Follow Us On

23

November

2020

Monday

ഫാത്തിമായിലെ ലൂസിയും അമ്മയുടെ പദ്ധതികളും

ഫാത്തിമായിലെ ലൂസിയും അമ്മയുടെ പദ്ധതികളും

ഫാത്തിമ നാഥയുടെ വത്സലപുത്രിയായിരുന്ന ലൂസി അമ്മയുടെ സവിധത്തിലേക്കു മടങ്ങിയിട്ട് പതിനൊന്ന് വർഷം കഴിഞ്ഞു. അവൾ സ്വർലോകരാജ്ഞിയോടൊപ്പം സ്വർഗ്ഗത്തിലാണെന്നു നമുക്കറിയാം. കാരണം 1917-ൽ തന്നെ അമ്മ ലൂസിക്ക് ആ ഉറപ്പു നൽകിയിരുന്നു.
1917 മെയ് 13.
ഫാത്തിമായിലെ കോവാ ദിറിയായിലെ മൊട്ടക്കുന്നിൽ ലൂസിയും ജസീന്തയും ഫ്രാൻസിസും ആടു മേയ്ക്കുകയാണ്. പെട്ടെന്ന് ആകാശത്തിൽ ഒരു ഇടിമിന്നൽ. ”ഇടിയും മഴയും വരുന്നു നമുക്കു വീട്ടിൽ പോകാം” സംഘത്തിന് നേതൃത്വം നൽകുന്ന ലൂസി പറഞ്ഞതേയുള്ളൂ. മറ്റു രണ്ടാളും ചാടി എഴുന്നേറ്റു. ആടുകളെയും തെളിച്ച് അവർ കുന്നിറങ്ങുകയായി. അൽപം നിരപ്പായ ഒരു സ്ഥലത്തുവന്നപ്പോൾ വീണ്ടും മിന്നൽ. അവർ തലയുയർത്തി നോക്കുമ്പോൾ നേരെ മുമ്പിലുണ്ടായിരുന്ന ഓക്കുമരത്തിനു മുകളിൽ വെളുത്ത വസ്ത്രം ധരിച്ച ഒരു യുവതി. അമ്പരന്നു നിന്ന കുട്ടികളോട് യുവതി പറഞ്ഞു: ”ഭയപ്പെടേണ്ട, ഞാൻ ഉപദ്രവിക്കില്ല.” ലൂസി ചോദിച്ചു. ”അങ്ങ് എവിടെനിന്നു വരുന്നു?”
”സ്വർഗ്ഗത്തിൽ നിന്ന്” യുവതി മറുപടി നൽകി.
”ഞാൻ സ്വർഗ്ഗത്തിൽ പോകുമോ?” ലൂസി ചോദിച്ചു.
”ഉവ്വ്” യുവതി വ്യക്തമാക്കി.
”ജസീന്തയോ?”
അവളും പോകും.
ഫ്രാൻസിസോ?
”അവനും പോകും. പക്ഷേ വളരെയേറെ കൊന്ത ചൊല്ലണം.”
”ജസീന്തയെയും ഫ്രാൻസിസിനെയും അധികം വൈകാതെ ഞാൻ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകും. എന്നാൽ നീ (ലൂസി) കുറേക്കാലം കൂടി ഭൂമിയിൽ ജീവിച്ചിരിക്കേണ്ടിയിരിക്കുന്നു. എന്റെ വിമലഹൃദയത്തോടുള്ള ഭക്തിക്കു ലോകത്തിൽ പ്രചാരപ്രതിഷ്ഠ നൽകുവാൻ നിന്നെ ഒരുപകരണമാക്കുവാൻ കർത്താവീശോ ആഗ്രഹിക്കുന്നു.”
അന്ന് ലൂസിക്ക് പത്തുവയസ്സുണ്ട്. ഫ്രാൻസിസിന് ഒമ്പതും ജസീന്തയ്ക്ക് ഏഴും. അമ്മ പറഞ്ഞത് സംഭവിച്ചു. 1917 ജൂൺ 13-നാണല്ലോ അമ്മ പറഞ്ഞത്. ഫ്രാൻസിസിന്റെയും ജസീന്തയുടെയും സ്വർഗ്ഗയാത്രയെക്കുറിച്ച്. 1919-ൽ ഫ്രാൻസിസും 1920-ൽ ജസീന്തയും മരിച്ചു. അവർ സ്വർഗ്ഗത്തിലാണെന്നു സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടാളെയും വിശുദ്ധരുടെ പട്ടികയിലേക്കുയർത്തി. അതുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാണ്. 2005 ഫെബ്രുവരി 13-ന് നമ്മെ വിട്ടുപിരിഞ്ഞ സിസ്റ്റർ ലൂസിയും സ്വർഗ്ഗത്തിലാണ്. കാരണം 1917 ജൂൺ 13-ന് പരിശുദ്ധ അമ്മ നൽകിയ വാഗ്ദാനമാണത്.
ഫ്രാൻസിസിനെയും ജസീന്തയെയും സംസ്‌കരിച്ച കുഴിമാടത്തിനു സമീപം ലൂസിക്കുവേണ്ടിയും ഒരു കുഴിമാടം തീർത്തിട്ടിരുന്നു. 2005 ഫെബ്രുവരി 14-ന് ലൂസിയെ അവിടെ സംസ്‌കരിച്ചു.
ഫാത്തിമാ ദർശകരുടെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ് 13. 1917 മെയ് 13 മുതൽ ഒക്‌ടോബർ 13 വരെ ആ റുപ്രാവശ്യം അമ്മ അവർക്കു പ്രത്യക്ഷപ്പെട്ട് സന്ദേശം ന ൽകിക്കൊണ്ടിരുന്നു. അവസാനം ലൂസി നിത്യസമ്മാനത്തി നു വിളിക്കപ്പെട്ടതും ഒരു 13-ന്. 1981-ൽ മാർപാപ്പയ്ക്ക് വെടിയേറ്റതും ഒരു 13-ന്. അമ്മയുടെ പ്രിയപ്പെട്ട ദിനമായി 13. അതുകൊണ്ടാവണം ലൂസിയെ തന്റെ അടുത്തേക്ക് ക്ഷണിച്ചുകൊണ്ടുപോകുവാൻ ദൈവം ഒരു 13 തന്നെ തിരഞ്ഞെടുത്തത്.
പിൽക്കാലത്ത് മോണ്ടിക്കിയാരിയിൽ ”റോസമിസ്റ്റി ക്ക”യായി പ്രത്യക്ഷപ്പെട്ട അമ്മ ഓരോ മാസവും 13 തന്റെ തിരുനാളായി കൊണ്ടാടണമെന്ന് പെരേര ഗില്ലിയോട് പറഞ്ഞിട്ടുണ്ട്.
അമ്മ വാഗ്ദാനം ചെയ്തതെല്ലാം നിറവേറിക്കണ്ടശേഷമാണ് ലൂസി നിത്യഭവനത്തിലേക്ക് പറന്നുയർന്നത്. അമ്മ വളർത്തി വലുതാക്കിയ ജോൺപോൾ രണ്ടാമനിലൂടെ ലോകം വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടു. റഷ്യ മാനസാന്തരപ്പെട്ടു. പതിനായിരങ്ങൾ ഇന്നു തങ്ങളെത്തന്നെ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിൽ സഭ ദിവ്യകാരുണ്യവർഷത്തിനു മുന്നോടിയായി ജപമാലവർഷം കൊണ്ടാടി. ജപമാല രക്ഷാകര സംഭവങ്ങളുടെ സംക്ഷിപ്തമാകത്തക്കവിധം അതിൽ പ്രകാശത്തിന്റെ അഞ്ചുരഹസ്യങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു.
എങ്കിലും ലൂസി ദൈവസന്നിധിയിലേക്കു പോകുമ്പോഴും പരിശുദ്ധ അമ്മ ആഗ്രഹിക്കുന്ന മാനസാന്തരം ലോകത്തിനുണ്ടായിട്ടില്ലെന്നത് നേര്. പാപത്തെ വെറുക്കേണ്ട ജനം പാപം ചെയ്യുന്നതിൽ മഹത്വം കണ്ടെത്തുകയാണ്. അമ്മ രക്തക്കണ്ണീരോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട് തന്റെ ആഹ്വാനം നവീകരിക്കുന്നു.ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്താണ് 1917-ൽ അമ്മ പോർട്ടുഗലിലെ ഫാത്തിമായിൽ പ്രത്യക്ഷപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധം ഉടൻ അവസാനിക്കുമെന്നും മാനസാന്തരപ്പെടുന്നില്ലെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിന് അധികം വൈകില്ലെന്നും അമ്മ മുന്നറിയിപ്പ് നൽകി.
പോർട്ടുഗൽ രാജ്യത്തിന്റെ തലസ്ഥാനമായ ലിസ്ബൺ നഗരത്തിൽ നിന്നും 120 കിലോമീറ്റർ അകലെയാണ് ഫാ ത്തിമ. ഫാത്തിമായിലെ അൻജുബ്രേൻ ഇടവകയിലാണ് ലൂസിയുടെ ജനനം. പോർട്ടുഗലിലെ ലീറിയ രൂപതയി ൽപ്പെട്ടതാണ് അൽജബ്രേൻ. 1907 മാർച്ച് 30-നായിരുന്നു ലൂസിയുടെ മാമോദീസ. പിതാവിന്റെ പേര് അന്തോണിയ സാന്തോസ്. അമ്മയുടെ പേര് മരിയാ റോസ. അവർക്കു ഏഴ് മക്കൾ. ആറു പുത്രിമാരും ഒരു മകനും. ഏഴാമത്തവളായിരുന്നു ലൂസി. ലൂസിയുടെ അമ്മയെ ഒരു പുണ്യവതിയായാണ് നാട്ടുകാർ കണ്ടിരുന്നത്.
ഫാത്തിമ ബസലിക്കയിൽ നിന്നും ഒന്നര കിലോമീറ്റർ അകലമുണ്ട് അൻജുബ്രേലിലേക്ക്. ലൂസിയുടേത് ഒരു പാവപ്പെട്ട കുടുംബമായിരുന്നു. അവൾ ജനിച്ചുവളർന്ന വീട്, അതേ നിലയിൽ ഇന്നും പരിരക്ഷിക്കപ്പെടുന്നു. ലൂസിയുടെ വീടിനടുത്തുതന്നെയാണ് ഫ്രാൻസിസ്, ജസീന്ത എന്നിവരു ടെ വീടും. ഇവരുടെ വീടിനു പിന്നിൽ ഒരു കിണറുണ്ട്. ഇവിടെവച്ച് ഒരിക്കൽ കുട്ടികൾക്കു മാലാഖ പ്രത്യക്ഷപ്പെട്ടു.
കിണർ കഴിഞ്ഞു മുകളിലേക്കു പോകുമ്പോൾ ‘വലിത്തോസ്’ എന്ന സ്ഥലത്തെത്തുന്നു. ഇവിടെവച്ചാണ് 1917 ഓഗസ്റ്റ് 19-ന് മാതാവ് പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് 13-ന് ഫാ ത്തിമായിലെ നാസ്തികനായ കളക്ടർ അവരെ തടഞ്ഞു വച്ചതുകൊണ്ട് കോവാദീറിയായിലേക്കു പോകാനായില്ല.
വലിത്തോസിൽ നിന്നും കുന്നിൻചരിവിലൂടെ നടന്നിറങ്ങുമ്പോൾ കമ്പോസയിലെത്തുന്നു. മാതാവ് രണ്ടു തവണ ഇവിടെ വച്ചു പ്രത്യക്ഷപ്പെട്ടു. മാലാഖ കുട്ടികൾക്കു ദിവ്യകാരുണ്യം നൽകിയത് ഇവിടെവച്ചാണ്.
മക്കളിൽ ഏറ്റവും ഇളയവളായിരുന്നതുകൊണ്ട് ലൂസി ഏവർക്കും പ്രിയങ്കരിയായിരുന്നു. കുട്ടിക്കാലം മുതലേ നല്ല ഗ്രഹണശക്തിയും ഓർമ്മയും ഉണ്ടായിരുന്നു. അമ്മ, ചേച്ചി കരോളിന് പ്രാർത്ഥന ചൊല്ലിക്കൊടുക്കുന്നത് കേട്ട് ലൂസിയും പഠിച്ചു. ചേച്ചിമാർ പങ്കെടുക്കുന്ന പരിപാടികൾക്കൊക്കെ ലൂസിയെയും അമ്മ അയച്ചിരുന്നു.
അയൽപക്കത്തെ കുട്ടികളുമായി സന്തോഷകരമായി അവൾ കുട്ടിക്കാലം ചെലവാക്കി. മുതിർന്നപ്പോൾ അയൽപക്കങ്ങളിലെ അമ്മമാർ ജോലിക്കു പോകുമ്പോൾ മക്കളെ ലൂസിയെ ഏൽപിക്കുക പതിവായി. ആറാം വയസ്സിൽ ലൂസി ദിവ്യകാരുണ്യം സ്വീകരിച്ചു. വികാരിയച്ചനു സംശയമുണ്ടായിരുന്നു. പക്ഷേ ലൂസിയുടെ അമ്മയുടെ വാക്കുകൾ അച്ചൻ വിശ്വസിച്ചു.ലൂസിയുടെ അമ്മ മരിയ റോസ ഒരു നഴ്‌സായിരുന്നു. അതുകൊണ്ട് ചികിത്സക്കായി രോഗികൾ അവരുടെ വീട്ടിൽ ധാരാളമായി വന്നിരുന്നു. രോഗികളെ പരിചരിക്കുവാൻ മക്കളെയും അമ്മ കൂട്ടി. ശീതകാലത്ത് പാടത്തു പണി. രാത്രിയിൽ തയ്യലും നെയ്ത്തും. കുടുംബത്തിനു നല്ല അദ്ധ്വാനമായിരുന്നു.
സന്ധ്യാപ്രാർത്ഥന അപ്പനാണ് നയിക്കുക. തുടർന്ന് അത്താഴം. പിന്നെ നെയ്ത്ത്. നെയ്ത്തുകാർ ഉറങ്ങാതിരിക്കുവാൻ സഹോദരൻ ഗിത്താർ വായിക്കും.
എട്ടുവയസ്സായപ്പോൾ അമ്മ ലൂസിക്കൊരു പണി കൊടുത്തു. ആടുകളെ മേയ്ക്കുക. പിതാവും ചേച്ചിമാരും ലൂസിയോടുള്ള സ്‌നേഹംമൂലം അതിനു സമ്മതിച്ചില്ല. എ ന്നാൽ അമ്മ അതൊന്നും വകവച്ചില്ല. എല്ലാവരും പണിയെടുക്കണം എന്നായി. ആടു നോക്കാൻ ലൂ സിക്കു ധാരാളം കൂട്ടുകാരെ കിട്ടി.
1915-ൽ ആടു നോട്ടത്തിനിടെ ഉച്ചഭക്ഷണത്തിനുശേഷം കൊന്ത ചൊല്ലിക്കൊണ്ടിരുന്ന ലൂസിക്കും കൂട്ടുകാർക്കും ഒരു സ്വർഗീയ ദർശനം ലഭിച്ചു. അന്തരീക്ഷത്തിൽ ഒരു പ്രതിമ നിൽക്കുന്നതുപോലെ. ആ വർഷം മൂന്നുതവണ ഇത്തരം ദർശനമുണ്ടായി. അതിന്റെ പേരിൽ പലരും ലൂസിയെ പരിഹസിച്ചു.1916-ൽ ഫ്രാൻസിസും ജസീന്തയും ലൂസിക്കൊപ്പം ആടു നോക്കാനെത്തി. ആ വർഷം ഒരു ദിവസം അവർ ഉച്ചഭക്ഷണത്തിനുശേഷം കൊന്ത ചൊല്ലിയ ശേഷം കളിച്ചുകൊണ്ടിരിക്കെ ശക്തമായ കാറ്റുണ്ടായി. തലയുയർത്തി നോക്കുമ്പോൾ ഒലിവുമരങ്ങൾക്കു മുകളിൽ ഒരു സുന്ദരനായ ബാലൻ.15 വയസ്സോളം വരും. ”ഞാൻ സമാധാനത്തിന്റെ മാലാഖയാണ്. വരൂ നമുക്കു പ്രാർത്ഥിക്കാം.” അവൻ കുട്ടികളെ ക്ഷണിച്ചു. പിന്നെ മുട്ടുകുത്തി. സാഷ്ടാംഗപ്രണാമം ചെയ്തു. ഒരു പ്രാർത്ഥന പഠിപ്പിച്ചു മടങ്ങി. രണ്ടാം വട്ടം മാലാഖ വന്നത് ലൂസിയുടെ വീടിനു പിന്നിലെ കിണറ്റിൻകരയിൽ കുട്ടികൾ കളിച്ചുകൊണ്ടു നിന്നപ്പോഴാണ്. അന്നാണ് മാലാഖ അവരോട് ധാരാളം പ്രാർത്ഥിക്കുവാനും പരിത്യാഗപ്രവൃത്തികൾ ചെയ്യുവാനും നിർദ്ദേശിച്ചത്. വേനൽക്കാലത്തായിരുന്നു (ജൂൺ-സെപ്റ്റംബർ) ഈ ദർശനം. അടുത്തവട്ടം മാലാഖ വന്നത് ശിശിരകാലത്താണ് (സെപ്റ്റംബർ-ഡിസംബർ). കുട്ടികൾ കമ്പോസ മലയിൽ പ്രാർത്ഥിക്കുകയായിരുന്നു. അന്ന് മാലാഖയുടെ കൈയിൽ കാസ ഉണ്ടായിരുന്നു. അതിനു മുകളിൽ തിരുവോസ്തി നിന്നു. തിരുവോസ്തിയിൽ നിന്നും കാസയിലേക്കു രക്തത്തുള്ളികൾ വീണുകൊണ്ടിരുന്നു. കുട്ടികൾക്കു തിരുരക്തം പാനം ചെയ്യുവാൻ നൽകി.
1917-ൽ അൽജുബ്രേൻ വികാരിയായി ഫാ.ബൊസിത്ത നിയമിതനായി. തീക്ഷ്ണമതിയായിരുന്നു അച്ചൻ. കത്തോലിക്കർ ഡാൻസിനും കൂത്തിനും പോകരുതെന്ന് അച്ചൻ വിലക്കി. ലൂസിയുടെ സഹോദരിമാർ സമർത്ഥരായ നർത്തകികളായിരുന്നു. അച്ചന്റെ നിർദ്ദേശം അവർ വൈമുഖ്യത്തോടെയാണ് അനുസരിച്ചത്.
രണ്ടു ചേച്ചിമാരെ കെട്ടിച്ചയച്ചതോടെ ആ ചെറിയ കുടുംബം സാമ്പത്തിക തകർച്ചയിലായി. അമ്മയ്ക്കായിരുന്നു വലിയ ഭാരം. അമ്മ രോഗിയായി. ഹൃദയത്തിനും നടുവിനും തകരാറുണ്ടെന്നു കണ്ടു. ഇക്കാലത്താണ് ഏക സഹോദരൻ നിർബന്ധിത സൈനിക സേവനത്തിനു വിളിക്കപ്പെട്ടത്. എങ്കിലും രക്ഷപ്പെട്ടു. അങ്ങനെയിരിക്കെയാണ് 1917 മെയ് 13-ന് ഫാത്തിമായിലെ കോവദീറിയയിലേക്കു ആടു മേയ്ക്കാനായി ലൂസിയും ഫ്രാൻസിസും ജസീന്തയും പോയത്. അന്നവർക്കു മാതാവിന്റെ ദർശനമുണ്ടായി. തുടർന്ന് ഒക്‌ടോബർ 13 വരെ എല്ലാ മാസവും അമ്മ അവരെ കാണാൻ വന്നു. ആറുതവണ. ജൂലൈ 13-ന് അവർക്കു നരകത്തിന്റെ ദൃശ്യം അമ്മ നൽകി. ഓഗസ്റ്റ് 13-ന് കുട്ടികൾ കോവാദിറിയായിലേക്കു പോകുന്നതു കലക്ടർ തടഞ്ഞു. അവരെ ജയിലിലിട്ടു. അതുകൊ ണ്ട് 19-നാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. വലിത്തോസിൽ വച്ച് സെപ്റ്റംബർ 13 ആയപ്പോഴേക്കും വലിയ ജനക്കൂട്ടം കുട്ടികൾക്കൊപ്പം മാതാവിനായി കാത്തിരുന്നു.
ഒക്‌ടോബർ 13-ലെ പ്രത്യക്ഷപ്പെടലും തുടർന്നുണ്ടാകാനിരിക്കുന്ന സൂര്യാത്ഭുതവുമെല്ലാം കുട്ടികൾക്കു വിശദീകരിക്കപ്പെട്ടു. അതായിരുന്നു അവസാന ദർശനം. ദൈവത്തിന്റെ ദൗത്യത്തിൽ പങ്കാളിയാകുന്നതുകൊണ്ട് ധാരാളം സഹിക്കേണ്ടിവരുമെന്ന് അമ്മ അവ ർക്കു മുന്നറിയിപ്പു നൽകിയിരുന്നു. ജൂൺ 13-ലെ ദർശനത്തിനു പോകാറായപ്പോൾ തന്നെ വീട്ടിൽ അസ്വസ്ഥതയായി. അമ്മയും സഹോദരികളും അവജ്ഞയോടെ പെരുമാറി. മാതാവിന്റെ പ്രത്യക്ഷപ്പെടൽ കാ ണാൻ ജനക്കൂട്ടം വരുന്നതു കണ്ട അമ്മ, ലൂസി നുണ പറയുന്നുവെന്നു പ്രചരിപ്പിച്ചു. അവളെ കുറ്റപ്പെടുത്തി. ജസീന്തയും മാതാവും ലൂസിയെ ധൈര്യപ്പെടുത്തി.
ഇതിനിടെയാണ് വികാരിയച്ചൻ വിവരമറിഞ്ഞത്. അദ്ദേഹം ലൂസിയെ വിളിപ്പിച്ചു. ലൂസിയുടെ അമ്മയും സഹോദരിമാരും അവളെ കുറ്റപ്പെടുത്തി. എന്നാൽ ഫ്രാൻസിസിന്റെ വീട്ടുകാർ ധൈര്യം പകർന്നു.
പരിഹാസം ഭയന്ന് ജൂലൈ 13-ന് കോവാദിറിയയിലേക്കു പോകുന്നില്ലെന്ന് ലൂസി തീരുമാനിച്ചു. എന്നാൽ സമയമായപ്പോൾ അവൾക്കു പോകാതിരിക്കാനായില്ല. ഫ്രാൻസിസിനെയും ജസീന്തയെയും വിളിക്കാൻ അവരുടെ വീട്ടിൽ ചെന്നു. അപ്പോൾ അവർ ലൂസിക്കുവേണ്ടി മുട്ടിൽ നിന്നു പ്രാർത്ഥിക്കുകയായിരുന്നു. അന്നും ദർശനമുണ്ടായി. അമ്മയുടെയും നാട്ടുകാരിൽ ചിലരുടെയും നിന്ദനം വർദ്ധിച്ചു. ദർശനത്തെക്കുറിച്ച് പറഞ്ഞതെല്ലാം കളവാണെന്നു പറയാൻ അമ്മ ലൂസിയെ നിർബന്ധിച്ചു.
ഈ സമയത്താണ് ഔറം കലക്ടർ കുട്ടികളെ വിചാരണയ്ക്ക് വിളിച്ചത്. ലൂസിയുടെ മാതാപിതാക്കൾ അവളെ വിചാരണക്കു വിട്ടുകൊടുത്തപ്പോൾ ഫ്രാൻസിസിന്റെ പി താവ് അവർക്കുവേണ്ടി വാദിച്ചു. കലക്ടറുടെ മുമ്പിലും ലൂസി കണ്ടതെല്ലാം തുറന്നു പറഞ്ഞു. കളക്ടർ ക്ഷുഭിതനായി. മാതാവു പ്രത്യക്ഷപ്പെടുന്ന കോവാദിരിയ ലൂസിയുടെ കുടുംബസ്വത്തായിരുന്നു. അവിടെയാണ് അവർ കൃ ഷി ചെയ്തിരുന്നത്. മാതാവിന്റെ പ്രത്യക്ഷപ്പെടൽ കാണാ ൻ ചെന്നവർ കൃഷിയെല്ലാം ചവിട്ടി നശിപ്പിച്ചു. അതിനും വീട്ടുകാർ ലൂസിയെ കുറ്റപ്പെടുത്തി. അരിശം വരുന്ന അമ്മ ചൂലുകൊണ്ടും വിറകുകൊള്ളികൊണ്ടുമൊക്കെ ലൂസിയെ തല്ലിയിരുന്നു. ഇക്കാലത്ത് ഡോ.ഫോർ മിഗൻ എന്ന വൈദികൻ ലൂസിയെ ചോദ്യം ചെയ്യാനെത്തി. അച്ചൻ ലൂസിയെ പ്രോത്സാഹിപ്പിച്ചു. ഓഗസ്റ്റ് 13-ന് കുട്ടികൾ തടവിലാക്കപ്പെട്ടു. മാതാപിതാക്കൾ സന്തോഷിച്ചു. ഓഗസ്റ്റ് 15-നായിരുന്നു ജയിൽ മോചനം.
ഓഗസ്റ്റുമുതൽ ദൈവസ്‌നേഹത്തെ പ്രതി അവർ ഉച്ചഭക്ഷണം പാവപ്പെട്ട കുട്ടികൾക്കു നൽകി. ലൂസിയുടെ അമ്മയുടെ മനസ്സിൽ നേരിയ മാറ്റം കണ്ടുതുടങ്ങി. മറ്റു ചിലരും ചില ദർശനങ്ങൾ കോവാദിയിറയിൽ കണ്ടുവെന്നറിയാനിടയായതോടെയാണിത്. ഇതിനിടെ കളക്ടർ കുട്ടികളെ വധിക്കാൻ പോകുന്നു എന്ന വാർത്ത പരന്നു. ലൂസിയും ഫ്രാൻസിസും ജസീന്തയും ഓഗസ്റ്റു മുതൽ പരിത്യാഗപ്രവൃത്തിയായി കയർ അരയിൽ ധരിച്ചു തുടങ്ങി. സെപ്റ്റംബർ 13-ന് പ്രത്യക്ഷപ്പെട്ട മാതാവ് ഉറങ്ങുമ്പോൾ കയർ ധരിക്കേണ്ടെന്ന് ഉപദേശിച്ചു.
ലൂസിയുടെ ആടുനോട്ടമാണ് പ്രശ്‌നമെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ ആടിനെ വിറ്റു. അതുമൂലം വലിയ ക്ലേശമുണ്ടായി. ലൂസിക്കെതിരെ അപവാദപ്രചാരണമായി. ഒരിക്കൽ ആരോ ഒരാൾ ലൂസിക്കു പണം നൽകുന്നതു കണ്ടതായി ഒരു അയൽക്കാരി പറഞ്ഞുപരത്തി. അമ്മ പണം ചോദിച്ചു ലൂസിയെ ശരിക്കും മർദ്ദിച്ചു. എന്നാൽ ഇപ്പറഞ്ഞയാൾ ലൂസിയോട് സംസാരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു സഹോദരി അയാൾ പൈസയൊന്നും നൽകി യില്ലെന്നു പറഞ്ഞതോടെ അമ്മ അടി നിർത്തി.
മാതാവിന്റെ പ്രത്യക്ഷപ്പെടലുകളും സന്ദേശങ്ങളും അവസാനിച്ചിട്ടും പീഡനങ്ങളും നിന്ദനങ്ങളും തുടർന്നു. ഇതിനിടെ ലൂസിയുടെ അമ്മയുടെ രോഗം കൂടി. അപ്പൻ മരിച്ചു. ഫ്രാൻസിസും മരിച്ചു.
1921-ൽ ബിഷപ് ജോസ് ആൽവസ് ഡി.സിൽവ, ഫാത്തിമ ദർശനത്തെക്കുറിച്ചു പഠനം നടത്തുവാൻ നിശ്ചയിച്ചു.ലൂസിയെ സംഭവസ്ഥലത്തുനിന്നും രഹസ്യമായി അ ജ്ഞാത കേപ്രാലിലേക്കു മാറ്റി. ഒപ്പർടോ എന്ന സ്ഥലത്ത് ഡൊറോനിയൻ സന്യാസിനികളുടെ സ്‌കൂളിലേക്കാണ് അയച്ചത്. അവിടെ അജ്ഞാതമായി പഠിക്കണമെന്നായിരുന്നു നിർദ്ദേശം.
1921 ജൂൺ 18-ന് രാത്രി രണ്ടുമണിക്ക് ലൂസി ഫാത്തിമ വിട്ടു. ഒപ്പം അമ്മയും. ജസീന്തയുടെ പിതാവ് കരേരയും മാനുവൽ എന്ന ജോലിക്കാരനും മാത്രം. ഹൃദയഭേദകമായിരുന്നു ലൂസിക്ക് ഈ വിടവാങ്ങൽ. രാത്രി അവർ കോവാറിയായിൽ പോയി ഒരു ജപമാല ചൊല്ലി. പിന്നെ ഒപ്പർ ടോയിലേക്കു പോയി. അവിടെ ആരും അറിയാതെ ജീവിച്ചു. ആരോടും ഒന്നും പറയാതെ. 1925 ഒക്‌ടോബർ 24-ന് ലൂസി ഡൊറോനിയൻ സഭയിൽ നവസന്യാസിനിയായി. 1928-ൽ വ്രത വാ ഗ്ദാനം നടത്തി. 1934-ൽ നിത്യവ്രതം എടുത്തു.
1946-ലാണ് പിന്നീട് കോവാദിറിയായിലേക്കു പോകുവാൻ ലൂസിക്ക് അനുമതി ലഭിച്ചത്. തുടർന്ന് പോർത്തോയിൽ ഡൊറോണിയായിൽ താമസമായി. ഏകാന്തതയിലും പ്രാർത്ഥനയിലും കൂടുതൽ സമയം ചെലവഴിക്കുന്നതിന് ഇക്കാലത്ത് ലൂസിയിൽ ആഗ്രഹം കൂടി. 1948-ൽ പന്ത്രണ്ടാം പീയൂസ് പാപ്പായുടെ അനുമതിയോടെ ലൂസി കർമ്മലീത്ത സന്യാസിനിയായി. അന്നുമുതൽ ഫാത്തിമായിൽ നിന്നും ആറുകിലോമീറ്റർ അകലെ കോയിമ്പ്രായിലുള്ള മഠത്തിലായിരുന്നു താമസം. മഠത്തിനു പുറത്തുള്ള ആരോടും സംസാരിക്കേണ്ടതില്ലെന്നു പാപ്പാ തന്നെ അവൾക്കു നിർദ്ദേശം നൽകി. വൈദികർക്കുപോലും അനുമതിയില്ല. കർദ്ദിനാളന്മാരെ മാത്രം അനുവദിച്ചിരുന്നു. ഒക്‌ടോബർ 13-ന് ഫാത്തിമായിലെ ദർശനം അവസാനിച്ചെങ്കിലും ഈശോയും മാതാവും പിന്നീടും പലവട്ടം ലൂസിക്കു പ്രത്യക്ഷപ്പെട്ടു. 1927-ൽ പരിശുദ്ധ അമ്മ ഫാത്തിമാ രഹസ്യങ്ങൾ പാപ്പായെ അറിയിക്കണമെന്നു ആവശ്യപ്പെട്ടു. പന്ത്രണ്ടാം പീയൂസ് പാപ്പായെ അറിയിച്ച രഹസ്യങ്ങൾ ജോൺ 23-ാമനും പോൾ ആറാമനും ശേഷം ജോൺ പോൾ രണ്ടാമൻ ലോകത്തെ അറിയിച്ചു.
ഫാത്തിമാരഹസ്യം ലോകത്തെ അറിയിക്കുമ്പോൾ അതിന്റെ ദൈവശാസ്ത്ര വ്യാഖ്യാനം നൽകുവാൻ പാപ്പാ നിയോഗിച്ചിരുന്നത് അന്നത്തെ വിശ്വാസ തിരുസംഘം അധ്യക്ഷൻ കർദ്ദിനാൾ റാറ്റ്‌സിംങ്ങറെയാണ്. ജോൺ പോൾ രണ്ടാമനുശേഷം ബനഡിക്ട് പതിനാറാമൻ എന്ന പേരിൽ റാറ്റ്‌സിംങ്ങർ മാർപാപ്പയായി.
ജോൺ പോൾ രണ്ടാമന്റെ മരണത്തിന് 47 ദിവസം മുമ്പ് 2005 ഫെബ്രുവരി 13-ന് സിസ്റ്റർ ലൂസി തന്റെ അമ്മയുടെ ഭവനത്തിലേക്ക് നിത്യയാത്ര പോയി.ഈശോയ്ക്കും അവിടുത്തെ അമ്മയ്ക്കുംവേണ്ടി ഏറെ സഹിച്ച സിസ്റ്റർ ലൂസി നമ്മുടെ കാലഘട്ടത്തിന്റെ അനുഗ്രഹമായി. സ്വർഗ്ഗത്തിൽ ജപമാല ചൊല്ലിക്കൊണ്ട് ലൂസി ഇന്നു ലോകമാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. നമുക്കും ലൂസിയുടെ മാധ്യസ്ഥം പ്രാർത്ഥിക്കാം. ലോകം ജപമാല പ്രാർത്ഥന ചൊല്ലി മാനസാന്തരത്തിലേക്കു കടന്നുവരട്ടെ.
ലൂസിയെ സ്വർഗ്ഗീയ രഹസ്യങ്ങളുടെ മാധ്യമമാക്കി തിരഞ്ഞെടുത്ത ദൈവമേ, അവിടുത്തെ പരിശുദ്ധ മാതാവ് ലൂസിയിലൂടെ തന്ന സന്ദേശങ്ങൾ ഉൾക്കൊള്ളാനും പ്രാർത്ഥന, പരിത്യാഗപ്രവൃത്തികൾ, ഉപവാസം എന്നിവയിലൂടെ ജനതകളുടെ മാനസാന്തരത്തിനായി പ്രവർത്തിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ
രാകേഷ് ടോം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?