Follow Us On

19

February

2019

Tuesday

സഭയെന്താണ് ചെയ്യുന്നത് ?

സഭയെന്താണ് ചെയ്യുന്നത് ?

ഈ നാളുകളിൽ അനേകം അൽമായരിൽനിന്ന് ഉയർന്നുകേട്ട ഒരു ചോദ്യമിതാണ്: ‘സഭയെന്താണ് ഇവിടെ ചെയ്യുന്നത്?’ മാതാ അമൃതാനന്ദമയിയെ നോക്കൂ… അവർ 25000ൽപ്പരം വിധവകളെ സഹായിക്കുന്നു, ഭൂകമ്പം കൊണ്ട് തകർന്ന ഗുജറാത്തിൽ ആയിരത്തോളം വീടുകൾ വെച്ചുകൊടുത്തു, ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികൾ പണിയുന്നു. സായി ബാബ സ്ഥാപിച്ച സംരംഭങ്ങളിലേക്ക് നോക്കൂ… ജാതിമതഭേദമെന്യേ എത്രയായിരം പേർക്ക് സൗജന്യ ചികിത്സ കൊടുക്കുന്നു, ലക്ഷങ്ങളോളം രൂപ ചെലവുവരുന്ന ഹൃദയശസ്ത്രക്രിയകൾവരെ അവിടെ തികച്ചും സൗജന്യമാണ്. സഭയുടെ ആശുപത്രികളിൽ ഇതു വല്ലതുമുണ്ടോ?
പെട്ടെന്ന് കേൾക്കുമ്പോൾ കാര്യം ശരിയാണെന്നു തോന്നും. പക്ഷേ, സത്യം എവിടെയാണെന്ന് ആരും അന്വേഷിക്കാൻ മിനക്കെടാറില്ല. ഇന്ത്യയിൽ സഭ ചെയ്യുന്നത്ര സാമൂഹ്യസേവനം മറ്റാരും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. മാതാ അമൃതാനന്ദമയിയോ, സായിബാബയുടെ സംരംഭങ്ങളോ ചെയ്യുന്നതിനേക്കാൾ അനേകമടങ്ങ് പാവങ്ങളെ സഭ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് ജനങ്ങൾക്ക് ബോധ്യപ്പെടുന്നില്ല? സായിബാബയുടെയും മറ്റും പ്രവർത്തനങ്ങളാണ് കൂടുതൽ ശ്രേഷ്മെഠന്ന് സാധാരണക്കാരൻ ചിന്തിക്കുന്നതിന്റെ കാരണമെന്താണ്?
ഇന്ത്യയിലും വിദേശങ്ങളിലുമുണ്ടായ സാംസ്‌കാരിക- ആത്മീയ മാറ്റങ്ങളുമായി ഈ സംഭവത്തിന് ആഴമായ ബന്ധമുണ്ട്. ഭാരതത്തിലെ ഹൈന്ദവ ആചാര്യന്മാരുടെ പ്രവർത്തനമേഖലകൾ പെട്ടെന്ന് ഉണർന്ന് പ്രശസ്തമാകാനുള്ള പ്രധാനപ്പെട്ട ഒരു കാരണം വിദേശപണമാണ്. സഭയ്ക്ക് മുഴുവനും കിട്ടുന്നതിന്റെ പതിന്മടങ്ങ് വിദേശ സഹായം ഇന്ന് ഹൈന്ദവ സംഘടനകൾക്കും അവയുടെ ആചാര്യന്മാർക്കും ലഭിക്കുന്നുണ്ട്. മാത്രമല്ല, വിദേശസഹായങ്ങൾ സ്വീകരിക്കുന്നതിൽ സർക്കാർ നിയന്ത്രണങ്ങൾപോലും അവർക്കില്ല. ആൾ ദൈവങ്ങളും അവരുടെ സംഘവും വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാൽ എയർ പോർട്ടിൽ സ്വീകരിക്കാൻ ചെല്ലുന്നത് കസ്റ്റംസ് കളക്ടർ നേരിട്ടാണ്. അവിടെ യാതൊരു ചെക്കിംഗുമില്ല. എന്തുമാത്രം വിദേശനാണ്യം വേണമെങ്കിലും സമാഹരിച്ച്കൊണ്ടുവന്ന് ഇവർക്ക് വിതരണം ചെയ്യാം. എന്നാൽ ക്രൈസ്തവ മേലധ്യക്ഷന്, ഒരു സാധാരണ പൗരനുള്ള പരിഗണനകൾ മാത്രമേ ഉള്ളൂ. അദ്ദേഹത്തിന് സർക്കാരിന്റെ അനുമതിയും പരിശോധനകളുമില്ലാതെ ഒന്നും കൊണ്ടുവരാൻ കഴിയില്ല.
പാശ്ചാത്യ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിനുണ്ടായ ശോഷണംമൂലം പഴയതുപോലുള്ള മിഷൻ താൽപ്പര്യം അവിടെയില്ല. മാത്രമല്ല, ക്രിസ്തുവിനെ ഉപേക്ഷിച്ചതിന്റെ ഫലമായുണ്ടായ ശൂന്യതയിലേക്ക്, പൗരസ്ത്യ മെഡിറ്റേഷൻ ടെക്നിക്കുകളും ആചാര്യന്മാരും നടത്തിയ തന്ത്രപൂർവമായ കടന്നുകയറ്റം പുതിയൊരു മിഷൻ തരംഗം അവിടെയുണ്ടാക്കിയിട്ടുണ്ട്. അതാണ് ‘ന്യൂ എജ്’. ഹൈന്ദവ ആധ്യാത്മികതയെ അടിസ്ഥാനമാക്കിയുള്ള ഒരു പുത്തൻ ലോകക്രമത്തിനുവേണ്ടി അനേക ‘മിഷനറി’മാർ അഹോരാത്രം അധ്വാനിച്ചുകൊണ്ടിരിക്കുന്നു.
കുറച്ചുകാലംമുമ്പ് നടന്ന ലോക മതസമ്മേളനത്തിൽ മാതാ അമൃതാനന്ദമയിക്കും ശ്രീ ശ്രീ രവിശങ്കറിനും ലഭിച്ച അമിത പ്രാധാന്യവും ക്രൈസ്തവ, മുസ്ലീം, യഹൂദ മതനേതാക്കളെ ആ സമ്മേളനത്തിൽ പാടേ അവഗണിച്ചതും ഇതിന്റെ വെളിച്ചത്തിൽ വേണം വീക്ഷിക്കാൻ. ന്യൂ ഏജ് യാഥാർത്ഥ്യമാകുന്നതിനായി കോടിക്കണക്കിന് ഡോളറാണ് വിദേശത്തുനിന്ന് ഇപ്പോൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രധാന വാർത്താമാധ്യമങ്ങളെയെല്ലാം ഈ ലക്ഷ്യത്തിനായി അവർ സ്വന്തമാക്കിയെടുക്കുകയും ചെയ്തു. തന്മൂലം അവരുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന വാർത്താ പ്രാധാന്യത്തിൽ മറ്റെല്ലാം വിസ്മൃതമായിപ്പോകുന്നു.
സഭയുടെ പ്രവർത്തനമേഖലകൾ അതിവിശാലമാണ്. നൂറു കണക്കിന് ആശുപത്രികളും ക്ലിനിക്കുകളും സാമൂഹ്യപുനരുദ്ധാരണ കേന്ദ്രങ്ങളും പദ്ധതികളും ഭാരതത്തിലെങ്ങുമായി ചിതറിക്കിടക്കുന്നു. സഭയ്ക്കു ലഭിക്കുന്ന പണവും ഊർജവും ഒരിടത്തുതന്നെ കേന്ദ്രീകരിക്കാതെ നിരവധി ചാനലുകളിലൂടെ ഒഴുകുന്നതിനാൽ പല പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകാം. മാതാ അമൃതാനന്ദമയിയും മറ്റും വളരെ ചുരുങ്ങിയ സ്ഥാപനങ്ങളേ നടത്തുന്നുള്ളു. അവർക്ക് ലഭിക്കുന്ന ഭീമമായ സമ്പത്ത് ചുരുങ്ങിയ മാധ്യമങ്ങളിലൂടെ മാത്രം ചെലവഴിക്കപ്പെടുന്നതിനാൽ, അതിന്റെ ഉപഭോക്താക്കൾക്ക് ആ ശുശ്രൂഷ വലുതായി തോന്നാം.
നാം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇവരെല്ലാം പണം കൊണ്ടുള്ള സേവനം മാത്രമേ നടത്തുന്നുള്ളൂ എന്നതാണ്. കുഷ്ഠരോഗികൾക്കിടയിലും ചേരികളിലും ആദിവാസിമേഖലകളിലുമെല്ലാം അവരിലൊരാളെപ്പോലെ ജീവിച്ച് അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സമർപ്പിതരും അൽമായരും സഭയിലുണ്ട്. പണത്തേക്കാൾ മൂല്യമേറിയത് ആയുസും ആരോഗ്യവും ജീവനും അർപ്പിക്കുന്ന സേവനമാണ്. ഇക്കാര്യത്തിൽ സഭ ചെയ്യുന്ന സേവനത്തിന്റെ മഹത്വം സഭയിലുള്ളവരെങ്കിലും തിരിച്ചറിയണം.
മാതാ അമൃതാന്ദമയിയോ സായിബാവയെപ്പോലുള്ളവരോ ചെയ്യുന്ന സേവനത്തെ വിലകുറച്ചുകാണിക്കാനല്ല ഇതെഴുതുന്നത്. വേണ്ടിയല്ല. മറിച്ച് അവർക്ക് ലഭിക്കുന്ന ‘താരപ്രഭയിൽ’ സഭയുടെ ‘നന്മ’ നിഷേധിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്. സഭയ്ക്ക് തീർച്ചയായും വിദേശ സഹായം ലഭിക്കുന്നുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും സൗജന്യചികിത്സകൊടുക്കാൻവേണ്ടിമാത്രം അത് മാറ്റിവെച്ചാൽ പല മേഖലകളിലായി അനേകായിരങ്ങൾക്ക് ലഭിക്കേണ്ട നിരവധി നന്മകളെ അതു തടയും.
അതോടൊപ്പംതന്നെ നാം തിരിച്ചറിയേണ്ട മറ്റൊരു വസ്തുതകൂടിയുണ്ട്. നമ്മുടെ സഭയുടെ ഭരണക്രമീകരണ സംവിധാനങ്ങൾ വളരെ സങ്കീർണമായ ഒന്നാണിന്ന്. അവയുടെ സുഗമമായ പ്രവർത്തനത്തിന് ഭീമമായ ചെലവുവരും. ഒരു രൂപതയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കുവേണ്ടി വരുന്ന മാനവവിഭവശേഷിയും പണവും നമുക്ക് ചിന്തിച്ചാൽ മനസിലാകും. ഇത്തരം ഘടകങ്ങളെ അവഗണിച്ചുകൊണ്ടുള്ള വിലയിരുത്തൽ വാസ്തവവിരുദ്ധമായി മാറും.
അതിനാൽ, സഭയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മുൻവിധിയില്ലാത്ത ഒരു കാഴ്ചപ്പാട് നമുക്ക് സ്വീകരിക്കാം. തീർച്ചയായും സഭയിൽ കുറവുകളുണ്ട്. എല്ലാ സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടുമില്ല. നമ്മുടെ ഊർജവും പണവും ചിലയിടങ്ങളിൽ ദൈവഹിതപ്രകാരമല്ലാതെ ചെലവുചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. എങ്കിൽപ്പോലും സഭയുടെ സേവനം അനന്യമാണ്, മഹത്വം നിറഞ്ഞതാണ്. നമുക്കതിൽ അഭിമാനിക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?