്പെട്ടെന്ന് സിസ്റ്റർ സ്റ്റാർലി ഓർമിക്കുന്നു. ഒന്നും ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു അപ്പോഴത്തെ മാനസികാവസ്ഥ. ബിഷപ് ഹൗസിൽ എത്തിയപ്പോൾ അന്നത്തെ ഇൻഡോർ ബിഷപ് ഡോ. ജോർജ് ആനാട്ടിൽ കാത്തിരിക്കുകയായിരുന്നു. എവിടെയാണ് മൃതസംസ്‌കാരം നടത്തുന്നതെന്നായിരുന്നു ആദ്യത്തെ ചോദ്യം. ഭോപ്പാലിൽ എന്നായിരുന്നു സിസ്റ്ററിന്റെ മറുപടി. അതുകേട്ടപ്പോൾ പിതാവു പറഞ്ഞു, ”എനിക്ക് മറ്റൊരു അഭിപ്രായമുണ്ട്. സിസ്റ്റർ റാണി മരിയയെ സംസ്‌കരിക്കേണ്ടത് ഉദയ്‌നഗറിലായിരിക്കണം. ആ ഗ്രാമം ഒരു തീർത്ഥാടനകേന്ദ്രമായി മാറുമെന്നുമാത്രമല്ല, ഉദയ്‌നഗറിന് അതൊരു അനുഗ്രഹമായിത്തീരുകയും ചെയ്യും.” ആ വാക്കുകൾക്ക് പ്രവചനസ്വരമായിരുന്നു എന്ന് സിസ്റ്റർ സ്റ്റാർലി ഓർമിക്കുന്നു. സിസ്റ്റർ മറ്റുള്ളവരോട് ആലോചിച്ച് തീരുമാനിച്ചാൽ മതിയെന്നും പിതാവ് കൂട്ടിച്ചേർത്തു. തന്റെ മനസിനോട് മന്ത്രിച്ചത് ദൈവസ്വരമായിരുന്നു എന്ന് സിസ്റ്റർ സ്റ്റാർലി തിരിച്ചറിഞ്ഞു. എങ്കിൽ അങ്ങനെ നടക്കട്ടെ എന്ന് ആ നിമിഷംതന്നെ സിസ്റ്റർ മറുപടി പറഞ്ഞു.
ഉദയ്‌നഗറിൽ സിസ്റ്റർ റാണി മരിയയെ സംസ്‌കരിക്കണമെന്നത് ദൈവനിശ്ചമായിരുന്നു എന്നതിന് മറ്റൊരു തെളിവുകൂടി ഉണ്ടെന്ന് സിസ്റ്റർ പറയുന്നു. ഈ സംഭവം നടക്കുമ്പോൾ ഫാ. മാത്യു നായ്ക്കംപറമ്പിലും സിസ്റ്റർ തെരേസയും ധ്യാനിപ്പിക്കുന്നതിനായി ഇൻഡോറിൽ ഉണ്ടായിരുന്നു. നഗരത്തിൽനിന്നും 50 കിലോമീറ്റർ അകലെയുള്ള ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് ഭവനത്തിനായിരുന്നു അവർക്ക് അന്ന് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. അവർ മഠത്തിൽ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ബിഷപ്പിനും സിസ്റ്റർ സ്റ്റാർലിക്കും മൃതസംസ്‌കാരം ഉദയ്‌നഗറിൽ നടത്താൻ തോന്നിപ്പിക്കണമേ എന്നായിരുന്നു നായ്ക്കംപറമ്പിൽ അച്ചൻ മഠത്തിലിരുന്ന് പ്രാർത്ഥിച്ചത്.
സിസ്റ്റർ റാണി മരിയയുടെ രക്തംപുരണ്ട സ്യൂട്ട്‌കെയ്‌സും തലമുണ്ടും അവർക്ക് സംഭവസ്ഥലത്തുനിന്നും ലഭിച്ചിരുന്നു. അതു കണ്ടപ്പോൾ സിസ്റ്റർ സ്റ്റാർലി സഹപ്രവർത്തകരോട് പറഞ്ഞു, കഴുകേണ്ട, ഉണക്കി സൂക്ഷിച്ചാൽ മതി. ഒന്നും ആലോചിച്ചിട്ടല്ല താൻ അങ്ങനെ പറഞ്ഞതെന്ന് സിസ്റ്റർ സ്റ്റാർലി പറയുന്നു. അങ്ങനെ പറഞ്ഞതിന്റെ അർത്ഥം മനസിലാകുന്നത് ഇപ്പോഴാണെന്നും സിസ്റ്റർ കൂട്ടിച്ചേർക്കുന്നു. സിസ്റ്റർ റാണി മരിയയുടെ ചിരിക്കുന്ന ഫോട്ടോകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിസ്റ്ററിന്റെ പ്രതിമ നിർമിക്കുന്നതിന് മോഡൽ കൊടുക്കാൻ ചിരിക്കാത്ത ഒരു ഫോട്ടോ വളരെ പ്രയാസപ്പെട്ടാണ് കണ്ടുപിടിച്ചതെന്ന് സിസ്റ്റർ സ്റ്റാർലി ഓർമിക്കുന്നു. സിസ്റ്റർ റാണി മരിയയുടെ മുറിയിൽ തെർമോക്കൂളിൽ എഴുതി ഒട്ടിച്ചിരുന്നു. ‘സന്തോഷിക്കൂ, യേശു നിന്നെ സ്‌നേഹിക്കുന്നു.’ സന്തോഷത്തിന്റെ കാരണം അതായിരുന്നു എന്ന് സിസ്റ്റർ സ്റ്റാർലിക്ക് സംശയമില്ല.
പാവങ്ങൾക്കുവേണ്ടി മരിക്കാൻ തനിക്കു മടിയില്ലെന്ന് സിസ്റ്റർ റാണി മരിയ പറയാറുണ്ടായിരുന്നു. മരണത്തിന് ഒമ്പതു ദിവസം മുമ്പ് 1995 ഫെബ്രുവരി 16-ന് നടന്ന ഭോപ്പാൽ സഭാ കൗൺസിലിൽ ഉദയനഗറിൽനിന്നും ഉൾഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിക്കണമെന്ന ആശയം സിസ്റ്റർ റാണി മരിയ മുന്നോട്ടുവച്ചിരുന്നു. ഇനിയും ഉൾപ്രദേശങ്ങളിലേക്കു എങ്ങനെ പോകുമെന്ന ചോദ്യം സ്വഭാവികമായും ഉയർന്നു. വാഹന സൗകര്യങ്ങളില്ല. ആകെ അവിടെ എത്തുന്നത് ട്രാക്ടറുകൾ മാത്രമായിരുന്നു. നമ്മൾ പോയില്ലെങ്കിൽ ആ പാവങ്ങൾക്കുവേണ്ടി ആരു പോകുമെന്നായിരുന്നു സിസ്റ്ററിന്റെ ചോദ്യം. ഉൾഗ്രാമത്തിലേക്ക് പോകാൻ അവിടെവച്ച് തീരുമാനമായി. ആനാട്ടിൽ പിതാവും അനുവാദം നൽകി. സിസ്റ്ററിന്റെ രക്തസാക്ഷിത്വത്തിന് ശേഷം അക്കാര്യം ചർച്ചയായില്ല. പ്രഥമ ചരമവാർഷികത്തിന് ആനാട്ടിൽ പിതാവ് അക്കാര്യം ഓർമിപ്പിച്ചു. അങ്ങനെയാണ് ഉദയ്‌നഗറിൽനിന്നും 13 കിലോമീറ്റർ അകലെയുള്ള സെമിലി ഗ്രാമത്തിൽ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സഭയുടെ ഭവനം ഉയർന്നത്.
സിസ്റ്റർ റാണി മരിയയുടെ മരണത്തെതുടർന്ന് കനത്ത പോലീസ് സംരക്ഷണമായിരുന്നു സംസ്ഥാന ഗവൺമെന്റ് ഒരുക്കിയത്. ആ സമയം സിസ്റ്റർ സ്റ്റാർലിയുടെ മനസിൽ മറ്റൊരു ചിന്ത ഉണ്ടായി. ഭൗതീകമായി ഏതുവിധത്തിലുള്ള സുരക്ഷ ഉണ്ടായാലും കർത്താവിന്റെ സംരക്ഷണം ഇല്ലെങ്കിൽ പ്രയോജനമില്ല. ഇവിടെ നിത്യാരാധന ആരംഭിക്കാമെന്ന നിർദ്ദേശം സഹപ്രവർത്തകരെ അറിയിച്ചു. അന്ന് ആകെ നാല് പേരാണ് ആ ഭവനത്തിൽ ഉണ്ടായിരുന്നത്. പല മഠങ്ങളിൽനിന്നായി സിസ്റ്റേഴ്‌സ് എത്തി ആരാധന മുമ്പോട്ടുകൊണ്ടുപോയി. 22 വർഷമായി ആരാധന ഇന്നും അവിടെ തുടരുകയാണ്. സിസ്റ്റർ റാണി മരിയയുടെ ഓർമക്കായി ആരംഭിച്ച റാണി മരിയ ആശ്രമത്തിലാണ് ഇപ്പോൾ ആരാധന നടക്കുന്നത്. സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വം വലിയ വളർച്ചക്ക് കാരണമായി. 22 വർഷങ്ങൾക്കുമുമ്പ് ഒരു ഭവനമാണ് അവിടെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ മൂന്ന് ഭവനങ്ങളുണ്ട്. ഭീഷണികൾക്കും പ്രതിസന്ധികൾക്കും സഭയെ തളർത്താനാവില്ലെന്ന് ലോകത്തെ ഓർമിപ്പിക്കുന്ന സ്മാരകങ്ങൾപ്പോലെ.
 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?