Follow Us On

28

March

2024

Thursday

മരണവും മരണാനന്തര ജീവിതവും

മരണവും മരണാനന്തര ജീവിതവും

”സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഃഖിക്കാതിരിക്കാൻ നിദ്ര പ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” (1 തെസ. 4,13).
വിധി
മരണത്തിനുശേഷം ഓരോ വ്യക്തിയും തന്റെ ഐഹികജീവിതത്തിലെ പ്രവർത്തനങ്ങൾക്കനുസരിച്ച് ദൈവതിരുമുമ്പിൽ വിധിക്കപ്പെടുമെന്ന് ബൈബിൾ സംശയത്തിനിടനൽകാതെ പഠിപ്പിക്കുന്നുണ്ട് (സഭാ. 12,14, ഹെബ്രാ. 4,13). ”മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം, അതിനുശേഷം വിധി എന്നു നിശ്ചയിച്ചിരിക്കുന്നു” (ഹെബ്രാ. 9,29). ”കാരുണ്യം കാണിക്കാത്തവന്റെമേൽ കാരുണ്യരഹിതമായ വിധിയുണ്ടാകും” (യാക്കോ. 2,13).
മരണനിമിഷത്തിൽത്തന്നെ സംഭവിക്കുന്ന ഈ വിധിയെ തനതുവിധി എന്നാണ് വിശേഷിപ്പിക്കുക. ഇതിനുപുറമേ ലോകാവസാനത്തിൽ ശരീരങ്ങളുടെ പുനരുത്ഥാനത്തിനുശേഷം ഒരു വിധിയുണ്ടാകുമെന്നും അതോടെ നന്മയും തിന്മയും പൂർണ്ണമായി വേർതിരിക്കപ്പെടുമെന്നും പുതിയനിയമത്തിൽ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (മത്താ. 13,39-43, 47-50; 25, 31-46; വെളി. 20, 11-15). തനതുവിധിയുടെ സ്ഥിരീകരണവും പരസ്യമായ പ്രഖ്യാപനവും മാത്രമാണ് പൊതുവിധിയിൽ സംഭവിക്കുക. തനതുവിധിക്കു മാറ്റം ഉണ്ടാകുന്നില്ല. ചരിത്രത്തിന്റെ പൂർത്തീകരണവും പുതുയുഗത്തിന്റെ സംസ്ഥാപനവുമാണ് പൊതുവിധിയിലൂടെ സംഭവിക്കുന്നത്.
സ്വർഗം
ശരീരങ്ങളുടെ ഉയിർപ്പ് ലോകാവസാനത്തിലേ സംഭവിക്കുകയുള്ളൂ എങ്കിലും ദൈവവുമായുള്ള പൂർണമായ ഐക്യത്തിൽ മരിക്കുന്നവർ ഉടനെ സ്വർഗത്തിലേക്കു പ്രവേശിക്കുന്നു. പാപം ചെയ്തിട്ടില്ലാത്തവരും യഥാർത്ഥ പശ്ചാത്താപത്തിലൂടെ പാപത്തിൽനിന്നു പൂർണമായ മുക്തി നേടിയവരുമാണ് ഇപ്രകാരം മോക്ഷം പ്രാപിക്കുക: ”നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും” (ലൂക്കാ 23,43) എന്ന യേശുവിന്റെ വാഗ്ദാനം ഇതിനു തെളിവാണ്. സ്വർഗഭാഗ്യത്തെക്കുറിച്ച് അനേകം ഉപമകളിലൂടെയും ഉപമകൾ കൂടാതെയും യേശുനാഥൻ പഠിപ്പിച്ചിട്ടുണ്ട്. ”എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ. ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ” (മത്താ. 25,34) ഉദാഹരണമാണ്.
നരകം
മാരകമായ പാപംവഴി ദൈവികജീവനിൽ നിന്നു വിച്ഛേദിക്കപ്പെട്ടവർ മരണത്തോടെ നിത്യശിക്ഷയ്ക്ക് ഇരയായിത്തീരുന്നു: ”ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽനിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാർക്കുമായി സജജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ” (മത്താ. 25,41) എന്ന യേശുവാക്യം നിത്യശിക്ഷയുടെ ഉദാഹരണമാണ്. ദൈവത്തിൽനിന്ന് എന്നേയ്ക്കുമായി അകറ്റപ്പെടുക (മത്താ. 7,23), വിരുന്നുശാലയിൽ നിന്നു പുറത്താക്കപ്പെടുക (മത്താ 22,13) മണവറയിൽ പ്രവേശനം നിഷേധിക്കപ്പെടുക (മത്താ. 25,13), അഗ്നികുണ്ഠത്തിലേക്കു വലിച്ചെറിയപ്പെടുക (മത്താ. 13,42) എന്നിങ്ങനെ അനേകം പ്രതീകങ്ങളിലൂടെ നിത്യശിക്ഷയെക്കുറിച്ച് യേശു പഠിപ്പിച്ചിട്ടുണ്ട്.
ശുദ്ധീകരണം
മാരകമായ പാപത്തോടെയല്ലെങ്കിലും ദൈവസ്‌നേഹത്തിന്റെ പൂർണ്ണത കൈവരിക്കാതെ മരണമടയുന്നവർക്ക് സ്വർഗ്ഗപ്രവേശനത്തിന് ഒരുക്കമായി ശുദ്ധീകരണത്തിന് സാധ്യത ദൈവം നൽകുന്നുണ്ടെന്ന് അനേകം സൂചനകൾ ബൈബിളിൽ കാണാം. മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്ന 2 മക്ക. 12, 42-45 ഈ വിഷയത്തിൽ ഏറ്റം പ്രധാനപ്പെട്ട ബൈബിൾ ഭാഗമാണ്. മരണശേഷം ലഭിക്കുന്ന ലഘുവായ ശിക്ഷയെയും മോചനത്തെയും കുറിച്ചുള്ള പുതിയനിയമത്തിലെ പരാമർശങ്ങളും ഇപ്രകാരം ഒരു ശുദ്ധീകരണത്തെ സൂചിപ്പിക്കുന്നു: ”അറിയാതെയാണ് ഒരുവൻ ശിക്ഷാർഹമായ തെറ്റു ചെയ്തതെങ്കിൽ അവൻ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ” (ലൂക്കാ 12,48) ”അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ല” (മത്താ. 15:26) എന്ന യേശുവചനം കാലികമായ ഒരു ശിക്ഷയെ സൂചിപ്പിക്കുന്നു.
സഭയുടെ പ്രബോധനം
”അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം” എന്നു വിശേഷിപ്പിക്കപ്പെടുന്ന കത്തോലിക്കാസഭയുടെ വിശ്വാസസംഹിതയിൽ ഈ സത്യങ്ങൾ വളരെ ചുരുക്കമായി ഇപ്രകാരം സംക്ഷേപിച്ചിരിക്കുന്നു. ”ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവിടുന്ന് വീണ്ടും വരും….ശരീരത്തിന്റെ പുനരുത്ഥാനത്തിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു”
അനേകം ഔദ്യോഗിക പ്രബോധനങ്ങളിലൂടെ കത്തോലിക്കാസഭ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള തന്റെ വിശ്വാസം വ്യക്തമാക്കിയിട്ടുണ്ട്.
മരിച്ചവരുടെ ആത്മാക്കളെക്കുറിച്ചുള്ള സഭയുടെ പ്രബോധനം 1274-ൽ 2-ാം ലിയോൺസ് സൂനഹദോസ് വ്യക്തമായി ആവർത്തിക്കുന്നത് ഇപ്രകാരമാണ്: ”ഇപ്പോഴുള്ള ഇതേ ശരീരത്തോടെ ഓരോരുത്തരും ഉയിർത്തെഴുന്നേല്ക്കും. ജ്ഞാനസ്‌നാനം സ്വീകരിച്ചതിനുശേഷം വീണ്ടും പാപത്തിൽ വീഴാൻ ഇടയാകുന്നവർ വീണ്ടും സ്‌നാനം സ്വീകരിക്കേണ്ടതില്ല. യഥാർത്ഥ അനുതാപം വഴി അവർക്കു പാപമോചനം പ്രാപിക്കാം. അനുതപിച്ച് ദൈവവരപ്രസാദത്തോടെയാണ് മരിക്കുന്നതെങ്കിലും തങ്ങളുടെ ഉപേക്ഷയാലോ പ്രവൃത്തിയാലോ ചെയ്തുപോയ പാപങ്ങൾ പ്രായശ്ചിത്തപ്രവൃത്തികൾകൊണ്ട് പൂർണ്ണമായി പരിഹരിച്ചിട്ടില്ലെങ്കിൽ അവരുടെ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തിൽ വച്ച് പൂർണ്ണമായി ശുദ്ധീകരിക്കും….ദിവ്യബലി, പ്രാർത്ഥനകൾ, ദാനധർമ്മം മറ്റു ഭക്തകൃത്യങ്ങൾ മുതലായവ വഴി വിശ്വാസികൾക്ക് അവരെ സഹായിക്കാൻ കഴിയും” .”ജ്ഞാനസ്‌നാനത്തിനുശേഷം യാതൊരു പാപവും ചെയ്തിട്ടില്ലാത്തവരുടെയും മേൽവിവരിച്ചവിധം ശുദ്ധീകരിക്കപ്പെട്ടവരുടെയും ആത്മാക്കൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നു. മാരകമായ കർമ്മപാപത്തോടെയോ ഉത്ഭവപാപത്തോടെ മാത്രമോ മരിക്കുന്നവരുടെ ആത്മാക്കൾ മരണനിമിഷത്തിൽത്തന്നെ നരകത്തിൽ പതിക്കുന്നു, എന്നാൽ അവർക്കു ലഭിക്കുന്ന ശിക്ഷ വ്യത്യസ്തമായിരിക്കും”.
‘യേശുവിന്റെ ഉത്ഥാനവും അവിടുത്തെ ഉത്ഥിത ശരീരവുമാണ് നമുക്ക് മാതൃകയായി മുന്നിലുള്ളത്. ശരീരങ്ങളുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള സഭയുടെ ആധുനിക പ്രബോധനങ്ങൾ ഈ രഹസ്യാത്മകതയ്ക്ക് (Mystery) ഊന്നൽ കൊടുക്കുന്നതായി കാണാം. ശരീരങ്ങളുടെ പുനരുത്ഥാനത്തെ സൃഷ്ടപ്രപഞ്ചത്തിന്റെ മുഴുവൻ രൂപാന്തരീകരണവും നവീകരണവുമായി ബന്ധപ്പെടുത്തിയാണ് ബൈബിളും (ഉദാ: റോമ. 8,18-23, വെളി. 21,1-4) സഭയുടെ ആധുനിക പ്രബോധനങ്ങളും അവതരിപ്പിക്കുന്നത്.
1979 മെയ് 17-ന് മരണാനന്തരജീവിതത്തെക്കുറിച്ച് വിശ്വാസപ്രബോധനസംഘം, ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെ അംഗീകാരത്തോടെ പുറപ്പെടുവിച്ച രേഖ, സഭയുടെ പരമ്പരാഗത വിശ്വാസം ഒരിക്കൽക്കൂടി ആവർത്തിച്ചു പ്രഖ്യാപിക്കുന്നു; അതിലെ പ്രസക്തഭാഗം ചുവടെ ചേർക്കുന്നു.
1. സഭ മരിച്ചവരുടെ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നു.
2. മനുഷ്യന്റെ പൂർണ്ണ വ്യക്തിത്വത്തെ സംബന്ധിക്കുന്നതായിട്ടാണ് സഭ ഈ പുനരുത്ഥാനത്തെ മനസ്സിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള മനുഷ്യന്റെ പങ്കുചേരലാണിത്.
3. മരണത്തിനുശേഷവും ഒരു ആത്മീയഘടകം അവശേഷിക്കുകയും നിലനില്ക്കുകയും ചെയ്യുന്നുണ്ടെന്ന് സഭ ഉറപ്പിച്ചു പറയുന്നു. ആത്മാവബോധവും ഇച്ഛാശക്തിയും ഉൾക്കൊള്ളുന്നതാണ് ഈ ഘടകം. അതിനാൽ മനുഷ്യവ്യക്തി നിലനില്ക്കുന്നു. ഈ ഘടകത്തെ സൂചിപ്പിക്കാൻ ”ആത്മാവ്” (soul) എന്ന പദമാണ് സഭ ഉപയോഗിക്കുന്നത്. ബൈബിളിലെ ഉപയോഗത്തിൽനിന്ന് എടുത്തതാണ് ഈ പദം.
4. മരിച്ചവർക്കുവേണ്ടി സഭ അർപ്പിക്കുന്ന പ്രാർത്ഥനകൾ, ആചാരങ്ങൾ, ഭക്താനുഷ്ഠാനങ്ങൾ മുതലായവയെ അർത്ഥശൂന്യമോ അഗ്രാഹ്യമോ ആക്കിത്തീർക്കുന്ന സകല ചിന്താഗതിയും സംസാരരീതിയും സഭ ഒഴിവാക്കുന്നു.
5. മരണാനന്തരജീവിതത്തെക്കുറിച്ചു പഠിപ്പിക്കുമ്പോൾ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ സവിശേഷവും അനന്യവുമായ അർത്ഥം നഷ്ടപ്പെടുത്തുന്ന സകല വിശദീകരണങ്ങളും സഭ തള്ളിപ്പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട സകലർക്കും ലഭിക്കാനിരിക്കുന്ന മഹത്വീകരണത്തിന്റെ മുന്നാസ്വാദനമാണ് കന്യകാമറിയത്തിന്റെ മഹത്വീകരണം.
6. പുതിയനിയമ പാരമ്പര്യത്തോട് വിശ്വസ്തത പുലർത്തിക്കൊണ്ട്, നീതിമാന്മാരെല്ലാം ഒരു ദിവസം ക്രിസ്തുവിനോടൊപ്പം നിത്യഭാഗ്യം അനുഭവിക്കും എന്ന് സഭ വിശ്വസിക്കുന്നു. പാപികൾക്ക് നിത്യശിക്ഷയുണ്ടാകുമെന്നും സഭ വിശ്വസിക്കുന്നു. അവർക്ക് ദൈവദർശനം നഷ്ടമാകും; ഈ ശിക്ഷ പാപിയുടെ മുഴുവൻ സത്തയെയും വ്യക്തിത്വത്തെയും ബാധിക്കുന്നതായിരിക്കും.
മരണാനന്തരമുള്ള മനുഷ്യന്റെ അവസ്ഥയെക്കുറിച്ചു പറയുമ്പോൾ അനാവശ്യവും അതിശയോക്തി കലർന്നതുമായ ഭാവനാചിത്രങ്ങൾവഴി ഉണ്ടാകാവുന്ന തെറ്റിദ്ധാരണകളെക്കുറിച്ച് തിരുസംഘം തുടർന്ന് താക്കീതുകൾ നല്കുന്നുണ്ട്. അവ്യക്തത നിറഞ്ഞുനില്ക്കുന്ന ഒരു മേഖലയാണ് മരണാനന്തര ജീവിതം എങ്കിലും രണ്ടു കാര്യങ്ങൾ ഉറപ്പായും വിശ്വസിക്കണം: പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഇന്നു നാം അനുഭവിക്കുന്ന ക്രിസ്തുവിലുള്ള ജീവിതവും ഭാവിയിൽ വരാനിരിക്കുന്ന നവജീവിതവും തമ്മിൽ അടിസ്ഥാനപരമായ തുടർച്ചയുണ്ടായിരിക്കും. അതേസമയം രണ്ടും തമ്മിൽ കാതലായ അന്തരവും ഉണ്ടായിരിക്കും.
1992 ഒക്‌ടോബർ 11-നു ജോൺപോൾ രണ്ടാമൻ മാർപ്പാപ്പായുടെ കയ്യൊപ്പോടുകൂടി വത്തിക്കാനിൽ നിന്നും പ്രസിദ്ധീകരിച്ച ”കത്തോലിക്കാസഭയുടെ മതബോധനം” (Catechism of the Catholic Church) എന്ന ആധികാരികഗ്രന്ഥം 988 – 1060 അനുച്ഛേദങ്ങളിൽ ഈ വിഷയം സമ്യക്കായി പ്രതിപാദിക്കുന്നുണ്ട്.
കഴിഞ്ഞ ഇരുപതുനൂറ്റാണ്ടുകളായി സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസസത്യങ്ങൾ കൂടുതൽ വിശദവും വ്യക്തവുമായി ആവർത്തിക്കുക മാത്രമാണ് ഈ മതബോധനഗ്രന്ഥത്തിൽ ചെയ്തിരിക്കുന്നത്. മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ തുടർന്നു ചർച്ച ചെയ്യുമ്പോൾ സാർവ്വത്രിക മതബോധനത്തിലെ പ്രസക്തമായ ഭാഗങ്ങൾ അതതു സ്ഥലത്തു അവതരിപ്പിക്കുന്നതാണ്.
റവ. ഡോ. മൈക്കിൾ കാരിമറ്റം
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?