Follow Us On

20

October

2020

Tuesday

മണിമുത്തുകൾ

മണിമുത്തുകൾ

കാർ കുഴിച്ച് മൂടാൻ ശ്രമിച്ചതിന് പിന്നിൽ
ഈയിടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചൊരു വാർത്ത കോടികൾ വിലമതിക്കുന്ന തന്റെ കാർ കുഴിച്ചുമൂടുന്നൊരു സമ്പന്നനെക്കുറിച്ചായിരുന്നു. കോടികൾ വിലമതിക്കുന്ന തന്റെ ബെൻലി കാർ കുഴിച്ചുമൂടുകയാണ് താനെന്ന് ബ്രസീലിലെ ഏറ്റവും വലിയ ധനികനായ താനെ ചിക്യുനോ സ്‌കാർപയാണ് പ്രഖ്യാപിച്ചത്. തന്റെ മരണാനന്തരജീവിതത്തിൽ കാർ ഓടിച്ചുനടക്കുന്നതിനുവേണ്ടിയായിരുന്നു ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഇതിനായി അദ്ദേഹം ഒരു വലിയ കുഴിയും തന്റെ ബംഗ്ലാവിനോട് ചേർന്ന് തയ്യാറാക്കിയിരുന്നു. ഇത്രയും വിലയേറിയ കാർ വെറുതെ കുഴിച്ചുമൂടാതെ പരോപകാര പ്രവൃത്തിക്കും മറ്റുമായി സംഭാവനചെയ്തുകൂടെയെന്നാണ് അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. അവരൊക്കെയും ആ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഒടുവിൽ കാറിന്റെ മൃതസംസ്‌കാര ദിനമെത്തി. വലിയൊരു ജനാവലി അതു കാണാനായി അവിടെ തടിച്ചുകൂടി. കുഴിക്കുമുന്നിൽ നിന്നുകൊണ്ട് താനെ ചിക്യുനോ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ”ഇതെന്റെയൊരു നാടകമായിരുന്നു. അവയവദാനത്തിനായുള്ള ബോധവത്കരണം ആളുകൾക്ക് നൽകുകയായിരുന്നു എന്റെ ലക്ഷ്യം.” അദ്ദേഹം പറഞ്ഞു.
”ഞാൻ കോടികൾ വിലമതിക്കുന്ന കാർ കുഴിച്ചുമൂടാനൊരുങ്ങിയപ്പോൾ ആളുകൾ എന്നെ പരിഹസിച്ചു, പക്ഷേ ഈ കാറിനേക്കാൾ വിലപിടിപ്പുള്ളതാണ് നമ്മിൽ പലരും കുഴിച്ചുമൂടുന്നത്. അനേകം ജീവിതങ്ങൾക്ക് പുതുവെളിച്ചമായേക്കാവുന്ന ഹൃദയം, കരൾ, കണ്ണുകൾ, വൃക്കകൾ, ശ്വാസകോശങ്ങൾ, ഇവയൊക്കെ വെറുതെ കുഴിച്ചുമൂടുകയാണ്, ആർക്കും ഉപകരിക്കാതെ. എന്നാൽ ഇതിനായി ജീവശ്വാസം വലിച്ചോടുന്ന നിരവധിപേർ നമുക്കുചുറ്റും കാത്തിരിക്കുന്നുണ്ട്. അതിനാൽ ഏറെ വിലമതിക്കുന്ന നിങ്ങളുടെ അവയവങ്ങൾ ആരും കുഴിച്ചുമൂടരുത്” അദ്ദേഹം പറഞ്ഞുനിർത്തിയതോടെ അവയവദാനത്തിനുളള പത്രികയിൽ ഒപ്പിടാൻ ഏറെ നേരത്തേക്ക് വലിയ ജനത്തിരക്കായിരുന്നു.
വചനപ്രഘോഷകരുടെ വിശുദ്ധൻ
വചനപ്രഘോഷകരുടെ വിശുദ്ധനായി അറിയപ്പെടുന്നത് വിൻസെന്റ് ഫെററാണ്. 20 വർഷം വിൻസെന്റ് ഫെറർ തന്റെ പ്രവാചക ശബ്ദവുമായി വചനവേദികളിൽ നിറഞ്ഞു. സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, പോളണ്ട്, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്റ്, അയർലന്റ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വാക്കുകൾ ജനങ്ങളെ ഇളക്കിമറിച്ചു. ഗ്രനാഡയിലെ അനേകായിരം അക്രൈസ്തവരെ അദ്ദേഹം തന്റെ വാക്കുകളിലൂടെ മാനസാന്തരപ്പെടുത്തി.
വചനപ്രഘോഷണത്തിന് തയ്യാറെടുക്കുമ്പോൾ ദീർഘനേരം പ്രാർത്ഥിച്ച് ആത്മീയശക്തി സംഭരിക്കുമായിരുന്നതിനാൽ, ശ്രോതാക്കളുടെ ഹൃദയങ്ങളിൽ സ്പർശിക്കുന്ന രീതിയിൽ പ്രസംഗിക്കുവാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. പ്രസംഗവിഷയം ഏതായിരുന്നാലും അതിൽക്കൂടി ദൈവരാജ്യത്തിന്റെ ഉന്നതബോധ്യങ്ങൾ സ്രോതാക്കളിൽ ജനിപ്പിക്കുന്നതിന് വിൻസെന്റ് ഫെററിന് പ്രത്യേക ദൈവകൃപതന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടുകൊണ്ടിരുന്ന അനേകരിൽ രോഗസൗഖ്യവും അത്ഭുതങ്ങളും അടയാളങ്ങളും ദൈവം പ്രകടമാക്കിയിരുന്നു.
ലക്ഷക്കണക്കിനാളുകളാണ് തീക്ഷ്ണതയാർന്ന ആ വാഗ്‌ധോരണികൾക്ക് മുമ്പിൽ, തങ്ങളുടെ പാപങ്ങളെയോർത്ത് പൊട്ടിക്കരഞ്ഞിട്ടുള്ളത്. അവരെല്ലാംതന്നെ പശ്ചാത്തപിച്ച് പാപവഴികൾ ഉപേക്ഷിച്ച് യേശുവിനെ ഏകരക്ഷകനായി സ്വീകരിച്ചു.
പാപം, മരണം, വിധി, നരകം, നിത്യത്വം എന്നിവയെക്കുറിച്ചായിരുന്നു ഫാ.വിൻസെന്റ് ഫെററിന്റെ പ്രസംഗങ്ങളിലധികവും. അതുകൊണ്ട് ”വിധിയുടെ മാലാഖ” എന്ന മറ്റൊരു പേരിലും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. കൂശിത രൂപത്തിന് മുന്നിലിരുന്ന് പീഢാനുഭവങ്ങൾ ധ്യാനിച്ച് പ്രാർത്ഥിക്കുമ്പോൾ അദ്ദേഹം ആത്മീയമായി ജ്വലിച്ചതായി അദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്ക് വായിക്കാനാകും. പ്രഭാഷകരുടെ ഈ വിശുദ്ധനെ നാം ധ്യാനിക്കണം. പ്രാർത്ഥിച്ചും ധ്യാനിച്ചും ദൈവഹിതം തേടിയുമാണ് വിശുദ്ധൻ ചരിത്രത്താളുകളിൽ ശ്രദ്ധേയനായി മാറിയത്. ദൈവഹിതത്തിന് മാത്രം കാതോർത്ത് തന്റെ അധരങ്ങളെ ചലിപ്പിച്ചതിലൂടെയാണ് കാലങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം തിളങ്ങി നിൽക്കുന്നത്. വിശുദ്ധന്റെ മാതൃക പ്രാർത്ഥനയുടേതുമാത്രമായിരുന്നു. പ്രാർത്ഥനയില്ലാത്ത പ്രവർത്തനം വെറും അധരഘോഷം മാത്രമായി തീരുമെന്ന് ഈ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
ചോദ്യവും ഉത്തരവും
പരീക്ഷയിലെ ഒരു ചോദ്യം: ഗാന്ധിജയന്തിയെക്കുറിച്ച് വിവരിക്കുക. ഉണ്ണിക്കുട്ടന്റെ ഉത്തരം: ഗാന്ധിജി മഹാനായ മനുഷ്യനാണ്. അദേഹം ഭാരതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ജയന്തിയാരെന്ന് അറിയില്ല. അവരെന്താണ് ചെയ്തതെന്നും അറിയില്ല.
ജയ്‌മോൻ കുമരകം
ആൾക്കൂട്ടത്തിൽ തനിയെ

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?