Follow Us On

29

March

2024

Friday

ജീസസ് യൂത്ത് അന്തർദേശീയമായി അംഗീകരിക്കപ്പെട്ടതിന്റെ പ്രസക്തി എന്താണ്?

ജീസസ് യൂത്ത് അന്തർദേശീയമായി അംഗീകരിക്കപ്പെട്ടതിന്റെ പ്രസക്തി എന്താണ്?

ജീസസ് യൂത്ത് അസോസിയേഷനായി അംഗീകരിക്കപ്പെട്ടത് എന്തിനാണ്?
അസോസിയേഷൻ എന്ന വാക്ക് കാനോനികമായി നിയമപരമായി ഉപയോഗിക്കുന്ന ~ഒരു പദമാണ്. സഭയിൽ ഔദ്യോഗികമായി ഉപയോഗിക്കുന്ന വാക്കാണിത്. ഈ ഗണത്തിൽ മുന്നേറ്റങ്ങളും സമൂഹങ്ങളും ഉൾപ്പെടും. രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം പരിശുദ്ധാത്മാവ് തിരുസഭയിൽ ധാരാളം മുന്നേറ്റങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ജന്മം നൽകിയിട്ടുണ്ടല്ലോ. ഇവയെ ആദ്യമായി ഒന്നിച്ചുവിളിച്ചുകൂട്ടിയത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്. അദ്ദേഹം മൂന്ന് വാക്കുകളാണ് ഉപയോഗിച്ചത്- സഭാത്മക മുന്നേറ്റങ്ങൾ, അസോസിയേഷനുകൾ, പുതുസമൂഹങ്ങൾ (Ecclesial Movements, Associations and New Communities). ഇത് നടന്നത് 1998 മെയ് 30-ന് റോമിൽ വച്ചാണ്. ആ അവസരത്തിൽ പരിശുദ്ധപിതാവ് സഭാത്മകപ്രസ്ഥാനങ്ങൾക്ക് മൂന്നാം സഹസ്രാബ്ദത്തിലേക്ക് ഒരു പുതിയ ചക്രവാളം തുറന്നിടുകയായിരുന്നു; ”നിങ്ങൾക്ക് മുന്നിൽ ഒരു പുതിയ വേദി തുറക്കപ്പെടുകയാണ്- സഭാത്മകപക്വതയുടെ വേദി… നിങ്ങളിൽ നിന്ന് തിരുസഭ പ്രതീക്ഷിക്കുന്നത് ഐക്യപ്പെടലിന്റെയും പ്രതിബദ്ധതയുടെയും ഫലങ്ങളാണ് അല്മായ മുന്നേറ്റങ്ങളുടെ രണ്ടാമത്തെ അന്തർദേശീയ സമ്മേളനം 2006 ജൂണിലായിരുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പാ സ്ഥാനാരോഹണം ചെയ്തതിനുശേഷമുള്ള ഏറ്റവും വലിയ സമ്മേളനമായിരുന്നു അത്. 2015 നവംബറിൽ അല്മായ മുന്നേറ്റങ്ങളുടെ മൂന്നാമത്തെ അന്തർദേശീയ സമ്മേളനത്തിൽ ഫ്രാൻസീസ് പാപ്പാ സന്നിഹിതനായിരുന്നു. അവസാനത്തെ രണ്ടു സമ്മേളനങ്ങളിലും പങ്കെടുക്കാനുള്ള അനുഗ്രഹം നമുക്ക് ലഭിച്ചു. ഈ മൂന്നു സമ്മേളനങ്ങളിലും മാർപാപ്പമാർ ഈ മൂന്നു സംജ്ഞകളും ഒരുമിച്ചാണ് ഉപയോഗിച്ചത്: സഭാത്മക മുന്നേറ്റങ്ങൾ (Ecclesial Movements), പുതു സമൂഹങ്ങൾ (New Communities), അസോസിയേഷനുകൾ (Associations). അപ്പോൾ, ജീസസ് യൂത്ത് ഒരു സഭാത്മക മുന്നേറ്റമായി തന്നെ തുടരുക തന്നെ ചെയ്യും.
എന്താണ് ഈ സഭാത്മക മുന്നേറ്റം?
1998 മെയ് മാസത്തിൽ നടന്ന അല്മായ മുന്നേറ്റങ്ങളുടെ അന്തർദേശീയ സമ്മേളനത്തിൽ വിശുദ്ധജോൺപോൾ രണ്ടാമൻ മാർപാപ്പ ഒരു മുന്നേറ്റത്തെ നിർവചിച്ചത് ഇങ്ങനെയാണ്: ”പ്രാഥമികമായും അല്മായർക്ക് സജീവപങ്കാളിത്തമുള്ള യഥാർഥ സഭാത്മക അസ്തിത്വമാണത്. ഇവർക്ക് ക്രൈസ്തവ സാക്ഷ്യത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പ്രവർത്തനക്രമവും അവരുടേതായ പ്രബോധനശൈലിയും വരദാനങ്ങളുമുണ്ടായിരിക്കും. പുതിയ പ്രസ്ഥാനങ്ങളുടെ മൂന്ന് സവിശേഷതകൾ ഈ നിർവചനത്തിൽ ഉയർന്നുനിൽക്കുന്നു. ഇതിൽ പ്രാഥമികമായി അല്മായർക്കാണ് അംഗത്വം (സന്യസ്തരുടെയും വൈദികരുടെയും സാന്നിധ്യം കുറച്ചുകാണാതെ തന്നെ) ഉള്ളത്. അവരുടെ ദൗത്യം സുവിശേഷവത്ക്കരണമാണ്. അവർക്ക് കൃത്യമായി ഒരു വരദാനമുണ്ട്. ചുരുക്കത്തിൽ, അല്മായർക്ക് മുഖ്യപ്രാതിനിധ്യമുള്ള, ചൈതന്യം തുടിക്കുന്ന ക്രിസ്തീയ സമൂഹങ്ങളാണ് അവ. അവർ ഒരു വിശ്വാസയാത്രയിലാണ്. പരിശുദ്ധാത്മാവ് അവർക്ക് ദാനമായി നൽകുന്ന പ്രത്യേക വരദാനം മുൻനിറുത്തി അവർ തിരുസഭയുടെ പ്രേഷിതദൗത്യത്തിൽ പങ്കുചേരുന്നു. ഈ വരദാനം തിരുസഭയുടെ സമ്പന്നതക്ക് സംഭാവന നൽകുന്നു. കാരണം പരിശുദ്ധാത്മാവിന്റെ ഏത് വരദാനവും തിരുസഭയുടെ ഉപരിനന്മക്കായി സൗജന്യമായി നൽകപ്പെടുന്നതാണ്. വത്തിക്കാനിൽ നിന്ന് കാനോനിക അംഗീകാരം ലഭിക്കുന്ന 123-ാമത്തെ മുന്നേറ്റമാണ് ജീസസ് യൂത്ത്. ഇന്ത്യയിൽ നിന്നും ഒന്നാമത്തേതും ഏഷ്യയിൽ നിന്നും രണ്ടാമത്തേതുമാണ്. ഈ അംഗീകാരം ലഭിച്ച ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ സമൂഹം കപ്പിൾസ് ഫോർ ക്രൈസ്റ്റ് ആണ്.
എന്തുകൊണ്ടാണ് പ്രൈവറ്റ് അസോസിയേഷൻ എന്ന് വിളിക്കുന്നത്?
സഭാത്മക മുന്നേറ്റങ്ങൾ രണ്ടു ഗണത്തിൽ പെടുന്നവയാണ്. പബ്ലിക് അസോസിയേഷനും പ്രൈവറ്റ് അസോസിയേഷനും. പബ്ലിക് അസോസിയേഷനുകൾ എന്നാൽ വിശ്വാസികൾക്കുവേണ്ടി സഭാധികാരികളിൽ നിന്ന് തന്നെ ആധികാരികമായി രൂപപ്പെട്ടുവരുന്നവയാണ് (കാനൻ 301.3). വത്തിക്കാൻ നേരിട്ടോ ബിഷപ്പുമാരുടെ കോൺഫറൻസിനോ ഒരു രൂപതാധ്യക്ഷനോ മാത്രമേ വിശ്വാസികൾക്കുള്ള ഒരു പബ്ലിക് അസോസിയേഷൻ ആരംഭിക്കാൻ അനുവാദമുള്ളൂ (കാനൻ 312). ഒരു ബിഷപ്പ് കോൺഫറൻസോ ഒരു ബിഷപ്പോ ഒരു പബ്ലിക് അസോസിയേഷൻ ആരംഭിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യം/ദൗത്യം നിർവഹിക്കുന്നതിനാണ്. ആ ദൗത്യം അവർ നിർവഹിക്കുന്നത് തിരുസഭയുടെ പേരിലായിരിക്കും (കാനൻ 313).
രണ്ടാമത്തേത് പ്രൈവറ്റ് അസോസിയേഷൻ. രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം രൂപപ്പെട്ട മുന്നേറ്റങ്ങൾ/സമൂഹങ്ങൾ/അസോസിയേഷനുകൾ മിക്കവയും അംഗീകരിക്കപ്പെടുന്നത് പ്രൈവറ്റ് അസോസിയേഷൻ ആയിട്ടാണ്. അംഗങ്ങൾ തമ്മിലുള്ള സ്വകാര്യ ഉടമ്പടിപ്രകാരം ക്രിസ്തീയ വിശ്വാസികൾക്ക് കൂടുതൽ പൂർണതയിലുള്ള ജീവിതം നയിക്കുന്നതിനുതകുന്ന അസോസിയേഷനുകൾ രൂപപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ട്. സുവിശേഷവത്കരണം, ഭക്താഭ്യാസങ്ങൾ, കാരുണ്യപ്രവൃത്തികൾ തുടങ്ങിയ ശുശ്രൂഷകളിലൂടെ തിരുസഭയുടെ അപ്പസ്‌തോലിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാവുന്നതാണ് (കാനൻ 299). ജീസസ് യൂത്ത് മുന്നേറ്റത്തിൽ ഇതിനെ ജീവിത ശൈലി എന്നു വിളിക്കുന്നു. ജീസസ് യൂത്ത് രൂപപ്പെടുത്തിയത് ഒരു രൂപതാധ്യക്ഷനോ ഒരു ബിഷപ്പ്‌സ് കോൺഫറൻസോ അല്ലാത്തതുകൊണ്ട് നാം സഭയെ ശുശ്രൂഷിക്കുന്നത് വിശ്വാസപരിശീലനവും പ്രേഷിതദൗത്യവും എന്ന വരദാനത്തിലൂടെയാണ്. അങ്ങനെ നാം ഒരു പ്രൈവറ്റ് അസോസിയേഷൻ ആയി നിലകൊള്ളുന്നു.
1. ഒരു മുന്നേറ്റം യഥാർഥമായ സഭാത്മക യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ നിലനില്പ് സഭയുമായുള്ള ഐക്യത്തിലൂടെയാണ്. ഈ ഐക്യം നഷ്ടപ്പെട്ടാൽ അതിന് നിലനില്പില്ല.
2. സഭാത്മക മുന്നേറ്റങ്ങളിലെ അംഗങ്ങൾ മുഖ്യമായും അല്മായരാണെങ്കിലും വൈദികർക്കും സന്യസ്തർക്കും അംഗത്വം സ്വീകരിക്കാവുന്നതാണ്. മുന്നേറ്റങ്ങളുടെ ആധ്യാത്മികത പ്രധാനമായും അല്മായർക്ക് അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
3. ഏതു മുന്നേറ്റത്തിനും ഒരു ജീവിത രീതിയും, സഭയിലും സമൂഹത്തിലും ഒരു ക്രിസ്തീയ സാക്ഷ്യവും ഉണ്ടായിരിക്കും.
4. ഏതു മുന്നേറ്റത്തിലും പരിശുദ്ധാത്മാവിനാൽ നല്കപ്പെട്ട ഒരു വരദാനം പ്രകടമായിരിക്കും. ഈ വരദാനത്തിലൂടെയായിരിക്കും അവർ സഭയെ സേവിക്കുക. 1998 മെയ് മൂന്നിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ച് ഞാൻ ഒരു പുതിയ പന്തക്കുസ്തായെക്കുറിച്ച് സംസാരിച്ചിരുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം വളർന്നുവന്ന മുന്നേറ്റങ്ങളെയും പുതു സമൂഹങ്ങളെയുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇവയാണ് തിരുസഭയുടെ പ്രേഷിത പ്രവർത്തനത്തിന്റെ പ്രത്യാശത്സത്സ (വി.ജോൺ പോൾ രണ്ടാമൻ, സഭാത്മക മുന്നേറ്റങ്ങളുടെയും പുതുസമൂഹങ്ങളുടെയും സമ്മേളനം ജൂൺ 1999).
5. ഓരോ മുന്നേറ്റത്തിന്റെയും വരദാനം തിരുസഭയുടെ വിവേചനത്തിന് വിധേയമായിരിക്കണം. ഒരു വരദാനവും ആരേയും തിരുസഭയിലെ ഇടയന്മാരോട് വിധേയപ്പെടുന്നതിൽ നിന്ന് വിടുവിക്കുന്നില്ലത്സത്സ (അല്മായ വിശ്വാസികൾ- 24). മുന്നേറ്റങ്ങളുടെ മാർഗരേഖ വ്യക്തമായി പഠിക്കാതെ ഒരു പ്രൈവറ്റ് അസോസിയേഷനെയും തിരുസഭ അംഗീകരിക്കുകയില്ല (കാനൻ 299). അതുകൊണ്ടാണ് പൊന്തിഫിക്കൽ കൗൺസിൽ നമ്മളോട് കാനോനിക അംഗീകാരം നിർബന്ധമാണ്; ഐച്ഛികമല്ല എന്ന് പറഞ്ഞത്.
6. അല്മായരുടെ പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായ സ്റ്റാനിസ്ലോവ് കാർഡിനൽ റിൽകോയെ ഇവിടെ ഉദ്ധരിക്കാം: സഭാധികാരികളുമായി ദൃഢമായ ബന്ധം നിലനിറുത്തിക്കൊണ്ടു തന്നെ അല്മായർക്ക് മുന്നേറ്റങ്ങൾ ആരംഭിക്കാനോ അവയെ നിയന്ത്രിക്കുന്നതിനോ, ഉള്ളവയിൽ അംഗത്വമെടുക്കാനോ അവകാശമുണ്ട്. ഈ അവകാശവും അതോടൊപ്പമുള്ള സ്വാതന്ത്ര്യവും ഇടയന്മാരുടെ ഔദാര്യത്തെ ആശ്രയിച്ചല്ല, മറിച്ച് മനുഷ്യവ്യക്തിയുടെ പ്രകൃതിയിൽ വേരൂന്നിയതും ജ്ഞാനസ്‌നാന കൂദാശയിൽ നിന്ന് ലഭിക്കുന്ന സത്താശാസ്ത്രപരമായ യാഥാർത്ഥ്യത്തിൽ നിന്ന് മുളപൊട്ടിയതും ആണ്. ദൈവജനമൊന്നാകെ പുതിയ സൃഷ്ടികളെന്ന നിലയ്ക്ക് (2 കോറി 5:17) ക്രിസ്തുവിനോട് ഒട്ടിച്ചു ചേർക്കപ്പെട്ടും പരിശുദ്ധാത്മാവിനാൽ ജീവൻ നല്കപ്പെട്ടും ഒരു അടിസ്ഥാന തുല്യത അനുഭവിക്കുന്നു. ഈ സ്വാതന്ത്ര്യം പ്രയോഗത്തിൽ വരുത്തേണ്ടത് ഇടയന്മാരുടെ പിതൃതുല്യമായ മേൽ നോട്ടത്തിലായിരിക്കണം. കാരണം, സിദ്ധികൾ വിവേചിക്കാനും വിശ്വാസികളുടെ അസോസിയേഷനുകൾ ആരംഭിക്കാനും അവർക്ക് ഉത്തരവാദിത്വമുണ്ട്. വത്തിക്കാനിൽ നിന്നുള്ള സ്പഷ്ടമായ അംഗീകാരത്തോടെ ജ്ഞാനസ്‌നാനം സ്വീകരിച്ച ഏത് കത്തോലിക്കനും ജീസസ് യൂത്ത് മുന്നേറ്റത്തിൽ അംഗമാകാവുന്നതാണ്.
അംഗീകാരം ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് ജീസസ് യൂത്ത് ഇനി ഒരു പബ്ലിക് അസോസിയേഷനായി മാറാനിടയുണ്ടോ?
ഇല്ല. നമുക്ക് വത്തിക്കാനിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടുള്ളത് ഒരു പ്രൈവറ്റ് അസോസിയേഷനായിട്ടാണ്. തുടർന്നും അങ്ങനെതന്നെ നില്‌നിൽക്കും. മാർഗരേഖ ബന്ധപ്പെട്ട അധികാരികൾ അംഗീകരിക്കുന്നതുകൊണ്ട് മുന്നേറ്റത്തിന്റെ തനതുസ്വഭാവം മാറുന്നില്ലെന്ന് കാനൻ നിയമം വ്യക്തമായി പറയുന്നു. പ്രൈവറ്റ് അസോസിയേഷനുകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിനും മാർഗരേഖയ്ക്കനുസൃതമായി അംഗങ്ങൾക്ക് സ്വജീവിതം നയിക്കുന്നതിനുമുള്ള അവകാശ (കാനൻ 321) മുണ്ട്. ഇത് ബന്ധപ്പെട്ട മെത്രാന്മാരുടെ ശ്രദ്ധ (കാനൻ 323) യിലായിരിക്കണം.
ഈ അംഗീകാരത്തിൽ അല്മായ വിശ്വാസികൾ എന്ന് പ്രത്യേകം എടുത്തു പറയുന്നില്ലല്ലോ? അതിനാൽ കുറച്ച് കഴിയുമ്പോൾ ഇത് ഒരു അല്മായ മുന്നേറ്റം അല്ലാതായിത്തീരുമോ?
ഇല്ല. യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു അല്മായ മുന്നേറ്റമായി ജീസസ്‌യൂത്ത് എക്കാലവും തുടരും. എന്നാൽ നമ്മുടെ മാർഗരേഖയിൽ വൈദികർ, സന്യസ്തർ, സെമിനാരിവിദ്യാർഥികൾ തുടങ്ങിയവർക്കൊക്കെ അംഗത്വത്തിനുള്ള സാധ്യത നൽകിയിട്ടുണ്ട്. കാനൻ 307.3 പറയുന്നു: ”സന്യാസസഭകളിലെ അംഗങ്ങൾക്ക് അതാതു സ്ഥാപനങ്ങളുടെ നിയമാനുസാരം അവരുടെ സുപ്പീരിയരുടെ അനുവാദത്തോടെ അസോസിയേഷനുകളിൽ ചേരാവുന്നതാണ്”.
രൂപതാ സെമിനാരിയിൽ ചേർന്നവർക്കും സന്യാസസഭകളിൽ ചേർന്നവർക്കും അസോസിയേഷനിൽ തുടരാവുന്നതാണ്. അങ്ങനെ ചേർന്നവർക്ക് തുടർന്നും ജീസസ്‌യൂത്ത് ആത്മീയത നിലനിർത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ സഹായം അവരുടെ മേലധികാരികളുടെ അനുവാദത്തോടെ ലഭ്യമാക്കാവുന്നതാണ്… വൈദികർക്കും സന്യസ്തർക്കും റെഗുലർ മെമ്പറായോ അസോസിയേറ്റ് മെമ്പറായോ അംഗത്വം ലഭിക്കാവുന്നതാണ്. അവരുടെ മേലധികാരികളുടെ അനുവാദത്തോടെ ജീസസ് യൂത്തിന്റെ ഫോർമേഷൻ പ്രോഗ്രാമുകളിലൂടെ കടന്നുപോകാനും സാധിക്കും(ജീസസ് യൂത്ത് മാർഗരേഖ 19, 20.1). ഇത് ഏറെ മനോഹരമായ ഒരനുഭവമായിരിക്കും.
ജൂറിഡിക്കൽ പേഴ്‌സണാലിറ്റി (Juridical Personality) എന്നുവച്ചാൽ എന്താണ്?
രാഷ്ട്രനിയമത്തിൽ ഇതിന് ലീഗൽ പേഴ്‌സൺത്സ (Legal Person) എന്നാണ് പറയുന്നത്. ഒരു വ്യക്തി- നിങ്ങൾ, ഞാൻ, എന്റെ അച്ഛൻ, അമ്മ, ഭാര്യ) നിലനിൽക്കുന്നത് നിയമത്തിലാണ്. നിയമത്തിൽ അവകാശങ്ങളുമുണ്ട്. അതുപോലെ ഒരു സ്ഥാപനവും (കമ്പനി, സംഘടന, സർവകലാശാല) നിലനില്ക്കുന്നത് നിയമത്തിലാണ്. അതിനെ പ്രതിനിധാനം ചെയ്യുന്നത് അതിന്റെ പ്രസിഡന്റാണ്. ഉദാഹരണത്തിന് തോമസിന്, ഒരു വ്യക്തി എന്ന നിലയ്ക്ക് സമ്പത്ത് സമ്പാദിക്കാം, തന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിക്കാം, ഒരു കാർ വാങ്ങാം. അതുപോലെ ഒരു കമ്പനിക്ക്/അസോസിയേഷന്/മുന്നേറ്റത്തിന് ലീഗൽ പേഴ്‌സണാലിറ്റി/ജൂറിഡിക്കൽ പേഴ്‌സണാലിറ്റി ഉണ്ടെങ്കിൽ സമ്പത്ത് സൂക്ഷിക്കാം. കമ്പനിയുടെ ഡയറക്ടർ/പ്രസിഡന്റ് എന്ന നിലയിൽ തോമസിന് കമ്പനിയുടെ പേരിൽ കാർ വാങ്ങിക്കുകയും കമ്പനിക്കുവേണ്ടിയും കമ്പനിയെ സംരക്ഷിക്കുവാൻ വേണ്ടിയും പ്രവർത്തിക്കുകയും ചെയ്യാം. ചുരുക്കത്തിൽ ജൂറിഡിക്കൽ പേഴ്‌സണാലിറ്റി എന്നത് സഭയിൽ നിയമാനുസാരമുള്ള (legal entity) ഒരു ഐഡന്റിറ്റി നൽകുന്നു. സഭയിൽ ഇതിനെ പ്രതിനിധീകരിക്കുന്നത് അന്തർദേശീയ കോ-ഓർഡിനേറ്ററുടെ ഓഫീസ് ആയിരിക്കും.
ഈ അംഗീകാരം ജീസസ് യൂത്ത് ആധ്യാത്മികതയിലോ, കാരിസത്തിലോ ഏതെങ്കിലും മാറ്റം വരുത്തുമോ?
ഇല്ല. ഈ അംഗീകാരത്തിന് ഇത്രയുംനാൾ കാക്കേണ്ടി വന്നത് സഭയിൽ, ഈ മുന്നേറ്റത്തിൽ പരിശുദ്ധാത്മാവ് രൂപപ്പെടുത്തിയ ആധ്യാത്മികതയും കാരിസവും വ്യക്തമായി മനസിലാക്കാൻ വേണ്ടിയായിരുന്നു. ഒരു മിഷനറി മുന്നേറ്റം എന്ന നിലയിലാണ് നമ്മുടെ വിളിയെയും പ്രേഷിതദൗത്യത്തെയും കാരിസത്തെയും വത്തിക്കാൻ അംഗീകരിക്കുന്നത്. നമ്മുടെ പ്രവർത്തനശൈലിയിൽ – പ്രത്യേകിച്ച് ലീഡർഷിപ് ടീമുകളെ തെരഞ്ഞെടുക്കുന്ന രീതിയിലും മറ്റും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അത് തിരുസഭയുടെ സമ്പന്നവും വിപുലവുമായ അനുഭവസമ്പത്തിനെ ആധാരമാക്കിയാണ്. ഏതായാലായും മുന്നേറ്റത്തിന്റെ ആധ്യാത്മികതയിലും കാരിസത്തിലും ഒരു മാറ്റവും വരുകയില്ല.
ഈ അംഗീകാരത്തോടെ ഏത് ഇടവകയിലും/രൂപതയിലും/രാജ്യത്തും പ്രവർത്തിക്കാനുള്ള അവകാശം നമുക്ക് ലഭിച്ചിട്ടുണ്ടോ?
ഉണ്ട്. എന്നാൽ ചില ഉപാധികളുമുണ്ട്. വത്തിക്കാനിൽ നിന്നുള്ള അംഗീകാരത്തോടെ നമുക്ക് ആഗോളസഭയിൽ എവിടെയും സാന്നിധ്യമാവാം. പക്ഷേ, മുന്നേറ്റമെന്ന നിലയിൽ ഇടവകയുടെ/രൂപതയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അതാതു സ്ഥലത്തെ വികാരിയുടെ/ബിഷപ്പിന്റെ അറിവും സമ്മതവും ഉണ്ടായിരിക്കണം.
എങ്ങനെയാണ് ഈ അംഗീകാരം നേടാനിടയായത്?
കേരളത്തിലെ ചെറിയ തുടക്കങ്ങളിൽ നിന്ന് ദൈവം നമ്മുടെ മുന്നേറ്റത്തെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും ഭൂഗോളത്തിലെ 35 രാജ്യങ്ങളിലേയ്ക്കും കൊണ്ടുപോയി. ഇപ്പോൾ പരിശുദ്ധ പിതാവിൽ നിന്ന് കാനോനിക അംഗീകാരം ലഭിക്കുന്ന ഭാരതത്തിലെ ആദ്യത്തെയും, ഏഷ്യൻ സഭയുടെ ചരിത്രത്തിലെ രണ്ടാമത്തെയും സുവിശേഷവത്കരണമുന്നേറ്റമാക്കി അവിടന്ന് നമ്മെ ഉയർത്തിയിരിക്കുന്നു.
അത്മായർക്കുള്ള പൊന്തിഫിക്കൽ കൗൺസിലിൽ (പി.സി.എൽ) നിന്നുള്ള ഈ അംഗീകാരം ഏതാനും ചില മാസങ്ങളുടെ പ്രയത്‌നഫലമല്ല. കൗൺസിലുമായുള്ള എന്റെ ആദ്യ മീറ്റിംഗ് 2003 നവംബറിലായിരുന്നു. കൗൺസിലിന്റെ അണ്ടർ സെക്രട്ടറിയായ മോൺ. ഡെൽഗാഡോ എന്നോട് വ്യക്തമായി ഒരു കാര്യം പറഞ്ഞു. ആഗോളതലത്തിൽ പ്രവർത്തിക്കുകയെന്ന സ്വപനങ്ങളുണ്ടെങ്കിൽ കൗൺസിലിന്റെ അംഗീകാരം നേടുകയെന്നത് നിർബന്ധമാണ് എന്ന്.
പ്രാദേശിക സഭയുടെ അംഗീകാരത്തിൽ നിന്നു തുടങ്ങാൻ അദ്ദേഹം എന്നോടുപദേശിച്ചു. പ്രാദേശിക സഭാതലത്തിലെ അംഗീകാരത്തിനുള്ള ആദ്യ ചുവടുവയ്പ് 2005 ഡിസംബറിലാണ് നടന്നത്. ബിഷപ്പ് തോമസ് ചക്യത്തിനെ സമീപിച്ച ഞങ്ങളെ അദ്ദേഹം കെ.സി. ബി.സി-യുടെ യോഗത്തിലേക്ക് കൊണ്ടു പോകുകയും 2005 ഡിസംബർ ഏഴിന് അവിടെ ഞങ്ങൾ മുന്നേറ്റത്തെക്കുറിച്ച് അവതരിപ്പിക്കുകയും ചെയ്തു. കെ.സി.ബി.സി-യുടെ ദേശീയ തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മുന്നേറ്റമെന്ന നിലയിൽ സി.ബി.സി.ഐ.-യെ (കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ) സമീപിക്കാനാവശ്യപ്പെട്ടു. ആർച്ച് ബിഷപ്പ് സിറിൽ മാർ ബസേലിയോസിന്റെ കത്തുമായി 2006 ജനുവരിയിൽ ഞങ്ങൾ സി.ബി.സി.ഐ-യെ സമീപിച്ചു. കേരളത്തിൽ തുടക്കം കുറിച്ച മുന്നേറ്റമെന്ന നിലയിൽ സി.ബി.സി.ഐ-ഞങ്ങളോട് രേഖകൾ ഒരു പ്രാദേശിക ബിഷപ്പിന്റെ പക്കൽ സമർപ്പിക്കാനാവശ്യപ്പെട്ടു. പ്രത്യേകിച്ച്, എറണാകുളം അങ്കമാലി സീറോ മലബാർ അതിരൂപതാധ്യക്ഷൻ കർദിനാൾ വർക്കി വിതയത്തിലിന് സമർപ്പിക്കാൻ നിർദേശം നൽകി.
2007 ജനുവരിയിൽ അദ്ദേഹത്തെ സമീപിച്ച ഞങ്ങൾക്ക് 2007 ജനുവരി 25-ന് നൽകിയ മറുപടിക്കത്തിൽ വിവിധ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച മുന്നേറ്റമെന്ന നിലയിൽ ഒരു ലത്തീൻ ബിഷപ്പിന്റെ പക്കൽ അംഗീകാരത്തിന് അപേക്ഷിക്കാനാണ് നിർദേശിച്ചത്. അങ്ങനെ ഞങ്ങൾ അപേക്ഷിക്കുകയും നാഗ്പൂർ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. എബ്രഹാം വിരുതകുളങ്ങരയിൽ നിന്ന് 2007 ഏപ്രിൽ എട്ടിന് അംഗീകാരപത്രം ലഭിക്കുകയും ചെയ്തു. പ്രസ്തുത കത്തുമായി ഞങ്ങൾ സി.ബി.സി.ഐ-യെ സമീപിച്ചപ്പോൾ കേരളത്തിലെ പ്രാദേശിക ലത്തീൻ രൂപതയിൽ നിന്ന് അംഗീകാരം നൽകുന്ന കത്തുവാങ്ങാൻ നിർദേശിച്ചു. അപ്രകാരം ഞങ്ങൾ അപേക്ഷിച്ചു. 2007 ഓഗസ്റ്റ് 20-ന് വരാപ്പുഴ അതിരൂപതാധ്യക്ഷൻ ഡോ. ഡാനിയേൽ അച്ചാരുപറമ്പിലിൽ നിന്ന് അംഗീകാരപത്രം ലഭിച്ചു. രണ്ട് ആർച്ച് ബിഷപ്പുമാരിൽ നിന്നുള്ള ഈ അംഗീകാരപത്രങ്ങൾ ഞങ്ങൾ സി.ബി.സി.ഐ-ക്ക് സമർപ്പിച്ചു. നിരവധി മീറ്റിംഗുകൾക്കു ശേഷം 2008 ഒക്‌ടോബറിൽ സി. ബി.സി.ഐ പ്രമാണരേഖകൾ അംഗീകരിക്കുകയും നിയമാവലി അനുസരിച്ച് ആർച്ച് ബിഷപ് ഡോ.എബ്രഹാം വിരുതുകുളങ്ങര പിതാവിനെ ജീസസ് യൂത്തിന്റെ Ecclesiastical ഉപദേശകനായി നിയമിക്കുകയും ചെയ്തു. ഈ യാത്രയുടെ പ്രാരംഭഘട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച ദിവംഗതനായ കർദിനാൾ വർക്കി വിതയത്തിലിനും ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിലിനും ആർച്ച് ബിഷപ്പ് സിറിൾ മാർ ബസേലിയോസിനും ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ.
റോമിൽ നിന്നുള്ള പൊന്തിഫിക്കൽ അംഗീകാരത്തിനു വേണ്ടിയുള്ള പ്രക്രിയകൾ ആരംഭിച്ചത് 2009 ആഗസ്റ്റ് 24-ന് വത്തിക്കാനിൽ വൈകിട്ട് നാലു മണിക്കാണ്. ആ യോഗം കഴിഞ്ഞയുടനെ ജീസസ് യൂത്തിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് എന്ന ശീർഷകത്തോടെ ഞാനയച്ച ഈമെയിൽ പ്രകാരമാണ്:
”ഏതാനും നിമിഷങ്ങൾക്കു മുമ്പ് പൊന്തിഫിക്കൽ അവകാശത്തോടെ പ്രവർത്തിക്കുന്ന അല്മായ വിശ്വാസികളുടെ ഒരു അന്താരാഷ്ട്ര സ്വകാര്യ അസോസിയേഷനായി അംഗീകരിക്കപ്പെടാനുള്ള ഔദ്യോഗിക പ്രക്രിയ നാം ആരംഭിച്ചു. ജീസസ് യൂത്തിനെ പ്രതിനിധീകരിച്ച് ഞങ്ങൾ നാലുപേർ- വിരുതകുളങ്ങര പിതാവ്, ഫാ. ഷിൽട്ടൻ, ജീസസ് യൂത്ത് അന്താരാഷ്ട്ര കോ-ഓർഡിനേറ്റർ ജോർജ് പിന്നെ ഞാനും പൊന്തിഫിക്കൽ കൗൺസിലിൽ നിന്ന് ബിഷപ്പ് ജോസഫ് ക്ലെമൻസിനൊപ്പം മോൺ. ഡെൽഗാഡോ, ഫാ. കെവിൻ, പ്രഫ. ഗസ്മാൻ എന്നിവരും ഔദ്യോഗിക കോൺഫറൻസ് മുറിയിൽ ഒന്നിച്ചുകൂടി. വളരെ മനോഹരമായി നടന്ന ആ യോഗത്തിൽ ഞങ്ങൾ 21 ബിഷപ്പുമാരുടെ കത്തുകളും മറ്റുമടങ്ങിയ ഏകദേശം ഏഴ് കിലോ തൂക്കം വരുന്ന രേഖകൾ സമർപ്പിച്ചു. കാനോനിക അംഗീകരത്തിനുള്ള പ്രക്രിയ ഔദ്യോഗികമായി തുടങ്ങിയതായി അവർ പ്രഖ്യാപിച്ചു. ദൈവത്തിന് സ്തുതി! വിരുതകുളങ്ങര പിതാവിന്റെ സാന്നിധ്യം വലിയ അനുഗ്രഹമായിരുന്നു.”
2010 ഏപ്രിൽ മുപ്പതിന് കൗൺസിലിൽ നിന്ന് ഞങ്ങൾക്ക് ആദ്യമറുപടിക്കത്തു ലഭിച്ചു. തന്നിരിക്കുന്ന രൂപരേഖയനുസരിച്ച് ഞങ്ങൾ സമർപ്പിച്ച പ്രമാണങ്ങൾ അഴിച്ചു പണിയാനും വീണ്ടും തയ്യാറാക്കാനും കൗൺസിൽ നിർദേശിച്ചു. ഇറ്റലിയിലെ തിരഞ്ഞെടുക്കപ്പെട്ട കാനൻ അഭിഭാഷകരിൽ ഒരാളുടെ ഉപദേശം ആരായാനും അവർ നിർദേശിച്ചു. ഞങ്ങൾ മിലാനിൽ പോയി അവരിൽ ഒരാളെ കണ്ടു. പക്ഷേ, ചെലവ് നമുക്ക് താങ്ങാവുന്നതിലുമധികമായിരുന്നു. ആ സമയത്ത് റോമിലെ സാന്റാ ക്രോസേ സർവകലാശാലയിലെ കാനോനിക നിയമ വകുപ്പിന്റെ ഡീൻ ഫാ. ലൂയീസ് നവാരോയെക്കുറിച്ച് ഞാൻ കേട്ടിരുന്നു. സഭയിലെ ഏറ്റവും മികച്ച കാനൻ അഭിഭാഷകനായും (പ്രത്യേകിച്ച് മുന്നേറ്റങ്ങളിൽ നിർദേശം നൽകുന്നതിൽ) അദ്ദേഹം വളരെ തിരക്കുള്ള ആളാണെന്നും സമീപിക്കുന്നതിൽ യാതൊരു കാര്യവുമില്ലെന്നും പലരും എന്നോടു പറഞ്ഞു. പക്ഷേ മോൺ. ആന്റണി കൊല്ലംപറമ്പിലിനോടൊപ്പം ഞാനദ്ദേഹത്തെ പോയി കണ്ടു. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫാ. നൊവാരോ മാർഗനിർദേശം നൽകാമെന്നു സമ്മതിച്ചു. തിരിഞ്ഞു നോക്കുമ്പോൾ കാനോനിക അംഗീകാരത്തിനു വേണ്ടിയുള്ള യാത്രയിലെ ഏറ്റവും സുപ്രധാനമായ നിമിഷങ്ങളിലൊന്നായിരുന്നു അത്.
അതേ സമയം കേരളത്തിൽ കാനൻ നിയമപ്രകാരവും (സി.ഐ.സി.) കിഴക്കൻ സഭകളുടെ നിയമനുസരിച്ചും പ്രമാണങ്ങൾ തയ്യാറാക്കാനായി രണ്ടു പ്രഗത്ഭരായ കാനൻ നിയമജ്ഞരെ ഞങ്ങൾ സമീപിച്ചു. ഇപ്പോൾ കണ്ണൂർ ബിഷപ്പായ ഡോ. അലകസ് വടക്കുംതലയേയും മാർ ജോർജ് മഠത്തികണ്ടത്തിലിനെയും (ഇപ്പോൾ കോതമംഗലം രൂപതാ അധ്യക്ഷൻ). എന്തെങ്കിലും എഴുതിയുണ്ടാക്കി അതിനനുസരിച്ച് നമ്മുടെ ജീവിതങ്ങളെ ക്രമപ്പെടുത്തുന്നതിനു പകരം ജീസസ് യൂത്ത് മുന്നേറ്റത്തിൽ നാം ജീവിക്കുന്നതെന്തോ അത് പ്രമാണങ്ങളുടെ രൂപത്തിലേയ്ക്ക് മാറ്റണമെന്ന് നാമാഗ്രഹിച്ചു. അതുകൊണ്ടു തന്നെ പ്രമാണങ്ങൾ തയ്യാറാക്കാൻ ഏകദേശം മൂന്നു വർഷം എടുത്തു. 2013 നും 2016 ഏപ്രിൽ നാലിനുമിടയ്ക്ക് പല പ്രാർഥനാപൂർവമായ ചർച്ചകളും വിദഗ്‌ധോപദേശങ്ങളും വഴിയായി ആറു പ്രാവശ്യംപ്രസ്തുത പ്രമാണങ്ങൾ നാം മാറ്റിയെഴുതി. ഓരോ പ്രാവശ്യവും അവിടത്തെ ഹിതം അനുസരിക്കാൻ ശ്രമിച്ചുകൊണ്ട്.
ആരംഭനാൾ മുതൽ ഈ നിമിഷം വരെ ഒരു ചെറിയ ടീമാണ് ഇവ തയ്യാറാക്കാൻ ഒരുമിച്ചു പ്രവർത്തിച്ചത്. ഡോ.എഡ്വേർഡ് എടേഴത്തും റൈജുവും. ഈ മുന്നേറ്റത്തിൽ കഴിഞ്ഞ 30 വർഷത്തിലേറെയായുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ രേഖാരൂപത്തിലാക്കി. പിതാക്കന്മാരും, വൈദികരും, നേതൃനിരയിലുള്ളവരുമായി കഴിഞ്ഞ11 വർഷം എണ്ണമറ്റ കൺസൾട്ടേഷൻ മീറ്റിംഗുകൾ ഞങ്ങൾ നടത്തി. കഴിഞ്ഞ മൂന്നു ജീസസ് യൂത്ത് അന്താരാഷ്ട്ര ടീമുകൾ പ്രത്യേകിച്ച് അഡ്വ.റൈജുവിന്റെയും ജോർജിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന ടീമുകൾ, ഈ രേഖകൾ ഒരു നല്ല രൂപത്തിലാക്കിയെടുക്കാൻ വളരെയധികം പരിശ്രമിച്ചു. ഇപ്പോഴത്തെ കൗൺസിലിനോടൊപ്പം സി.സി.ജോസഫ് അവസാന റൗണ്ട് പൂർത്തിയാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു. ഫാ. അബ്രഹാം പള്ളിവാതുക്കൽ എസ്.ജെ, ഫാ. ബിറ്റാജു ഒ.എസ്.എസ്. ടി, ഫാ.തോമസ് തറയിൽ, ഫാ. ചെറിയാച്ചൻ, ഫാ. ജെയിംസ് ആനാപറമ്പിൽ, ഫാ. ഫിയോ മസ്‌ക്കരാനാസ് എസ്.ജെ, ഫാ. ഷിബു ഒ.സി.ഡി, ഫാ. മാത്യു എബ്രഹാം സി.എസ്.എസ്.ആർ, ബേബിച്ചായൻ, സുനിൽ നടരാജൻ… തുടങ്ങിയ ധാരാളം പേർ ഈ പ്രക്രിയയയിൽ പ്രധാന പങ്കു വഹിച്ചവരാണ്. റോമിൽ മോൺ. ആന്റണി കൊല്ലംപറമ്പിൽ ഞങ്ങളെ നയിക്കുകയും കൃത്യമായി സമീപിക്കേണ്ട ആളുകളെ കണ്ടെത്താൻ സഹായിക്കുകയും ചെയ്തു. ഷിൽട്ടൺ അച്ചനും, ടോമിയച്ചനും റോമിൽ ഇക്കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ ഞങ്ങളെ സഹായിച്ചു. ബീനയും അനുവും ഷെൽട്ടനും ഭാഷ മനോഹരമാക്കി.
റോമിലേയ്ക്ക് യാത്ര ചെയ്തപ്പോഴൊക്കെ തങ്ങളുടെ ഭവനത്തിൽ ഞങ്ങളെ സ്വീകരിക്കുകയും ഭക്ഷണം തരുകയും മീറ്റിംഗുകൾക്കായി ഞങ്ങളെ കൊണ്ടുപോകുകയും ചെയ്ത സിജുവിനും നോളിക്കും നന്ദി. ഞങ്ങളുടെ കൂടെ സഞ്ചരിച്ച് മാർഗനിർദേശം നൽകുകയും തന്റെ ജ്ഞാനം കൊണ്ടും അനുഭവ സമ്പത്തുകൊണ്ടും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്ത ആർച്ച് ബിഷപ് മാർ എബ്രഹാം വിരുതകുളങ്ങര പിതാവിന് നന്ദി. എല്ലാറ്റിനുമുപരിയായി ഈ മുന്നേറ്റത്തിന്റെ ആരംഭം മുതൽ ഇന്നുവരേയും ദൈവസ്‌നേഹത്തെപ്രതി സ്വജീവിതം ഈ മുന്നേറ്റത്തിന്റെ വളർച്ചക്കായി നൽകിയ എല്ലാ നേതാക്കന്മാരെയും നന്ദിയോടെ ഓർക്കുന്നു.
വ്യക്തിപരമായി എന്നെ സംബന്ധിച്ച് ഇതൊരു നീണ്ട യാത്രയായിരുന്നു. ഒരു വർഷത്തെ ഇടവേള എടുത്തപ്പോഴും കാനോനിക അംഗീകാരത്തിനു വേണ്ടിയുള്ള പ്രക്രിയ ഏകോപിപ്പിക്കുന്ന ഉത്തരവാദിത്വം മാത്രമാണ് ഞാനെറ്റെടുത്തത്. സഭയുടെ ജ്ഞാനവും സൗന്ദര്യവും സമ്പന്നതയും തിരിച്ചറിയാനുള്ള അവസരമായിരുന്നു അത്. ഏറ്റവും പരിശുദ്ധവും കാനോനികവും സാർവത്രികവുമായ സഭയെ പരിശുദ്ധാത്മാവ് നയിക്കുന്ന വിസ്മയാവഹമായ വഴികൾ ഞാൻ അടുത്തറിഞ്ഞïസമയമായിരുന്നു അത്. ക്ഷമയോടെ എന്നാൽ, സ്ഥിരതയോടെ ദൈവം തന്ന ഈ ദൗത്യത്തെ ലക്ഷ്യം വയ്ക്കാൻ ഞാൻ പഠിച്ച സമയം. സന്തോഷങ്ങളുടെ നിമിഷങ്ങളുണ്ടായിരുന്നു; അതോടൊപ്പം നിരാശയുടെയും കുറ്റപ്പെടുത്തലുകളുടെയും അപമാനത്തിന്റെയും വേദനയുടെയും. സഭയുടെ ഹൃദയത്തിൽ സ്ഥാപിക്കപ്പെടുന്നതിന്റെ യഥാർഥ അർഥവും ഒരു കരിസ്മാറ്റിക്കും ആധികാരവുമായ അടിത്തറയുണ്ടാകുന്നതിന്റെ പ്രാധാന്യവും അറിയാത്തതുകൊണ്ട് ഉണ്ടായതാണ് മിക്കവയും. വലിയ വിജയത്തിനു സാക്ഷ്യം വഹിക്കാൻ കൊടുക്കേണ്ടിവരുന്ന വിലയാണിതെന്നറിഞ്ഞ് സന്തോഷത്തോടെ അവ ഞാൻ സ്വീകരിച്ചു. തിരിഞ്ഞു നോക്കുമ്പോൾ അടഞ്ഞ വാതിലുകൾ തുറക്കുന്ന, പടിപടിയായി നയിക്കുന്ന സഭാപരമായ പക്വതയിലേയ്ക്ക് വളരുവാൻ സഹായിക്കുന്ന ദൈവകരങ്ങൾ കാണാൻ കഴിയുന്നത് എത്ര സന്തോഷകരമാണ്. എന്നിൽ വിശ്വസമർപ്പിച്ച ജീസസ് യൂത്ത് നേതൃനിരക്കും കുടുംബത്തിനും നന്ദി.
ഓരോ ജീസസ് യൂത്തും പന്തക്കുസ്തായുടെ ശക്തിയോടെ രൂപാന്തരപ്പെട്ട് യേശുവിന്റെ യഥാർഥ മിഷനറി ശിഷ്യനായി അയയ്ക്കപ്പെടാനായി ഞാൻ പ്രാർഥിക്കുന്നു. അതോടൊപ്പം ജീസസ് യൂത്ത് സഭയെ ശുശ്രൂഷിക്കുന്ന ഒരു മിഷനറി മുന്നേറ്റത്തിനായി അതിന്റെ പൂർണ അർഥത്തിൽ തുടരാനും അവിടത്തെ നാമം മഹത്വപ്പെടട്ടെ.
നിതിൻ ജോസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?