Follow Us On

26

September

2021

Sunday

ഉദയ് നഗറിലെ ഉദയനക്ഷത്രം

ഉദയ് നഗറിലെ ഉദയനക്ഷത്രം

”പാവപ്പെട്ട ആദിവാസികൾ അടിമകളെപ്പോലെ ജീവിച്ച കാലം. അന്നന്നുള്ള ആഹാരത്തിനായി അടിമകളെപ്പോലെ അവർ ജന്മിമാരുടെ മുമ്പിൽ കൈനീട്ടി. കഠിനാധ്വാനം ചെയ്തിട്ടും ജീവിതച്ചെലവിനായി യാചിക്കേണ്ട അവസ്ഥ. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട ആ ആദിവാസി സമൂഹത്തിന് മുന്നിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരു മാലാഖ വന്നെത്തി. അതായിരുന്നു സിസ്റ്റർ റാണി മരിയ. ജനങ്ങളോടൊപ്പം അവർ എന്നും നിലകൊണ്ടു. നന്മയ്ക്കുവേണ്ടി നീതിക്കും വേണ്ടി അവർ പോരാടി. അറിവും വെളിച്ചവും ലഭിച്ച ആദിവാസികൾ ജന്മിമാരുടെ അടിമത്തവും അക്രമവും തിരിച്ചറിയുകയായിരുന്നു. പാവപ്പെട്ട ബരേല്ലാ ആദിവാസിസമൂഹം റാണിയിലൂടെ സ്വന്തം കാലിൽ നിൽക്കുവാൻ പഠിച്ചു. ഈ അവസരത്തിലാണ് ജന്മിമാർ സിസ്റ്റർ റാണി മരിയക്കെതിരെ തിരിയുന്നത്.”
സിസ്റ്റർ റാണി മരിയയെക്കുറിച്ചുള്ള ഓർമകളിലായിരുന്നു ഗ്വാളിയോർ ബിഷപ് ഡോ. തോമസ് തേനാട്ട്. പള്ളോട്ടെൻ സഭാംഗമായ അദേഹം അക്കാലങ്ങളിൽ ഇൻഡോറിലെ പുഷ്പനഗറിലുള്ള തെരേസാ ചർച്ച് ഇടവകയിലെ വൈദികനായിരുന്നു.
റാണി മരിയയുടെ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞ അദേഹം സമന്ദർസിങ് ശരീരം മുഴുവൻ കുത്തിത്തുളച്ച് റോഡിലേക്ക് വലിച്ചറിഞ്ഞ സിസ്റ്ററിന്റെ ഭൗതികശരീരം ആദ്യം കരങ്ങളിലെടുത്ത വ്യക്തികളിൽ ഒരാളായിരുന്നു.
”റാണി സിസ്റ്ററെ ആരോ കൊലപ്പെടുത്തിയെന്നും സിസ്റ്റർ ഇപ്പോൾ റോഡിൽ രക്തത്തിൽ കുളിച്ചുകിടക്കുകയാണെന്നും ആരോ വിളിച്ച് പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ സംഭവസ്ഥലത്തേക്ക് കുതിക്കുന്നത്. എന്നൊടൊപ്പം ജോർജ് ആനാത്തിൽ പിതാവും മറ്റൊരു വൈദികനായ ലൂക്കോസച്ചനും ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ ചെന്നപ്പോൾ കണ്ടകാഴ്ച ഭയാനകമായിരുന്നു. ശരീരമാസകലം രക്തത്തിൽ കുളിച്ചു കിടക്കുകയാണ് സിസ്റ്റർ റാണി മരിയ. ഇതൊക്ക കണ്ട് നിസംഗതയോടെ നോക്കി നിൽക്കുന്ന കുറെപ്പേർ. മനസിൽ മായാതെ ഇന്നുമുണ്ട് ആ ചിത്രം. സൺഡേ ശാലോമിനോട് സംസാരിക്കുമ്പോൾ ബിഷപ്പിന്റെ വാക്കുകളിടറുന്നുണ്ടായിരുന്നു.
മറക്കാനാവാത്ത ഓർമകൾ
”കൊലയാളിക്കെതിരെയോ ജന്മിമാർക്കെതിരെയോ സാക്ഷി പറയുവാൻ ആരും തയാറായില്ല. പോലീസിന്റെ സഹായത്തോടെ ഞങ്ങൾ സിസ്റ്ററിന്റെ ഭൗതിക ശരീരം അതേ ബസിൽ കയറ്റി ഇൻഡോറിലേക്ക് കൊണ്ടുപോയി. അവിടെ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. പിന്നീട് മൃതശരീരം ഇൻഡോർ ബിഷപ്‌സ് ഹൗസിലേക്ക് കൊണ്ടുവന്നു. ആ സമയങ്ങളൊക്കെ ഞങ്ങളനുഭവിച്ച വേദനകൾ വാക്കുകൾകൊണ്ട് വർണിക്കാവുന്നതല്ല. അപ്പോഴേക്കും മിഷനിലുള്ള മറ്റുള്ള സന്യസ്തരും ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സഭയിലെ അംഗങ്ങളും അവിടെ എത്തിയിരുന്നു. സഭാസമൂഹം മൃതശരീരം ഭോപ്പാലിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ ഭൗതികശരീരം ഉദയനഗറിൽ സംസ്‌കരിക്കണമെന്നായിരുന്നു ജോർജ് അനാത്തിൽ പിതാവിന്റെ ആഗ്രഹം. കാരണം സിസ്റ്റർ ജീവിച്ചതും മരിച്ചതും ആ നാട്ടിലെ സാധുക്കൾക്കുവേണ്ടിയായിരുന്നു. വിതയക്കപ്പെട്ട ഈ വിത്ത് വലിയ വിശ്വാസത്തിന്റെ കൊയ്ത്തുകാലം സഭക്ക് നൽകുമെന്ന് അദേഹം പറഞ്ഞു.
അങ്ങനെ അദേഹത്തിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ട് ഉദയഗനറിൽ ജീവിതം സമർപ്പിച്ച സിസ്റ്റർ റാണി മരിയയുടെ മൃതശരീരം അവിടെത്തന്നെ സംസ്‌കരിക്കുവാൻ തീരുമാനിച്ചു.
ഈ സമയത്ത് റാണിമരിയയുടെ മരണം കാട്ടുതീ പോലെ മധ്യപ്രദേശിലും അയൽ സംസ്ഥാനങ്ങളിലും പടർന്നിരുന്നു. ഒരിക്കലെങ്കിലും റാണിയെ കണ്ടിട്ടുള്ളവർ ഇൻഡോറിലേക്ക് ഒഴുകിത്തുടങ്ങി. ജനങ്ങളുടെ പ്രതിഷേധവും കണ്ണീരും അണപൊട്ടിയൊഴുകിയെന്ന് പറയാം. പരിഭ്രാന്തരായ സർക്കാർ ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ജോർജ് ആനാത്തിൽ പിതാവിന് ഉറപ്പുനൽകിയത് അതിന് തെളിവാണ്.
സിസ്റ്റർ റാണിമരിയയുടെ മൃതശരീരവും വഹിച്ചുകൊണ്ട് ഇൻഡോർ കത്തീഡ്രലിൽ നിന്ന് ഉദയനഗറിലേക്കുള്ള യാത്ര എന്റെ ജീവിതത്തിലെ മറക്കാനാവാത്ത കണ്ണീരോർമ്മയാണ്. ക്രൈസ്തവർ വളരെ ന്യൂനപക്ഷമായിരുന്നിട്ടും 125-ഓളം വാഹനങ്ങളിൽ മൂന്ന് മണിക്കൂറോളം യാത്ര ചെയ്യാൻ ജനങ്ങൾ തയാറായി. വഴിവക്കിൽ ജനസമുദ്രങ്ങൾ രൂപപ്പെട്ടിരുന്നു.
സിസ്റ്റർ റാണിയുടെ മധ്യസ്ഥാത്താലാകണം സഭക്കുവേണ്ടി എന്ത് സഹായവും ചെയ്യാൻ ഭരണകൂടം തയാറാകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. റാണിയുടെ സേവനങ്ങൾ ജനങ്ങൾ എന്നും ഓർമിക്കുന്നതിനായി ഒരു സ്മാരകം നിർമ്മിക്കണമെന്ന് ജോർജ് ആനാത്തിൽ പിതാവ് ആഗ്രഹിച്ചു. ദൈവകൃപയെന്ന് പറയട്ടെ, ഭരണകൂടം അതിന് ഉടൻതന്നെ അനുമതിയും നൽകി. വർഗീയ കലാപം ഉണ്ടാകുമെന്നും മറ്റും പറഞ്ഞ് അവർക്കത് നിഷേധിക്കാമായിരുന്നു. ആ സ്മാരകം ഇന്നും സർക്കാരിന്റെ സംരക്ഷണയിലാണ് മുന്നോട്ട് പോകുന്നത്. കേസിലെ പ്രതികളെ പിടികൂടാനും മറ്റുനിയമസഹായങ്ങൾക്കുമായി സർക്കാരിൽനിന്ന് പിന്തുണയും ലഭിച്ചു. കോടതി വ്യവഹാരങ്ങൾക്കായി മികച്ചൊരു പബ്ലിക് പ്രൊസിക്യൂട്ടറെ സർക്കാർ ഏർപ്പാടാക്കി. പക്ഷേ ജോർജ് ആനാത്തിൽ പിതാവിന്റെ നിർദേശം മാനിച്ച് അതിസമർത്ഥായ മറ്റൊരു ക്രിമിനൽ അഭിഭാഷകനെ നിയമിച്ചു. എന്നാൽ അദേഹം വിശ്വസ്തനല്ലെന്ന് ഏതാനും നാളുകൾക്കുള്ളിൽ ബോധ്യപ്പെട്ടു. അതിനാൽ ആനാത്തിൽ പിതാവ് ഫാ.ലൂക്കോസിനെയും ഫാ. ചെറിയാനെയും എന്നെയും ചേർത്ത് പുതിയൊരു കമ്മിറ്റിക്ക് രൂപീകരിച്ച് കേസ് നടത്താൻ നിർദേശിച്ചു. കേസ് കോടതിയെലത്തിയപ്പോൾ സാക്ഷിമൊഴി നൽകാൻ എല്ലാവരും ഭയപ്പെട്ടു. കാരണം ജന്മിമാരോടുളള ഭയം. എങ്കിലും ദൈവം ഞങ്ങൾക്ക് അനുകൂലമായിരുന്നു. കാലാന്തരത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ദൈവനീതിപോലെ പ്രതിയായ സമന്ദർ സിംഗ് മാനസാന്താരാനുഭവത്തിലേക്ക് വരുകയും ചെയ്തു.
റാണിമരിയപ്പാലം
കുത്തിയൊഴുകുന്ന നദിമൂലം ഇൻഡോറിലെ രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾ വിഷമിച്ചിരുന്നൊരു കാലമുണ്ട്. വോട്ട് തേടാൻ മാത്രം ജനപ്രതിനിധികൾ വരും. എന്നാൽ ഗ്രാമീണരുടെ നീറുന്ന പ്രശ്‌നങ്ങളൊന്നും അവരാരും കാണാതെ പോയി. അപ്പോഴാണ് ഇരുകരയിലുമുളള നാട്ടുകാരെ സംഘടിപ്പിച്ച് നദിക്ക് കുറുകെ ഒരു പാലം യാഥാർത്ഥ്യമാക്കുവാൻ സിസ്റ്റർക്ക് കഴിഞ്ഞത്. അതിനായി സർക്കാരിൽ സമ്മർദം ചെലുത്താനും സിസ്റ്റർക്ക് കഴിഞ്ഞു. ഇന്ന് ഈ പാലത്തെ നാട്ടുകാർ വിളിക്കുന്നത് ‘റാണി മരിയ’യുടെ നാമത്തിലാണ്.
പ്രാർത്ഥനാജീവിതത്തിൽനിന്ന് ലഭിച്ച കൃപയുമായി റാണി മരിയ സാമൂഹിക പ്രവർത്തന മേഖലകളിൽ എന്നും തിളങ്ങിനിന്നു. മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിൽ അവൾ സന്തോഷം കണ്ടെത്തി. അറിവും വിദ്യാഭ്യാസവും ഇല്ലാതെ ജീവിച്ച, ബരേല്ലാ സമൂഹത്തെ അവൾ ദൈവിക പ്രകാശത്തിലേക്ക് നയിച്ചു. പതിനഞ്ചോളം ഗ്രാമങ്ങളിലാണവൾ പ്രവർത്തിച്ചത്. രോഗത്തിന് മരുന്നു തേടിപ്പോകാതെ ജാലവിദ്യകളും മന്ത്രവാദികളിലും അഭയംതേടിയവരെ സിസ്റ്റർ സത്യത്തിന്റെ വഴിയിലേക്ക് തിരിച്ചു. ഡോക്ടർമാരുടെ സഹായത്തോടെ അവർക്കുള്ള മരുന്നുകൾ എത്തിച്ചു. സാമൂഹികസേവനത്തെ ആരും വിലമതിക്കാത്ത കാലത്താണ് ഈ സന്യാസിനി ക്രിസ്തുവിനെ പകർന്ന് നൽകാനുളള വഴിയായി തന്റെ സോഷ്യോളജി ബിരുദത്തെ കണ്ടത്. സാമൂഹികസേവനം ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നു നൽകുവാനുള്ള വഴിയാണ് എന്നവർ വാദിച്ചു.
ഉഗർസിങിന്റെ അനുഭവം
ഉഗർസിങ്ങ് എന്ന ഇൻഡോർകാരൻ ക്രിസ്തു എന്ന സത്യത്തെ തിരിച്ചറിഞ്ഞത് സിസ്റ്റർ റാണി മരിയയിലൂടെയാണ്. ജീവിതത്തിൽ പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട പാവപ്പെട്ട വ്യക്തിയായിരുന്നു അയാൾ. എന്നാൽ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നത് ക്രിസ്തുവിലാണെന്ന് റാണി മരിയ അയാളെ പഠിപ്പിച്ചു. അങ്ങനെ ധ്യാനത്തിലൂടെയും പ്രാർത്ഥനാജീവിതത്തിലൂടെയും ഉഗർസിങ്ങ് ക്രിസ്തുവിന്റേതായി തീർന്നു. ഒടുവിൽ ജ്ഞാനസ്‌നാനത്തിലൂടെ ഉഗർസിങ്ങും കുടുംബവും ക്രിസ്തുവിന്റെ സഭയിൽ അംഗങ്ങളായി.
ഇന്ന് ഉഗർസിങ്ങിന്റെ രണ്ട് മക്കൾ സെമിനാരിയിൽ ചേർന്നിരിക്കുന്നു. ഉഗർസിങ് വിശ്വസിക്കുന്നു, തന്റെ എല്ലാ ഉയർച്ചക്കും പിന്നിൽ നിഴലായി ഒപ്പം വന്നത് സിസ്റ്റർ റാണി മരിയയാണെന്ന്. ജീവിതം ഇരുൾമൂടിയ കാലത്താണ് ക്രിസ്തു എന്ന തിരിവെട്ടമായി റാണി മരിയ വന്നത്. അന്ന് ആ വെളിച്ചം ലഭിച്ചില്ലായിരുന്നെങ്കിൽ താനിന്നും ഇരുളിൽ കഴിയുമായിരുന്നുവെന്ന് പറയുമ്പോൾ ഉഗർസിങിന്റെ കണ്ണുകളിൽ ആയിരം നക്ഷത്രങ്ങളാണ് ഉദിച്ചുയരുന്നത്.
സ്വയം സഹായസംഘങ്ങൾ
മിഷൻ രൂപതകളിൽ എന്നും ഏറെ മുന്നിലാണ് ഇൻഡോർ. ആദിവാസികൾക്കും പാവപ്പെട്ടവർക്കുംവേണ്ടി ജീവിതം സമർപ്പിക്കുവാൻ ഇറങ്ങിത്തിരിച്ച വൈദികരും സന്യസ്തരും ഇവിടെയുണ്ട്. ജോർജ് ആനാത്തിൽ പിതാവിന്റെ പ്രവർത്തനശൈലി ഇൻഡോർ രൂപതയിലേക്ക് ഒരുപാട് മിഷനറിമാരെ കൊണ്ടുവരാൻ സഹായിച്ചു. അങ്ങനെയാണ് എഫ്.സി.സി സഭാസമൂഹവും ഇൻഡോറിലേക്ക് യാത്രയാകുന്നത്. പ്രാർത്ഥനയും സേവനശുശ്രൂഷവഴിയും വഴി പെട്ടെന്നുതന്നെ സഭാസമൂഹം രൂപതയിൽ ശ്രദ്ധനേടി. രൂപതയിലെ സാമൂഹിക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയ ഫാ. ചെറിയാനോട് ചേർന്ന് സിസ്റ്റർ റാണി മരിയ പല ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തി. ഉദയ് നഗറിലെ ഉദയസൂര്യനായി സിസ്റ്റർ മാറി. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വളർന്നുവരുവാനുള്ള പുതിയ വഴികളുമായി അവർ മുന്നോട്ട് വന്നു. സ്ത്രീകളെ സാമ്പത്തിക ചൂഷണത്തിൽ നിന്നും കരകയറ്റാനായി സ്വയം സഹായസംഘങ്ങൾ അവർ രൂപീകരിച്ചു. അതൊടൊപ്പം പുരുഷന്മാർക്കുവേണ്ടി അവരുടെ കാർഷിക വിളവുകൾ നല്ല രീതിയിൽ വിൽക്കുവാൻ പഠിപ്പിച്ചുകൊണ്ട് റാണി അവരെ സ്വന്തംകാലിൽ നിൽക്കുവാൻ കഴിവുള്ളവരാക്കിി. ഇക്കാരണത്താൽ ജന്മിമാർ റാണിയെ അനുദിനം വെറുത്തുകൊണ്ടിരുന്നു.
അവരുടെ ഭീഷണിസ്വരങ്ങളെ സിസ്റ്റർ അവഗണിച്ചു. എന്നാൽ ഇക്കാര്യങ്ങളെല്ലാം സിസ്റ്റർ റാണി തന്റെ പരിശീലകയായ സിസ്റ്ററോട് പറയുമായിരുന്നു. തന്നെ വിളിച്ച ക്രിസ്തുവിനുവേണ്ടി മുന്നോട്ട് പോകുകയാണെന്നും മരണത്തെ തെല്ലും ഭയക്കുന്നില്ലെന്നും കൂടെക്കൂടെ സിസ്റ്റർ സഹകന്യാസത്രീകളോടും പറയാറുണ്ടായിരുന്നു.
കേരളത്തിലേക്കുള്ള അവസാന യാത്ര
തന്റെ പ്രിയപ്പെട്ടവരെ കാണുവാനായി കേരളത്തിലെ പുല്ലുവഴി എന്ന ഗ്രാമത്തിലേക്ക് അവൾ യാത്രയായത് ഇൻഡോർ ജനത മറക്കില്ല. ഉദയനഗറിൽനിന്ന് ഇൻഡോറിലേക്ക് യാത്ര തിരിച്ച റാണി മരിയ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത് അവസാനത്തെ യാത്രയാകുമെന്ന്. ഒരുപാട് സന്തോഷത്തോടെയാണ് അവർ യാത്രയായത്. പോകും മുമ്പ് തന്റെ സന്യസ്ത കുടുംബത്തിലെ എല്ലാവരോടും യാത്ര പറഞ്ഞു.
സിസ്റ്റർ അവധിക്ക് കേരളത്തിലേക്ക് പോകുന്ന കാര്യം തിരിച്ചറിഞ്ഞ ശത്രുക്കൾ, സിസ്റ്ററെ വധിക്കുവാൻ എല്ലാ ക്രമീകരണവും മുൻകൂട്ടി ചെയ്തിരുന്നു. ഇതിനായി ഉദയനഗറിൽനിന്നുള്ള ആദ്യ രണ്ടു ബസുകൾ അവർ റദ്ദാക്കി. ബസ് കിട്ടാതെ സിസ്റ്റർ തിരികെ കോൺവെന്റിലേക്ക് മടങ്ങി. പിന്നീട് വന്ന ബസിൽ സിസ്റ്റർ സന്തോഷത്തോടെ കയറി. സിസ്റ്ററെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി രൂപീകരിച്ച ജന്മിമാരും ശത്രുക്കളും ഈ ബസിൽ യാത്രക്കാരായി രുന്നു. ബസിൽ സിസ്റ്ററെയും കണ്ടപ്പോൾ അവർ സന്തോഷം ഭാവിച്ചു.
ബസ് 12 കിലോമീറ്റർ മുന്നോട്ട് പോയി കാണും. ഒരു ആരാധനാലയത്തിനുമുന്നിൽ ബസ് നിർത്തിച്ചു കൊണ്ട് അതിലൊരാൾ തേങ്ങ എറിഞ്ഞുടച്ചു. അതിന്റെ കഷണങ്ങൾ എല്ലാവർക്കും വിതരണം ചെ യ്തു. ചിരിച്ചുകൊണ്ട് ഇതെന്തിനാണെന്ന് സിസ്റ്റർ ചോദിച്ചു, അത് വഴിയേ മനസിലാകും എന്നായാരുന്നു അവരുടെ മറുപടി.
20 കിലോമീറ്റർ ബസ് പിന്നിട്ടപ്പോൾ സമന്ദർസിങ്ങ് എന്ന ജന്മിമാരുടെ ഗുണ്ട സിസ്റ്റർ റാണി മരിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബസിലെ യാത്രക്കാർ ജന്മിമാരുടെ ക്രോധത്തിനുമുമ്പിലും സമന്ദർസിങ്ങിന്റെ ആക്രോശത്തിനുമുമ്പിലും നിശബ്ദരായി നിന്നു. അവരും ഉള്ളിൽ കരയുന്നുണ്ടായിരുന്നു.
പുറത്ത് റോഡിലേക്ക് വലിച്ചറിയപ്പെട്ട അവൾ അവിടെക്കിടന്ന് പിടഞ്ഞു. ബസ് മുന്നോട്ട് പോയെങ്കിലും മനുഷ്യസ്‌നേഹിയായ ഡ്രൈവർ, നാച്ചെബുർ പോലിസ് സ്റ്റേഷനിൽ പരാതിനൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ജോർജ് ആനാത്തിൽ പിതാവിനെ വിളിച്ച് പോലീസ് വിവരം പറയുന്നത്.
ഒരുപാടു പേർ ഒരുമിച്ച് നടത്തിയ യാത്രയിലുണ്ടായ ക്രൂരകൃത്യമാണിത്. എന്നിട്ടും കുറ്റവാളികൾക്കെതിരെ സാക്ഷ്യം നൽകുവാൻ ആരും മുന്നോട്ട് വന്നില്ല. എല്ലാവരും അത്രമാത്രം പേടിച്ച് വിറച്ചിരുന്നു. റാം സിങ് എന്നൊരാൾ മാത്രമാണ് സാക്ഷി പറയാൻ തയാറായത്. റാണി മരിയ, മരണംവരെ ക്രിസ്തുവിനുവേണ്ടി ജീവിച്ചു. പാവങ്ങൾക്കുവേണ്ടി സഭയും സഭാസമൂഹവും എന്നും നിലകൊള്ളണമെന്ന് ആഗ്രഹിച്ചു.സിസ്റ്ററെ രക്തസാക്ഷികളുടെ പട്ടികയിലേക്ക് സഭ ചേർക്കുമ്പോൾ ഒരുപാട് സന്തോഷവുമുണ്ട്. രക്തസാക്ഷികളുടെ ചുടുനിണംകൊണ്ട് വളർന്നു പന്തലിച്ച കത്തോലിക്ക സഭയുടെ തരുവിൽ ഒരു ശാഖയായി ഈ പുണ്യസൂനത്തെയും ചേർത്തതിന് നമുക്ക് ദൈവത്തിന് നന്ദി പറയാം. തകർച്ചയുടെയും പരാജയങ്ങളുടെയും വഴിയിലൂടെ നടന്നുപോയാലും ഉണർന്നുവരുവാൻ ഉയരങ്ങളിലേക്ക് പറന്നുയരാൻ സഭയ്ക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. റാണി മരിയയുടെ വിശ്വാസപ്രഖ്യാപനം നമുക്ക് മാതൃകയാകട്ടെ!
ക്രിസ്തുവിനെ മറ്റുള്ളവർക്ക് നൽകുക, പകർന്നു കൊടുക്കുക എന്ന ലക്ഷ്യം ജീവിതത്തിൽ യാഥാർത്ഥ്യമാക്കിയ ആ വലിയ രക്തസാക്ഷിക്ക് മുമ്പിൽ എന്റെ പ്രണാമം.
തോമസ് ജോസഫ്
 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?