Follow Us On

29

March

2024

Friday

ക്രൈസ്തവലോകം വലിയ നോമ്പിലേക്ക്

ക്രൈസ്തവലോകം വലിയ നോമ്പിലേക്ക്

അനുതാപത്തിന്റെയും എളിമയുടേയും പ്രതീകമായി ലോകമെങ്ങുമുളള ക്രൈസ്തവർ വലിയ നോമ്പിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. വിഭൂതിബുധനായ ഫെബ്രുവരി 14 നാണ് നാൽപ്പതുദിന നോമ്പാചരണം തുടങ്ങുന്നത്. ഏകദിന ഉപവാസം (ഒരിക്കൽ അഥവാ ഒരുനേരം), മൂന്നു നോമ്പ്, എട്ടുനോമ്പ്, ഇരുപത്തഞ്ചുനോമ്പ്, നാൽപ്പത് നോമ്പ്, അൻപതു നോമ്പ് എന്നിങ്ങനെ വിവിധ കാലയളവിലുള്ള നോമ്പുകൾ ആദിമ കാലം മുതൽ സഭാമക്കൾ ആചരിക്കാറുണ്ട്. ക്രൈസ്തവേതര മതങ്ങളും വിവിധ തരത്തിലുള്ള ഉപവാസരീതികൾ അനുശാസിക്കുന്നുണ്ട്. ശരീരവും, മനസും ശുദ്ധീകരിച്ച് ഈശ്വര സന്നിധിയിലേക്ക് കൂടുതൽ അടുക്കുക എന്നതാണ് എല്ലാ ഉപവാസങ്ങളുടെയും കാതൽ. ഒരുമിച്ച് വസിക്കുക എന്നാണ് ഉപവാസം എന്ന വാക്കിന്റെ അർത്ഥം. അതായത് ദൈവത്തോടൊപ്പം ജീവിക്കുക. സ്‌നേഹത്തോടെയുള്ള സഹനം എന്നാണ് നോമ്പ് എന്ന വാക്കിന്റെ അർത്ഥം. നോയ് (വേദന) അൻപ് (സ്നേഹം). ദൈവത്തോടുള്ള സ്നേഹത്തെപ്രതി നാം സ്വയം സഹനങ്ങൾ വരിക്കുക എന്നതാണ് നോമ്പാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ലത്തീൻ റീത്തുൾപ്പെടെയുള്ള പാശ്ചാത്യകത്തോലിക്കാ സഭകളും അകത്തോലിക്കരായ മറ്റുപാശ്ചാത്യ ക്രൈസ്തവ വിഭാഗങ്ങളും നാൽപ്പതുദിന നോമ്പാചരണമാണ് നടത്തുന്നത്. എന്നാൽ, പൗരസ്ത്യ ക്രൈസ്തവർ അതിനേക്കാൾ ഇരുപത്തഞ്ചുശതമാനം കൂടുതൽ ദിനങ്ങൾ പ്രാർത്ഥനയിലും, പരിത്യാഗത്തിലും, ഉപവാസത്തിലും, ദാനധർമ്മത്തിലും ചെലവഴിക്കുന്നു. വിഭൂതിബുധൻ മുതൽ പെസഹാവ്യാഴം വരെയുള്ള 46 ദിവസങ്ങളിൽ ഇടയ്ക്കുവരുന്ന 6 ഞായറാഴ്ച്ചകൾ ഒഴിച്ചുള്ള 40 ദിവസങ്ങളാണു ലത്തീൻ റീത്തിലും, മിക്ക പാശ്ചാത്യക്രൈസ്തവ വിഭാഗങ്ങളിലും നോമ്പാചരിക്കുന്നത്. ഞായറാഴ്ച്ചകൾ കർത്താവിന്റെ ഉത്ഥാനത്തെ അനുസ്മരിക്കുന്ന ഫീസ്റ്റ് ഡേയ്സ് ആയതിനാലാണ് ലത്തീൻ ക്രമത്തിൽ ഞായറാഴ്ച്ചകളെ നോമ്പിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയും പൈതൃകവുമുള്ള സീറോമലബാർ-സീറോമലങ്കര കത്തോലിക്കർ 10 ബോണസ് ദിനങ്ങൾ ഉൾപ്പെടെ അമ്പതുദിവസത്തെ തീവ്രവ്രതം അനുഷ്ഠിക്കുന്നു. ‘പേതൃത്താ’ ഞായറായ ഫെബ്രുവരി പതിനൊന്ന് അർദ്ധരാത്രി മുതൽ തുടർച്ചയായി പ്രത്യാശയുടെയും, പ്രകാശത്തിന്റെയും തിരുനാളായ ഈസ്റ്റർ വരെ എല്ലാ ഞായറാഴ്ച്ചകളും ഉൾപ്പെടെ പൗരസ്ത്യ ക്രൈസ്തവർ അമ്പതുദിവസത്തെ നോമ്പാചരിക്കുന്നു. ലത്തീൻ ആരാധനാവൽസരമനുസരിച്ച് വിഭൂതിബുധനായ ഫെബ്രുവരി 14 നാണ് ഈ വർഷം ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. അന്നുതന്നെയാണ് പ്രണയിതാക്കളുടെ ഇഷ്ടദിനമായ സെന്റ് വാലന്റൈൻസ് ഡേയും. അനുമതി കൂടാതെ ക്രൈസ്തവപ്രണയജോടികൾക്ക് വിവാഹത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തതിനാണ് റോമൻ വൈദികനായ വാലന്റൈനെ ചക്രവർത്തി ക്ലോഡിയസ് രണ്ടാമൻ ശിരച്ഛേദം ചെയ്തത്.
വളരെ വർഷങ്ങൾക്കു ശേഷമാണ് റിലിജിയസ് ഹോളിഡേ ആയ വിഭൂതിബുധനും, സെക്കുലർ ഹോളിഡേ ആയ വാലന്റൈസ് ഡേയും ഒന്നിച്ചുവരുന്നത്. വാലന്റൈൻസ് ഡേ എല്ലാവർഷവും ഫെബ്രുവരി 14 നാണ് ആഘോഷിക്കപ്പെടുന്നത്. എന്നാൽ ഈസ്റ്റർ അനുസരിച്ച് വിഭൂതിബുധന് മാറ്റം സംഭവിക്കും. രണ്ടായിരത്തി ഇരുപത്തിനാലിൽ മാത്രമേ ഇനി വാലന്റൈൻസ് ഡേയും വിഭൂതിബുധനും ഒന്നിച്ചുവരൂ. വിഭൂതിതിരുനാളിൽ ദൈവാലയങ്ങളിൽ മർത്യന്റെ മണ്ണിൽനിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും അനുസ്മരിച്ച് വിശ്വാസികളുടെ നെറ്റിയിൽ ചാരം കൊണ്ട് അനുതാപത്തിന്റെ അടയാളമായ കുരിശ് വരയ്ക്കും. തലേവർഷത്തെ കുരുത്തോലകൾ കത്തിച്ചാണ് കുരിശുവരയ്ക്കുന്നതിനുള്ള ചാരം ഉണ്ടാക്കുന്നത്. പൂർണ ഹൃദയത്തോടെ കർത്താവിലേക്ക് തിരിച്ചുവരിക എന്ന ജോയൽ പ്രവാചകന്റെ വാക്കുകൾ അനുസ്മരിപ്പിക്കുന്ന വിഭൂതിസന്ദേശങ്ങളും വിശ്വാസികളുടെ ഹൃദയത്തിൽ അന്നേദിവസം പതിയുന്നു.
വലിയനോമ്പിലെ ആദ്യ മാംസാഹാര വർജ്ജനദിനവും, ഉപവാസദിനവുമായ വിഭൂതി ബുധനാഴ്ച്ച സഭാചാരപ്രകാരം നോമ്പാചരിക്കണോ അതോ വാലന്റൈസ് ദിനമാഘോഷിക്കണോ എന്ന സംശയം മിക്ക യുവക്രൈസ്തവർക്കുമുണ്ട്. നോമ്പിന്റെ പവിത്രതയും, യുവജനങ്ങളുടെ ഇടയിൽ വാലന്റൈൻ ദിനത്തിനുള്ള പ്രാധാന്യവും കണക്കിലെടുത്ത് തിരുസഭ തന്നെ അതിനുള്ള പരിഹാരവും നിർദേശിക്കുന്നുണ്ട്. അമേരിക്കയിൽ ചിക്കാഗോ ഉൾപ്പെടെയുള്ള ലത്തീൻ രൂപതകൾ പ്രാർത്ഥനയ്ക്കും, ഉപവാസത്തിനും, മദ്യമാംസാദിവർജ്ജനത്തിനും, ദാനധർമ്മങ്ങൾക്കും ഊന്നൽ നൽകി വിഭൂതി ബുധനാഴ്ച്ച നോമ്പാചരിക്കണമെന്ന് നിർദേശിച്ചിരുന്നു. അതേസമയം നോമ്പിന് തലേദിനമായ ഷ്രോവ് അഥവാ ഫാറ്റ് റ്റിയൂസ്ഡേ വാലന്റൈൻസ് ഡേ ആഘോഷിക്കാമെന്നും ചിക്കാഗോ രൂപതാ വൃത്തങ്ങൾ വ്യക്തമാക്കി. നോമ്പു തുടങ്ങുന്നതിന് മുൻപുള്ള ചൊവ്വാഴ്ച്ച അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും മർഡി ഗ്രാസ് ഉൽസവം വളരെ വിപുലമായി ആഘോഷിക്കാറുണ്ട്.
നോമ്പിന്റെ തലേദിനം വരെ മൽസ്യമാംസാദികൾ ഉൾപ്പെട്ട വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് പരേഡിനും കാർണിവലിനുമൊപ്പം നോമ്പിനെ വരവേൽക്കുന്നതാണ് മർഡി ഗ്രാസ് ഉൽസവം. പൗരസ്ത്യ നസ്രാണി ക്രൈസ്തവരുടെ ‘പേതൃത്താ’ ആഘോഷത്തിനു സമാനമാണിത്. യു. എസ്. കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെ നിർദ്ദേശമനുസരിച്ച്, 18 വയസുമുതൽ 59 വയസുവരെയുള്ള കത്തോലിക്കർ വിഭൂതിബുധനും ദു:ഖവെള്ളിയും ഉപവാസമനുഷ്ഠിക്കുകയും മാംസം വർജ്ജിക്കുകയും ചെയ്യണം. അതുപോലെ തന്നെ നോമ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും മാംസാഹാരം ത്യജിക്കാൻ 14 വയസിനുമുകളിലുള്ള എല്ലാ കത്തോലിക്കർക്കും കടമയുണ്ട്. എന്നാൽ, ഭിന്നശേഷിക്കാർ, ബുദ്ധിമാന്ദ്യമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഗുരുതരമായ രോഗാവസ്ഥയിലുള്ളവർ എന്നിവർക്ക് ഈ നിബന്ധനകൾ ബാധകമല്ല.
ബൈബിളനുസരിച്ച് യേശു സ്നാപകയോഹന്നാനിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം പരസ്യജീവിതത്തിനു മുൻപ് നാൽപ്പത് ദിനങ്ങൾ മരുഭൂമിയിൽ ഉപവസിച്ച് പ്രാർത്ഥിക്കുകയും സാത്താനെ പരാജയപ്പെടുത്തുയും ചെയ്തു. ഇതിന്റെ പ്രതീകമാണ് നാൽപ്പതുദിന നോമ്പാചരണം. അനുതപിച്ചു മാനസാന്തരപ്പെടാനുള്ള കാലയളവായോ, അല്ലെങ്കിൽ ദൈവകോപത്തിന്റെ ഫലമായുള്ള ശിക്ഷയായോ 40 എന്ന സംഖ്യ 146 പ്രാവശ്യം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. അത് 40 മണിക്കൂറുകളോ, 40 ദിവസങ്ങളോ, 40 മാസങ്ങളോ, 40 വർഷങ്ങളോ ആകാം.
പരിശുദ്ധാത്മപ്രേരണപ്രകാരം നാലു സുവിശേഷകന്മാരും വിശുദ്ധ പൗലോസും ഉൾപ്പെടെ 40 പ്രേഷിതർ ചേർന്നാണ് സുവിശേഷം രചിച്ചിരിക്കുന്നത്. ക്രൂശിതനായി മരിച്ച് കല്ലറയിൽ അടക്കപ്പെട്ട യേശുക്രിസ്തു ദുഖ:വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഉയിർപ്പു ഞായർ രാവിലെ വരെ ഏകദേശം നാൽപ്പത് മണിക്കൂർ കല്ലറയിൽ കഴിഞ്ഞെന്നാണ് നിഗമനം. നോഹയുടെ കാലത്തെ പ്രളയം 40 രാവും, 40 പകലും നീണ്ടു നിന്നു. തിരുപ്പിറവിയുടെ നാൽപ്പതാം ദിനമാണ് ബാലനായ യേശുവിനെ ദേവാലയത്തിൽ മാതാപിതാക്കൾ ശുദ്ധീകരണത്തിനായി സമർപ്പിച്ചത്. ഉത്ഥാനത്തിനുശേഷം യേശു 40 ദിവസം ഭൂമിയിൽ ചെലവഴിച്ചതിനുശേഷമാണു സ്വർഗാരോഹണം ചെയ്തത്. ഇസ്രായേൽ ജനത 40 വർഷമാണ് മരുഭൂമിയിൽ മാംസം ഭക്ഷിച്ചു ജീവിച്ചത്. ഈ സംഭവങ്ങളെല്ലാം നാൽപ്പത് എന്ന സംഖ്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
ജോസ് മാളേയ്ക്കൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?